Sunday, November 24, 2024
HomeLiteratureഎന്നെക്കാള്‍ പ്രായമുള്ള കട. (അനുഭവ കഥ)

എന്നെക്കാള്‍ പ്രായമുള്ള കട. (അനുഭവ കഥ)

എന്നെക്കാള്‍ പ്രായമുള്ള കട. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
നാട്ടിൽ ചെന്നപ്പോഴല്ലെ കഥ അറിയുന്നത്‌. ഒരു രൂപ കവറിൽ (പ്ലാസ്റ്റിക്‌) സാധനങ്ങൾ കൊണ്ടു പോകുന്നത്‌ കണ്ട്‌. പിടിച്ചാൽ അഞ്ഞൂറുരൂപ പിഴ അടക്കണമെന്ന്.
മുകളിൽ കാണുന്ന കട എനിക്ക്‌ തോന്നുന്നത്‌ നൂറുവർഷത്തിൽ കൂടുതൽ പഴക്കം കാണുമെന്ന്. ഞങ്ങളുടെ നാട്ടിൽ പഴയ പല കടകളും നിർത്തി പോയേങ്കിലും ഇന്നും പ്രവർത്തിച്ചു പോകുന്ന ഒരു കടയാണു ഇത്‌. കാരണം വേറേ ഒന്നുമല്ല. എന്ത്‌ ആവശ്യം വന്നാലും ഞങ്ങൾക്ക്‌ നാവിൻ തുമ്പിൽ വരുന്നത്‌ പി സി മുതലാളിയുടെ കടയാണു.
ഒരു കാലത്ത്‌ എന്റെ വീടിനു കിഴക്കു വശം പി സി മുതലാളിക്ക്‌ ഒരു പുരയിടം ഉണ്ടായിരുന്നു. ഇടവപ്പാതി തുടങ്ങി കഴിഞ്ഞാൽ എന്റെ വീട്‌ തെക്കതിൽ മാമന്റെ വീട്‌ കിഴക്കതിൽ നെയ്ത്തുവീട്‌ ഈ മൂന്ന് വീടും വെള്ളത്തിലാണു. അന്ന് ഞങ്ങൾക്ക്‌ സഹായം പി സി മുതലാളി ആണു. ചില ദിവസം വൈകിട്ട്‌ മഴ തുടങ്ങിയാൽ പിന്നെ നിൽക്കില്ല. അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഈ മൂന്ന് വീടിന്റെയും നാലുചുറ്റും വെള്ളം ആണു. അപ്പോൾ തന്നെ മൺ വെട്ടിയും കുന്താലിയും എടുത്തുകൊണ്ട്‌ പോയി പി സി മുതലാളിയുടെ പുരയിടത്തിന്റെ നടുവിലൂടെ വെള്ളം ഒഴുകി പോകുന്ന രീതിയിൽ വെട്ടി വിടും.
പക്ഷേ ഒന്നു പറയാമല്ലോ അദ്ദേഹം പറ്റില്ല എന്നോരു വാക്ക്‌ ഒരിക്കലും ഞങ്ങളോട്‌ പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല വെള്ളം വെട്ടി വിടുന്നതിനു വേണ്ടി ഞങ്ങളുടെ കൂടെ വന്ന് നിന്ന് മാർഗ്ഗനിർദ്ദേശം തരുകയും ചെയ്യുമായിരുന്നു. ഇന്നത്തേ കാലത്തായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്‌.
അന്നത്തേ കാലത്ത്‌ ഒരു വണ്ടി മണ്ണു വാങ്ങി വീടിനു ചുറ്റും ഇടാൻ പോലും നിവർത്തിയില്ലാത്ത കാലം.
ഒന്ന് പറയാതിരിക്കാൻ വയ്യ. ഞാൻ കാണുന്ന കാലം തൊട്ടേ പി സി മുതലാളിക്ക്‌ തലയിൽ മുടി ഇല്ലായിരുന്നു എന്ന് മാത്രമല്ല പിന്നെയൊന്ന് കിളിർത്ത്‌ കണ്ടിട്ടുമില്ല.
എനിക്ക്‌ തമാശകൾ കൂടുതൽ കേൾക്കാൻ ഉള്ള അവസരം അല്ലെങ്കിൽ ഇപ്പോൾ ഇങ്ങനെ പറയാനുള്ള അല്ലെങ്കിൽ എഴുതാനുള്ള തന്റേടം ഉണ്ടായത്‌ എന്റെ പതിനൊന്നാമത്തേ വയസിൽ തയ്യൽ പഠിക്കാൻ പോയപ്പോൾ ആ കടയിൽ നിന്നാണു. അവിടെ വന്ന് നല്ല ഇടിവെട്ട്‌ തമാശ പറയുന്നതിൽ പ്രമുഖൻ ഈ പി സി മുതലാളി ആയിരുന്നു.
വേറയും കുറച്ച്‌ പേർ അവിടെ വരുമായിരുന്നു. കൊട്ടിലി സനലണ്ണന്റെ അഛൻ കൊട്ടിലി വാസുമുതലാളി തമാസക്ക്‌ പിന്നിൽ അല്ലായിരുന്നു. പിന്നെ ചാപ്ര സുകുമാരൻ മുതലാളി, മലക്കറി സുകുമാരെണ്ണൻ, ഹൈസ്കൂൾ അദ്ധ്യാപകൻ പനയഴികത്തേ സദാനന്ദൻ സാർ, പിള്ളവീട്ടിൽ ദാസ സാർ, അലിയാരുകുട്ടി മുതലാളി എന്ന് വേണ്ട ഒരുപറ്റം രസികർ അവിടെ വരുമായിരുന്നു. കടയിൽ ഞാനും എന്റെ ഗുരു ഗോപി അണ്ണനും. ഞാൻ ഈ എഴുതിയവരിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.
ഈ വൈകിയ വേളയിലെങ്കിലും പി സി മുതലാളിയും മറ്റും ചെയ്ത നല്ല പ്രവർത്തികൾ ഒന്ന് ഓർത്തില്ലെങ്കിൽ മോശം അല്ലെ? എല്ലാവർക്കും എന്റെ ആദരാഞ്ജലികൾ.
RELATED ARTICLES

Most Popular

Recent Comments