സ്മിത ശൈലേഷ് (Street Light fb group).
അതിവിദൂരസ്ഥമെങ്കിലും അത്രമേൽ
അരികെ നീ, എന്നെ ഓർക്കുന്ന വേളയിൽ
അതി നിഗൂഢമാം മന്ത്രമാണെങ്കിലും
കനവിനത്ര മേൽ പരിചിതം നിൻ മൊഴി
അതിനിരാലംബനിശകൾ, വിഷാദത്തിൻ
മുകിലു ചായുന്ന പീത സായാഹ്നങ്ങൾ
കതിരവൻ പെരും കൈകളാൽ
മഞ്ചാടി മണികൾ വാരി
വിതക്കും വിഭാതങ്ങൾ
“എവിടെ നിന്നെ ഞാനോർക്കാത്ത “
നാഴിക ശകലം, അത്ര മേൽ
നിന്നിൽ ആസക്തഞാൻ
ശിശിരമിങ്ങനെ നിലയറ്റ ജീവിത
കഥ കുറിക്കുന്ന പാതയോരങ്ങളിൽ
അകലെ നിൻ തേരേഴുന്നെള്ളി
എത്തുമ്പോൾ പുളകമാർന്നിതാ
പൂക്കുന്നു ചില്ലകൾ
വിരലു കോർക്കാം തുഴയാം
നമുക്കിനി അഴിമുഖത്തോടടുക്കുകയാണ് നാം
കടലു താണ്ടാൻ കിനാവോളമാഴത്തിൽ
പ്രണയമാം തുഴ മാത്രമാവുമ്പോഴും
ഒഴുകുമീ വഴി തീരാതിരുന്നെങ്കിൽ
ഇരു വഴിക്കു നാം മായാതിരുന്നെങ്കിൽ
മൃതി, വിരൽ നീട്ടിയെന്നെ തൊടുമ്പോഴും
പതിയെ നീയെന്റെ പേരുച്ഛരിക്കുകിൽ
ഉയിര് മൂടുന്ന മൃണ്മയബന്ധനം
വെടിയുമാ ക്ഷണം
നിന്നിലേക്കെത്തും ഞാൻ..