അഭിലാഷ് സുരേന്ദ്ര൯ ഏഴംകുളം. (Street Light fb group)
‘ഉണ്ണീ! നിനക്കുമ്മ തന്നില്ലയമ്മ
ഉണ്ണിയെക്കാണുവാനമ്മയ്ക്കാവില്ലാ
അമ്മയെ പിടിച്ചുനിറുത്തുന്നാരോ
അമ്മയ്ക്കു കാണേണ്ടാ,കത്തുന്ന നിന്നെ’
ചിത്തം പിടഞ്ഞൊരമ്മയും തേങ്ങുന്നു
ചാരമാകുന്നു ത൯ പുത്രന്റെ ദേഹം
ചിന്തയില്‍ മഗ്നനായ് ഉമ്മറത്തച്ഛ൯
ചിന്തുന്നു സങ്കടമശ്രുവാലെങ്ങും!
മോഹിച്ചുകിട്ടിയൊരേക സന്താനം
മോഹമായ് നല്ലൊരു വാഹനം വേണം
പുത്രന്റെയിച്ഛപോലെ വാങ്ങിയച്ഛ൯
പുത്തനിരുചക്രവാഹനം നല്കി
സ്വപ്നങ്ങൾ പൂക്കുന്ന കൌമാരക്കാലം
സ്വന്തമായ് വാഹനം കിട്ടിയാൽ പായും
പ്രായം പതിനാറിലെത്തിയ പൈതൽ
പായുമെന്നോ൪ത്തില്ല സ്നേഹമുള്ളച്ഛ൯
വേഗം ത്രസിപ്പിച്ചൊരാ നിമിഷത്തിൽ
വാടിവീണല്ലോ,പാവമാ പൂമൊട്ടും
സ്വാ൪ത്ഥരായ് പായുന്നേവരും നിരത്തിൽ
സ്വപ്നംതക൪ന്നു കേഴും രക്ഷിതാക്കൾ
നിത്യവുമെത്ര ജീവ൯ പൊലിയുന്നു
നിത്യവും തേങ്ങലുകളുയരുന്നു
ജീവിതം നീങ്ങുന്നു മൃത്യുവിലേയ്ക്കേ
ജീവിതം ക്ഷണികം സംശയം വേണ്ടാ
ജീവിതയാത്രയിൽ ശ്രദ്ധിച്ചുവെന്നാൽ
ജീവനശ്രദ്ധയാൽ പോകില്ലെന്നോ൪ക്കൂ!