സന്ധ്യ ജലേഷ്.
ഒരുച്ച സമയത്ത് വെറുതെ ഇരിക്കുമ്പോഴാണ് സോഫയിൽ കിടന്ന മൊബൈൽ ഫോൺ റിങ്ങ് ചെയ്തത്. കാൾ ബട്ടനിൽ തൊട്ട് കാതോട് ചേർത്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു സ്ത്രീ സ്വരം.. ” ഹലോ, ശ്രീദേവിയല്ലേ ” എന്ന ചോദ്യത്തിന് മറുപടി നല്കിയപ്പോൾ അവർ തുടർന്ന് സംസാരിച്ചു.’ ഇത്…… മെഡിക്കൽ കോളജിൽ നിന്നാണ്.. വൺ മിസ്റ്റർ ഗോപകുമാർ ഇവിടെ അഡ്മിറ്റാണ്, രണ്ടു ദിവസമായി… അൽപം ക്രിട്ടിക്കൽസ് റ്റേജിലാണ് അയാൾ… നിങ്ങളെ ഒന്നു കാണണമെന്നു പറഞ്ഞു. ‘അയാൾ പറഞ്ഞതിനാലാണ് വിളിച്ചത്..” ഫോൺ കട്ടായി. കയ്യിൽ നിന്നുർന്നു വീണ ഫോൺ എങ്ങനയോനെഞ്ചോട് ചേർത്തു പിടിച്ചു.. ശരീരമാകെ വിയർത്ത് ഹൃദയമിടിപ്പിന് വേഗതയേറി… വരണ്ടതൊണ്ടയിലേക്ക് ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുപ്പി യോടെ കമഴ്ത്തി.. ………… മൂന്ന് പെൺമക്കൾ, അമ്മ, അച്ചൻ. അഞ്ച് വയറ് അച്ചൻറെ തയ്യൽ പണിയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് വല്ലപ്പോഴും പകുതി നിറയും.
പെൺകുട്ടികൾ മൂന്നും സുന്ദരിമാരാണന്നും അതിലേറ്റവും അഴക് തനിക്കാണന്നും പലരും രഹസ്യമായി പറയുന്നത് കേട്ടിട്ടുണ്ട്. സൗന്ദര്യമുള്ളത് ഒരു കണക്കിന് അനുഗ്രഹമായി. നയാ പൈസ കൊടുക്കാതെ ചേച്ചിമാരുടെ രണ്ടു പേരുടേയും കല്യാണം കഴിഞ്ഞു. ഒരാൾക്ക് സ്വന്തമായി ആട്ടോറിക്ഷാ യുണ്ട്.. മറ്റേയാൾ ഇലക്ട്രീഷ്യനും. രണ്ടു പേരും സ്നേഹമുള്ള തരമായതിനാൽ വല്യ ആർഭാട മൊന്നുമില്ലങ്കിലും അവളുമാർ സുഖമായി ജീവിക്കുന്നു. രണ്ടാമത്തെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ അച്ചൻ മരിച്ചു. ചേട്ടത്തി മാരുടെ സഹായത്താൽ പട്ടിണി ഇല്ലാതെ കുറേനാൾ കഴിഞ്ഞു.. അവർ ക്ക് താനും അമ്മയും ഒരു ഭാരമാവരുതെന്ന് കരുതിയാണ് കൂട്ടുകാരിയുടെ സൻമനസ്റ്റ് കൊണ്ട് ടൗണിലെ വലിയ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയി തുടങ്ങിയത്.. എണ്ണായിരം രൂപ ശമ്പളം.. ഈ സാഹചര്യത്തിൽ അത് വളരെ വലിയ ഒരു തുകയായി തോന്നി.. അവിടെ വെച്ചാണ് ഗോപേട്ടനെ പരിചയപ്പെട്ടത്.തുണിക്കടയിലെ സൂപ്പർവൈസറാണ്… സുന്ദരൻ.എപ്പോഴും തമാശകൾ പറയും.. പരിചയപ്പെട്ടു.അമ്മയും മകനും മാത്രമേയുള്ളു വീട്ടിൽ.. അച്ഛനില്ല..
