അരുൺകുമാർ. (Street Light fb group)
കൂടെ ജോലി ചെയ്യുന്ന സുകുവേട്ടൻ പറഞ്ഞപ്പോഴാണ് ഞാനും അതിനെപ്പറ്റി ചിന്തിച്ചത്.
നീയിങ്ങനെ പണിന്നും പണോന്നും പറഞ്ഞ് എല്ലാ ദിവസവും ഓവർടൈം ചെയ്യാതെ ഇടയ്ക്കൊക്കെ ഭാര്യേം പിള്ളേരേം കൊണ്ട് വല്ല പാർക്കിലോ സിനിമയ്ക്കോ ഒക്കെയൊന്ന് പോടാ സുധീ… ന്ന്.
സത്യം പറഞ്ഞാൽ അപ്പൂസ് സ്കൂളിൽ പോവാൻ തുടങ്ങിയതിൽ പിന്നെ അങ്ങനെയൊന്നും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടേയില്ല.
രാവിലെ ഏഴു മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ഞാൻ രാവിലെ നാലു മണിക്കെണീറ്റാലെ കാര്യങ്ങളൊക്കെ നടക്കൂ… പലപ്പോഴും ഞാനിറങ്ങാൻ നേരമാവും സിന്ധു എണീക്കുക.
രാത്രി ഓവർടൈമും കഴിഞ്ഞ് പതിനൊന്നു മണിയാവും ഫാക്ടറിയിൽ നിന്നിറങ്ങുമ്പോൾ.. കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനാൽ അത്താഴം വിളമ്പി വയ്ക്കുന്ന പതിവും, ഒന്നിച്ചിരുന്ന് കഴിക്കുന്ന പതിവുമൊന്നുമില്ല.
അപ്പൂസിനെ ഉറക്കത്തിലല്ലാതെ കണ്ട നാളു തന്നെ മറന്നു. സിന്ധുവിനുമുണ്ട് ചില്ലറ പരിഭവങ്ങൾ, പിന്നെ വീടിൻറെ ലോൺ, വണ്ടീടെ ലോൺ, മാസാമാസം അച്ഛൻറെയും അമ്മയുടെയും ചികിത്സയ്ക്കും ചിലവിനുമായി നാട്ടിലേക്ക് അയക്കേണ്ടത്. എല്ലാം അവൾക്കുമറിയാവുന്നത് കൊണ്ട് ഒന്നും പ്രകടിപ്പിക്കാറില്ല.
ഇന്നാണെങ്കിൽ ആയുധ പൂജയാണ് കമ്പനിയിൽ അതിൻറെ ചെറിയ ആഘോഷമൊക്കെയുണ്ട്, കളള് കമ്പനിയ്ക്ക് നിൽക്കാതെ വീട് ലക്ഷ്യമാക്കി പോന്നു.
വഴിയിൽ ഒരു ബേക്കറിയിൽ നിന്നും അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി വീട്ടിലെത്തി … മെയിൻഡോർ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ, അപ്പൂസിനെ അവിടെങ്ങും കാണാനുമില്ല. ചിലപ്പോൾ പുറത്തെങ്ങാൻ കളിക്കാൻ പോയിരിക്കും.
ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു.
സിന്ധു അവിടുണ്ട് ധൃതി പിടിച്ച് എന്തൊക്കെയോ ചെയ്യുകയാണ്.
സിന്ധൂ…..
ന്താ ഏട്ടാ….
പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുമ്പുതന്നെ അവൾ വിളി കേട്ടിരുന്നു. ഒരു പക്ഷേ അതവളുടെ ശീലമാകാം ഞാനെപ്പോഴും അശരീരിയാണല്ലോ…
പക്ഷേ പിന്നിലേക്ക് തിരിഞ്ഞു നോക്കി കഴിഞ്ഞപ്പോൾ അവളുടെ മുഖത്തെ ഭാവപ്രകടനങ്ങൾ …ഒരു നൂറ് നക്ഷത്രങ്ങൾ ആ മുഖത്ത് ഒന്നിച്ചുദിച്ച പോലെ തോന്നി.. കുറ്റം പറയാനൊക്കില്ല ഒന്നാമത് എന്നെയീ സമത്ത് കാണുന്നത്. പിന്നെ ഇതുപോലുള്ള വിശേഷ ദിവസങ്ങളിൽ സ്വബോധത്തോടെ ഞാനെത്താറുമില്ല.
മോനെന്ത്യേ …സിന്ധു…
അപ്പുറത്തെങ്ങാനും കാണും,
ഞാനിപ്പോ വിളിക്കാം..
ഏട്ടൻ കുളിച്ചിട്ടു വരൂ… അഞ്ചുമോൾടെ പിറന്നാളായിരുന്നു ഇന്ന്, അപ്പുറത്തൂന്ന് ഗിരിജേട്ടത്തി പായസം കൊണ്ടൂന്ന് തന്നിട്ടുണ്ട് ഞാനതെടുക്കാം..
