സുജാത ശിവൻ. (Street Light fb group)
എന്നെയൊളിപ്പിച്ച
ജടയിലെ പ്രണയമായി,ഞാനും,
കാർക്കശ്യത്തിന്റെ,പരുപരുത്ത,അംഗവിക്ഷേപങ്ങളോടെ,
പരുഷമായ മുഖംമൂടിയിൽ,ഞാനും ഒരു ഗംഗയായി.
പ്രണയത്തിന്റെ,കാൽപ്പനികതയുടെ,വിലക്കപ്പെട്ട മുടിച്ചുരുളുകളിൽ,
ഈരേഴുലോകങ്ങളെയും
വശീകരിച്ച്,ആനന്ദത്തിലാറാടിയ്ക്കുന്ന,ശബ്ദമധുരിമയിലും,
അവന്റെയുള്ളിലെ,നോവായ്,പ്രണയമായ്,വിരഹമായ്,ഞാനും,വരികളിലൂടെ ,ഭൂമിയെ തഴുകി നനച്ചു.
വിലക്കപ്പെട്ട കനിയുടെ അജ്ഞാതമായ ഉറവിടംതേടി യാത്ര തുടങ്ങാൻ,ഒരുവേള പ്രാപ്തമാക്കുക,അനിയന്ത്രിതമായ,ആരോഹണാവരോഹണങ്ങളിൽ,നിയതിയുടെ നിയമങ്ങളുടെ,മൂല്യനഷ്ടമാവാം.
വെയിലും മഴയുമായി പ്രകൃതിയുടെ,ഇണചേരൽ.
മനോഹരമായ പ്രണയകാവ്യങ്ങൾക്ക്,തുല്യ അളവിലെ ചേരുവകൾപോലെ !
കണ്ണ്നനയിയ്ക്കുന്ന വിരഹവും,അസൂയ തോന്നിപ്പിയ്ക്കുന്ന പ്രണയവും, പരമോന്നതിയിലെ സ്വന്തമെന്ന,അതികഠിനമായ സ്വാർത്ഥതയും…
ഉണങ്ങിവരണ്ട ധരണി ദാഹജലത്തിന് നാവ് നീട്ടുന്നു…വരണ്ടുപോയ മണ്ണിലൂടെ ഇഴയാൻകഴിയാതെ സസ്തനികൾ കാലചക്രം അനുവദിച്ചതിനേക്കാൾ കൂടുതൽ വേഗത്തിൽ പടംപൊഴിച്ചുകൊണ്ടേയിരിയ്ക്കുന്നു…മനുഷ്യരുടെ മുഖംമൂടികൾ ഓർക്കാപ്പുറത്ത് അഴിഞ്ഞുവീഴുന്നതുപോലെ,അല്ലെങ്കിൽ വലിച്ചുകീറപ്പെടുന്നതുപോലെ !
കാടുവെട്ടി നാടാക്കിയിട്ടും,മിച്ചമുള്ള കാടെന്ന പേരിനെ,തന്റെ മുഴുവൻ ശക്തിയുമെടുത്ത്,കാട്ടുതീ സംഹാരമാടുന്നു,എന്ന വാർത്തകൾ കാതടപ്പിയ്ക്കുന്നു…
“അപ്പോഴും തിരിച്ചറിവ് മനസ്സ് മരവിച്ചിരിയ്ക്കുന്നു”.
വംശനാശം നേരിട്ടേക്കാം എന്ന് ഭയന്ന്,അവിടെ സംരക്ഷിച്ച ഏതാനും പക്ഷികളും മൃഗങ്ങളും പരക്കംപായുന്നത്,കാടിനെ മധുരസംഗീതമായ് മാത്രം കേട്ടിട്ടുള്ള എന്റെ കർണ്ണപടങ്ങളിൽ നിലയ്ക്കാത്ത അവരുടെ രോദനമായി അലോസരപ്പെടുത്തുന്നു,
ഇരയെത്തിപ്പിടിയ്ക്കാൻ നാവ്നീട്ടിയ ഉരഗമുഖവും,മരയണ്ണാനുമുന്നിൽ പൊടുന്നനെ മുഖംതിരിച്ച്,മരത്തിൽ വരിഞ്ഞുമുറുക്കിയ തന്റെ ശരീരവും,ഭീതിയിൽ പൊടുന്നനേ കെട്ടഴിയ്ക്കുന്നുണ്ട്…കാരണം പൊതിയുന്ന കാട്ടുതീയിൽ ഇര തേടുന്നവനും ഇരയാകുന്നവനും സമന്മാരാണെന്ന തിരിച്ചറിവ്.