അവിവാഹിതരായ രണ്ടു പേർക്കിടയിലെ സൗഹൃദം പ്രേമമായി.. ഒന്നും ഒളിച്ചുവെക്കാതെ തന്റെ വീട്ടിലെ എല്ലാ ചുറ്റുപാടുകളും അയാളോട് തുറന്നു പറഞ്ഞു. “അമ്മ മാത്രമേയുള്ളു വീട്ടിൽ.. അമ്മയ്ക്കൊരു കൂട്ട്.. അത് മാത്രം മതി” എന്ന മറുപടിയാണ് അയാൾ പറഞ്ഞത്.. ബന്ധുക്കളും നാട്ടുകാരുമൊക്കെ വിവാഹത്തിന് സഹായിച്ചു.പന്ത്രണ്ട് പവൻ സ്വർണ്ണവുമായി യാണ് അവിടെ ചെന്നു കയറിയത്.. വലതുകാലു വെച്ച് അകത്തേക്കു കയറിയപ്പോഴേ അമ്മായി അമ്മയുടെ ഏകദേശ സ്വഭാവം മനസ്സിലായി.. വൃത്തിയും വെടിപ്പും ഒട്ടുമില്ല.. തൊഴുത്തിൽ മൂന്ന് പശുക്കൾ. കോഴികൾ മുറിയിലും അടുക്കളയിലും ചാടി നടക്കുന്നു. രാത്രിയിൽ കതകടച്ച് തന്റെ അരികിൽ കട്ടിലിൽ വന്നിരുന്ന ഗോപേട്ടന് മദ്യത്തിന്റെ ഗന്ധം.തന്റെ സ്വപ്നങ്ങൾ കരിഞ്ഞു തുടങ്ങുകയാണോ എന്നറിഞ്ഞപ്പോൾ കണ്ണുകൾ തുളുമ്പി. ” കുടിച്ചിട്ടുണ്ടോ ” എന്ന് ചോദിച്ചപ്പോൾ ” ശകലം… കൂട്ടുകാർ നിർബന്ധിച്ച താ. പതിവില്ല… എന്ന് പറഞ്ഞ് കൊണ്ട് തന്നെ വരിഞ്ഞുമുറുക്കി…….,,,, മദ്യ ഗന്ധമുളള ആദ്യ രാത്രി കഴിഞ്ഞു. അതിരാവിലെ എഴുന്നേറ്റ് കുളിക്കാൻ വെളിയിലുള്ള കുളിമുറിയിലേക്ക് പോകുമ്പോൾ അമ്മായി അമ്മ പറഞ്ഞു. “പിന്നെ കുളിക്കാം.. ആദ്യമാതൊഴുത്തൊന്ന് വൃത്തിയാക്ക് ” ഞെട്ടിപ്പോയി.. ചാണകം എന്ന് കേട്ടാലേ പണ്ട് തൊട്ടേ അറപ്പാണ്.. ഇന്നുവരെ ചെയ്തിട്ടുമില്ല.. മാറിയുടുക്കാൻ കൈമടക്കിലിട്ടിരുന്നതുണിമുറ്റത്തേ അയയിൽ ഇട്ടിട്ട് തൊഴുത്തിലേക്ക് നടന്നു…..
