Friday, December 27, 2024
HomeSTORIESകണ്ണീരണിഞ്ഞ നിമിഷം (കഥ).

കണ്ണീരണിഞ്ഞ നിമിഷം (കഥ).

അജ്മല്‍.സി.കെ. (Street Light fb group).
പാലക്കാട് ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ആയതില്‍ പിന്നെ
ആദ്യമായ്ട്ട് കിട്ടുന്ന നൈറ്റ് ഡ്യൂട്ടിയാണ്. രോഗികള്‍ക്കായുള്ള മരുന്നും
ഇഞ്ചക്ഷനുമായൊക്കെ വാര്‍ഡില്‍ കറങ്ങി നടക്കുമ്പോള്‍ അനഘയുടെ മനസ്സ്
മുഴുവന്‍ വീട്ടിലായിരുന്നു. തന്റെ കുക്കു മോള്‍ ഇപ്പോള്‍
ഉറങ്ങിയിട്ടുണ്ടാവും. ആദ്യമൊന്നും അവള്‍ അടുത്തില്ലെങ്കില്‍ കുക്കു വാശി
പിടിച്ച് കരയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊക്കെ ശീലമായി. അവളേയും
കുടുംബത്തേയും നോക്കാന്‍ തനിക്ക് ഈ ജോലിക്ക് വന്നേ പറ്റു. ഓരോന്നോര്‍ത്ത്
നടക്കുന്നതിനിടയ്ക്കാണ് ഒരാര്‍ത്ത നാദം, ദൈവമേ.. ഇന്നും വല്ല
അത്യാഹിതവും… ഹോസ്പിറ്റലില്‍ ഇതൊക്കെ കണ്ട് മടുത്തിരിക്കുന്നു. മരണവും
അപകടങ്ങളും ചോരയും കണ്ട് മനസ്സ് മരവിച്ചിരിക്കുന്നു. 
13-ാം വാര്‍ഡില്‍
നിന്നാണ് അലര്‍ച്ച കേള്‍ക്കുന്നത്. ഓടി അവിടം എത്തിയപ്പോള്‍ രോഗികളെല്ലാം
4-ാം നമ്പര്‍ ബെഡ്ഡിന് ചുറ്റും പ്രേതത്തെ കണ്ട പോലെ അന്താളിച്ചു
നിക്കുന്നു. സംഭവം സീരിയസ്സാണ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ശ്രമം… കൈ
മുറിച്ച് പുതപ്പിനുള്ളില്‍ മറച്ചു പിടിച്ചതായിരുന്നു, പക്ഷെ രക്തം
ബെഡ്ഡിന് താഴേക്ക് ഒഴുകിയെത്തിയപ്പോള്‍ രോഗികള്‍ അതു കണ്ട് മുറവിളി
കൂട്ടി. എന്തായാലും അപ്പോഴേക്കും ഡോക്ടറും എത്തി മുറിവൊക്കെ
തുന്നിക്കെട്ടി ഒബ്‌സര്‍വേഷന്‍ റൂമില്‍ കിടത്തി. അപ്പോഴേക്കും ഒരു
ചെറുപ്പക്കാരന്‍ ഓടി വന്നു.. പുള്ളി ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്.
ഇവിടെ നടന്നതൊന്നും അറിയാതെ അപ്പുറത്തെ വെയ്റ്റിങ് ഹാളില്‍
ഇരിപ്പായിരുന്നു അയ്യാള്‍. ആരോ പറഞ്ഞറിഞ്ഞ് ഓടിയെത്തിയതാണ്.. ആകെ
കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്നു. ഒരു വിധം പുള്ളിയെ ആശ്വസിപ്പിച്ച്
ഒബ്‌സര്‍വേഷന്‍ മുറിയുടെ പുറത്തിരുത്തി.. ആ ബഹളമൊന്നടങ്ങിയപ്പോള്‍
വീണ്ടും മരുന്നുകളുമായി വാര്‍ഡ് ചുറ്റാന്‍ ഇറങ്ങി. റൗണ്ടിംങ് കഴിഞ്ഞ്
വീട്ടീന്ന് കൊണ്ടു വന്ന ചായ ഫ്‌ളാസ്‌ക്കില്‍ നിന്നെടുത്ത് ഇത്തിരി
കുടിച്ചപ്പോഴാണ്.. അവള്‍ മയക്കം വിട്ടുണര്‍ന്നിട്ടുണ്ടാവുംന്ന് ഓര്‍മ്മ
വന്നെത്. പ്രതീക്ഷിച്ച പോലെ തന്നെ ഒബ്‌സര്‍വേഷന്‍ മുറിയിലെത്തിയപ്പോള്‍
കണ്ണു മിഴിച്ച് ചുറ്റും നോക്കി കിടക്കുന്നു അവള്‍… എന്ത് അബദ്ധമാണ്
കുട്ടി ഈ ചെയ്തതെന്ന് ചോദിച്ച് തുടങ്ങിയപ്പോഴേക്ക് അവള്‍ അനഘയുടെ കൈകള്‍
ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞു.. മതിയായി ചേച്ചീ എനിക്കീ ജീവിതം.
