ഡൗൺടൗൺ മൻഹാട്ടനിൽ എന്തോ നടക്കുന്നു, ശരിയാണോ എന്ന് വാഷിംഗ്ടണിലുള്ള ഒരു സുഹൃത് വിളിച്ചു ചോദിച്ചപ്പോൾ ഞെട്ടാതിരുന്നില്ല. ജോലി ചെയ്യുന്നത് വേൾഡ് ട്രേഡ് സെന്ററിന്റെ ത്തൊട്ടടുത്ത കെട്ടിടമായതിനാൽ എപ്പോഴും എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യവും. ജനലിൽകൂടി വെളിയിൽ നോക്കിയിട്ടു പരിഭ്രമിക്കത്തക്ക കാര്യങ്ങൾ ഒന്നും കണ്ടില്ല. എലിവേറ്ററിനടുത്തു എത്തിയപ്പോൾ ആളുകളുടെ മുഖത്തെ പരിഭ്രാന്തിയും സംസാരവും ഭയത്തിനു ആക്കം കൂട്ടി. ട്രെയിനുകൾ ഒന്നും പ്രശ്നമായിരുന്നില്ല , വീട്ടിലെത്തി വാർത്തകൾ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലാകുന്നത്, ജോലിചെയ്യുന്ന കെട്ടിടത്തിന് ഒരു ബ്ലോക്ക് അകലെയാണ് ദാരുണമായ ഭീകരാക്രമണം നടന്നത്.
തണുപ്പും കാറ്റും ഉള്ളതിനാൽ ഹഡ്സൺ നദിയുടെ അടുത്ത ആ വഴി, കഴിഞ്ഞ രണ്ടു ദിവസമായി ഒഴിവാക്കിയാണ് ഉച്ചഭക്ഷണത്തിനു ശേഷം നടക്കാൻ പൊയ്ക്കൊണ്ടിരുന്നത്. സൈക്കിൾ പോകുന്ന വഴിക്കു സമാന്തരമായി ഒരു നടപ്പാതയിൽ അനേകം ആളുകൾ ഓടുകയും നടക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അടുത്തുള്ള സ്കൂളുകളിലെ കുട്ടികളുടെ ശബ്ദവും വിനോദ സഞ്ചാരികളുടെ നടപ്പും ഒക്കെയായി മനോഹരമായ ആ വീഥി എപ്പോഴും തിരക്കുള്ളതാണ്. വളരെ കൃത്യമായി നടപ്പാക്കിയ ഈ “ഹലാൽ ഹൊറർ ” ഹാലോവീൻ ആഘോഷങ്ങളുടെ കൂടെ ഒറ്റപ്പെട്ട ഓർമ്മപ്പെടുത്തലായി മാറി. നടവഴിയുടെ സുരക്ഷിതത്വത്തിനു വേണ്ടി ഏതാണ്ട് മൂന്നു അടി പൊക്കത്തിൽ അരയടി വീതിയുള്ള കോൺക്രീറ്റ് തൂണുകൾ ഇടവിട്ട് ആ വഴിക്കു ഇരു വശത്തും സ്ഥാപിച്ചിരുന്നു. എത്ര സുരക്ഷിതമായിട്ടാണ് നടപ്പാത ക്രമീകരിച്ചിരിക്കുന്നത് എന്ന് ചിലപ്പോൾ ഓർത്തിരുന്നു.
ഇന്ന് ഉച്ചക്ക് സംഭവസ്ഥലം പോയി കാണാൻ ശ്രമിച്ചു, പോലീസിന്റെയും മാധ്യമക്കാരുടെയും തിരക്കുകൊണ്ടു അവിടേക്കു അടുക്കാൻ കഴിഞ്ഞില്ല. തണുപ്പുണ്ടായിരുന്നതിനാൽ രണ്ടു കൈയും ജാക്കറ്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ചിരുന്നു. ചിലർ അവരുടെ മൊബൈലിൽ ദ്രശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. സ്പീഡിൽ നടന്നു അടുത്ത്, പോക്കറ്റിൽ കൈയ്യിട്ടു ഫോൺ എടുക്കാൻ നോക്കിയപ്പോൾ തന്നെ; ദൂരെ നോക്കിനിന്ന ചില പോലീസുകാരുടെ കൈകൾ തോക്കിലേക്കു നീളുന്നത് കണ്ടു ആ ശ്രമം ഉപേക്ഷിച്ചു. എന്നാലും കുറച്ചു നടന്ന ശേഷം തിരികെയെത്തി ചില ചിത്രങ്ങൾ ഏടുത്തു. ആർക്കും ആരെയും സംശയിക്കാവുന്ന സ്ഥിതി.
