Tuesday, July 16, 2024
HomeTravelogueചാവക്കാട്ടുകാർ എന്റെ സ്വന്തം. (അനുഭവം)

ചാവക്കാട്ടുകാർ എന്റെ സ്വന്തം. (അനുഭവം)

ചാവക്കാട്ടുകാർ എന്റെ സ്വന്തം. (അനുഭവം)

ഷെരീഫ് ഇബ്രാഹിം.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ നടന്ന സംഭവമാണ്. ഞാൻ അബൂദാബിയിൽ അൽഹാമെലി ട്രേഡിംഗ് & ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ (എന്ത് കമ്പനി? ഒരു സ്പയർ പാർട്സ് കട) സെയിൽസ്മേനായി ജോലി നോക്കുന്ന കാലം. ഓൾഡ്‌ എയർപോർട്ട്‌ റോഡിൽ ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു, മെയിൻ പോസ്റ്റ്‌ ഓഫീസ്സിന്നു മുമ്പിലായിരുന്നു ആ ഷോപ്പ്. അന്ന് ഞാൻ താമസിച്ചിരുന്നത് ദാഇറത്തുൽമിയ എന്ന സ്ഥലത്താണ്. ദാഇറത്തുൽമിയ ഭാഗത്ത്‌ അറബികളുടെ വീടുകളുടെ സിറ്റിംഗ് ഹാൾ വിദേശികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ ഒന്നിലായിരുന്നു എന്റെ താമസം. നടന്ന് പോകാവുന്ന ദൂരമേയുള്ളുവെങ്കിലും ഞാനൊരു വാഹനം വാങ്ങി. ഇന്നത്തെ മെർസിഡസ് ബെൻസിനേക്കാൾ എനിക്കിഷ്ടപ്പെട്ട വാഹനം – സാധാരണ സൈക്കിൾ. അല്ലെങ്കിലും സൈക്കിൾ ഞങ്ങളുടെ തറവാടിന്റെ ട്രേഡ്മാർക്കാണല്ലോ?. ജോലിക്ക് വരുന്നതും പോകുന്നതും ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു കൂടിയാണ്. നല്ല പൂഴിമണൽ. സൈക്കിൾ ഓടിക്കുന്നത്, ജനങ്ങൾ നടന്ന് നടന്ന് പോയി ഉറച്ച നടവഴിയിലൂടെയാണ്. റൂമിൽ ഉള്ളവരിൽ അധികപേരും ചാവക്കാട്, ബ്ലാങ്ങാട്, കടപ്പുറം വെളിച്ചെണ്ണപടി ഭാഗത്തുള്ളവരാണ്. സൈക്കിൾ ചവുട്ടി കുറെ കറങ്ങുന്നത് വലിയ ഇഷ്ടമായിരുന്നു.
അന്നെനിക്ക് 19 വയസ്സ് പ്രായം. റൂമിലുള്ള എട്ട് പത്ത് പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു. അവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവർക്കും പ്രാഥമീകവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അതൊരു വലിയ പക്ഷേയാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ, സംസ്കാരത്തിന്റെ കാര്യത്തിൽ അവർ മുമ്പന്തിയിലാണ്. കടലിലെ തിരമാലകൾ കരയെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് പോലെ ചാവക്കാട്ടുകാർ, മലപ്പുറത്തുകാർ മറ്റുള്ളവരെ സ്നേഹിക്കും. എന്ന് കരുതി മറ്റു ജില്ലക്കാര്‍ സഹായിക്കില്ല എന്നല്ല. ഞങ്ങളുടെ റൂമിലുള്ള വ്യക്തിയെപറ്റിയാണ് ഈ അനുഭവലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്.
