ആര്യ നായർ (Street Light fb group).
ഓർമ്മകളുടെ ചീളുകൾ ഇളകിയ ഒതുക്കുകല്ലുകൾ കയറി പടിപ്പുര വാതിലിനു മുന്നിലെത്തിയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
അകത്തേക്കു കയറണോ എന്ന രാജീവിന്‍റെ ചോദ്യത്തിനു മറുപടി പറയാൻ തോന്നിയില്ല്ല.. പഴകി ദ്‌രവിച്ച വാതിൽ തള്ളിത്തുറന്നപ്പോൾ തങ്ങളുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നു വന്നതിന്‍റെ പ്രതിഷേധവുമായി വവ്വാലുകൾ തലങ്ങും വിലങ്ങും പറന്നു. കരച്ചിൽ നിർത്തിയ പടിപ്പുര വാതിൽ കടന്ന് മുറ്റത്തെത്തിയപ്പോൾ
തുളസിത്തറയിൽ പഴയ പ്രതാപത്തിന്‍റെ
അസ്്ഥികൾ മാത്രം…
കാടു മൂടിയ തെക്കേ തൊടിയിൽ അവശേഷിച്ച മൂന്നുത്തൈത്തെങ്ങുകളിൽ
സ്നേഹം വറ്റിയ മണ്ണിൽ പുതച്ചുറങ്ങുന്ന അച്ഛനുമമ്മയും ഏട്ടനും… ”അനുപമാ… ” രാജീവ് പതിയെ
അവളുടെ തോളിൽ പിടിച്ചു.. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കൈലേസിൽ ഒപ്പി അവൾ രാജീവിനു പിറകേ നടന്നു..
ഉമ്മറത്തെ തൂക്കുതട്ടിൽ ഒരു തുന്നാരം കുരുവി കൂടു കൂട്ടിയിരിക്കുന്നു.
ചെറുപ്പത്തിൽ സന്ധ്യയ്ക്ക് മേലു കഴുകി
ഭസ്മത്തട്ടിൽ നിന്ന് ഏട്ടനും തനിക്കും അച്ഛനൊരു നുള്ളു ഭസ്മമെടുത്ത് നെറ്റിയിൽ കുറി വരയ്ക്കും. എന്നിട്ടാണ് നാമജപം.. അതു കഴിഞ്ഞു തളത്തിലമ്മ വിരിച്ചിട്ട പായയിൽ ഇരുന്നു ഗുണനപ്പട്ടികയും പുരാണങ്ങളും ഏട്ടൻ പറഞ്ഞു തരും… പത്തു വയസ്സിളപ്പമുള്ള തന്നോടു ഒരച്ഛന്‍റെ വാത്സല്യായിരുന്നു ഏട്ടന്. പള്ളിക്കൂടത്തിൽ പോണ വഴിയിൽ
ചതുരനെല്ലിക്കയുള്ള ഒരു ഇല്ലമുണ്ട്… ഏട്ടൻ അവിടുന്ന് ആ നെല്ലിക്കകൾ പെറുക്കി ഉപ്പൂത്തിയിലയിൽ പൊതിഞ്ഞു കൊണ്ടു വന്നു തരും. ‘എന്തു രുചിയാന്നോ !” വായിൽ വെള്ളമൂറുന്നു..
അയൽപ്പക്കത്ത് രാജീവ് എന്ന യുവാവ് , ” അതെ തന്‍റെ രാജീവ് ” താമസമാക്കിയതോടു കൂടി ജീവിതം മാറി മറയുകയായിരുന്നു.. പുസ്തകങ്ങളെ സ്നേഹിച്ച രാജീവിനോടു
ആരാധനയായിരുന്നു ആദ്യം..ഏട്ടനൊപ്പം വീട്ടിൽ നിത്യ സന്ദർശകനായ രാജീവിനോടു വല്ലാത്ത ഒരു ഇഷ്ടമായി പിന്നെ… അതു നീണ്ടു പ്രണയത്തിലവസാനിച്ചു.. വീട്ടിലവതരിപ്പിക്കാൻ പേടിയായിരുന്നു തനിക്ക്.. രാജീവിനു അങ്ങനൊരു കടമ്പയില്ലായിരുന്നു. അനാഥനായിരുന്നു താനാ ഹൃദയത്തിലേക്കു കടക്കുന്ന വരെ.
ആരുമറിയാതെ ദൂരെ നിന്നുള്ള കടാക്ഷങ്ങളിലൊതുങ്ങി തങ്ങളുടെ പ്രണയം..
പെട്ടെന്നൊരുനാൾ വിധി അച്ഛനെ തട്ടിയെടുത്തപ്പോൾ ഏട്ടൻ ജീവിതത്തിന്‍റെ പാതി വഴിയിൽ ഉഴറിയ മനസ്സു മായി
എവിടേക്കോ നാടു വിട്ടു.. അല്ല ഒളിച്ചോടി…
താലിചിതയിലെരിഞ്ഞതോണ്ടാവണം അമ്മയും വൈകാതെ അച്ഛനു പിറകേ പോയി. വിധിയുടെ അവസാന വേട്ടയെന്നോണം എവിടെയോ മറഞ്ഞ ഏട്ടനും തിരിച്ചെത്തി… കോടി പുതച്ചാ ണെന്നു മാത്രം..ഒടുവിൽ ഈ വലിയ വീട്ടിൽ താനും തന്‍റെ ഓർമ്മകളും ബാക്കിയായി..
തെക്കേ തൊടിയിൽ മൂന്നു തൈ വെച്ചു ഏകയായി പോവാനിറങ്ങിയപ്പോൾ
രാജീവിന്‍റെ കൈത്തലം കൈകളിൽ കോർത്തു… അന്നു തൊട്ട് ആ കൈകൾ തനിക്കു തണലായുണ്ട്..
. ”അനൂ.. പോവാം ” രാജീവിന്‍റെ
കൈ പിടിച്ചു ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ പടിപ്പുരയിലെ മച്ചിൽ നിന്നു അതു വരെ മിണ്ടാതിരുന്ന പല്ലി ചോദിച്ചു ”നീ വീണ്ടും പോവുകയാണോന്ന്……