ശ്വാസം മുട്ടിയ്ക്കുന്ന തീപ്പുകയിൽ ചിതറിപ്പറക്കുന്ന പറവകളും,പക്ഷികളും മുമ്പ് കേട്ട മധുരശബ്ദങ്ങളല്ല പുറത്തുവിടുന്നത്..അപ്പോൾ പ്രതികൂലതയിൽ സകലചരാചരങ്ങൾക്കും ശബ്ദമാറ്റമുണ്ടാവുമെന്നും തിരിച്ചറിവ്…
കത്തിയമരുന്ന പുൽ,മരക്കൂട്ടവും തങ്ങൾക്കു നെഞ്ചിൽചേർത്ത്പിടിയ്ക്കാവുന്നത്ര സാധുമൃഗങ്ങളെന്നോ,വന്യമൃഗങ്ങളെന്നോ,വ്യത്യാസമില്ലാതെ,ഉള്ളിലെ കഠിനനോവിലും,വാത്സല്യത്തിൽ അവരെ മുറുകെപ്പുണർന്നുപിടിയ്ക്കുന്നുവല്ലോ ?
ആളൊഴിഞ്ഞ പൊതുശ്മശാനത്തിലും,ആളിക്കത്തുന്ന ചിതകൾക്കരികിൽ,ശ്‌മശാനസൂക്ഷിപ്പുകാരൻ മാത്രം നിർവികാരതയിൽ കൂട്ടിരിയ്ക്കുന്നു.ഇടയ്ക്ക് കൈയിൽ കിട്ടുന്ന വിറക് കഷ്ണം,പൊട്ടിവിടരുന്ന തലയോട്ടിഭാഗവും കഠിനാസ്‌ഥികളും,എളുപ്പത്തിൽ കത്തിദ്രവിയ്ക്കാൻ,ഇളക്കിക്കൊടുക്കുന്നുണ്ട്.
ചിതാഭസ്മം തേടി,സുഖനിദ്രയ്ക്ക് ശേഷം,എത്തുന്ന ബന്ധുജനങ്ങൾക്ക്,മുറുക്കിക്കറുത്ത,പല്ലുകാട്ടി,വികാരമില്ലാത്തവൻ ചിരിച്ച്,വെട്ടാതെ ജടപിടിച്ച മുടിയും,മുഷിഞ്ഞുനാറി,പുതച്ചിരിയ്ക്കുന്ന കരിമ്പടത്തിനുള്ളിലെ,ക്ഷുദ്രജീവികൾ യഥേഷ്ടം താമസമാക്കിയ പരുത്ത ശരീരം,ഉറഞ്ഞാടി, ദഹിപ്പിച്ചു കളഞ്ഞ ശരീരങ്ങളുടെ,ആത്മാവിന്റെ തേങ്ങലും,സംതൃപ്തരും,സന്തുഷ്ടരുമെങ്കിൽ അതും,ജല്പനങ്ങളിലൂടെ പുറത്തുവിട്ടു..
ശവങ്ങളുടെ കഥപറച്ചിലിനു കാത് നൽകുന്നവരും,ജഡസഹവർത്തികന്റെ ഭ്രാന്ത്പറയൽ കാര്യമാക്കാത്തവരും ധാരാളം…
എന്നിട്ടും കേട്ടവർ,കേട്ടവർ,ഒന്നുവിറച്ചു,
ആളുന്ന ചിതയിൽ,മൂന്നുദിവസം അടുപ്പിച്ച്,തീയാളിയിട്ടും,പാതിമാത്രം കത്തിയ ഏതോ മനുഷ്യശരീരം,
ശ്മശാനസൂക്ഷിപ്പുകാരൻ ഭ്രാന്തനെ,ജീവനോടെ ദഹിപ്പിയ്ക്കുന്നു..
അവൻ ഉച്ചത്തിൽപ്പൊട്ടിച്ചിരിയ്ക്കുന്നുണ്ട്,അലറിക്കരയുന്നുണ്ട്.പാപജന്മത്തിനേറ്റ,,തീരാപാപംപോലെ,വിതുമ്പുമ്പോളും,ഇടയ്ക്ക് ഭ്രാന്തൻ ഉറക്കെപ്പൊട്ടിച്ചിരിച്ചു…
പാതിവെന്തവൻ,ചെയ്ത്കൂട്ടിയ പാപമത്രേ,ചിതയിലെരിയുന്നതിൽപ്പോലും അവനുതടസ്സമായത്…
ഇവിടെന്നെ,ജടയിലൊളിപ്പിച്ച പ്രണയമായി നെഞ്ചിലേറ്റിയവൻ,ഇറ്റ് വീഴുന്ന,കണ്ണീർത്തുള്ളിയവന്റെ നെഞ്ചുനനച്ചപ്പോൾ,ആ നനവിൽ ചുണ്ടുചേർത്ത് മന്ത്രിച്ചു…
“കുതിച്ചൊഴുകണം,മതിയാകുവോളം”…ആളിപ്പടരുന്ന കാട്ടുതീയെങ്കിൽ,അതിനെ തല്ലിയണയ്ക്കണം..
വരണ്ട നാവിനു ദാഹജലത്തിന് ഭൂമീദേവി നാവുപിളരുമ്പോൾ,അമ്മയുടെ മുലപ്പാലെന്നപോലെ,ഇവളും അമൃതായ് ചുരത്തട്ടെ…