സ്മിത ശൈലേഷ്. (Street Light fb group)
ഇന്നു വനിതാദിനം. ഇന്ത്യയിൽ വിശേഷിച്ചു കേരളത്തിൽ ലൈംഗികാതിക്രമത്തിനിരയാവുന്ന പെൺകുഞ്ഞുങ്ങളുൾപ്പെടെ സ്ത്രീകളുടെ നിരക്കു ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. ഇരയെന്ന മേൽവിലാസം അവളെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കുന്നു. ചാരിത്ര്യമല്ല, പെണ്ണിന്റെ ജീവിതത്തിന്റെ അളവുകോലെന്ന് ഇനി നമുക്ക് പെൺകുട്ടികളോട് പറയാം. ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം പുലർത്തുന്ന പുരുഷന്മാർക്കിടയിൽ തന്നെ പെണ്ണിനെ ഉടൽ മാത്രമായി കാണുന്ന മനോവൈകൃതം ബാധിച്ചവർ ഒളിഞ്ഞിരിക്കുന്നു……
എന്റെ മകൾ
തുടയിടുക്കിലെ അരയിഞ്ചു
മാംസമല്ല എന്റെ മകൾ
നിന്റെ ആസക്തികൾക്കു
കുടിയേറാനുള്ള പീഠമല്ല
അവളുടെ അരക്കെട്ട്
ഒരു പെൺകുഞ്ഞിനെ നോക്കുമ്പോൾ
നിങ്ങളെങ്ങനെയാണ്
വിടർന്നതു പോലുമില്ലാത്ത അവളുടെ മുലഞെട്ടുകൾ കാണുന്നത് ?
നിന്റെ തൃഷ്ണയുടെ
വിഷസർപ്പത്തിനിഴഞ്ഞു കയറാനുള്ള
പഴുതു മാത്രം കാണുന്നത്
ഒരു കുഞ്ഞിനെ നോക്കുമ്പോൾ
അവളുടെ ചിരിയിലെ പുലരികളെ
മഞ്ഞുതുള്ളികളെ..
കണ്ണിലെ നിലാവുകളെ
നിങ്ങളെങ്ങനെയാണ്
തമസ്ക്കരിക്കുന്നത്
മണ്ണിലേക്ക് പടരുന്ന
അവളുടെ വേരുപടലങ്ങളെ
ആകാശത്തിലേക്കു
വളരുന്ന ചില്ലകളെ
അവളുടെ ഹൃദയത്തിലെ
അസംഖ്യം പൂമൊട്ടുകളെ
നീയെങ്ങനെയാണ്
ഒറ്റ നോട്ടംകൊണ്ടു
ചുട്ടെരിച്ചു കളയുന്നത് ?
നീ നോക്കുമ്പോൾ
പെൺകുട്ടി ചില്ലാവുന്നതും
അവളുടെ ഉടൽ
നഗ്നമാവുന്നതും
എങ്ങനെയാണ് ?
നീ വേട്ടക്കാരനും
അവൾ ഇരയുമാകുന്നതിന്റെ
പാഠഭേദത്തിന്റെ
രചയിതാണവൾ
ഇലയുടെ വിലാപകാവ്യങ്ങളിൽ
അവളിപ്പോൾ ജീവിച്ചിരിപ്പില്ല
പെൺകുട്ടി
ഒരു വെറും ഉടലല്ലെന്നും
ഉടലിനപ്പുറത്തെ
ഉണ്മയാണെന്നുമാണ്
അവളിപ്പോൾ നാമം ജപിക്കുന്നത്
നിന്റെ രേതസ്സിന്റെ
അഴുക്കു
ഒന്നു കുളിച്ചാൽ
ഒഴുകിപോകുന്നതേയുള്ളൂ
എന്നും അവൾക്കറിയാം
പ്രപഞ്ചം മൂടുന്ന
ചിറകുകളുള്ള ഒരു പട്ടം
ആകാശത്തിലേക്കു
പറത്താനുള്ള ശ്രമത്തിലാണ്
എന്റെ മകൾ….
ആ.. പട്ടം സൂര്യനെ തൊടട്ടെ
നീയതിന്റെ നൂൽ
അറുക്കാതിരിക്കുക
അവളുടെ ആകാശത്തിനു
ചാരിത്ര്യമെന്നല്ല പേർ..
അവളുടെ ഭൂമിക്കു
അടിമത്തമെന്നും….
ഏത് കാറ്റിനും
പറത്തി കളയാവുന്ന
പാഴിലയുമല്ലിവൾ
ഒന്നു സൂക്ഷിച്ചു നോക്കിയാൽ
പ്രപഞ്ചത്തിന്റെ നാരായവേരെന്ന്
നിനക്കവളെ തിരുത്തി വായിക്കാം