ശിവരാജന്‍ കോവിലഴികം. (Street Light fb group)
മഴനൂലുകൊണ്ടങ്ങൊരൂഞ്ഞാലുതീര്‍ക്കുന്ന
കാറ്റിന്റെ മര്‍മ്മരം കേട്ട ഗ്രാമം.
കഥപാടിയെത്തുന്ന പറവയ്ക്കു നല്കിടാന്‍
കനിവോടെ കനി നീട്ടിനിന്ന ഗ്രാമം.
മഞ്ജീരമിട്ടൊരു പാല്ക്കാരിപോലവേ
പൊട്ടിച്ചിരിക്കുമാ പുഴയുള്ള ഗ്രാമം
നാണിച്ചുനില്ക്കുന്ന കതിരുകള്‍ ചുംബിച്ച്
പകലിന്‍മയൂഖം ചിരിച്ച ഗ്രാമം .
അതിരുകളില്ലാതെ പായുന്ന കുഞ്ഞിനോട-
രുതെന്നു ചൊല്ലാത്തോരയലുള്ള ഗ്രാമം .
അരവയറെങ്കിലുമന്നം ഭുജിക്കുന്നൊ –
രത്താഴപ്പഷ്ണികളില്ലാത്ത ഗ്രാമം.
വിയര്‍പ്പിന്റെ തുള്ളികള്‍ മോന്തിക്കുടിച്ചിട്ട്
കനകം നിറയ്ക്കുന്ന മണ്ണുള്ള ഗ്രാമം.
മതമുണ്ട് മദമില്ല, കനവുണ്ട് കനലില്ല
കപടങ്ങളറിയാത്ത നല്ല ഗ്രാമം.
ദുരകൊണ്ടു മണ്ണും വിണ്ണും കറുത്തുപോയ്
കല്ലറയ്ക്കുള്ളിലാണിന്നെന്റെ ഗ്രാമം
മതിലുകള്‍ തീര്‍ത്തതിലന്ന്യരായ് വാണിന്നു
കൂട്ടിപ്പെറുക്കുന്നു ഗ്രാമസ്മൃതികള്‍.