ദീപ അജയ്. (Street Light fb group)
ഇവിടെയിപ്പോഴും പുഴയൊഴുകുന്നുണ്ട്.
ആറ്റിനരികിലെ ഞാറമരത്തിൽ നിന്നിപ്പോഴും
പളുങ്കുമണികളതിൽ വീണൊഴുകാറുണ്ട്.
ഒഴുക്കിനൊപ്പം നീന്തിച്ചെന്നവ പെറുക്കിക്കൂട്ടാനും
ചേമ്പിലപ്പാത്രത്തിലത് പങ്കുവച്ചുണ്ണുവാനും
ഇനി നമുക്കൊരു ബാല്യമില്ലല്ലോ കൂട്ടുകാരാ
വയൽക്കിളികൾചിറകടിക്കുംപാടവരമ്പിലൂടെ
സ്വർണ്ണവർണ്ണമാം നെൽക്കതിരുകൾ നൃത്തമാടും
നീർച്ചാലുകളിൽനിന്നൊരുമാനത്തുകണ്ണിയെത്തേടുവാൻ.
പിടഞ്ഞുണരാറുണ്ടിന്നുമെൻ ബാലമാനസം.
തൊടിയിലെ വാഴക്കൂമ്പാളയൊന്നടർത്തി
നറുതേൻ നാവിലൂറ്റിക്കുടിക്കുവാൻ
അമ്മപ്പശുവിൻപാൽകുടിച്ചാമോദമോടങ്ങു
തുള്ളിയോടുംപശുക്കിടാവിനൊപ്പമൊന്നോടുവാൻ,
തുടിച്ചുണരാറുണ്ടിന്നുമെൻ ബാലമാനസം.
വെള്ളിമേഘങ്ങൾക്കിടയിലൂടെ പാറിപ്പറക്കുമാ,
കെട്ടുവിട്ട പട്ടത്തിനൊപ്പം പായുവാൻ,
ഒടുവിലാൽമരക്കൊമ്പിലതൂയലാടുന്നതും നോക്കി
കിതപ്പോടെ ഒട്ടു തണലത്തിരിക്കുവാൻ
മൂവാണ്ടൻ മാവിലെ തേനൂറും മാമ്പഴം
കൊതിയോടെനോക്കിയാ കാറ്റിനായ് കാക്കുവാൻ
കള്ളനാമണ്ണാറക്കണ്ണനെ നോക്കിയ ങ്ങമർഷത്താൽ,
കല്ലെറിഞ്ഞങ്ങൊരു മാമ്പഴം വീഴ്ത്തുവാൻ
തമ്മിലടിച്ചൊരിക്കൽക്കൂടിയാ അമ്പലക്കുള-
ക്കൽപ്പടവിൽനിന്നൊന്നിച്ചുമുങ്ങാംകുഴിയിടാൻ
ഓരോ വിഷുവിനും കാത്തിരുന്നൊരു കണ്ണനാമുണ്ണിയെക്കണികണ്ടുണരുവാൻ
കിട്ടിയ കൈനീട്ടം കൂട്ടിവച്ചൊടുവിലാ
ചാന്തുപൊട്ടുംകല്ലുമാലയുംവാങ്ങിക്കുവാൻ
മോഹിക്കാറുണ്ട് ഞാനിന്നുമാ നാട്ടിടവഴി –
യിലൂടൊന്നിച്ചു’ടയർവണ്ടി’യോടിക്കുവാൻ
ഒക്കെയുമിന്നെന്റെനഷ്ടസ്വപ്നങ്ങളെന്നറിയവേ,
ഒരു നെടുവീർപ്പു വന്നെന്നെ ശ്വാസം മുട്ടിക്കുന്നുവോ
ഒരുജൻമംകൂടിയേകുവാനാശിക്കുന്നുവോ