സാനു.മാവടി. (Street Light fb group)
ബാല്യം, ചടുലചലനങ്ങളും
കുതിച്ചോട്ടങ്ങളും ഇഷ്ട്ടപെട്ടില്ല.
പാന്റ്സിനും ഷർട്ടിനുമുള്ളിലെ
സ്കൂൾ യാത്രകൾ..
പടിപ്പുരയോളം
തോളുചുമന്നപുസ്തകസഞ്ചി,
പടിപ്പുരയ്ക്കപ്പുറം നെഞ്ചുചുമക്കും.
ഓരം ചേർന്നുള്ള യാത്രകൾ
നടുവഴിയന്യമാക്കി.
കൗമാരം, മേൽച്ചുണ്ടിലെ
രോമങ്ങൾ, ഉറച്ച പേശികൾ,
തിരസ്കരിച്ചനാളുകൾ..
കരിവളയും കണ്മഷിയും
ദിവാസ്വപ്നങ്ങൾ…
സ്വവർഗ്ഗത്തിന്റെ താളം മറന്ന
തഴുകലുകൾ…
സ്ത്രൈണതയ്ക്ക് മുന്നിൽ
അഴിഞ്ഞുവീണ പൗരുഷത്തിന്റെ
മുഖമൂടികൾ…
യൗവനം, ആണിനും പെണ്ണിനുമായി
പകുത്ത ലോകത്ത്
മുന്നേ തെളിച്ച വഴിയിൽ
ഒറ്റ സഞ്ചാരിയെന്ന ചിന്തഗ്രസിച്ചു.
കൂടുവിട്ട് പുതിയൊരാകാശം
തേടിപ്പറന്നു…..
സൃഷ്ടിയിൽ ശിഷ്ടമാം
ഞാനൊറ്റയല്ലെന്നറിവ് അതിജീവനം…
രതിവൈകൃതങ്ങളുടെ മാറാപ്പ്
പേറുന്നമാന്യന്റെ
വികാരവേലിയേറ്റങ്ങൾ
വിശപ്പകറ്റിയ നാളുകൾ…
അവനും അവൾക്കുംഇടയിലെ
ജീവിതം ചരടുപൊട്ടിയ പട്ടം.
അസ്തിത്വത്തെ വെല്ലുവിളിച്ച
വ്യക്തിത്വം..
തൊഴിലിന്റെ മാഹാത്മ്യം
തിരിച്ചുപോക്കിന്റെ വിദൂര
സാധ്യതകളുടെ പോലും
അകാലമൃതി സമ്മാനമേകി…
വാർദ്ധക്യം, ഇന്ന് നിറമടർന്ന
ചുവരുകൾക്കുള്ളിൽ
തളം കെട്ടിയ മൂകതയിൽ
വിഭ്രാന്തി പുണർന്ന നിമിഷങ്ങളിൽ
വെളിപാടു പോലുയരുന്നു
മനസ്സിന്റെ ജൽപ്പനങ്ങൾ…..
നഷ്ട സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ഗതികിട്ടാത്ത ആത്മാക്കളുടെ
ചുടല നൃത്തം…
മുത്തിച്ചുവപ്പിച്ച ചുണ്ടുകൾ
വിളറിക്കോടുന്നു….
കറുപ്പുകുടിയേറിയ കൺതടങ്ങൾ
നീരുവറ്റി പുകഞ്ഞു നീറുന്നു….
കാലേകൂട്ടി വിളിക്കാതെ
വിരുന്നെത്തുന്നു മരണം…
രണ്ടായ് പകുത്ത ലോകത്തൊരു
മൂന്നാം പാതി….
എന്റെ മരണവും നിങ്ങൾക്കന്യം…..
ഞാനൊരു മൂന്നാം ലിംഗം….