അശോകൻ. (Street Light fb group)
ചേറ്റുപാടത്തുനിന്ന്
നനഞ്ഞൊലിച്ചെത്തും
മഴത്തോറ്റമാണ് അമ്മ.
വെയിൽക്കുടചൂടി
ചോർന്നൊലിക്കും
ജീവിതപ്പുരയാണ് അച്ഛൻ.
മാമ്പഴപ്പൂളിൽ
പൂത്തിറങ്ങുന്നൊരാങ്ങളക്കാലം.
കുടയില്ലാതെ
കൂട്ടുനഷ്ടപ്പെട്ട ബാല്യം.
ഇരുട്ടിലിഴഞ്ഞെത്തുന്നു
മുങ്ങാംകുഴിയിട്ട
തിരുവാതിരക്കാലം……..
മഴയോർമ്മയിലൂടെത്തും
കണ്ണീരിനും
സങ്കടങ്ങൾക്കും
എന്നെ തോണിയായിത്തരുന്നു.
നിമഞ്ജനം ചെയ്യുക
ഏതെങ്കിലും
സ്നേഹതീർത്ഥത്തിൽ……..
ജീവിതം ചേറ്റിക്കൊഴിച്ചാൽ
പതമ്പായിക്കിട്ടും
ഒരുപറ കണ്ണീര്