തത്കാലം അദ്ധേഹത്തെ നമുക്ക് മോനുട്ടി എന്ന് വിളിക്കാം (അതല്ല ശെരിയായ പേര്). മോനുട്ടി സുന്ദരനാണ്, വിദ്യാഭ്യാസം ഉള്ളവനാണ്, തമാശകൾ പറയുന്നവനാണ്. സ്വതവേ മൂപ്പരൊരു പ്രത്യേക സ്വഭാവക്കാരനാണ്. അനാചാരങ്ങളിലും അനാവശ്യമായ ചിട്ടകളിലും എതിർപ്പുള്ളയാൾ.
മോനുട്ടി ലീവിന്നു നാട്ടിലേക്ക്. പുരനിറഞ്ഞു നിൽകുന്ന മോനുട്ടി നല്ലൊരു മൊഞ്ചത്തി പെണ്ണിനെ ഗുരുവായൂര് നിന്നും വിവാഹം കഴിച്ചു. കല്യാണ രാത്രിയിൽ ആരൊക്കെയോ മൊഞ്ചത്തി സുലുവിനെ മണിയറയിലേക്ക് തള്ളിവിട്ടു. മോനുട്ടി സുലുവിനെ കട്ടിലിൽ നിർബന്ധിച്ചിരുത്തി. സംസാരം ആരംഭിച്ചു.
‘നോക്കൂ, സുലൂ, നമുക്കെല്ലാം തുറന്ന് സംസാരിക്കാം. ഇവിടെ ഞാൻ ചെയ്യേണ്ട ചിട്ടകൾ എന്തൊക്കെയാണ്?’. വളച്ചു കെട്ടില്ലാതെ, മുഖവുരയില്ലാതെ മോനുട്ടി ചോദിച്ചു.
‘അതൊന്നും സാരമില്ല, ഇത്തരം കാര്യങ്ങളൊന്നും ഇശ്റ്റ്മില്ലാത്ത ആളാണ്‌ ങ്ങള് എന്നറിയാം’ സുലു നയം വ്യക്തമാക്കി.
‘ശെരിയാണ്. പക്ഷെ ഇവിടെ ഞാനത് മറ്റൊന്ന് ഉദ്ദേശിച്ചാണ്’. മോനുട്ടി ചോദ്യം ആവർത്തിച്ചു.
‘ന്റുമ്മാക്കും പെറ്റമ്മാക്കും ന്റുപ്പാക്കും കിട്ടേണ്ടത് ഞാനെങ്ങനാ ങ്ങളോട് പറയ?’ സുലുവിന്റെ സംസാരത്തിൽ നിസ്സഹായാവസ്ഥ
‘അത് സാരമില്ല, യ്യ് പറഞ്ഞോ’. മോനുട്ടി പ്രോത്സാഹിപ്പിച്ചു.
‘ന്റെ കാര്യം ഞാമ്പറയൂല. പശ്ശെ, മൂത്തുമ്മാടെ റുക്കൂന്റെ പുയ്യാപ്പ്ള റുക്കൂന്റെ ഉമ്മാക്ക് കുളിക്കാൻ 201 കട്ട സോപ്പ് കൊടുത്തു. മ്മക്ക് 101 കൊടുത്താൽ മതി. പിന്നെ കോന്തലക്കൽ കെട്ടാൻ 2001 റുപ്പിയ കൊടുത്തു. മ്മക്ക് 1001 റുപ്പിയ കൊടുത്താൽ മതി. പിന്നെ പെറ്റമ്മാക്ക് മുറുക്കാന് 1001 റുപ്പിയ കൊടുത്തു. മ്മക്ക് 501 കൊടുത്താൽ മതി. പിന്നെ ആങ്ങളക്ക് കേമറ കൂടാതെ 3001 രൂപ കൊടുത്തു. മ്മക്ക് 2001 റുപ്പിയ മാത്രം കൊടുത്താൽ മതി. ഈ പറഞ്ഞതൊന്നും ങ്ങള് കൊടുത്തില്ലെങ്കിലും വെശമമില്ല’. സുലു പറഞ്ഞു നിർത്തി.
