കവിത മേനോൻ. (Street Light fb group)
“ഇവിടെ എന്താ അനക്കമൊന്നുമില്ലാത്തത്?”
രാവിലെ നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തിയ കാക്കച്ചേട്ടത്തി ജനാലക്കമ്പിയിലൂടെ തല അടുക്കളയിലേക്ക് നീട്ടി.
സാധാരണ ഈ നേരത്ത് വീട്ടുകാരി നല്ല തിരക്കിട്ട പണികളിലാവും. ഇന്ന്, ഒച്ചയനക്കമില്ല അടുക്കളയിൽ.
“ഇന്നലെ നടന്നതൊന്നും നീ അറിഞ്ഞില്ലേ?” അരിപ്പച്ചേച്ചിയാണ് അത് പറഞ്ഞത്.
കാക്കച്ചേട്ടത്തി അറിയാത്തതായി ഒന്നുമുണ്ടാവാറില്ല സാധാരണ. അതിന്റെ ഒരു ധ്വനി ചേച്ചിയുടെ വാക്കുകളിൽ കേൾക്കാമായിരുന്നു.
“എങ്ങനെ അറിയാനാ.. എല്ലാം പെട്ടെന്നല്ലേ” ഉപ്പുഭരണിയമ്മ എല്ലാം അറിയുന്നമട്ടിൽ ഞെളിഞ്ഞിരുന്നു.
കാക്കച്ചേട്ടത്തിക്ക് ആകാംക്ഷയായി, “എന്താ ഉണ്ടായത്? ആരെങ്കിലുമൊന്ന് പറയൂ.”
ചട്ടുകംചേട്ടൻ കാരണവർ ചമഞ്ഞു, “ഇവിടുത്തെ വീട്ടുകാരൻ ഇന്നലെ പിണങ്ങിപ്പോയി. രാത്രി പോയതാ. ഇനിയും തിരിച്ചു വന്നിട്ടില്ല.” ചട്ടുകംചേട്ടൻ ഇടുപ്പിൽ കൈവെച്ച്, തലയാട്ടിക്കൊണ്ട് നിവർന്നുനിന്നു.
“ആ വീട്ടുകാരിക്കുട്ടി രാത്രി മുഴുവൻ കരച്ചിലായിരുന്നു. ഹും! ഇങ്ങനെ ചെയ്യാമോ ആ ചെറുക്കൻ. അവന്റെ ഒരു അഹങ്കാരം”
സംഭവം സത്യമാണോയെന്നറിയാൻ കാക്കച്ചേട്ടത്തി മുറ്റത്തേക്ക് പറന്നുചെന്നു. അവിടെ വീട്ടുകാരന്റെ സ്കൂട്ടർ കാണാനില്ല.
തിരിച്ചുവന്ന് ബാക്കിക്കഥ കേൾക്കാൻ അവർ തയ്യാറായി.
“അതിന് എന്താ ഉണ്ടായത്? ആ വീട്ടുകാരി പാവമാണല്ലോ. എനിക്ക് എന്നും ഒരുപിടി ചോറ് തരാറുണ്ട്. നല്ല മനസ്സാണ്. പിന്നെയെന്തു പറ്റി?” കാക്കച്ചേട്ടത്തിയുടെ കണക്കിൽ, ഭക്ഷണം തരുന്നവർ നല്ലവരാണ് എന്നാണ്… തെറ്റുപറയാൻ പറ്റില്ല!
പിച്ചാത്തിപ്പെണ്ണ് കലിതുള്ളി എഴുന്നേറ്റു “ആ വീട്ടുകാരൻ ശരിയല്ല. എത്ര ദിവസമായി ആ പാവം വീട്ടുകാരി ഒരു സിനിമയ്ക്ക് പോകാം എന്ന് പറയുന്നു. അയാൾക്ക് നേരമില്ല ഒന്നിനും. ഇന്നലെ പാവം എത്ര സന്തോഷത്തോടെയാ ഉടുത്തൊരുങ്ങി നിന്നത്.. അപ്പോൾ, അയാളുടെ ഒടുക്കത്തെ ഒരു മീറ്റിംഗ്”
പല്ലുഞെരിച്ചുകൊണ്ട് പിച്ചാത്തിപെണ്ണ് നിന്നുതുള്ളി. അവൾക്ക് കലി അടങ്ങിയില്ല.
രാത്രി കഴുകാതെയിട്ടിരുന്ന പാത്രങ്ങൾ പിറുപിറുത്തു. “നിനക്ക് എപ്പോഴും മൂക്കത്താണ് ശുണ്ഠി. എല്ലാ വീട്ടിലും ഇതൊക്കെ പതിവാ. ചട്ടിയും കലവുമായാൽ, തട്ടിയും മുട്ടിയുമിരിക്കും.” അറിവിന്റെ വെളിച്ചത്തിൽ അവർ ഉപദേശിച്ചു.
