Sunday, November 24, 2024
HomeTravelogueഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35. (ലേഖനം)

ഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35. (ലേഖനം)

ഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35. (ലേഖനം)

സുനിൽ എം എസ്.
ഷട്ടിൽ ബാഡ്‌മിന്റനും ടെന്നീസും തമ്മിൽ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതൽ വശ്യം ടെന്നീസാണ്. ഷട്ടിൽ ടൂർണമെന്റിന് ഒരു ഇൻഡോർ സ്റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു ന്യൂനത. ഇതിൽ നിന്നു വിഭിന്നമായി, തുറന്ന കോർട്ടുകളിലാണു ടെന്നീസ് മത്സരങ്ങളിൽ കൂടുതലും നടക്കാറ്. ഷട്ടിൽ കോർട്ടിനു നാല്പത്തിനാലടി നീളവും ഇരുപതടി വീതിയും മാത്രമേയുള്ളൂ. ടെന്നീസ് കോർട്ടിന് ഏകദേശം ഇരട്ടി നീളവും (78 അടി) വീതിയും (36 അടി) ഉണ്ട്. കോർട്ടിനു വലിപ്പം കൂടുമ്പോൾ കൂടുതൽ കാണികൾക്കു കളി കൂടുതൽ വ്യക്തമായി കാണാനാകും. യൂ എസ് ഓപ്പൻ നടക്കുന്ന ന്യൂയോർക്കിലെ ആർതർ ആഷ് ടെന്നീസ് സ്റ്റേഡിയത്തിൽ ഇരുപത്തിമൂവായിരത്തിലേറെ കാണികൾക്കു കളി കാണാനാകും. ഒരു നെറ്റിനിരുവശവും നിന്നുകൊണ്ട്, രണ്ടേരണ്ടു കളിക്കാർ മാത്രമായി നേർക്കുനേർ പോരാടുന്ന മറ്റൊരു കളിയും ഇത്രയും പേർക്ക് ഒരേ സമയം കാണാനാവില്ലെന്നതു ടെന്നീസിന്റെ മാത്രം പ്രത്യേകതയാണ്.
കൊൽക്കത്തയിലെ സാൾട്ട് ലേയ്ക്ക് സ്റ്റേഡിയത്തിൽ 68000 പേർക്ക് ഇരിക്കാനാകും; കൊൽക്കത്തയിലെ തന്നെ ഈഡൻ ഗാർഡൻസിൽ 66000 പേർക്കും. നമ്മുടെ സ്വന്തം കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽപ്പോലും 62000 പേർക്കിരിയ്ക്കാം. പക്ഷേ, ഇതെല്ലാം ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്കുള്ള സ്റ്റേഡിയങ്ങളാണ്. ഓരോ ടീമിലും പതിനൊന്നുപേർ വീതം. ഫുട്ബോളിൽ ഒരേസമയം ഇരുപത്തിരണ്ടുപേർ കളിക്കുന്നു. ക്രിക്കറ്റിൽ പതിമ്മൂന്നു പേരും. എന്നാൽ ടെന്നീസിൽ രണ്ടുപേരാണു കളിക്കുക; അങ്ങേയറ്റം നാലുപേർ.
കളി ഏതായാലും, അതു കണ്ടുകൊണ്ടിരിക്കുന്ന കാണികൾ മിക്കപ്പോഴും രണ്ടു പക്ഷങ്ങളായി തിരിയുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ വെച്ചു നടക്കുന്ന ക്രിക്കറ്റുകളിയാണെന്നു കരുതുക. നാം മുഴുവനും ഇന്ത്യയ്ക്കു വേണ്ടി ആരവമുയർത്തുമ്പോൾ ബ്രിട്ടീഷ് കാണികൾ – അവർ എണ്ണത്തിൽ കുറവായിരിക്കും – ഇംഗ്ലണ്ടിനെ പിന്താങ്ങും. കാണികൾ സ്വന്തം ടീമുകളെ പിന്താങ്ങുന്നതു സ്വാഭാവികം. എന്നാൽ, ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള കളിയാണ് ഇന്ത്യയിൽ വെച്ചു നടക്കുന്നതെങ്കിൽ നാമേതു ടീമിനെയാണു പിന്താങ്ങുക?