‘അത് വേണ്ട. ഒന്നും കുറക്കേണ്ട.’ ഇതായിരുന്നു മോനുട്ടിയുടെ തീരുമാനം.
‘ഇവിടെ പറമ്പ് കിളക്കുന്ന ജോലിക്കാർക്ക് എത്രയാണ് ദിവസം കൂലി?’ എന്തോ ഉദ്ദേശിച്ചു മോനുട്ടി ചോദിച്ചു.
‘കയിഞ്ഞ മാസം വരെ പതിനെയ്‌ റുപ്പിയ. ഇപ്പൊ ഇരുപതായി. റുക്കൂനെ കെട്ടിച്ചൊടത്ത് പതിനഞ്ഞാണ്. കാരണം ഇവിടെ മിനി ഗൾഫ്‌ ആണല്ലോ?’
പിറ്റേന്ന് കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ കുഞ്ഞളിയൻ വന്ന് വിളിച്ചു. ‘എനിക്ക് ഭക്ഷണം വേണ്ട മോനെ, വയറിനു സുഖമില്ല’. എന്ന് മോനുട്ടി കുഞ്ഞളിയനോട് പറഞ്ഞു. വിവരം അറിഞ്ഞ അമ്മായിയുമ്മ മരുമകന്റെ അടുത്തെത്തി.
‘അമ്മായി ഞാൻ ആലോചിച്ചു. ഇവിടെ കുളിക്കാൻ 201 കട്ട സോപ്പ്, കോന്തലക്കൽ കെട്ടാൻ 2001 രൂപ, മുറുക്കാൻ 1001 രൂപ തുടങ്ങിയത് ആലോചിക്കുമ്പോൾ ഇനി ഭക്ഷണത്തിന്റെ ബില്ല് എത്രയാവുമോ എന്തോ?’
മോനുട്ടിയെ പറ്റി അവർക്കെല്ലാം അറിയാവുന്നത് കൊണ്ട് അവർ ചിരിച്ചതേയുള്ളൂ.
ആ വിവാഹത്തിന്നു എന്ന് മാത്രമല്ല ആ വീട്ടിൽ പിന്നീട് നടന്ന ഒരു കല്യാണത്തിന്നും ഇത്തരം മാമൂലുകൾ ഉണ്ടായില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മോശൻ മോനുട്ടിയോട് പറഞ്ഞു. ‘മോനെ, ഞങ്ങൾ നിങ്ങളുടെ അടുക്കള കാണാൻ വരുന്നുണ്ട്. ഉപ്പയുമായി ആലോചിച്ച് ദിവസം അറിയീക്കണം’.
‘അയ്യോ വേണ്ട മാമ, അടുക്കള പൊളിച്ചിട്ടിരിക്കയാണ്. അത് കൊണ്ട് അടുക്കള കാണാൻ വരേണ്ട’. മോനുട്ടി നയം വ്യക്തമാക്കി.
അടുക്കള കാണാൻ വരുന്നത് മോനുട്ടിക്ക് ലാഭമാണെങ്കിലും മോനുട്ടി സ്വന്തം ആശയത്തിൽ ഉറച്ചു നിന്നു.
ഒരു ദിവസം മോനുട്ടി സുലുവിനോട് ചോദിച്ചു. ‘നമുക്കൊരു സിനിമക്ക് പോയാലോ?’
‘അള്ളോ ഞാനില്ല, ഉപ്പ അറിഞ്ഞാൽ കൊന്നു കളയും. ഞങ്ങളൊക്കെ ഒരു സിനിമയെ കണ്ടിട്ടുള്ളൂ. കുട്ടിക്കുപ്പായം എന്ന സിനിമ. അതിൽ മണത്തല നേർച്ച കാണിക്കുന്നുണ്ട്. അതിലെ ബഹദൂർക്കാടെ തമാശ പോലെയാണ് ങ്ങടെ തമാശ’. സുലു അത് പറഞ്ഞു ചിരിച്ചു.
