Sunday, November 24, 2024
HomePoemsഅമ്മയും മുലപ്പാലും (കവിത).

അമ്മയും മുലപ്പാലും (കവിത).

അമ്മയും മുലപ്പാലും (കവിത).

സനു. മാവടി…(Street Light fb group)
പലഭാവത്തിൽ താളത്തിൽ
വരിമുറിഞ്ഞ് ശ്രുതിമറന്ന്….
ഒറ്റനിക്കറിൽ ഓട്ടവീണ ബാല്യം
ചാക്കുനൂലിൽ വരിഞ്ഞു കെട്ടി..
ചിരട്ടത്തവിയും
കഞ്ഞിക്കലവും തമ്മിൽ
ഒരന്തർധാരയുണ്ടായിരുന്നു.
അവസാനത്തെ
കിണ്ണവും നിറച്ചശേഷം
അമ്മയ്ക്കുണ്ടോ ?.
എന്ന ചോദ്യത്തിനു
ഉയർത്തുന്ന തവിയ്ക്കുള്ളിൽ
നിറയുന്ന വെള്ളത്തിൽ
തുള്ളുന്ന വറ്റുകളെ
എന്നും കാണിക്കാമെന്ന്.
ഇളകുന്ന ഒതുക്കുകല്ലുകൾ
പിഴയ്ക്കുന്ന ചുവടുകളെ
ചതിച്ചതില്ല.
പകരം മാസം തികയാതെ
പെറ്റ വറ്റുകൾ
പൂമുഖത്തു പൊട്ടിക്കരഞ്ഞു.
മഴ ഏറ്റവും വലിയ പാട്ടുകാരൻ
പലയളവിൽ പലപാത്രങ്ങളിൽ
ശ്രവ്യ വിസ്മയം തീർത്തവൻ.
മെലിഞ്ഞ ശരീരം
വളഞ്ഞുനിന്നേറ്റുവാങ്ങിയ
പ്രഹരങ്ങളൊക്കയും
തന്റെ സ്വരത്തിൽ ലയിപ്പിച്ചവൻ…
ഒടുവിൽ
ഒരുകവിൾ ചോര സമ്മാനമേകി
ഒടുവിലെ യാത്രപോയ്…
അന്നെനിയ്ക്ക് വിശന്നു
നരഭോജിയുടെ വിശപ്പ്‌.
ഇന്ന്
കോൺഗ്രീറ്റുകൂടിനുള്ളിൽ
പുറത്ത് തിമർത്തുപെയ്യുന്ന
മഴയുടെ താളം കേൾക്കുമ്പോൾ
വീണ്ടും ജനിയ്ക്കുന്നു “വിശപ്പ്‌ “
ഒരിറക്ക് മുലപ്പാലിന്….

 

RELATED ARTICLES

Most Popular

Recent Comments