സ്മിത സജീവൻ (Street Light fb group).
നോമ്പുനോറ്റീടുന്നു സൂര്യകാന്തി
നെറുകയില്‍ നീഹാരമുത്തുമായി
കത്തുന്ന താപത്താലെത്തുന്ന സൂര്യനെ
കണ്‍കുളിര്‍ക്കെയൊന്നു കാണുവാനായ്
കാറ്റിന്റെ ശിഞ്ജിതം കേള്‍ക്കുവാനാകാതെ,
കര്‍മ്മകാണ്ഡത്തിലെ കുരുക്കഴിച്ചീടാതെ,
കണ്ണിമ ചിമ്മാതെ, അര്‍ക്കരശ്മിയില്‍ നോക്കി
നില്പൂ അവനിയില്‍ സൂര്യകാന്തി
കണ്ണാരംപൊത്തിക്കളിക്കുന്ന നേരത്തു
കാട്ടുപൂഞ്ചോലയില്‍ മുഖം മിനുക്കും
കതിരവന്‍ തന്നുടെ കാമസ്വപ്നങ്ങള്‍ക്കു
കാല്‍ത്തളയേകുന്നു കണ്‍മണിയാള്‍
കരയുവതെന്തിനു മനമിനിയും വൃഥാ
കതിരുകള്‍ ചൊരിയുമീ പൊന്നുഷസ്സില്‍
കാലത്തിന്‍ കൈത്തിരിയൊന്നു തെളിഞ്ഞാല്‍
അണയുമെന്നതുമൊരു നിത്യസത്യം.