സന്ധ്യ ജലേഷ്.
” അച്ഛോ… ആരോ കാണാൻ വന്നേക്കുന്നു” പളളിക്കുളളിൽ തന്നെയുള്ള തന്റെ സ്വകാര്യ റൂമിൽ | ഏതോ ഒരു തടിച്ച പുസ്തകം മറിച്ചു നോക്കിക്കൊണ്ടിരുന്ന അച്ഛൻ വാതിൽക്കൽ കപ്യാര് ജോയിയുടെ സ്വരം കേട്ട് പുസ്തകത്തിൽ നിന്ന് മുഖമുയർത്തി.. ” ഉം… വരാൻ പറയു” കപ്യാരോടൊപ്പം വാതിൽക്കൽ പ്രത്യക്ഷപ്പെട്ട രൂപത്തിനെ അച്ചൻ ആകമാനം ഒന്ന് വിലയിരുത്തി. 60 വയസ്സിനു മേൽ പ്രായം തോന്നിക്കുന്ന അയാൾ തലമുടിയും താടിയും നീട്ടി വളർത്തിയിരിക്കുന്നു. പഴകിനരച്ച ഒരു ലൂസ് പാന്റ്. അതിനൊട്ടും ചേരാത്ത ജീൻസിന്റെ തുണിയിൽ തീർത്ത പഴയ ഷർട്ടിന്റെ നെഞ്ച് ഭാഗം പിഞ്ഞിക്കീറി വാതുറന്നിരിക്കുന്നു. കയ്യിലുള്ള പഴയ തോൽബാഗിന്റെ പൊട്ടിയ ഒരു വള്ളികുട്ടി കെട്ടിയിരിക്കുന്നു. – ‘അകത്തേക്ക് വന്നോളു ” അച്ചൻ പറഞ്ഞു.
കയ്യിലിരുന്നതോൽബാഗ് വെളിയിൽ വെച്ചിട്ട് അയാൾ അകത്ത് വന്ന് സ്തുതി ചൊല്ലി… “ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ ” അച്ചൻ തിരിച്ച് സ്തുതി പറഞ്ഞു.. അച്ചൻ കാണിച്ചു കൊടുത്ത ഇരിപ്പിടത്തിൽ ഇരുന്ന ഉടനെ ധൃതിപ്പെട്ട്… എന്നാൽ വളരെ പതിഞ്ഞ ശബ്ദത്തിൽ അച്ചനോട് പാഞ്ഞു. ” ഞാൻ വളരെ ദൂരെ നിന്നു വരികയാണ് , ഈ ഇടവകയിൽ “മരിയ ഫെർണാണ്ടസ് ” എന്നൊരു സ്ത്രീയുണ്ടോ എന്ന് മാത്രമറിഞ്ഞാൽ മതി” അൽപ നേരത്തെ ആലോചനക്കൊടുവിൽ അച്ഛൻ പറഞ്ഞു… ” ഞാനിവിടെ വന്നിട്ട് അഞ്ചു വർഷമായി.. കർത്താവിന്റെ നിയോഗ മനുസരിച്ച് ഞാനിവിടെ വന്നതിന്റെ രണ്ടാം നാൾ ഈ ഇടവകയിൽ ഒരു സ്ത്രീ മരിച്ചു. അവരുടെ പേര് മരിയാ ഫെർണാണ്ടസ് എന്നായിരുന്നു ” വീണ്ടും രണ്ടു പേർക്കുമിടയിലെ ചെറിയ നിശബ്ദതയ്ക്കൊടുവിൽ വന്നയാൾ ചോദിച്ചു.. “അവരേ പറ്റി കൂടുതൽ എന്തെങ്കിലും വിവരം…….” പറയാം” അച്ചൻ തുടർന്നു. .പതിനഞ്ച് വർഷത്തിനു മുൻപ് എവിടെ നിന്നോ വന്ന് ഇവിടെ താമസമാക്കിയതാണ് അവർ.. “കൂടെ കിടന്നുറങ്ങിയ ഭർത്താവ് അവളുടെ മിന്നു മാല ഉൾപ്പടെയുള്ള സ്വർണ്ണവും പണവും അപഹരിച്ചു കൊണ്ട് മറ്റൊരുത്തിക്കൊപ്പം സ്ഥലം വിട്ടു.