‘അത് സാരമില്ല, നീ റെഡിയായ്ക്കോ. നമുക്ക് ചാവക്കാട് സെലീനയിൽ കുട്ടിക്കുപ്പായം എന്ന സിനിമ ഒന്ന് കൂടെ കാണാം’. അവൾക്കു സന്തോഷമായി.
സുലുവിന്റെ മണിമാളികയുടെ മുമ്പിൽ പാടമാണ്. ടാറിടാത്ത പഞ്ചായത്ത് റോഡിൽനിന്നും പാടത്ത് കൂടെ സുലുവിന്റെ വീട്ടിലേക്ക് റോഡുണ്ട്‌.
വല്ലപ്പോഴും പോകുന്ന അംബാസടർ കാർ അത് വഴി വരുമ്പോഴൊക്കെ വീട്ടുകാർ റോഡിലേക്ക് നോക്കും. അന്നൊക്കെ അംബാസ്സടർ കാറല്ലേയുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാളവണ്ടി സുലുവിന്റെ വീട് ലക്ഷ്യമാക്കി വന്നു. അത് സുലു കണ്ടു. ഒരു പക്ഷെ അടുത്ത വീട്ടിലേക്കാവും എന്നവൾ കരുതി. പക്ഷെ, ആ കാളവണ്ടി സുലുവിന്റെ വീട്ടിലേക്കാണ് വന്നത്.
മോനുട്ടി സുലുവിനോട് കാളവണ്ടിയിൽ കയറിയിരിക്കാൻ പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണെങ്കിലും മോനുട്ടിയെ പറ്റി അറിയാവുന്നത് കൊണ്ട് കയറിയിരുന്നു. അന്നൊക്കെ അതൊരു സംസാരവിഷയമായിരുന്നു, പേർഷ്യക്കാരൻ പുയ്യാപ്പ്ള കാളവണ്ടിയിൽ സിനിമക്ക് പോയത്.
****************************
 മോനുട്ടിയുടെ ജീവിതകഥ എന്നോട് 1970കളിൽ പറഞ്ഞപ്പോൾ ഒരിക്കൽ പോലും അതൊരു ലേഖനമാക്കി എഴുതുമെന്നു ഞാൻ കരുതിയില്ല. അതിനു നിമിത്തമായത് “എന്റെ സ്വൊന്തം ചാവക്കാട്” എന്ന ഗ്രൂപ്പ് ആണ്. നാല് വർഷത്തോളം ഞാൻ മോനുട്ടിയുടെ കൂടെ താമസിച്ചു. പിന്നീട് ജോലി മാറി അകലെ പോകേണ്ടിവന്നു. ഇതൊക്കെ അന്ന് കേട്ടപ്പോൾ ഞാൻ പ്രാർഥിച്ചു. എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായാൽ ചാവക്കാടെക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ ഇടവരുത്തല്ലേ ബദരീങ്ങളെ എന്ന്.
എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായി. എന്റെ പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുത്തത് ചാവക്കാട് (അണ്ടത്തോട് & കടിക്കാട്‌) ആണ്. എന്റെ മകന്‍ വിവാഹം കഴിച്ചത് ചാവക്കാട് തൊഴിയൂര്‍ നിന്നാണ്. പക്ഷെ, ഞാനും എന്റെ മരുമക്കളും അവരുടെ വീട്ടുകാരും മോനുട്ടി സ്വഭാവക്കാരാണ്. ഞാനന്ന് അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കാഞത് ഭാഗ്യം. എങ്കിൽ അല്ലാഹു എന്റെ പ്രാർത്ഥന സ്വീകരിക്കുമായിരുന്നു. അങ്ങിനെ പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള നല്ല ചാവക്കാട്ടുകാരുമായുള്ള ബന്ധം ഉണ്ടാവുമായിരുന്നില്ല.
RELATED ARTICLES

Most Popular

Recent Comments