രശ്മി സജയൻ. (Street Light fb group)
ശില്പിയുടെ കരവിരുതാൽ ശില്പം മെനഞ്ഞു
അംഗപ്രത്യംഗങ്ങളെല്ലാം മനസ്സിന്നളവുകോലാൽ കൃത്യം
കാഴ്ചയിൽ ജീവൻ തുടിക്കും ശില്പം
ശില്പിയുടെ മനസ്സിലപൂർണ്ണത
എവിടേയോ പാകപ്പിഴ പോലെ
ശില്പത്തിന്റെ നെറ്റിയിൽ തൊട്ടു
കവിളിൽ തൊട്ടു
പുരികങ്ങൾ, കണ്ണുകൾ,മൂക്ക് , ചെവിയെല്ലാം
പാകത്തിൽ പാകം
എന്താണൊരപൂർണ്ണത?
ശില്പത്തെ വിശകലനം ചെയ്തു, ശില്പി
എങ്ങുമൊന്നും കണ്ടെത്താനായില്ല
അപുർണ്ണത മനസ്സിന്റെ താളം തെറ്റിക്കുന്നു
ശില്പി ശില്പത്തെ വീണ്ടും വീണ്ടും നോക്കി
കണ്ടെത്തി, കണ്ണുകളിലാണ് പോരായ്മ
കണ്ണുകളിലെ ഭാവമെന്തെന്നു തിരിച്ചറിയാനാകുന്നില്ല
പ്രണയമോ, വാല്സല്യമോ , വിഷാദമോ
നൊമ്പരമോ
കണ്ണുകളിലൊളിച്ചിരിക്കുന്ന ഭാവമേതാണ്?
അഴകളവുകളുടെ കണക്കു കൂട്ടലിനിടയിൽ
ഭാവത്തിനെക്കുറിച്ച് ചിന്തിച്ചതേയില്ല
കണ്ണുകളിൽ തെളിഞ്ഞു നില്ക്കുന്ന ദൈന്യഭാവം
ശില്പത്തിന്റെയപൂർണ്ണത
ഇനിയൊന്നും ചെയ്യാനാവില്ല ഒന്നും
കണ്ണുകളിൽ ദീനതയൊളിപ്പിച്ച ശില്പവും ശില്പിയും
സ്മൃതിയുടെ ആഴങ്ങളിൽ ചേക്കേറിയെങ്ങോ പോയൊളിച്ചു