കുളി കഴിഞ്ഞിറങ്ങി വരുമ്പോൾ അപ്പുസവിടെയുണ്ട്. എന്നെ കണ്ടതും ഓടി വന്ന് ദേഹത്ത് ചാടിക്കേറി..
ഒരു തികഞ്ഞ അച്ഛൻറെ ഭാവത്തിൽ ഞാൻ ചോദിച്ചൂ..
മോനിന്നു സ്കൂളിപ്പോയില്ലേ..?
അതിനിന്നവധിയല്ലേ അച്ഛാ ….
കൊളളാം ഗണപതിക്ക് വച്ചതു തന്നെ കാക്ക കൊണ്ടു പോയി ..
ദൈവദൂതയേപ്പോലെ സിന്ധു രണ്ടു കപ്പ് പായസവുമായ് വന്നു.
അച്ഛനറിയുന്നുണ്ടോ മോൻറെ
സ്കൂളിലെ വിശേഷങ്ങളൊക്കെ, ടീച്ചർമാർക്ക് ഒരു നൂറ് പരാതിയാ ഇവ നേപ്പറ്റി ..
ആണോടാ …
അപ്പൂസേ ഇപ്പോ അച്ഛനെ കിട്ടിയില്ലേ ‘ഇനി നിൻറെ സംശയങ്ങളൊക്കെ അച്ഛനോട് ചോദിച്ചോ …. അമ്മയ്ക്കേ അടുക്കളേലിച്ചിരിപ്പണി കൂടി ബാക്കിയുണ്ട്.
എന്തോന്നാടാ നിനക്കിത്രേം വലിയ സംശയം ..അച്ഛനോട് ചോദിക്ക് നമുക്ക് പരിഹാരമുണ്ടാക്കാൻ പറ്റുമോന്ന് നോക്കാം.
അച്ഛാ. ഈ ദൈവമില്ലേ, ദൈവം…
ങാ …. ദൈവം.
ദൈവത്തിൻറെ ഓപ്പസിറ്റെന്താ … ?
ദൈവത്തിൻറെ ഓപ്പസിറ്റ് ചെകുത്താൻ.
അപ്പോ സ്വർഗ്ഗത്തിൻറെയോ ?
സ്വർഗ്ഗം x നരകം..
ദൈവമേ, എന്താണാവോ ഉദ്ദേശം…
അച്ഛാ, നമ്മളെന്തിനാ സ്വർഗ്ഗത്തിലും നരകത്തിലും ഒക്കെ പോണത്, നമുക്കിവിടെ താമസിച്ചാൽ പോരെ… ??
ഇതാണോ മോൻറെ സംശയം..
ആ…
ഹോ സമാധാനമായി.
അത് മോനെ ദൈവം നമ്മളെയൊക്കെ സൃഷ്ടിച്ച് ഭൂമിയിലേക്ക് വിട്ടത് നല്ല കാര്യങ്ങൾ മാത്രം ചെയ്ത് നല്ലവരായി ജീവിച്ച് സ്വർഗ്ഗത്തിലെത്താനാണ്.
പക്ഷേ, ദൈവത്തിന്റെ ഓപ്പസിറ്റില്ലേ സാത്താൻ അവൻ ചിലപ്പോൾ നമ്മളെ തെറ്റിലേക്ക് നടത്തും. അങ്ങനെ തെറ്റു ചെയ്യുന്നവർ നരകത്തിൽ പോകും.. അതേയുള്ളൂ…
നമ്മൾ മരിച്ചു കഴിഞ്ഞ് ദൈവത്തിൻറെ അടുത്ത് ചെല്ലുമ്പോൾ അവിടെ നമ്മൾ ചെയ്ത നന്മകളുടേയും തിന്മകളുടേയും കണക്കെഴുതി വല്യൊരു പുസ്തകം വച്ചിട്ടുണ്ട് അത് നോക്കിയാണ് നമ്മളെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും പറഞ്ഞു വിടുന്നത് .
അപ്പോ ഈ സ്വർഗ്ഗം ഉണ്ടാക്കിയ താരാ..??
ദൈവം
നരകമോ…?
ദൈവം
നമ്മളേയോ?
അതും ദൈവം
.
സ്വർഗ്ഗത്തിലാരാ താമസിക്കുന്നേ?
ദൈവം….
എങ്കീ പിന്നെ നമ്മളെയെന്തിനാ ദൈവം സൃഷ്ടിച്ചിട്ട് ഭൂമിലോട്ട് വിടുന്നേ, നേരെ ,സ്വർഗ്ഗത്തിലോട്ട് വിടു കായിരുന്നേൽ ഈ കുഴപ്പമൊന്നുമില്ലല്ലോ?
“… പോയിൻറ്… “
” സിന്ധു നീ സമയമെത്രയായെന്ന് നോക്കിക്കേ… ഇപ്പോ പോയാലും അടുത്ത ഷിഫിറ്റിൽ വേണേകേറാം….