കൃഷ്ണൻ കാട്ടുപ്പറമ്പിൽ.(Street Light fb group)
“കല്ല്യാണം കഴിഞ്ഞു അടുപ്പിലെ വെണ്ണീറും വാരിയേ തിരിച്ചെത്തൂ” നാട്ടിൻ പുറങ്ങളിലെ കല്ല്യാണചടങ്ങിൽ പങ്കെടുത്തിരുന്ന പഴയ തലമുറയുടെ ഇഴയടുപ്പത്തിൻറെ അളവുകോൽ ഇതിലും ഭംഗിയായി മനസ്സിലാക്കാൻ മറ്റൊരു പ്രയോഗം ഉണ്ടെന്നു തോന്നുന്നില്ല.
പുതുമണവാളനും മണവാട്ടിയും അന്നത്തെ താരമെങ്കിലും, കല്ല്യാണ വീട്ടിൽ മറ്റൊരു മിന്നുന്ന താരമായി “പണ്ടാരി” (സദ്യവയ്പുകാരൻ അഥവാ പാചകക്കാരൻ) വിലസിയിരുന്ന രംഗങ്ങൾ ചിലരുടെ മനസ്സിലേക്കെങ്കിലും ഒഴുകിയെത്തുന്നുണ്ടാകും. സദ്യക്ക് വേണ്ട സാധനങ്ങൾ “ഉപ്പ്” ആദ്യ ഇനമായി എഴുതുന്നത് മുതൽ തുടങ്ങുന്നു ആ കേളികൊട്ട്. പണ്ടാരിയാരാ? എന്ന് മുറുക്കിതുപ്പിക്കൊണ്ട് കാരണവൻമാർ ചോദിക്കുന്നത് കേട്ടാൽ തന്നെ കുളിരു കോരിപ്പോകും.
പണ്ടാരിക്ക് ചുറ്റും ഭൂതഗണങ്ങളായി – അയൽവാസി പട്ടാളം – വേറെയുണ്ടാകും. പിന്നെ അവിടെയൊരു ഉത്സവമാണ്. പായസത്തിനു വേണ്ട തേങ്ങ ചിരവി മൂന്നു തരം പാൽ പിഴിഞ്ഞെടുക്കുന്നതു മുതൽ സദ്യക്ക് വേണ്ട അരപ്പുകൾ അയൽവാസികളായ നാരീലോകങ്ങൾ അമ്മിയിൽ അരച്ചെടുക്കുന്നതും, പാത്രങ്ങൾ കഴുകിയൊരുക്കുന്നതും, ഉന്മേഷത്തിന് കട്ടൻ ചായയുമായി ഓടി നടക്കുന്നവരെല്ലാം കൂടി ഒരുക്കുന്ന കൂട്ടായ്മ പണ്ടാരിപ്പന്തൽ ഗംഭീരമാക്കുന്നു.
തയ്യാറായ ചൂടുള്ള വിഭവങ്ങൾ ഇത്തിരി ഉള്ളംകയ്യിൽ ഒഴിച്ച് ഉപ്പും രുചിയും നോക്കി സ്വയം തൃപ്തിയടയുന്ന പണ്ടാരി, സർവ്വവിധ അധികാരത്തോടും കൂടി അതങ്ങു അടച്ചു വയ്ക്കും. സാമ്പാറിന് മുറിക്കുന്ന കഷ്ണങ്ങളുടെ വലിപ്പവും സൈസും മാറിയാൽ പണ്ടാരിയുടെ മുഖം മാറും.. പിന്നെ സഹായികളോട് ദേഷ്യത്തിൽ ഒരു കൽപ്പനയാണ്. ശിങ്കിടികൾ പച്ചപ്പാവങ്ങളായി ഉത്തരവുകൾ അക്ഷരം പ്രതി പാലിക്കും. സദ്യവട്ടങ്ങളുടെ മൊത്തം പേറ്റൻറ് പണ്ടാരിയുടെ അവകാശമായി എല്ലാവരും അംഗീകരിച്ചു കൊടുക്കുന്ന നിർമ്മലമായ കാഴ്ച! ആ പദവിയെ എത്രത്തോളം മഹത്തരമാക്കുന്നുവെന്ന് കാണാം.