അന്ന് രാത്രിയിലും പിന്നീടുള്ള എല്ലാ രാത്രികളിലും മദ്യപിചെത്തിയ അയാൾ ഒരു സ്ഥിരം മദ്യപാനിയാണന്ന് വേഗം തന്നെ മനസ്സിലായി.. വെളിവുകെട്ട കള്ള് കുടികൂടി വന്നപ്പോൾ ഒരു ദിവസം താൻ പറഞ്ഞു “ഇങ്ങനാണേൽ ഞാനെൻറെ വീട്ടിൽ പോവ്വാ ” ചാടി വന്ന അയാൾ അറയ്ക്കുന്ന ഒരു തെറി പറഞ്ഞ് കൊണ്ട് തന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് തലഭിത്തിയിലിടിച്ചു… “നീ പോടി…… നീ പോകണമെന്നാ എന്റെയും ആഗ്രഹം ” എന്ന് പരിഹാസത്തോടെ പറഞ്ഞത് ലഹരിയിലായിരിക്കുമെന്ന് സമാധാനിച്ചു. പക്ഷേ അയാൾ പറഞ്ഞതിന്റെ പൊരുൾ വേഗം തന്നെ മനസ്റ്റിലായി.. അയാൾ ജോലി ചെയ്യുന്ന കടയിൽ തന്നെയുള്ള ഒരു പെണ്ണുമായി അരുതാത്ത ബന്ധമുണ്ടെന്നും വിവാഹശേഷവും അത് തുടരുന്നുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു.. ലോകത്തൊരു പെണ്ണും സഹിക്കാത്ത കാര്യം തനിക്കും സഹിക്കാനായില്ല. ചോദ്യം ചെയ്തു.മറുപടി ക്രുരമായ മർദ്ദനം.. കുനിച്ചു നിർത്തി പുറത്തിടിക്കുമ്പോൾ അമ്മായി അമ്മ ഒളിഞ്ഞു നിന്നു നോക്കും പിടിച്ച് മാറ്റാറില്ല… ” കൊച്ചേ… നീയുമായുള്ള കല്യാണം ആ തള്ളക്ക് ഇഷ്ടമല്ലാരുന്നു.. ആ ചെറുക്കനെ പേടിച്ച് അവർ സമ്മതിച്ചതാണ് ” എന്ന് ഒരിക്കൽ മുറ്റം തൂത്തു കൊണ്ടിരുന്നപ്പോൾ അപ്പുറത്തെ വീട്ടിലെ പ്രായമുള്ള സ്ത്രീ തന്നോടു പറഞ്ഞു. ഇതിനിടയിൽ ഈ ദുരിതത്തിലേക്ക് ഒരു കുഞ്ഞു കൂടി പിറന്നു.. ഗോപേട്ടന്റെ അതേ മുഖമുള്ള അവന്റെ കളി ചിരി കണ്ടെങ്കിലും മാറ്റമുണ്ടാവുമെന്ന് കരുതിയ തനിക്ക് അവിടെയും തെറ്റി.ആറ് മാസം പ്രായമുള്ളപ്പോൾ ഒരിക്കലയാൾ ആ കുഞ്ഞിന്റെ കാലിൽ പിടിച്ചു മുറ്റത്തേക്കെറിയാൻ പോലും ഒരുങ്ങി…
ഒരു സ്ത്രീയുടെ സഹനത്തിന്റെ അവസാന ഇഴയും പൊട്ടുന്ന നിമിഷമാണ് തന്റെ കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നത്… അത്യാവശ്യം വേണ്ടുന്ന തുണികൾ പെട്ടിയിലാക്കി കുഞ്ഞിനേയും കൊണ്ടിറങ്ങി.പറന്നിറങ്ങിയത് കാട്ടുതീയിലേക്കാണന്ന് അറിഞ്ഞിരുന്നില്ല. മോഹങ്ങളുടെ ചിറക് കരിഞ്ഞ് തിരിച്ചു നടക്കുകയാണ്.12 പവനുമായി വന്ന തന്റെ ശരീരത്തിൽ ഇപ്പോഴുള്ളത് ഒരു ചെറിയ താലി മാത്രം. അമ്മയും മോനും കുടി എല്ലാം ഊരി വാങ്ങി…… തോളത്ത് ഭയന്ന് കരഞ്ഞ് തളർന്നുറങ്ങുന്ന ആറ് മാസം പ്രായമുള്ള ഒരു കുരുന്ന്.. ഒരു കയ്യിൽ വസ്ത്രങ്ങളടങ്ങിയ പെട്ടി…. അവൾ നടക്കുകയാണ്…. മുൻപിൽ കട്ട പിടിച്ച ഇരുട്ടും… വരണ്ട ശൂന്യതയും മാത്രം…. താൻ വീട്ടിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ അറിഞ്ഞു അയാൾ അവളെ വിളിച്ച് വീട്ടിൽ കൊണ്ടുവന്നെന്ന്.. രേഖാമൂലമുള്ള വിവാഹമൊന്നുല്ല… പലരും പറഞ്ഞു ” ശ്രീ ദേവി നിന്റെ ജീവിതം തുലച്ചിട്ട് അവനേ സുഖിച്ചു ജീവിക്കാൻ അനുവദിക്കരുത് കേസ്റ്റു കൊടുക്കണം” എന്ന്…. ഒന്നിനും പോയില്ല. സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു.. ഇനി ആ മനുഷ്യനുമായി ഒരു ഒത്തുചേരൽ വേണ്ടാ…. വക്കീല് മുഖാന്തിരം ഡിവോഴ്സ് നോട്ടീസയച്ചു. അയാൾക്ക് പൂർണ്ണ സമ്മതമായിരുന്നതിനാൽ പെട്ടന്ന് ഡിവോഴ്സ് കിട്ടി.. അങ്ങനെ വളരെ കുറച്ച് നാൾമാത്രം അരങ്ങിൽ കളിച്ച ജീവിതത്തിന്റെ ദുരന്ത നാടകത്തിന് യവനിക വീണു. ,,,,… കുഞ്ഞിന് ബിസ്ക്കറ്റ് മേടിക്കാൻ പോലും പൈസമില്ലാതെ ബുദ്ധിമുട്ടിയ നാളുകൾ….. ഈശ്വരൻ പക്ഷേ അവിടെ കൈവിട്ടില്ല..
