Friday, December 27, 2024
HomeSTORIESഒറ്റച്ചിലങ്ക. (കഥ)

ഒറ്റച്ചിലങ്ക. (കഥ)

ഒറ്റച്ചിലങ്ക. (കഥ)

ആര്യ നായർ. (Street Light fb group)
പകലിന്റെ പ്രതികാരത്തിൽ ചുട്ടു പൊള്ളിയ മണൽത്തരികളിൽ കടലിലെ ഉപ്പു കാറ്റു തഴുകിത്തണുപ്പിക്കുന്നു.. ആർത്തലയ്ക്കുന്ന അലകളിലെവിടെയോ
മുങ്ങിയ സൂര്യന്റെ പ്രഭാകിരണങ്ങൾ ആഴങ്ങളിലെവിടെയോ മരണ സുഖം തേടിപ്പോയി.. തീരത്തെ പുണരാൻ വെമ്പിയ തിരകൾ കണങ്കാലിലെ ഒറ്റ ചിലങ്കയിൽ താളമിട്ടു തിരികെ വന്നുംപോയും കളിക്കുന്നു… പറയാൻ മറന്നതെന്തോ എന്റെ സാമിപ്യം കാരണം പറയാതെ പരിഭവിച്ചു കടന്നു പോയ തിരകളെ ഒരു ചുടു നെടുവീർപ്പിനാൽ തിരികെ വിളിക്കുന്നു തീരം..
കടൽത്തീരത്തെ മണലിൽ കാൽ വിരലാൽ
” പരശുരാമൻ മഴുവെറിഞ്ഞു തോൽപിച്ച കടൽ ” എന്നെഴുതി മുഴുമിക്കും മുന്നേ കലി പൂണ്ടു കാലിൽ ആഞ്ഞടിച്ചു എഴുതിയ വാക്കുകളിൽ മണൽ തൂവുന്ന കടൽ….. ആഴങ്ങളിലേക്കിറങ്ങി കടലിന്റെ മടിത്തട്ടിൽ നിദ്രയിലാണ്ട പവിഴപ്പുറ്റുകളിൽ നിന്നും അമൂല്യങ്ങളായ രത്നങ്ങൾ കൺകുളിർക്കെ കണ്ട് , സായന്തനത്തിൽ നീരാടി മറഞ്ഞ സൂര്യന്റെ നിദ്രയിൽ ഭംഗം വരുത്തി… മത്സ്യ കന്യകമാരുടെ കൊട്ടാരത്തിൽ അവരിലൊരാളായി കാലുകളില്ലാതെ നൃത്തം ചവിട്ടണം… കടലിലെ ഓളങ്ങളിലൊഴുകി നടക്കണം… രാവിലെ ഉണർന്നു പൊങ്ങുന്ന സൂര്യന്റെ കാലടികളെ പിന്തുടർന്ന് കരയിലെത്തണം…..
സമയത്തിനു തിരക്കേറെയുള്ളതു പോലെ… കടൽക്കരയിലെ കാളിമ കലർന്ന മുഖവുമായി തന്നെ നോക്കുന്ന മണൽത്തരികളുടെ നോട്ടത്തെ അവഗണിച്ചു തിരിഞ്ഞു നടക്കുമ്പോൾ ആർത്തലയ്ക്കുന്ന കടൽ മൂകമായിരുന്നു..
തിരികെ വീട്ടിലെത്തി അകത്തളങ്ങളിലുറഞ്ഞു കിടക്കുന്ന മൗനത്തിന്റെ തണുപ്പിലുറഞ്ഞു ചേരാൻ തോന്നാത്തതിനാൽ മുറ്റത്തെ മാവിലെ
ഊഞ്ഞാലിൽ ചാരിയിരുന്നു കാലിലെ ഒറ്റ ചിലങ്കയിൽ താളം പിടിച്ച് ഇരുട്ടിന്റെ ദൈർഘ്യത്തിനു അളവു കോൽ പണിതിരുന്നു., ഇടയ്ക്കെപ്പൊഴോ മൂക്കിലടിച്ചു കയറിയ തെക്കേ പറമ്പിലെ
പാല പൂത്ത മണത്തിനൊപ്പം കഥകളിൽ മാത്രം കേട്ടറിഞ്ഞ ഗന്ധർവ്വ സാമിപ്യം പോലെ കഴുത്തിലിഴഞ്ഞ തണുത്ത സ്പർശനത്തിൽ ചെവിയിലേക്കു പതിഞ്ഞ ദീർഘ ചുംബനത്തിന്റെ ആലസ്യത്തിൽ മയങ്ങി താഴെ മണ്ണിനെ ഇറുകെ പുണർന്നപ്പോൾ അർദ്ധ നീലിത നേത്രങ്ങളിൽ ഊഞ്ഞാൽ കയറിൽ പുളയുന്ന ഗന്ധർവ്വനെയും അവന്റെ സീൽക്കാരത്തെയും ഞാനറിയുകയായിരുന്നു……

 

RELATED ARTICLES

Most Popular

Recent Comments