മടുത്തു… ഒന്നും മനസ്സിലായില്ലെങ്കിലും അവളാ പെണ്‍കുട്ടിയെ ചേര്‍ത്തു
പിടിച്ചു. ഒരു നേര്‍സ് എന്ന നിലയിലല്ല.. പണ്ട് ഒരു മലവെള്ളപ്പാച്ചിലില്‍
നഷ്ടമായ അനിയത്തിക്കുട്ടിയെ ഓര്‍മ വന്നു അനഘക്ക് അവളെ ചേര്‍ത്ത്
പിടിച്ചപ്പോള്‍…. കേസ് ഡയറിയില്‍ അവള്‍ടെ പേരെന്തായിരുന്നെന്ന്
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അനഘ അപ്പോള്‍.
        കണ്ണീര്‍ പൊഴിച്ച് ഏങ്ങലടിച്ച് കൊണ്ട് അവള്‍ അവള്‍ടെ കഥ പറഞ്ഞു തുടങ്ങി.
അച്ഛനും അമ്മക്കും ആറ്റു നോറ്റുണ്ടായ കുഞ്ഞായിരുന്നു അവള്‍.. എല്ലാവരേയും
പോലെ വാര്‍ദ്ധക്യ കാലത്ത് തണലാകുവാന്‍ ഒരാണ്‍ കുഞ്ഞിനെ പ്രതീക്ഷിച്ചു.
പക്ഷെ എന്തു പറയാന്‍ അവള്‍ പെണ്ണായി പോയി… പോരാത്തതിന് അവള്‍ അവള്‍ടെ
കൈ ഉയര്‍ത്തി കാണിച്ചു ചേച്ചി ഇത് കണ്ടോ.. ഈ കൈ ഇവിടെ പേരിന് മാത്രമേ
ഉള്ളു.. ഒട്ടും സ്വാധീന ശേഷിയില്ല… ഇതും കൂടെ ആയപ്പോള്‍ അച്ഛന് അവളെ
കണ്ണെടുത്താല്‍ കണ്ടുകൂടായ്കയായി.. പക്ഷെ അമ്മക്ക് അവളോട് ഭയങ്കര
സ്‌നേഹമായിരുന്നു…. അവഗണനയുടെ കുട്ടിക്കാലം അവള്‍ കണ്ണീരോട് അനഘയോട്
പങ്കുവെച്ചു. തന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളൊക്കെ ഓടിച്ചാടി
നടക്കുമ്പോള്‍ ഹോസ്പിറ്റല്‍ ചുമരുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന തന്റെ
ബാല്യകാലത്തെക്കുറിച്ച്… ഒടുക്കം വളര്‍ന്ന് വലുതായപ്പോള്‍
സ്വാധീനമില്ലാത്ത തന്റെ കൈയ്യ്  കാരണം താന്‍ കൂട്ടുകാര്‍ക്കിടയില്‍
പരിഹാസ പാത്രമായത്.. ഒറ്റപ്പെട്ട് പോയത്. അങ്ങനെ ഏകാന്തതയെ പ്രണയിച്ച്
കാലം കയിക്കുന്നതിനിടയിലാണ്.. അവളെ തേടി ആ ഫോണ്‍ കോള്‍ വന്നത്.. നമ്പര്‍
മാറി വന്ന കോള്‍ റോങ് കോളെന്ന് പറഞ്ഞ് അവള്‍ കട്ട് ചെയ്തപ്പോള്‍ അത്
അവിടെ അവസാനിച്ചുവെന്ന് അവള്‍ കരുതി. പക്ഷെ അതവിടെ
അവസാനിച്ചില്ല.. കിഷോര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ശബ്ദം അവളെ
വീണ്ടും വീണ്ടും തേടി വന്നു.. ഏതെങ്കിലും പൂവലനാകും ഒരു പണി കൊടുക്കാം
അവള്‍ മനസ്സിലുറപ്പിച്ചു.. പ്രതീക്ഷിച്ച പോലെ അടുത്ത തവണ ഫോണ്‍
വന്നപ്പോള്‍ അവള്‍ അറ്റന്റ് ചെയ്ത് സംസാരിച്ചു കുറച്ചു നേരം.. പിന്നീട്