നാളെ, ജനുവരി 29, ഞായറാഴ്‌ച, ആസ്‌ട്രേലിയയിലെ മെൽബണിലുള്ള റോഡ് ലേവർ അറീനയിൽ വച്ചു നടക്കാൻ പോകുന്ന ടെന്നീസ് ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരങ്ങളായിരുന്ന റോജർ ഫെഡററും റഫേൽ നഡാലും തമ്മിൽ മുപ്പത്തഞ്ചാമതു തവണ ഏറ്റുമുട്ടുമ്പോൾ, ആസ്‌ട്രേലിയൻ കാണികൾ അവരിലാരെയാണു പിന്തുണയ്ക്കുക?
ഫെഡററും നഡാലും ആസ്‌ട്രേലിയക്കാരല്ല. ഫെഡറർ സ്വിറ്റ്സർലന്റുകാരനും, നഡാൽ സ്പെയിൻകാരനുമാണ്. ഇവരിരുവരും വിദേശികളായതുകൊണ്ട്, ഇവർ തമ്മിലുള്ള കളി കാണാൻ ആസ്‌ട്രേലിയക്കാർക്കു വലുതായ ആകാംക്ഷയൊന്നുമുണ്ടാവില്ല എന്നാണു നാം കരുതിപ്പോകുക. പക്ഷേ, വിഭിന്നമാണു വസ്തുത: നാളെ, 15000 പേർക്കിരിക്കാവുന്ന റോഡ് ലേവർ സ്റ്റേഡിയം സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞിരിക്കും, യാതൊരു സംശയവും വേണ്ട. ലോകമെമ്പാടുമായി, ദശലക്ഷക്കണക്കിനു ടെന്നീസ് പ്രേമികൾ ടീവിയിൽ കളിയുടെ തത്സമയപ്രക്ഷേപണം ആകാംക്ഷയോടെ കാണും.
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്‌ട്രേല്യൻ കാണികളിൽ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവർ നഡാലിനേയും പിന്തുണയ്ക്കും. കൂടുതൽപ്പേർ ഫെഡററെയാണു പിന്തുണയ്ക്കുകയെന്ന് എങ്ങനെ പറയാൻ പറ്റും? ചോദ്യമുയരാം.
ഫെഡററും നഡാലും ടെന്നീസ് തന്നെയാണു കളിക്കുന്നതെങ്കിലും, അവരുടെ രീതികൾ വിഭിന്നമാണ്. ഫെഡറർ വലതുകരമുപയോഗിക്കുന്നു; നഡാൽ ഇടതുകരവും. ലോകത്തിൽ ഇടതുകൈയ്യർ കുറവാണ്: പത്തു ശതമാനം മാത്രം. തൊണ്ണൂറു ശതമാനവും വലതുകൈയ്യർ. ഇടതുകൈ ഉപയോഗിച്ചുകൊണ്ടുള്ള കളി ആസ്വദിക്കാൻ വലതുകൈയ്യർക്ക് അല്പം ബുദ്ധിമുട്ടുണ്ട്. ലോകത്തിൽ ഭൂരിപക്ഷവും വലതുകൈയ്യരായതിനാൽ, വലതുകരമുപയോഗിച്ചു കളിക്കുന്ന ഫെഡററുടെ കളി ആസ്വദിക്കാൻ കൂടുതൽപ്പേരുണ്ടാകുന്നതു സ്വാഭാവികം മാത്രം.
പക്ഷേ, റോജർ ഫെഡറർ ഒരു അസാമാന്യപ്രതിഭ കൂടിയാണ്. അതിവിശിഷ്ടമായ കളി മിക്കപ്പോഴും പുറത്തെടുക്കുന്ന അപൂർവപ്രാഭവാൻ. കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തും ഫെഡറർ ഒരു വിശിഷ്ടവ്യക്തിയാണ്. ഫെഡറർക്കു മാതൃഭാഷയ്ക്കു പുറമെ ആറ് ഇതരഭാഷകൾ കൂടിയറിയാം: ഫ്രെഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, സ്വീഡിഷ്, പിന്നെ അസ്സൽ ഇംഗ്ലീഷും. പറയുന്നതെപ്പോഴും ഫെഡറർ നർമ്മം കലർത്തിയാണു പറയുക. തികച്ചും പ്രസാദാത്മകവുമായിരിയ്ക്കും, ഫെഡററുടെ വാക്കുകൾ. ചുരുക്കത്തിൽ, കളിയിലൂടെ മാത്രമല്ല, വാക്കിലൂടെയും ഫെഡറർ കാണികളെ കൈയിലെടുക്കും.