അമ്മ ജോലിക്കു പോകുന്ന വീട്ടിലെ സാറും ഭാര്യയും വർഷങ്ങളായി ഗൾഫിലാണ്.. ശ്രീദേവിയുടെ കഥയൊക്കെ അമ്മയിൽ നിന്നറിഞ്ഞപ്പോൾ ” ശ്രീ ദേവിക്കു പാസ്പോ പോർട്ടുണ്ടോ എന്ന അവരുടെ ചോദ്യം ഉള്ളിൽ പ്രതീക്ഷയുടെ നാമ്പുകൾ കിളിർപ്പിച്ചു… അമ്മയുടെ കഴുത്തിൽ കിടന്ന നൂൽ വണ്ണമുള്ള മാല പണയം വെച്ച് ഒരാളുടെ സഹായത്തോടെ പതിനഞ്ച് ദിവസത്തിനുള്ളിൽ പാസ്പോർട്ട് സംഘടിപ്പിച്ചു…. ഹൗസ് മെയ്ഡ് വിസയിൽ ഒരു പുതിയ ജീവിതം തേടി കടലിനക്കരക്ക് യാത്രയാവുമ്പോൾ മോന് രണ്ടു വയസ്സ്.. ഈ പ്രാവശ്യം ലീവിനു വന്നത് മൂന്നാം തവണയാണ്.. മോനിപ്പോൾ എട്ട് വയസ്സ്. ഇതിനിടയിൽ ഒരുപാടു മാറ്റമുണ്ടായി ജീവിതത്തിന്.. പൈസാ യുടെ ബുദ്ധിമുട്ട് മാറി.. നല്ലൊരു വീടും വച്ചു.. എങ്കിലും ചില നേരങ്ങളിൽ മകനേ നോക്കിയിരിക്കുമ്പോൾ ജീവിതത്തിൽ അനുഭവിച്ച കണ്ണീരിന്റെ ഉപ്പു ചുവയുള്ള ഓർമ്മകൾ കുത്തിനോവിക്കാറുണ്ട്… ഫോൺ വന്നതിന്റെ പിറ്റേ ദിവസം മെഡിക്കൽ കോളജിലെത്തി.അപ്പച്ചിയുടെ മകനേയും ഒപ്പം കൂട്ടി… പക്ഷേ ജീവനോടെ വീണ്ടുമൊന്നു കാണാൻ ഈശ്വരൻ സമ്മതിച്ചില്ല.. താൻ വിവരമറിഞ്ഞ അന്നു രാത്രിയിൽ തന്നെ അയാൾ മരിച്ചു. ” രണ്ടാം ഭാര്യവീട്ടിൽ വന്ന് കുറേ നാൾ കഴിഞ്ഞപ്പോൾ അമ്മായി അമ്മ മരിച്ചു. പക്ഷേ അപ്പോഴേക്കും അയാളൊരു മുഴു മദ്യപാനിയായിക്കഴിഞ്ഞിരുന്നു..