പ്രേമിച്ചുകെട്ടിയ പുരുഷനിൽ നിന്നുണ്ടായ നീചമായ ഈ പ്രവൃത്തി സാധുവായ ആ സ്ത്രീക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.രണ്ട് പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ച അവരെ ഇവിടെ കുട്ടിക്കൊണ്ടു വന്നത് ഒരു പള്ളി വികാരിയാണ്. ഭർത്താവിന്റെ ഓർമ്മകളുള്ള ആ വീട് വിറ്റ് ഇവിടെ ചെറിയൊരു വീട് വാങ്ങി.. ബാക്കിയുണ്ടായിരുന്നതുക ബാങ്കിലിട്ട് അതിന്റെ പലിശയും പള്ളിക്കാരുടെ സഹായവും ഒക്കെ ക്കൊണ്ട് കാലം കഴിച്ചു.. ഒറ്റയ്ക്കായിരുന്നു താമസം.. ഇതൊക്കെ ഞാൻ അവരുടെ മരണശേഷമറിഞ്ഞ കാര്യങ്ങളാണ്.”നിങ്ങൾ മരിയയെ അറിയുമോ മരിയയുടെ ജീവിത കഥ പറഞ്ഞ ശേഷം അച്ചൻ അയാളോടു ചോദിച്ചു. ചോദ്യം കേൾക്കാഞ്ഞതോ.. അതോ അവഗണിച്ചതോ.. എന്തായാലും അച്ചന്റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.. രണ്ടു പേർക്കുമിടയിൽ മൗനം മാത്രമായപ്പോൾ അച്ചൻ മെല്ലെ എഴുന്നേറ്റു – “ഞാൻ വന്ന കാലം തൊട്ട് എ ൻറെ കൂടെ കൂടിയതാണ്.. ആരെങ്കിലും ഒരാൾ കാണാൻ വന്നാൽ ഒരു കപ്പ് ചായ കൊടുക്കണമെന്ന സാമാന്യ മര്യാദ പോലും അറിയാത്ത ഒരു മനുഷ്യൻ…… ഇതു പോലൊരു വിവരദോഷി… നിങ്ങളിരിക്ക് ഞാനയാളെ ഒന്ന് നോക്കട്ട് ” കപ്യാരെ വഴക്കു പറഞ്ഞ് കൊണ്ട് കുശിനിയിലേക്ക് പോയ അച്ചൻ പത്ത് മിനിട്ടിനു ശേഷം തിരിച്ചു വന്നു.
കയ്യിലൊരു കപ്പ് ചായയുമായി കപ്യാരും അച്ഛന്റെ പുറകെയുണ്ട്.. മുറിയിലെത്തിയ രണ്ടു പേരും അന്ധാളിപ്പോടെ പരസ്പരം നോക്കി.. അയാൾ മുറിയിലില്ല.. വെളിയിൽ വെച്ചിരുന്ന അയാളുടെ ബാഗും കാണാനില്ല…… ” അയാൾ പോയോ” എന്ന് സ്വയം ചോദിക്കാനൊരുങ്ങിയ അച്ഛൻ കണ്ടു… മേശമേൽ രണ്ടായി മടക്കിയ ഒരു വെള്ളക്കടലാസ്…. കടലാസിനു മുകളിലായി പ്ലാസ്റ്റിക്കിൽ തീർത്ത ചുവന്ന ഒരു പനിനീർ പൂവ്….. അതിനരികിലായ് ചെറിയ റബ്ബർ ബാന്റിട്ട ഒരു ചെറിയ കടലാസ് പൊതി….. പൂവ് എടുത്തു മാറ്റിയിട്ട് അച്ചൻ മടക്കി വെച്ചിരുന്ന കടലാസെടുത്ത് നിവർത്തി അതിലെ വടിവൊത്ത അക്ഷരങ്ങളിലുടെ ക കണ്ണുകൾ പായിച്ചു…. “ഈ സാധനങ്ങൾ മരിയയുടെ കല്ലറയിൽ സമർപ്പിക്കുക.. ഞാൻ കൊടുത്താൽ അവർ സ്വീകരിക്കില്ല” ഇത്രയുമേ ഉള്ളു കടലാസിൽ.. ഒന്നും മനസ്സിലാകാതെ മേശപ്പുറത്ത് അയാൾ വെച്ചിട്ടു പോയ കടലാസ് പൊതിയുടെ റബ്ബർ ബാൻ ന്റ് ഊരിമാറ്റി അത് തുറന്നു.. ആദ്യത്തെ കടലാസ് പൊതിയിൽ മറ്റൊരു പൊതി…. അതിനുള്ളിൽ ഏകദേശം അഞ്ച് പവൻ തൂക്കം തോന്നിക്കുന്ന ഒരു സ്വർണ്ണമാല….. മാല കയ്യിലെടുത്ത അച്ചൻ അതിന്റെ അഗ്രഭാഗത്തെ വലിയ ലോക്കറ്റ് ശ്രദ്ധിച്ചു.. വൃത്താകൃതിയിലുള്ള ആലോക്കറ്റിന്റെ മധ്യഭാഗത്ത് സ്വർണ്ണം കൊണ്ട് തന്നെ ചെറിയ അക്ഷരത്തിൽ എന്തോ കൊത്തിയിരിക്കുന്നു… ലോക്കറ്റ് അടുപ്പിച്ച് പിടിച്ച് മുഖത്ത് വെച്ചിരിക്കുന്ന ഗ്ലാസ്സി നി ട യിലൂടെ അദ്ദേഹം ആ കുഞ്ഞക്ഷരങ്ങൾ തപ്പി പ്പെറുക്കി വായിച്ചു……………………… മരിയാ ഫെർണാണ്ടസ്…….