ടെന്നീസിലെ നടപടിക്രമങ്ങൾ കൂടുതലും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് മനസ്സിലാക്കുന്നയിടങ്ങളിലാണു ടെന്നീസ് ടൂർണമെന്റുകളിൽ കൂടുതലും. ഉദാഹരണത്തിന്, ആകെയുള്ള നാലു ഗ്രാന്റ് സ്ലാം ടൂർണമെന്റുകളിൽ മൂന്നും – ആസ്‌ട്രേല്യൻ ഓപ്പൻ, വിംബിൾഡൻ, യു എസ് ഓപ്പൻ – ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണ്. പാരീസിൽ നടക്കുന്ന ഫ്രെഞ്ച് ഓപ്പൻ മാത്രമാണ് ഒരിംഗ്ലീഷിതര ടൂർണമെന്റ്. നഡാലിന് ഇംഗ്ലീഷ് പരിജ്ഞാനം താരതമ്യേന കുറവാണ്. അതുകൊണ്ട് നഡാലിന് ഇംഗ്ലീഷ് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാണികളെ വാക്കുകളിലൂടെ ആകർഷിക്കാനുള്ള കഴിവ് ഫെഡറോളമില്ല. പക്ഷേ, വാക്കുകളിലുള്ള വൈദഗ്ദ്ധ്യക്കുറവ് കളിയിലൂടെ നഡാൽ പരിഹരിക്കുന്നു. നഡാലിനെപ്പോലെ ‘മരിച്ചു’ കളിക്കുന്നവർ അന്താരാഷ്‌ട്ര ടെന്നീസിൽ വേറെയില്ല. എതിരാളി അടിച്ചുവിടുന്ന പന്ത് എത്ര അസാദ്ധ്യമായിരുന്നാലും, നഡാൽ അതിന്റെ പിന്നാലെയോടുന്നു, ഏതു വിധേനയും അതിനെ അതേ നാണയത്തിൽത്തന്നെ തിരികെക്കൊടുക്കാൻ കഠിനശ്രമം നടത്തുന്നു. ടെന്നീസ് കോർട്ടിൽ നഡാലിനോളം പോരാട്ടവീര്യം മറ്റൊരു കളിക്കാരനും പ്രദർശിപ്പിക്കാറില്ല. മറ്റെന്തുവേണം, കാണികൾക്ക്!
സെർവ് ആന്റ് വോളിയാണു ഫെഡററുടെ പതിവു രീതി. സെർവു ചെയ്തയുടൻ ഓടിച്ചെന്നു നെറ്റിനടുത്തു നിലയുറപ്പിക്കുകയും, എതിരാളിയുടെ പന്തുകളെ നെറ്റിനടുത്തു നിന്നുകൊണ്ട് അനായാസം തടുത്തിടുകയുമാണ് ആ രീതി. നെറ്റിനടുത്തു നിന്നുകൊണ്ടു പന്തിനെ തടുത്തിടുന്നതിനു വോളി എന്നു പറയുന്നു. ഇത്തരത്തിൽ മുന്നോട്ട് ഓടിച്ചെല്ലുന്ന പതിവു നഡാലിനു വിരളമാണ്. കോർട്ടിന്റെ പുറകറ്റത്തുള്ള, ബേസ്‌ലൈൻ എന്നറിയപ്പെടുന്ന ഭാഗത്തു നിന്നുകൊണ്ടാണു നഡാൽ കൂടുതൽ സമയവും കളിക്കാറ്. നഡാൽ ബേസ്‌ലൈൻ കളിക്കാരനും, ഫെഡറർ സെർവ് ആന്റ് വോളി കളിക്കാരനുമാണ്.
