Monday, November 25, 2024
HomePoemsപാകിസ്ഥാനിലേക്ക് പോകും മുമ്പ്. (കവിത)

പാകിസ്ഥാനിലേക്ക് പോകും മുമ്പ്. (കവിത)

പാകിസ്ഥാനിലേക്ക് പോകും മുമ്പ്. (കവിത)

 ഹസിന. (Street Light fb group)
പാകിസ്ഥാനിലേക്ക്
പോകും മുമ്പ്
ഒരുപിടിമണ്ണ് കൂടെകരുതണം.
അഹിംസയുറങ്ങുന്ന
രാജ്ഘട്ടിന്റെ
ഹൃദയത്തിൽനിന്ന്…
ഇന്ത്യയെകണ്ടെത്തിയ
റോസാച്ചെടിയുടെ
സുഗന്ധംപുരട്ടിയ
വേരിനടിയിൽനിന്ന്..
മനസ്സിടറാതെചെന്ന്
ആത്മാവുറങ്ങുന്ന
ഗ്രാമങ്ങളിൽ നിന്ന്.
ഷാജഹാന്റെ പ്രണയമൊഴുകുന്ന
യമുനാതീരത്തുനിന്ന്
ജാതിചോദിക്കാതെ
മനുഷ്യൻ നന്നായ
അരുവിപ്പുറത്ത് നിന്ന്.
ഓണത്തിനു ഊഞ്ഞാലിട്ട
കുളിരു വറ്റാത്ത മാഞ്ചോട്ടിൽനിന്ന്
ജാനകി ചേച്ചിയും
കുഞ്ഞാത്തുമ്മയും
പത്തിരിക്കിണ്ണവും
അടപ്രഥമനും
കൈമാറിയ
അടുക്കളകളിൽ നിന്ന്.
സാന്തയുടെ വരവും
കാത്ത് ഉറങ്ങാതെ കാത്തിരിക്കാറുള്ള
നക്ഷത്ര വിളക്കിന്റെ വെട്ടം വീഴുന്ന പുൽക്കൂടുകളിൽ നിന്ന്.
ആറാട്ടിന് ആനയെ കുളിപ്പിക്കാറുള്ള
ഹാജ്യാരുടെ
കുളക്കടവിൽ നിന്ന്.
പരസ്പരം പൊതിച്ചോറു
പങ്കുവച്ച
സ്കൂളിലെ
ആ പഴയ വാകമര തണലിൽനിന്ന്.
പിന്നെ
നാൽക്കാലികൾക്കു വേണ്ടി
തച്ചുടക്കപ്പെട്ടവരുടെ,
നിറം മങ്ങിയതിന്
അടിച്ചമർത്തപ്പെട്ടവരുടെ,
ജാതിയുടെ കണ്ണീരതിൽ
ചാലിച്ചു ചേർക്കണം
കറുത്ത കോട്ടുകൾ
മറന്നു വച്ച
നീതി ദേവതയുടെ ത്രാസിലതൊന്ന്
തൂക്കി നോക്കണം
എന്നിട്ട് മൃതദേഹം
തോളിലേറ്റി നടന്ന
നാട്ടിടവഴികളിലൂടെ
വെന്ത മനസ്സുമായ്
പതിയെ നടന്നു നീങ്ങണം…
RELATED ARTICLES

Most Popular

Recent Comments