ആര്യ നായർ. (Street Light fb group)
” ഈ മഴയെന്തൊരു കുശുമ്പിയാ…ന്റെ പട്ടു പാവാട നനയ്‌ക്കാനായിട്ടു പെയ്തതാ ”…
പടിപ്പുരയിലേക്കോടി കേറുമ്പോൾ അമ്മു മഴയോടു പിണക്കത്തിലായിരുന്നു..
”ന്തേ.. അമ്മൂട്ട്യേ .. ന്തു പറ്റി..”
പടിപ്പുരയിലെ തുന്നാരം കിളി വിളിച്ചു ചോദിച്ചു.. അമ്മൂട്ടി മിണ്ടാത്തതു കണ്ടാവണം കിളി വീണ്ടും ചോദിച്ചു..
” ന്നോടും കെറുവിച്ചോ ഇയ്യ്… ”
അതൂടെ കേട്ടപ്പോൾ അവൾക്കു സങ്കടം വന്നു..
” കിളിയേ .. കണ്ടില്ലേ ..ന്റെ പട്ടു പാവാട നനയ്ക്കാനായിട്ടു മഴ പെയ്തെ… ഒത്തിരി മോഹിച്ചിട്ടു കിട്ടീതാ ഇത്.. അതും അമ്മാത്തെ പുതിയ വേളി തന്നതാ പഴയൊരെണ്ണം.”
പറഞ്ഞു തീരുന്നേനു മുൻപേ തന്നെ അവളുടെ കണ്ണു നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.. അതു കണ്ടാവണം കിളി നിശബ്ദയായത്…
ഉത്തരത്തിലെല്ലാം കേട്ടു നിശബ്ദനായിരുന്ന ഗൗളി അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം പതിയെ ചിലച്ചു താഴേക്കു നോക്കി കണ്ണു തുടച്ചു..
അടിവേരു മുറിഞ്ഞ ഒരില്ലത്തെ അരിഷ്ടിപ്പിനിടയിൽ തളിർത്ത മകളായിരുന്നു അമ്മുകുട്ടി… ശാന്തിപ്പണിയിൽ അന്നന്നെത്തേക്കുള്ള അന്നം കണ്ടെത്തുന്ന ഒരു കീഴ്ശാന്തിയുടെ മകൾ.. കാഴ്ചയിൽ അപ്സരസു തോൽക്കുന്ന രൂപഭംഗിയും നിഷ്ക്കളങ്കതയും.. ഒറ്റയായി വളർന്നോണ്ടാവണം അക്ഷരങ്ങളെയും ചെടികളേയും കിളികളേയും അവൾ സഹോദരങ്ങളായി കണ്ടത്. പടിപ്പുരയിലെ തുന്നാരം കുരുവിയാണെന്നും അവളുടെ ഉറ്റതോഴി.. ”മഴയെ ഏറെ സ്നേഹിച്ചവളാണിന്നു മഴയോടു പരിഭവപ്പെട്ടത്…. ” തുന്നാരം കിളി നെടുവീർപ്പിട്ടു മഴയിലേക്കു പറന്നു പോയി..
” അമ്മൂ.. കുട്ട്യവിടാരുന്നു നേരം ശ്ശിയായല്ലോ തേവരെ തൊഴാൻ പോയിട്ട്..”
തെക്കിനിയിലെ പൂജാമുറിയിൽ നിന്നു മുത്തശ്ശിയമ്മയുടെ ചിലമ്പിച്ച സ്വരം കേട്ട പാടെ അവളു തോർത്തെടുത്ത് അവിടേക്കു ചെന്നു..
” മുത്തശ്ശീ വരണ വഴി നല്ല മഴയാരുന്നു.. അപ്പോഴമ്മാത്തേക്കു കയറിതാണ്. .. അമ്മാത്തെ പുതിയ വേളിക്കു ന്നെ ഒരുപാടിഷ്ടാ.. മഴ നനയേം ഇല്ല.. കൂട്ടത്തിലാ വേളി തന്ന പട്ടു പാവാട കാണിക്കേം ചെയ്യാലോന്നോർത്തു..”
അമ്മുവിന്റെ കൈയിലെ തോർത്തു കൊണ്ടു തല തുവർത്തിക്കുമ്പോൾ മുത്തശ്ശി അവിടുത്തെ വിശേഷങ്ങളെല്ലാം ചോദിച്ചോണ്ടിരുന്നു… നീട്ടിയും കുറുക്കിയും ഉള്ള അവളുടെ സംസാരം അവർക്കത്രയും ഇഷ്ടമാണ്…..