ടെന്നീസിലും ഷട്ടിലിലും സെർവുകളുണ്ടെങ്കിലും, ടെന്നീസിൽ ഒരു വ്യത്യാസമുണ്ട്: ഒരു സെർവു പിഴച്ചുപോയാൽ, വിഷമിക്കാനില്ല, അതു രണ്ടാമതും ചെയ്യാം. ഇങ്ങനെ, ടെന്നീസിൽ ഒന്നാം സെർവും രണ്ടാം സെർവുമുണ്ട്. ഒന്നാം സെർവു പിഴച്ചുപോയാൽ രണ്ടാമതും ചെയ്യാമല്ലോ എന്ന ധൈര്യത്തിൽ, മിക്ക കളിക്കാരും ഒന്നാം സെർവുകൾ അതിശക്തമായാണു ചെയ്യുക. പലപ്പോഴും അവ പിഴച്ചുപോകും. ചിലപ്പോഴൊക്കെ, അവയ്ക്കു കണിശത ലഭിക്കുകയും ചെയ്യും. ശക്തിയും കണിശതയും ചേർന്നു വരുന്ന സെർവുകളെ നേരിടാൻ എതിരാളികൾക്കു ചിലപ്പോളാകാതെ വരും. ഇങ്ങനെ, എതിരാളിക്കു സ്പർശിക്കാൻ പോലുമാകാത്ത സെർവുകൾ ഏയ്സുകൾ എന്നറിയപ്പെടുന്നു. ഏറ്റവുമധികം ഏയ്സുകളുതിർത്തിട്ടുള്ള മൂന്നാമത്തെ കളിക്കാരനാണു ഫെഡറർ: ആകെ 9734 ഏയ്സുകൾ! നഡാലും ഏയ്സുകൾ സെർവു ചെയ്യാറുണ്ട്; പക്ഷേ, കുറവാണ്: ആകെ 2777. ഫെഡററുടേതിന്റെ ഏകദേശം മൂന്നിലൊന്നു മാത്രം.
ഇവിടെ ഒരു ചോദ്യമുയരാം: ഫെഡററേക്കാൾ വളരെക്കുറവ് ഏയ്സുകൾ മാത്രം സെർവു ചെയ്ത നഡാലിനു 141 ആഴ്‌ച ലോക ഒന്നാം നമ്പറായി വാഴാൻ എങ്ങനെ സാധിച്ചു?
എതിരാളിക്കു സ്പർശിക്കാനാകാത്ത സെർവുകളാണ് ഏയ്സുകളെന്നു മുകളിൽ സൂചിപ്പിച്ചു. ഏയ്സുകൾ സെർവു ചെയ്യുന്നത് എളുപ്പമല്ല. എതിരാളിക്കു സ്പർശിക്കാനാകുന്ന സെർവുകളാണു മിക്ക കളിക്കാരും കൂടുതലായി ചെയ്യുന്നത്. നഡാലുമതേ. നഡാലിന്റെ ഒന്നാം സെർവുകൾ എതിരാളിക്കു സ്പർശിക്കാനും, മിക്കപ്പോഴും മടക്കിക്കൊടുക്കാനുമാകും. എങ്കിലും, നഡാലിന്റെ ഒന്നാം സെർവുകൾക്കു പൊതുവിൽ കൂടുതൽ കണിശതയുണ്ട്. ഒന്നാം സെർവുകളുടെ കണിശതയുടെ കാര്യത്തിൽ നഡാൽ അഞ്ചാംസ്ഥാനത്താണുള്ളത്: കണിശത 69 ശതമാനം. ഇക്കാര്യത്തിൽ ഫെഡറർ വളരെ പുറകിലാണ്: കണിശത 62 ശതമാനം മാത്രം; സ്ഥാനം 55. ഫെഡററുടെ കൂടുതൽ സെർവുകൾ പിഴച്ചുപോകുന്നു എന്നു സാരം. നഡാലിന്റെ 69ഉം ഫെഡററുടെ 62ഉം തമ്മിലുള്ള ഏഴുശതമാനത്തിന്റെ ഈ അന്തരം സാരമുള്ളതാണ്. കണിശതയുള്ള ഒന്നാം സെർവുകൾ മടക്കിക്കൊടുക്കാൻ എതിരാളിക്കായാൽത്തന്നെയും, ആ മടക്കലുകൾ പലപ്പോഴും ദുർബലമായിരിക്കും. ആ ദൗർബല്യം മുതലെടുത്ത്, പോയിന്റു നേടാൻ നഡാലിന് അസാമാന്യമായ കഴിവുണ്ട്.