കമഴ്ത്തിവെച്ചിരുന്ന കപ്പ്ചേട്ടനും, സോസർചേച്ചിയും ഒരേസ്വരത്തിൽ പറഞ്ഞു “തട്ടലുംമുട്ടലും അധികമായാൽ പൊട്ടലുമുണ്ടാവും. സൂക്ഷിക്കണം!” അവർ ചെറിയൊരു ഉൾഭയത്തോടെ വീട്ടുകാരിയുടെ മുറിയുടെനേർക്ക് നോട്ടമയച്ചു.
കാക്കച്ചേട്ടത്തി പറഞ്ഞു “ആ നാലാമത്തെ വീട്ടിൽ ഇന്നലെ പറയുന്നത് കേട്ടു, കഴിഞ്ഞമാസം കല്ല്യാണംകഴിഞ്ഞ പെണ്ണും ചെറുക്കനും വേർപിരിയാൻ പോകുന്നൂവെന്ന്” കണ്ണുകൾ മേലോട്ടാക്കി അവർ തലയാട്ടി. “ലോകം ഇതെങ്ങോട്ടാണ്” എന്ന മട്ടിൽ!
ചിരവമുത്തശ്ശി എല്ലാം കേട്ട്, ശാന്തമായ് പറഞ്ഞു. “നിങ്ങളൊക്കെ ഓരോന്ന് ആലോചിച്ച്, വെറുതെ തലകുഴപ്പിക്കേണ്ടാ. ഒന്നുമുണ്ടാവില്ല! വീട്ടുകാരൻ ഇങ്ങോട്ട് വരട്ടെ. എല്ലാം അതോടെ തീരും. നോക്കിക്കോ.”
പറഞ്ഞുതീർന്നതും, കാളിങ്ങ്ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു.
എല്ലാവരും ആകാംക്ഷയോടെ വീടിന്റെ വാതില്ക്കലേക്ക് നോക്കി.
കാക്കച്ചേട്ടത്തി വേഗം മുറ്റത്തേക്ക് പറന്നുചെന്നു. പോയ അതേ വേഗത്തിൽ, അടുക്കളജനാലയ്ക്കൽ തിരിച്ചെത്തി ആവേശത്തോടെ എല്ലാവരോടും പറഞ്ഞു “വീട്ടുകാരനാണ്!! അയാൾ മടങ്ങിയെത്തി!”
അപ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. തുടർന്ന്, ഒരു പൊട്ടിക്കരച്ചിലിന്റെയും!
പതിഞ്ഞ സ്വരത്തിൽ വീട്ടുകാരന്റെ ആശ്വാസവാക്കുകളും, വീട്ടുകാരിയുടെ സ്നേഹപരിഭവങ്ങളും അടുക്കളയിലേക്ക് ഒഴുകിയെത്തി.
ഒരല്പം കഴിഞ്ഞപ്പോൾ, കരഞ്ഞുകലങ്ങിയ കണ്ണുകൾ അമർത്തിത്തുടച്ച്, മുഖത്തൊരു ചെറിയ ചിരിയുമായി വീട്ടുകാരി ആടുക്കളയിലേക്ക് കടന്നുവന്നു.
ചുറ്റും ഒന്ന് കണ്ണോട്ടിച്ച്, അവൾ ചെന്ന് ചായ ഉണ്ടാക്കാൻ തുടങ്ങി.
ജനാലയ്ക്കൽ, അവളെത്തന്നെ നോക്കിയിരിക്കുന്ന കാക്കച്ചേട്ടത്തിയോട് അവൾ സ്നേഹത്തോടെ പറഞ്ഞു, “ഇന്ന് ഇവിടെ ചോറ് കിട്ടില്ല, ട്ടോ. ഊണ് കഴിക്കാൻ ഹോട്ടലിൽ പോകാമെന്ന് ചേട്ടൻ പറഞ്ഞു.”
കാക്കച്ചേട്ടത്തി പരിഭവംപറയാതെ, അടുത്ത വീട്ടിലെ വിശേഷങ്ങളറിയാൻ പുറപ്പെട്ടു.
പാത്രങ്ങൾ കുണുങ്ങിച്ചിരിച്ചു!
പിച്ചാത്തിപ്പെണ്ണ് ജയിച്ചമട്ടിൽ, ഞെളിഞ്ഞുകിടന്നു.
ചിരവമുത്തശ്ശി തന്റെ പ്രവചനം ഫലിച്ച സന്തോഷത്തിൽ, കണ്ണടച്ച് ധ്യാനത്തിൽ മുഴുകി.
***********
ശുഭം