അങ്ങനെ കളിച്ചും ചിരിച്ചും കാലം കഴിഞ്ഞു പോയി.. മുത്തശ്ശി മണ്ണോടു ചേർന്നു…
ഋതുക്കൾ മാറി മാറി വന്നു.. അമ്മുക്കുട്ടി യൗവനയുക്തയായി… പതിവു പോലെ പടിപ്പുരയിൽ കിളിയോടു കിന്നാരം പറഞ്ഞിരിക്കുന്നവളെ അകലെ നിന്നു എന്നും ശ്രദ്ധിക്കുന്നൊരാളുണ്ടായിരുന്നു…
” ഹേയ്…. ആമീ.. താനിതു വരെ എഴുതിത്തീർന്നില്ലേ…. ” സണ്ണിയുടെ ശബ്ദം അവളെ പതിയെ ആ എഴുത്തുമുറിയിലേക്കു തിരികെയെത്തിച്ചു…
” എന്താണ് സണ്ണീ ഇത്… ഞാൻ പറഞ്ഞില്ലേ എഴുതി തീർന്നിട്ടു തരാം ന്നു.. ”
” ആമീ …. എനിക്കു കാത്തിരിക്കാൻ വയ്യാതാവുന്നു… ഞാനെത്തിയോ നിന്റെ ആത്മകഥയിൽ….,”
‘സണ്ണീ… താൻ വരുന്നേയുള്ളൂ… ഇനി നമുക്കൊരുമിച്ചെഴുതാം ബാക്കി..”
രണ്ടു കപ്പുകളിൽ പകർന്ന ചായയുമായി അവനെത്തി… ഒന്നു മൊത്തി തിരികെ വച്ചു…
എന്താ .. ആമീ… താനിങ്ങനെ കണ്ണുകളിലേക്കു നോക്കല്ലേ… എനിക്കു തന്റെ പിടയുന്ന ഇമകളിൽ നോക്കാൻ വയ്യ..”
”സണ്ണീ… താനെന്നും പറയാറില്ലായിരുന്നോ ദാരിദ്ര്യമാണെന്റെ
സാഹിത്യംന്നു.. ”
”നീയിപ്പോഴും ഇതൊക്കെ ഒാർക്കുന്നോ ആമീ..”
അവന്റെ മിഴികളിൽ ജിജ്ഞാസയാരുന്നു.. പതിയെ അവനെയും പഴയ ഒാർമ്മകൾ ഒഴുക്കി അമ്മൂട്ടിയുടെ പടിപ്പുരയിലെത്തിച്ചു…വയലരികിലൂടെ പോവുമ്പോൾ എന്നും പടിപ്പുരയിലൊറ്റയ്ക്കിരുന്നു സംസാരിക്കുന്ന പെൺകുട്ടി.. അത്രയേ കരുതിയുള്ളൂ.. പിന്നൊരു വലിയ മഴയിൽ ആ പടിപ്പുരയിൽ കേറി നിന്നപ്പോൾ തല തുവർത്താൻ തോർത്തു തന്നവൾ… പിന്നെ പലപ്പോഴായി താൻ കൊണ്ടു കൊടുത്ത പുസ്തകങ്ങളിലെ അക്ഷരങ്ങളെ മനസ്സിൽ ആവാഹിച്ചു ഒരു പെരുമഴക്കാലം തനിക്കൊപ്പം ഇറങ്ങി വന്നു… ദാരിദ്ര്യത്തിൽ നിന്നു മകളെങ്കിലും രക്ഷപ്പെടട്ടെ എന്നോർത്താവണം അച്ഛനമ്മമാരുടെ ആശീർവാദം ഉണ്ടായിരുന്നു…
അതിനവർക്കൊടുവിൽ കിട്ടിയതു കുടുംബ ഭ്രഷ്ടു മാത്രം… നാട്ടിലെ അടക്കം പറച്ചിലുകൾ ഉയർന്നു പൊങ്ങുകയായിരുന്നു പിന്നെ… നസ്രാണി നമ്പൂരിച്ചിയെ കെട്ടിയ കഥ ആളിപ്പടർന്നപ്പോഴേക്കും കൽക്കട്ടയുടെ നെഞ്ചിൽ തിരിച്ചെത്തിയിരുന്നു….
ആദ്യായി ചെയ്തത് അമ്മൂക്കുട്ടിയെന്ന പേരിൽ നിന്നു ഒരു പരിവർത്തനം കൊടുക്കലായിരുന്നു..
അങ്ങനെ അവൾ തന്റെ ആമിയായി..
”സണ്ണീ… താൻ എഴുതിത്തീർത്തൂല്ലേ ഒടുവിൽ… ഇതിപ്പോൾ ആമീടേം സണ്ണീടേം ആത്മകഥയായി… ഹ….ഹ.ഹ ”
അവളുടെ പൊട്ടിച്ചിരി കണ്ടാവണം പുറത്തു മഴയും പൊട്ടിച്ചിരിക്കുകയായിരുന്നു..