സെർവു ചെയ്ത് എതിരാളിയെ കുഴക്കുന്നതോടൊപ്പം, എതിരാളിയുടെ സെർവു മടക്കിക്കൊടുക്കാനും ഒരു നല്ല കളിക്കാരനു സാധിക്കണം. എങ്കിൽ മാത്രമേ, മുൻ നിരയിലെത്താനാകൂ. ഇവിടെയും നഡാൽ തന്നെ മുന്നിൽ: നേരിട്ട ഒന്നാം സെർവുകളിൽ 34 ശതമാനത്തെ അതിജീവിച്ചു നഡാൽ പോയിന്റു നേടി. ഇക്കാര്യത്തിലും ഫെഡറർ പിന്നിലാണ്: 33 ശതമാനം മാത്രം. നഡാൽ മൂന്നാം സ്ഥാനത്ത്, ഫെഡറർ പതിനൊന്നാമതും. ഫെഡറർ നഡാലിന്റെ തൊട്ടു പിറകിൽത്തന്നെയുണ്ടെങ്കിലും, അവർ തമ്മിലുള്ള ഒരു ശതമാനത്തിന്റെ വ്യത്യാസം അതിപ്രധാനമാണ്.
കണിശതയുള്ള സെർവുകൾ ചെയ്യാനും, എതിരാളിയുടെ സെർവുകൾ മടക്കിക്കൊടുക്കാനുമുള്ള കഴിവു നഡാലിനു ഫെഡററേക്കാൾ കൂടുതലുണ്ടെന്ന് ഇതിൽ നിന്നെല്ലാം തെളിയുന്നു. വാസ്തവത്തിൽ ഈ കഴിവാണു നഡാലിനു ഫെഡററുമായുള്ള ഏറ്റുമുട്ടലുകളിൽ മേൽക്കൈ നേടാൻ സഹായകമായിട്ടുള്ളത്. നഡാലും ഫെഡററും തമ്മിൽ ആകെ 34 തവണ പോരാടിയിട്ടുണ്ട്. ഫെഡറർ 11 തവണ മാത്രം ജയം നേടിയപ്പോൾ നഡാൽ 23 തവണ വിജയിച്ചു. ഫെഡറർ ഏറ്റവുമധികം തവണ പരാജയത്തിന്റെ കയ്പു രുചിച്ചിരിക്കുന്നതു നഡാലിന്റെ കരം കൊണ്ടാണ്. നഡാലിനെ ഫെഡററുടെ ‘അന്തകൻ’ ആയി പലരും വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്.
ഇതൊക്കെ ശരിയാണെങ്കിലും, ഏറ്റവുമധികം ആഴ്‌ചകൾ ലോക ഒന്നാം നമ്പർ താരമായിരുന്നതു ഫെഡററാണ്: പലപ്പോഴായി ആകെ 302 ആഴ്‌ച. അവയിൽ 237 ആഴ്‌ച തുടർച്ചയായുള്ളതായിരുന്നു. ഇവ രണ്ടും ലോകറെക്കോഡുകളാണ്: മറ്റൊരു കളിക്കാരനും ഇത്രയധികം ആഴ്ച തുടർച്ചയായോ അല്ലാതെയോ ഒന്നാം സ്ഥാനത്തു കഴിയാനായിട്ടില്ല. നഡാൽ പലപ്പോഴായി ആകെ 141 ആഴ്‌ച മാത്രം ഒന്നാം സ്ഥാനത്തായിരുന്നു; തുടർച്ചയായി 56 ആഴ്‌ച മാത്രവും.
ടെന്നീസിൽ വിവിധ തരം പന്തടികൾ – സ്ട്രോക്കുകൾ – ഉണ്ട്. ഫോർഹാന്റ്, ബാക്ക്‌ഹാന്റ് എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. നാം വലതുകൈ കൂടുതലുപയോഗിക്കുന്നവരാണെന്നും, നാം വലതുകൈത്തലം കൊണ്ട് ഒരാളുടെ ഇടതുകരണത്ത് ഒന്നു ‘പൊട്ടിക്കുന്നു‘ എന്നും കരുതുക. ഫോർഹാന്റ് സ്ട്രോക്കിനുള്ള ഉദാഹരണമാണത്; അതു വളരെ ശക്തവുമായിരിക്കും. നാം വലതുകൈപ്പുറം കൊണ്ട് ഒരാളുടെ വലതുകരണത്ത് അടിക്കുന്നെന്നു കരുതുക. ഇതാണു ബാക്ക്‌ഹാന്റ് സ്ട്രോക്ക്. ഫോർഹാന്റ് സ്ട്രോക്കിൽ കൈത്തലം മുന്നോട്ടു പോകുമ്പോൾ, ബാക്ക്‌ഹാന്റിൽ കൈപ്പുറമാണു മുന്നോട്ടു പോകുന്നത്. ബാക്ക്‌ഹാന്റ് സ്ട്രോക്കിനു ഫോർഹാന്റിനോളം ശക്തിയുണ്ടാവില്ല. പ്രധാനമായും ഇടതുകൈ ഉപയോഗിക്കുന്ന നഡാലിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം, ഇടതുകൈത്തലം മുന്നോട്ടു പോകുന്നവയായിരിക്കും, ഫോർഹാന്റ് സ്ട്രോക്കുകൾ; ഇടതു കൈത്തലത്തിനു പകരം ഇടതുകൈപ്പുറം മുന്നോട്ടു പോകുമ്പോൾ അവരുടെ ബാക്ക്‌ഹാന്റ് സ്ട്രോക്കുണ്ടാകുന്നു.