ഇന്നെലെ വേൾഡ് ട്രേഡ് സെന്ററിന്റെ അടുത്തുള്ള ഒക്കള്സ് മാളിൽ കൂടി നടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഓർത്തു. ഒരു ഇടവഴിയിൽ വേഗത്തിൽ നടക്കുമ്പോൾ ഒരു എസ്കലേറ്ററിൽ നിന്നും മിഡിൽ ഈസ്റ്റേൺ, അല്ലെങ്കിൽ അഫ്ഗാൻ ലുക്ക് ഉള്ള ഒരു ആൾ നടന്നു ഇറങ്ങി വരുന്നു. സോൾട്ട് ആൻഡ് പെപ്പർ താടിയും; തലമുടി ആകെ ഉഴപ്പിക്കിടക്കുന്നു; ഇടതു തോൾ മുതൽ ഒരു വെള്ള സ്കാർഫ് ഒരു കൈയ്യിൽ പൊതിഞ്ഞു കൊണ്ടാണ് വരവ്. ആകെ പന്തികേട് തോന്നി, ഏതോ മെഷീൻഗൺ ഒളിപ്പിച്ചു വരുന്നപോലെ. ചുറ്റും നോക്കിയിട്ടു ആരും അയാളെ ശ്രദ്ധിക്കുന്നില്ല. അയാളെ ഞാൻ അറിയാതെ തുറിച്ചു നോക്കി കൊണ്ടിരുന്നു. അവിടെ എന്തെങ്കിലും സംഭവിച്ചാൽ എങ്ങും ഓടി ഒളിക്കാൻ മാർഗ്ഗവും ഇല്ല, എന്റെ നോട്ടത്തിലെ പിശക് കൊണ്ടായിരിക്കാം അയാൾ വേഗത്തിൽ എന്റെ നേരെ തന്നെ വരുന്നു. അടുത്ത് എത്തിയപ്പോൾ നേരെ കണ്ണിലേക്കു ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കടന്നുപോയി. ഞാൻ തിരിച്ചു ചിരിക്കാനുള്ള മാനസീക തലത്തിലല്ലായിരുന്നു അപ്പോൾ.
സുരക്ഷക്കായുള്ള പോലീസ് സംവിധാനത്തിന്റെ ഭാഗമാണോ അതോ ഭാവിയിൽ നടത്താനുള്ള പദ്ധതിയുടെ നിരീക്ഷണ പഠനമാണോ എന്നും അറിയില്ല. ഭൂതപ്രേതങ്ങൾ വിവിധ വേഷങ്ങളിൽ ഉറഞ്ഞു ആടുന്ന ഹാലോവീൻ രാത്രിയിൽ നഗരത്തെ നടുക്കിയ സാത്താന്റെ പോരാളി നടത്തിയ മൃഗയാ വിനോദത്തിൽ എട്ടു ജീവനുകൾ പൊലിഞ്ഞു , സുരക്ഷിതത്വം ആർക്കും ഉറപ്പു പറയാൻ സാധിക്കാത്ത ഒരു പ്രതിഭാസം ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ആംബുലൻസുകളുടെ സയറനോടൊപ്പം, താഴെ സാത്താൻ കൂട്ടങ്ങളുടെ ആരവവും കേൾക്കുന്നു എന്ന് തോന്നുന്നു. ഡൌൺടൌൺ മൻഹാട്ടനിൽ, പതിവുപോലെ ഇന്നും ജോലിക്കു വന്നു; നഗരം പഴയ തിരക്കിലേക്ക് ഊളിയിട്ടു.