Friday, December 27, 2024
HomePoemsമരണത്തിനോട്. (കവിത)

മരണത്തിനോട്. (കവിത)

മരണത്തിനോട്. (കവിത)

പ്രബോധ് ഗംഗോത്രി. (Street Light fb group)
കെെപ്പാട് അരികയോ, 
കാണാ വിദൂരതയിലോ,
കരിമ്പട മറയിട്ട്,
കടത്തുവഞ്ചിയുമായി കാത്തിരിക്കുന്നവൾ,
നീ.. മരണദേവത!
പാടവരമ്പത്തെ വഴുക്കലും
കിളിക്കൂട് പേറും മരച്ചില്ലയറ്റവും
മഴക്കാല മിന്നലും
നിൻ കെണികളാണല്ലേ മരണമേ?
നിൻ വഞ്ചിയാകെ സ്വപ്നചാരങ്ങളല്ലേ?
ചുഴി മൂടിയ ആഴിയും ഹിമം തങ്ങും മലയും
നാമ്പൊഴിഞ്ഞ താഴ്വാരവും നിൻ അരങ്ങാണല്ലേ?
നീ അഭികാമ്യമാണോ? നീ പരിഹാര്യയാണോ?
ദേവതേ, നീയറിയുമോ അവളെ?
എൻമുറപ്പെണ്ണിനെയറിയുമോ?
എനിക്കൊപ്പം ആദ്യാക്ഷരം കുറിച്ചവൾ
എവിടേയും കലപില കൂട്ടിയൊപ്പം നടന്നവൾ
വർണ്ണപട്ടമായവൾ മഴയത്ത് പാറവേ
അതിൻ കെട്ട് പൊട്ടിച്ചതെന്തിന് നീ,
നിറദീപം കെടുത്തിയതെന്തിന് നീ,
മരണമേ? മൃത്യുദേവതേ!
അറിയുന്നുവോ ഞാനേകനാണിവിടെ,
എന്നോർമ്മയിലാകെയവൾ മാത്രമേയുള്ളൂ
പകൽ ശവഗന്ധം പടർത്തിയെന്നുറക്കം,
ഉറങ്ങുന്നതുമവൾ നിഴൽരൂപത്തിനൊപ്പം
ഓരോ രാപ്പാടിയിലും തേടുന്നതവളെ മാത്രം.
മറയത്ത് മുരളുന്ന പറവകൂട്ടത്തിലൊന്നവളാണോ?
കൊക്കുരുമ്മാൻ മടിക്കുന്ന മൈനയവളല്ലേ?
എങ്ങോ മിടിക്കുന്ന നാഴികതാളത്തിലവളില്ലേ?
അവളെവിടെ? എൻ കളിക്കൂട്ടുകാരിയിന്നെവിടെ?
അവൾ.. നിശാശലഭമായ് പാറുകയാവാം!
ഒറ്റമരമായെങ്ങോ വളരുകയാവാം!
മഴത്തുള്ളി തേടി വേഴമ്പലായ് വലയുകയാവാം!
അവളെവിടെ? അറിയുമോയെന്നെ?
നിഴലായെങ്കിലുമെന്നെ ഓർക്കുകയാവും!
കരിനിഴലായെങ്കിലുമവളിൽ വിടരുന്നുവോ ഞാൻ?
ഇല്ല, ഓർമ്മകളും അവളിലന്നേ മാഞ്ഞകന്നല്ലോ
RELATED ARTICLES

Most Popular

Recent Comments