ബാക്ക്‌ഹാന്റ് സ്ട്രോക്കിനു ഫോർഹാന്റ് സ്ട്രോക്കിനേക്കാൾ ശക്തി പൊതുവിൽ കുറവായിരിക്കുമെന്നതിനാൽ, കളിക്കാർ എതിരാളിയെക്കൊണ്ടു ബാക്ക്‌ഹാന്റ് സ്ട്രോക്കു ചെയ്യിക്കാൻ നിർബദ്ധരാക്കി, ബാക്ക്‌ഹാന്റിന്റെ ശക്തിക്കുറവു മുതലെടുക്കാൻ ശ്രമിക്കാറുണ്ട്. ചില കളിക്കാർ റാക്കറ്റ് ഇരുകൈകളും കൊണ്ടു മുറുകെപ്പിടിച്ചാണു ബാക്ക്‌ഹാന്റ് സ്ട്രോക്കുകൾ ചെയ്യാറ്. ഇതു ഡബിൾ ഹാൻഡഡ് ബാക്ക്‌ഹാന്റ് എന്നറിയപ്പെടുന്നു. ബാക്ക്‌ഹാന്റിൽ പൊതുവിലുള്ള ശക്തിക്കുറവു പരിഹരിക്കാൻ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുള്ള ഈ പ്രയോഗം സഹായകമാകാറുണ്ട്. നഡാൽ ഡബിൾഹാൻഡഡ് ബാക്ക്‌ഹാന്റ് സ്ട്രോക്കുകൾ ചെയ്യുന്നൊരു കളിക്കാരനാണ്. ഇപ്പോഴത്തെ കളിക്കാരിൽ ഭൂരിഭാഗം പേരും ഈ രീതി സ്വീകരിച്ചവരാണ്. എന്നാൽ, ഫെഡറർ ഒരു കൈ മാത്രമുപയോഗിച്ചു ബാക്ക്‌ഹാന്റ് സ്ട്രോക്കു ചെയ്യുന്നയാളാണ്. അതുകൊണ്ട്, നഡാലിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ ഫെഡററുടെ ബാക്ക്‌ഹാന്റ് സ്ട്രോക്കുകൾ പൊതുവിൽ ശക്തി കുറഞ്ഞവയാണ്. ഫെഡററുടെ ബാക്ക്‌ഹാന്റ് സ്ട്രോക്കുകളുടെ ശക്തിക്കുറവ് നഡാൽ മുതലെടുക്കാറുണ്ട്. നഡാലിന്റേതു ഡബിൾ ഹാൻഡഡ് ബാക്ക്‌ഹാന്റ് ആയതുകൊണ്ട്, നഡാലിന്റെ ബാക്ക്‌ഹാന്റ് സ്ട്രോക്കുകൾ ഫോർഹാന്റ് സ്ട്രോക്കുകൾ പോലെ തന്നെ ശക്തമാണ്. നഡാലിനു ഫെഡററുടെ മേൽ മേൽക്കൈ നേടാനായതിനുള്ള പല കാരണങ്ങളിലൊന്ന് ഇതു തന്നെ.
