രശ്മി ബിജു. (Street Light fb group)
നീതി ദേവതയുടെ ശലഭങ്ങൾ
നിർത്താതെ ചിറകടിക്കുന്നു ‘
ചുവന്ന കണ്ണുകളാലവ
ചുറ്റും വട്ടമിട്ടു പറക്കുന്നു.
കറുത്ത മൂടുപടത്താൽ
മറച്ച കൺകളിലേക്കവ
തിരികെ പോവാൻ
മടിച്ചു നിൽക്കവേ
ത്രാസുകൾ തൂങ്ങിയാടുന്ന,
തട്ടുകളില ശാന്തിയുടെ കട്ടികൾ
ഭൂമിയെ നമസ്ക്കരിക്കുന്നു.
വ്രണിതമാം കണ്ഠങ്ങളിൽ
വേദനകളുപ്പുകല്ലാവുന്നു.
പിച്ചിച്ചീന്തിയ ഉടലുകൾ
ദാഹം തീരാതെ നക്കിത്തുടക്കുന്നു
മാംസ ഭോജികൾ .
തിക്തം കുടിച്ചുന്മത്തരാവുന്നു.
പ്രാണൻ തെക്കേത്തൊടിയിൽ
വെന്തെരിയുമ്പോഴും
മാറത്ത് ജീവജലം താങ്ങി അമ്മമാർ.
പടവാളുകളുടെ ദാഹമകറ്റാൻ
ചുടുചോര നൽകി രക്തസാക്ഷിയായവൻ.
പൊട്ടി വളർന്ന ഭ്രൂണത്തെ
ഞെട്ടോടെ കരിച്ചവൻ.
മുലകുടിച്ച് വളർന്നിട്ടും
ചോര കുടിച്ച് മതിയാവാത്തവർ
മലയുടെ പൂണൂലിഴകളറുത്ത്
കുപ്പി നിറച്ച് വിറ്റധമൻമാർ .
അരാജകത്വത്തിന്റെ തൂക്കം
കൂടിക്കൊണ്ടേയിരിക്കുന്നു.
ഇനിയിവിടവും അഭയമില്ല.
പറക്കണം ദൂരേക്ക്
ചിറകൊടിയും വരെയും
ശാന്തിതൻ വെള്ളിയാങ്കല്ല്
കാണും വരെ…
കത്തണം കണ്ണിൽ വിളക്കുകൾ
കനലടങ്ങാതെ എരിയണം.
മൂടുപടം വലിച്ചെറിയണം
വാളോങ്ങണം കൈകളിൽ
ഒറ്റച്ചിലമ്പണിഞ്ഞൊന്ന്
താണ്ഡവമാടുക ദേവീ
നീ ….
നീതിയുടെ വെള്ളരിപ്രാവുകൾ
ചിറകു തളരാതെ പറക്കട്ടെ