Friday, December 27, 2024
HomePoemsരാധാമാധവം. (കവിത)

രാധാമാധവം. (കവിത)

രാധാമാധവം. (കവിത)

സ്മിത ശൈലേഷ്.  (Street Light fb group)
കനവിന്നാഴത്തിൽ നിന്നെ നനഞ്ഞു ഞാൻ പെരുമഴയത്തു നില്ക്കയാണിപ്പോഴും പൊഴിയുവാൻ വെമ്പിനില്പുണ്ട് കാർമുകിൽ മിഴിയിലും, വരാൻ വൈകുവതെന്തു നീ ?
പുതിയ പൂവും നിലാവും ശലഭവും ശിശിരവും വേനലും മാറിയെത്ര നാൾ, ഇതു വഴിക്കെത്ര തേരുകൾ മാഞ്ഞുപോയ് എത്ര ഋതുക്കൾ കടന്നുപോയീവഴി !
പഴയൊരോർമ്മതൻ മഴ കുടിച്ചിപ്പോഴും പെരുമഴയത്തു നില്ക്കയാണിങ്ങു ഞാൻ.
മിഴിയിലീറൻമയിൽ‌പീലി ചേർത്തു നീ ചൊടിയിൽ ചുംബിച്ചുപൂത്ത മഴവില്ലു കനവിലിപ്പോഴും മാഞ്ഞില്ല മാധവാ… മഴ നനഞ്ഞു തനിച്ചിരിപ്പാണു ഞാൻ.
മൃദുനിലാവിന്റെ തുണ്ടെടുത്തന്നെന്റെ ഹൃദയമേഘത്തിൽ ചേർത്തു നീ തുന്നിയ പ്രണയതാരകംപോലും പൊഴിഞ്ഞില്ല പിറകെ, പിന്നെത്ര നട്ടുച്ച വന്നുപോയ് !
തളിരുചില്ലയിൽ പൂക്കാലമെന്നപോൽ അരികെ നീ വന്നുപുല്കുന്നു മാധവാ ഒരു കടമ്പിന്റെ പൂങ്കുലപോലെ, നിൻ കരനിലാവിൽ കുളിച്ചുതോരുന്നു ഞാൻ.
ഇതൾ പൊഴിക്കാത്ത പൂങ്കുലപോലുള്ളിൽ ഇനിയുമേറെ നിന്നാശ്ലേഷനിർവൃതി പ്രണയമാധവം പെയ്യുമീ മേഘമെന്നരികെ നിർത്തി നീയെങ്ങു മറഞ്ഞുപോയ് !
കരിമുകിൽ പൂത്തുപെയ്യുന്ന കണ്ണുകൾ ഇനിയെനിക്കൊന്നു കാണണം മാധവാ, പ്രണയമാം മഷിക്കൂട്ടായെനിക്കു നിൻമിഴികളിൽ പെയ്തുതോരണം മാധവാ !
അറിക മാധവാ നീയെനിക്കേകി,യന്നൊരു മിഴിക്കുമ്പിൾ പ്രേമാമൃതം നെഞ്ചിൽ പുറകെ നീയേ, അനന്തദുഃഖത്തിന്റെ വിരഹസാഗരം നല്കിക്കടന്നുപോയ് !
വരുക മാധവാ.. പഴയപ്രേമത്തിന്റെ വ്രണിതസ്മാരകം തേടി നീ പിന്നെയും. ഹൃദയരാധതൻ അരികിലേക്കെത്തുവാൻ വഴി തിരക്കണം, പലരോടുമപ്പോൾ നീ !
പ്രണയമൂറുന്ന ഹൃത്തുകൾ, നോവിന്റെ വിരഹമുണ്ണുന്ന തപ്തജന്മങ്ങളും പ്രണയരാധ തന്നരികിലേക്കെത്തുവാൻ വിരഹമാളുന്ന മുൾവഴി കാട്ടിടും.
വരുക പൂക്കൾ പതിച്ച രഥത്തിൽ നീ പതിയെ പാദം മുറിയാതെ മാധവാ
ഇവിടെ ജന്മാന്തരങ്ങൾക്കുമക്കരെ മഴയിൽ നിന്നെയും കാത്തിരിപ്പാണു ഞാൻ മിഴിയുറങ്ങാതെ എത്രയോ രാവിൽ നിൻ വരവു കാതോർത്തിരുന്നതാണീ സഖി !
വരുക നീയെന്റെ തോരാത്ത കണ്ണുകൾക്കരികെ വന്നൊന്നു നില്ക്കുക മാധവാ മിഴിയിലെ സപ്തസാഗരം നീയിനി മിഴിയടച്ചൊന്നു ചുംബിച്ചെടുക്കണം.
ഇരുകരങ്ങളും നീട്ടി, നീയെന്നെ നിൻ ഹൃദയമോടു ചേർത്തൊന്നു ബന്ധിക്കണം. പുണരണം വീണ്ടുമാഴത്തിലാഴത്തിൽ മൃതി പുണർന്നപോൽ അത്രക്കഗാധമായ് !
മിഴിയടച്ചോന്നുറങ്ങണം നിൻഹൃത്തിൻ അടരിൽ, ആഴത്തിൽ നീ മോക്ഷമേകണം.
പ്രിയമെഴുന്ന രാഗങ്ങൾ നിൻ പൂങ്കുഴൽ പതിയെ മൂളണം പ്രേമസംഗീതമായ്.
അരികെ രോമഹർഷംപൂണ്ടു പിന്നെയും പ്രണയനീലക്കടമ്പുകൾ പൂക്കണം !
RELATED ARTICLES

Most Popular

Recent Comments