ഇവിടെയൊരു വൈരുദ്ധ്യമുണ്ട്. ഫെഡററുടെ സിംഗിൾ ഹാൻഡഡ് ബാക്ക്‌ഹാന്റ് സ്ട്രോക്കുകൾ നഡാലിന്റെ ഡബിൾ ഹാൻഡഡ് ബാക്ക്‌ഹാന്റ് സ്ട്രോക്കുകളേക്കാൾ ആകർഷകമാണ്. ബാക്ക്‌ഹാന്റ് സ്ട്രോക്കുകളെന്നല്ല, ഫെഡററുടെ മിക്ക സ്ട്രോക്കുകളും മനോഹരമാണ്. സച്ചിൻ ടെണ്ടുൽക്കറുടെ സ്ട്രോക്കുകൾ ക്രിക്കറ്റിലെ ടെക്സ്റ്റ്ബുക്ക് സ്ട്രോക്കുകളെന്നു വർണിക്കപ്പെടാറുണ്ട്: മനോഹരം എന്നർത്ഥം. ഫെഡററുടെ സ്ട്രോക്കുകളും അത്തരത്തിലുള്ളവയാണ്: അവ ടെന്നീസിലെ ഏറ്റവും ആകർഷകമായവയാണ്. ഭൂരിപക്ഷം കാണികളും ഫെഡററുടെ വ്യത്യസ്ത സ്ട്രോക്കുകൾ ആസ്വദിക്കുന്നു. നഡാലുൾപ്പെടെയുള്ള മറ്റു കളിക്കാർക്കു പൊതുവിൽ ദുഷ്കരമായ പല സ്ട്രോക്കുകളും ഫെഡറർ അനായാസം ചെയ്യുന്നു.
ഒരു പോയിന്റു നേടിയാലുടൻ എതിരാളിയെ ഭീഷണമാം വിധം തുറിച്ചു നോക്കി മുഷ്ടി ചുരുട്ടുകയും അലറുകയും ചെയ്യുന്നതു വനിതകളുൾപ്പെടെയുള്ള പല ടെന്നീസ് കളിക്കാരുടേയും പതിവാണ്. ഫെഡറർക്കുമുണ്ട് ആ പതിവ്. എങ്കിലും, നഡാലിനാണതു കൂടുതൽ. നഡാലിന്റെ ഇത്തരം പ്രകടനം പലപ്പോഴും അമിതവും അരോചകവുമായി ഈ ലേഖകനു തോന്നിയിട്ടുണ്ട്. കാണികളിൽ കുറേപ്പേർ അതാസ്വദിക്കുന്നു എന്നതാണു വാസ്തവം. ഇക്കാര്യത്തിൽ ഭേദം ഫെഡറർ തന്നെ. ഫെഡറർ പൊതുവിൽ അക്ഷോഭ്യനാണ്. ജയിക്കുകയാണെങ്കിലും തോൽക്കുകയാണെങ്കിലും ഫെഡററുടെ മുഖത്തു വലുതായ ഭാവമാറ്റങ്ങളുണ്ടാകാറില്ല. ഈ കുലുക്കമില്ലായ്മ ഫെഡററുടെ വിജയങ്ങൾക്കു നിദാനമാണ്, തോൽവിയുടെ വക്കിൽ നിന്നു പോലും അതു ഫെഡററെ വിജയത്തിലേക്കു നയിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ചുരുക്കം ചിലപ്പോൾ ഇടഞ്ഞിട്ടുണ്ടെങ്കിലും, കളിക്കളത്തിലെ മാന്യനാണു ഫെഡറർ. കളി നടക്കുന്നത് ലോകത്തെവിടെയായിരുന്നാലും, ഫെഡറർക്കു ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഫെഡറർ കളിക്കളത്തിൽ പ്രദർശിപ്പിക്കുന്ന മാന്യതയാണെന്നതിൽ സംശയമില്ല.
പ്രവചനങ്ങൾ തെറ്റാറുണ്ട്. നാളെ, ആസ്‌ട്രേല്യൻ ഓപ്പനിന്റെ കലാശക്കളിയിൽ ആരാണു ജയിക്കാൻ പോകുന്നതെന്നു പ്രവചിക്കുക എളുപ്പമല്ല. നഡാലിനു ഫെഡററെ 23 തവണ തോല്പിക്കാനായിട്ടുണ്ട്. ഫെഡറർക്കു നഡാലിനെ 11 തവണ മാത്രമേ തോല്പിക്കാനായിട്ടുള്ളൂ. നഡാലിന് 68 ശതമാനം വിജയം; ഫെഡറർക്കു 32 ശതമാനം മാത്രവും. അവരുടെ അവസാനത്തെ ഏറ്റുമുട്ടൽ ഫെഡററുടെ വിജയത്തിലാണ് അവസാനിച്ചത്. 2015ലായിരുന്നു അത്; ഫെഡററുടെ നാടായ ബാസലിൽ വെച്ച്. ഒന്നിനെതിരേ രണ്ടു സെറ്റിനു ഫെഡറർ നഡാലിനെ തറപറ്റിച്ചെന്നു പറയുന്നതോടൊപ്പം തന്നെ, അതിനു മുമ്പു നടന്ന അഞ്ചു കളികളിൽ തുടർച്ചയായി നഡാൽ വിജയം നേടിയിരുന്ന കാര്യവും പറഞ്ഞേ തീരൂ.
