മംഗലയ്ക്കൽ. (Street Light fb group)
ഒറ്റമരത്തിന്റെ പച്ചകൾക്കപ്പുറ –
ത്തുണ്ട്,ഞാ-നെന്നെ നീയോർക്കാതെ പോവുക .
വക്കുകൾ കത്തിപ്പിടിക്കുമെൻ പാട്ടിന്റെ –
തീരത്ത് ഞാനുണ്ട,തോർക്കാതെ പോക നീ .
എന്നെ മറക്കാൻ പഠിക്കുക, പിന്നെയെൻ
പേരിനെപ്പോലും വെറുക്കാൻ ശ്രമിക്കുക .
നെഞ്ചോടണഞ്ഞു മുറുകെപ്പുണർന്നെന്റെ
ഗന്ധവു,മുപ്പും വിയർപ്പും പകുക്കവെ,
അത്രമേലത്രമേലെന്നിൽ ലയിച്ച നിൻ
നെഞ്ചിടിപ്പിൻ താളവും നീ മറക്കുക.
അന്നു നീ പാടിയ പാട്ടിൻ ഞരമ്പിൽ ഞാ-
നുണ്ട്; നീയെങ്കിലും കാണാതെ പോവുക.
എന്റെ കൈത്തുമ്പിനാൽ ഞാൻ സ്രവിപ്പിച്ച നി-
ന്നന്തർജ്ജലങ്ങൾ തൻ വൈഡൂര്യ ഭംഗികൾ,
കത്തുമുഷ്ണത്താൽ പുകഞ്ഞൊരെൻ ചുണ്ടിനാൽ
ചുംബിച്ചെടുത്തൊരാ നിൻ മുലക്കണ്ണുകൾ…
ഒക്കെ മറക്കൂ,വെറുക്കുകെൻ പ്രാണനേ..,
അത്രമേലാഴത്തിലെന്നെ മറക്കുക….