ഉഴവൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഉഴവൂരില്‍ ബൈപ്പാസ് റോഡുകള്‍ വീതികൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. മരോട്ടിച്ചോട് ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. കോട്ടയം റൂട്ടിലൂടെ എത്തുന്ന വാഹനങ്ങള്‍ക്ക് അറയ്ക്കല്‍ ജംഗ്ഷനില്‍ നിന്ന് കുരിശുപള്ളിക്കവലയിലേയ്ക്ക് എത്താവുന്ന ബൈപ്പാസ് ഉണ്ട്. ഇവിടെ ചിരട്ടോലിക്കല്‍ ഭാഗത്തുള്ള പുറമ്പോക്ക് ഭുമി അളന്നെടുത്ത് വഴിയുടെ വളവുകള്‍ നിവര്‍ത്തുന്നതിന് അധികൃതര്‍ തയ്യാറാകണം.
കൂത്താട്ടുകുളം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ഉഴവൂര്‍ ടൗണില്‍ പ്രവേശിക്കാതെ പാലയിലേയ്ക്കും, കിടങ്ങൂര്‍ക്കും മറ്റും പോകുന്നതിന് ഒറ്റത്തെങ്ങാടി ഭാഗത്തു നിന്നും, കരയോഗം ഭാഗത്തേയ്ക്കുള്ള റോഡ് വീതിക്കൂട്ടി ടാര്‍ ചെയ്താല്‍ മതിയാകും. പാലാ, കിടങ്ങൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന മുഴുവന്‍ വാഹനങ്ങളേയും ഗുഡ്‌ന്യൂസ് ജംഗ്ഷനില്‍ നിന്ന് കരയോഗം – ഒറ്റത്തെങ്ങാടി റോഡിലൂടെ വഴിതിരിച്ച് കൂത്താട്ടുകുളം റോഡിലേയ്ക്ക് വിടാന്‍ ഈ റോഡിന്റെ നവീകരണത്തിലൂടെ സാധിക്കും. ഇവിടങ്ങളില്‍ രോഡുകള്‍ക്ക് വീതിക്കൂട്ടുന്നതിന് പൊതുജനത്തിന്റെ സ്ഥലം ആവശ്യമായി വരുന്നിടത്ത് അത് വിലകൊടുത്ത് വാങ്ങുന്നതിനുള്ള ഫണ്ടും അനുവദിക്കപെടണമെന്ന് സമ്മേളനം ആവശ്യപെട്ടു.
രവീന്ദ്രന്‍ നായര്‍ കോയിക്കത്തടത്തില്‍ അധ്യക്ഷത വഹിച്ച സമ്മേളനം മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാനം ചെയ്തു. സണ്ണി ആനാലില്‍, വിനോദ് പുളിക്കനിരപേല്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, ലൂക്കോസ് പനച്ചേംകുടിലില്‍, ആനീസ് മാത്യൂ, സന്തോഷ് പഴയപുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ നായര്‍ കോയിക്കത്തടത്തിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.