മുകളിലുദ്ധരിച്ച സ്ഥിതിവിവരക്കണക്കുകൾ നഡാലിന് അനുകൂലമാണ്. ഭൂതകാല ചരിത്രത്തിന് അനുസൃതമാകണമെന്നില്ല, ഭാവി. ചരിത്രം തിരുത്തപ്പെടാറുമുണ്ട്. പക്ഷേ, സ്ഥിതിവിവരക്കണക്കുകളെ ന്യായീകരിക്കത്തക്ക മികച്ച ഫോമിലാണു നഡാലിപ്പോൾ. അതുകൊണ്ടു നഡാൽ നാളെ വിജയിച്ചാൽ തെല്ലും അതിശയിക്കാനില്ല.
ഫെഡറർ നഡാലിനേക്കാളേറെ ഏയ്സുകൾ സെർവു ചെയ്യാറുണ്ട്, പക്ഷേ, ഒന്നാം സെർവുകളുടെ കണിശതയുടെ കാര്യത്തിൽ നഡാൽ ഫെഡററേക്കാൾ ബഹുദൂരം മുന്നിലാണ് എന്നു മുകളിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. നഡാലുമായുള്ള മത്സരങ്ങളിൽ പലപ്പോഴും ഫെഡററെ കൈവിട്ടുപോകാറുള്ളത് ഒന്നാം സെർവുകളുടെ കണിശതയാണ്. ഫെഡററുടെ ഫോർഹാന്റ് സ്ട്രോക്കുകൾ പൊതുവിൽ മാരകമാണെന്നാണു കണക്കാക്കപ്പെടുന്നത്. ഫോർഹാന്റ് സ്ട്രോക്കുകളിൽ ഫെഡറർ അധികം പിഴവുകൾ വരുത്താറില്ല. ഫെഡററുടെ ഫോർഹാന്റ് സ്ട്രോക്കുകളുടെ പതിവു നിലവാരം തുടരുകയും, ഫെഡററുടെ ഒന്നാം സെർവുകൾക്ക് എൺപതു ശതമാനത്തിൽ കുറയാത്ത കണിശത ലഭിക്കുകയും ചെയ്യുന്നെങ്കിൽ, എങ്കിൽ മാത്രം, നാളെ മെൽബണിലെ റോഡ് ലേവർ അറീനയിൽ നോർമൻ ബ്രൂക്ക്സിന്റെ പേരെഴുതിയ ആസ്ട്രേല്യൻ ഓപ്പൻ കപ്പ് ഉയർത്തിപ്പിടിക്കുന്നതു ഫെഡററായിരിക്കും; ഫെഡററുടെ അഞ്ചാമത് ആസ്‌ട്രേല്യൻ കപ്പും പതിനെട്ടാമതു ഗ്രാന്റ് സ്ലാം കിരീടവുമായിരിക്കും അത്. സെർവുകളും ഫോർഹാന്റ് സ്ട്രോക്കുകളും ഫെഡററെ കൈവിട്ടാൽ, നഡാൽ കപ്പ് കൈക്കലാക്കും. നഡാലിന്റെ രണ്ടാമത്തെ ആസ്ട്രേല്യൻ ഓപ്പൻ കപ്പും പതിനഞ്ചാമതു ഗ്രാന്റ് സ്ലാമുമായിരിക്കും അത്.
അന്തിമപോരാട്ടം മെൽബണിൽ ആരംഭിക്കുന്നത് നാളെ, ഞായറാഴ്‌ച, ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടു മണിയ്ക്ക്. സോണി സിക്സ് ചാനലിൽ. നമുക്കു കാത്തിരിക്കാം.
ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങൾ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേക്കയ്ക്കുക. പ്രതികരണങ്ങൾക്കു സ്വാഗതം.
RELATED ARTICLES

Most Popular

Recent Comments