ഇത്രയും പ്രതാപിയായ പണ്ടാരിക്ക് ചില സന്ദർഭങ്ങളിൽ പൊടിക്കൈകളും പ്രയോഗിക്കേണ്ടി വരാറുണ്ട്. അങ്ങനെയാണത്രേ – ചില കല്യാണങ്ങളിൽ പോളിങ്ങ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ – അവസാന പന്തികളിൽ “രസം” അപ്രത്യക്ഷമായി സാമ്പാറിൽ ലയിക്കുന്നത്!
പണ്ടാരിയുടെ പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ച കല്യാണങ്ങളും ചില നാട്ടിൻ പുറത്തുണ്ടാകും. അത്തരം ഒരെണ്ണം ഇവിടെ കുറിക്കട്ടെ. സദ്യ മാറി ആ വേദി ബിരിയാണി കയ്യടക്കി തുടങ്ങിയ കാലം. ഓരോ കല്യാണങ്ങളിലും ബിരിയാണികൾ ഒന്നിനൊന്നു ജോറായി മുന്നേറുന്ന കാലഘട്ടം.
ഒരു സുചായിയുടെ വീട്ടിലെ പേരുകേട്ട കല്യാണം. ചില ബിരിയാണി ചെമ്പുകൾ പണ്ടാരി സമയത്ത് ഇളക്കാൻ മറന്നു. ബിരിയാണി തീ കൂടി കരിഞ്ഞു പുകയാളിപ്പോയി. ഈ കാര്യം വൈകി മനസ്സിലാക്കിയ പണ്ടാരി, സംഗതി പരികർമ്മികളോട് കൂടി പറയാതെ അടുത്തുള്ള കിണറ്റിലേക്ക് ഒറ്റച്ചാട്ടം. കിണറിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് കല്യാണവീട്ടിലെ ആളുകൾ ഓടിക്കൂടി. കാണുന്നത് കിണറ്റിൽ കിടക്കുന്ന പണ്ടാരിയെ. ഉടനേ, രക്ഷിക്കാൻ ആളുകൾ ശ്രമിക്കുമ്പോൾ, കിണറ്റിൽ നിന്ന് പണ്ടാരി വിളിച്ചു പറയുന്നത് – എന്നെ നോക്കേണ്ട അടുപ്പത്തെ ബിരിയാണി ചെമ്പുകൾ നോക്കിക്കോളൂ – എന്നായിരുന്നു. കിണർ അധികം ആഴമില്ലാതിരുന്നത് കൊണ്ടും, പണ്ടാരിക്ക് നീന്തൽ അറിയുന്നതുകൊണ്ടും പണ്ടാരി രക്ഷപ്പെട്ടു. പക്ഷേ, അപൂർവ്വം ചിലർക്ക് പിന്നീട് കാര്യം മനസ്സിലാകുകയും, ആ കല്ല്യാണം ആ പേരിൽ തന്നെ പിന്നീട് നാട്ടിൽ ചരിത്രമാകുകയും ചെയ്തു!
പണ്ടാരികൾ വഴിമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നെങ്കിലും, ഇപ്പോഴും ചിലയിടങ്ങളിൽ ആ അലയൊലികളും ചരിതങ്ങളും ഓർമ്മിക്കപ്പെടുന്നു – ഒരു നെടുവീർപ്പായി….
എൻറെ നാട്ടിലെ പേരുകേട്ട പണ്ടാരികളായിരുന്ന പെരയൻകുടിച്ചൻ, കുമാരേട്ടൻ, മാർപാപ്പ തുടങ്ങിയവരുടെ ദീപ്തമായ സ്മരണയിലും അവർ അവിസ്മരണീയമാക്കിയ നിരവധി പണ്ടാരിപ്പന്തൽ മുഹൂർത്തങ്ങളെ സ്മരിച്ചു കൊണ്ടും സമർപ്പണം…