സംസാരം സ്ഥിരമായി… അവള്‍ അവളെക്കുറിച്ച് നുണകള്‍ 1000 എഴ്തു വിട്ടു…
പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി അവന്റെ മുമ്പില്‍ കോടീഷ്വര
പുത്രിയായി… വീട്ടില്‍ നിരത്തിയിട്ടിരിക്കുന്ന കാറുകളുടെ എണ്ണം ചോരുന്ന
കൂരയ്ക്കകത്ത് നിന്ന് അവളവനോട് വീമ്പ് പറഞ്ഞു.. അങ്ങനെ മാസങ്ങള്‍ കടന്നു
പോയി… ഒരു ദിവസം അവളുടെ ഫോണ്‍ കംപ്ലയിന്റായി… 2 ദിവസം കഴിഞ്ഞാണ്
അവള്‍ക്ക് ഫോണ്‍ റിപ്പയര്‍ ആയി കിട്ടിയത്… അത് വരെ അവള്‍ അനുഭവിച്ച
വീര്‍പ്പുമുട്ടല്‍ അവള്‍ അനഘയോട് പങ്കുവെച്ചു… ഫോണ്‍ കൈയ്യില്‍
കിട്ടിയപ്പോയാണത്രെ അവള്‍ക്ക് ശ്വാസം നേരെ വീണത്… അന്നാണ് അവള്‍
തിരിച്ചറിഞ്ഞത്.. അവള്‍ അവനുമായ് അത്രയ്ക്ക് അടുത്ത് പോയിട്ടുണ്ടെന്ന്..
അന്ന് അവന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ രണ്ടു പേരും ഈറനണിഞ്ഞിരുന്നു.. 2
ദിവസത്തെ കാത്തിരിപ്പ് രണ്ട് പേരെയും ഒരു പോലെ തളര്‍ത്തിയിരുന്നു…
അന്ന് രാത്രിയാണ് അയ്യാള്‍ അവളെ പ്രിപ്പോസ് ചെയ്തത്… അവള്‍ അത് കേട്ട്
തരിച്ചിരുന്നു… അവള്‍ടെ മുമ്പില്‍ അവളയ്യാള്‍ക്ക് മുമ്പില്‍
പടുത്തുയര്‍ത്തിയ കള്ളങ്ങളുടെ കൂമ്പാരം കാഴ്ച്ച മറച്ചു
നില്‍ക്കുന്നുണ്ടായിരുന്നു… വിറയോലോടെ നാളെ മറുപടി നല്‍കാമെന്ന് പറഞ്ഞ് അവള്‍
ഫോണ്‍ കട്ട് ചെയ്തു… അന്ന് രാത്രി മുഴുവന്‍ അവള്‍ നൊമ്പരത്തോടെ
ആലോചനയിലായിരുന്നു.. അവനോടെന്തു പറയും… തന്നെക്കുറിച്ചുള്ള സത്യങ്ങള്‍
അവനറിഞ്ഞാല്‍ അവന്‍ തന്നെ ഇട്ടിട്ട് പോകും ഉറപ്പാണ്.. എന്തായാലും
വരുന്നത് വരട്ടെ താന്‍ കാരണം ആരും ചതിയില്‍ പെടരുത്… അടുത്ത ദിവസം അതി
രാവിലെ തന്നെ അവള്‍ടെ മറുപടിക്കായ് അവന്‍ അവളെ വിളിച്ചു… മറുപടി ഒരു
പൊട്ടിക്കരച്ചിലായിരുന്നു.. കരഞ്ഞു കൊണ്ട് തന്നെ അവളവനോട് സത്യങ്ങള്‍
എണ്ണിയെണ്ണി പറഞ്ഞു…. മറുഭാഗത്ത് ഫോണ്‍ കട്ടാക്കിയത് അവളറിഞ്ഞു…
ഇനിയൊരിക്കലും ഈ ഫോണ്‍ അവന് വേണ്ടി റിങ്ങ് ചെയ്യില്ലെന്ന സത്യം
ഉള്‍ക്കൊള്ളാന്‍ വല്യ നൊമ്പരത്തോടെ അവള്‍ തയ്യാറായിരുന്നു. പക്ഷെ അന്ന്
രാത്രി വീണ്ടും അവള്‍ടെ ഫോണ്‍ അവന് വേണ്ടി റിങ്ങ് ചെയ്തു….
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു… പെണ്ണുകാണല്‍ വിവാഹം..
സന്തോഷകരമായ് മുന്നോട്ട് പോയ ചില ദിനങ്ങള്‍ അതിനിടയ്ക്കാണ് അവള്‍ വീണ്ടും
ഹോസ്പിറ്റലൈസ്ഡ് ആകുന്നത്.. പേരറിയാത്ത എന്തൊക്കെയോ രോഗങ്ങളുടെ പേരു
പറഞ്ഞ് ഡോക്ടേര്‍സ് അവള്‍ടെ സന്തോഷത്തിന് വിധി എഴുതി.. ഇനി ഒരമ്മയാകാന്‍
അവള്‍ക്കാകില്ല.. ഇനിയുള്ള മുഴുവന്‍ ദിവസങ്ങളില്‍ അധികവും
ഹോസ്പ്പിറ്റലില്‍ ചിലവഴിക്കേണ്ടി വരും… ഇത് അവള്‍ക്ക്
താങ്ങാവുന്നതിലപ്പുറമായിരുന്നു… എല്ലാവര്‍ക്കും ഭാരമായ് ഇനിയും…
കിഷോറിന് ഞാന്‍ ഇനിയും ഒരു ബുദ്ധിമുട്ടായ് അവശേഷിക്കുന്നതെന്തിന്…
ജന്മം കൊണ്ട് തന്നെ നികൃഷ്ടയായ താന്‍ മരിക്കുന്നതാണ് നല്ലതെന്ന് അവള്‍
തീറെയുതി… അതിന്റെ ഭാഗമായിരുന്നു.. ഈ ആത്മഹത്യ ശ്രമം…. അവള്‍ പറഞ്ഞ്
നിര്‍ത്തിയപ്പോള്‍ എന്തു പറയണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു
അനഘ.. ഈ പെങ്കൊച്ചിനെ എ്ന്തു പറഞ്ഞ് ആശ്വസിപ്പിക്കും… എന്തൊക്കെയോ
ആശ്വാസ വചനങ്ങള്‍ പറഞ്ഞൊപ്പിച്ച് ആ റൂം വിട്ടിറങ്ങുമ്പോള്‍ തലയില്‍
വല്ലാത്ത ഭാരം കയറിയ പോലെ… അന്ന് മുഴുവന്‍ അവളുടെ നിഷ്‌കളങ്ക
മുഖമായിരുന്നു മനസ്സില്‍. ഷിഫ്റ്റ് കയിഞ്ഞ് വീട്ടിലെത്തിയിട്ടും അവളുടെ
മനസ്സ് ആ പെങ്കൊച്ചിനെ ചുറ്റി പറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു… അവള്‍ടെ
ഡ്യൂട്ടി ടൈം ആകുന്നതിന് മുമ്പ് തന്നെ പതിവിന് വിപരീതമായി അവള്‍
ഹോസ്പിറ്റലിലേക്ക് കുതിച്ചു… അപ്പോഴേക്ക് അവളെ ഒബ്‌സര്‍വേഷന്‍
മുറിയില്‍ നിന്ന് വാര്‍ഡിലേക്ക് വീണ്ടും മാറ്റിയിരുന്നു..
അവിടെയെത്തിയപ്പോള്‍ അവളെ കണ്ണീരണിയിക്കുന്ന നാടകീയ ദൃശ്യത്തിനാണ് അവള്‍
സാക്ഷ്യം വഹിച്ചത്.. അയ്യാള്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അവള്‍ടെ
കാലുകളില്‍ കെട്ടി പിടിച്ച് അവളോട് യാചിക്കുന്നു… ഇനിയൊരിക്കലും
അയ്യാളെ വിട്ട് പോകാന്‍ ശ്രമിക്കല്ലേന്ന്… അവളും അയ്യാളും മാത്രമല്ല ആ
വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ പേരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..
കണ്ണു തുടച്ച് അനഘയും വാര്‍ഡില്‍ നിന്ന് നടന്നു നീങ്ങവെ മനസ്സില്‍
പറയുന്നുണ്ടായിരുന്നു.. അവരുടെ പ്രണയം വിജയിക്കും ഒരു രോഗത്തിനും
വിപത്തിനും അവരെ തമ്മില്‍ ഇനി അകറ്റി നിര്‍ത്താനാവില്ല
…….ശുഭം…….
(എന്റെ പ്രിയപ്പെട്ട കൂട്ടുകാരി എന്നോട് പങ്കുവെച്ച ജീവിതാനുഭവം… അവളും
ഭര്‍ത്താവും സസന്തോഷം അവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു…
എഴുത്തൊരല്‍പം വിരസമായി നീണ്ടു പോയെന്നറിയാം അനുഭവ കഥ ആയത് കൊണ്ട്
ഭാവനയ്ക്ക് അധികം ഇടം കൊടുത്തിട്ടില്ല..)
RELATED ARTICLES

Most Popular

Recent Comments