മദ്യലഹരിയിൽ അബോധാവസ്ഥയിൽ ജീവിക്കുന്ന അയാളിൽ നിന്ന് എൺപത് സെന്റു സ്ഥലവും വീടും തന്റെ പേരിലേക്ക് എഴുതി വാങ്ങാൻ അവൾക്ക് വലിയ പ്രയാസമൊന്നും ഉണ്ടായില്ല… കുടിച്ച് കുടിച്ച് ഒന്നിനും കൊള്ളാതായ അയാളെ വിട്ട് അവൾ പുതിയ ചുട്തേടിപ്പോയി.. വീട്ടിൽ വരാറേയില്ല അയാൾ…. തുണിക്കടയിലെ ജോലി നഷ്ടമായ അയാൾ മറ്റു പണികൾ കൊക്കെ പോയി ബോധം മറയുന്നതു വരെ കുടിച്ച് കടത്തിണ്ണകളിൽ ഉറങ്ങും. ഒരു ദിവസം അസഹനീയമായ വേദനയോടെ വയറ് പൊത്തിപ്പിടിച്ച് അലറിക്കരയുന്ന അയാളെ പരിചയക്കാരാണ് ഹോസ്പിറ്റലിലെത്തിച്ചത്…. വിദഗ്ധമായ പരിശോധന നടത്തിയ ഡോക്ടർമാർ നടുക്കത്തോടെ മുഖാമുഖം നോക്കി…. അവരെ അമ്പരപ്പിച്ചത് ഒരു കാര്യമാണ്… ഇത്രയും നാൾ ഈ കൊടും വേദന ഇയാൾ എങ്ങനെ സഹിച്ചു..? ഒരു പക്ഷേ മദ്യലഹരിയിൽ അറിഞ്ഞു കാണില്ലായിരിക്കാം. വയറ്റിലൊരു വലിയ മുഴ.. അത് പഴുത്ത് പൊട്ടിവയറ് മൊത്തം വ്യാപിച്ചു. ” ഇത്രയും കാര്യങ്ങൾ അയാളെ ഹോസ്പിറ്റലിലെത്തിച്ചവരിൽ നിന്നും അറിഞ്ഞതാണ്. താൻ തന്നെ മുൻകൈ എടുത്ത് പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.. എല്ലാത്തിനും കണക്ക് നോക്കാതെ തന്നെ പണം ചിലവാക്കി. ………. “ഇതെന്തൊരു കിടത്തമാ… കുഞ്ഞ് വരാറായി… ” സ്കൂളീന്ന് മോൻ വരാറായെന്ന അമ്മയുടെ ഓർമ്മപ്പെടുത്തൽ ചിന്തകളിൽ നിന്നും ഉണർത്തി…. ജീവിതത്തിന്റെ മടക്കി വെച്ച ഒരധ്യായം ചുരുളഴിഞ്ഞ് ഓടി മറയുകയായിരുന്നു ഇതുവരെ മനസ്സിലുടെ…………………..,,,,,,, അയാൾ മരിച്ചിട്ട് ആറു വർഷം ആവുകയാണ് നാളെ.ഇത് വരെ ചെയ്യാതിരുന്ന ഒരു കർമ്മം നാളെ ചെയ്യുകയാണ്.. മകനെ കൊണ്ട് അച്ചന് ബലിയിടീക്കണം… അലഞ്ഞു നടക്കുന്ന ആത്മാവിന് താൻ കാരണം മോക്ഷം കിട്ടാതിരിക്കരുത്…………….. ഉച്ചയോടു കൂടി ബലിതർപ്പണം നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിലെത്തി… രാവിലത്തെ തിരക്കൊഴിയാൻ മനപൂർവ്വം കാത്തിരുന്നതാണ് ഉച്ചവരെ… പ്രതീക്ഷിച്ചതു പോലെ തിരക്ക് വളരെ കുറവ്.
ബലി ക്രിയകൾ പറഞ്ഞു തരുന്നവരിൽ ഒരാളോട് വിവരം പറഞ്ഞു. “ദാ ആ കാണുന്ന കൗണ്ടറിൽ നിന്ന് അമ്പത് രൂപയുടെ ഒരു കുപ്പൺ എടുത്ത് അതിനോടു ചേർന്നുള്ള കൗണ്ടറിൽകൊടുക്കുക… ആവശ്യമുള്ളതെല്ലാം അവിടുന്നു തരും… തോർത്തൊഴികെ, “അയാൾ കൈ ചൂണ്ടിയിടത്തു നിന്നും ബലിക്കാവശ്യമായ സാധനങ്ങൾ വാങ്ങി.തോർത്ത് രണ്ടെണ്ണം കരുതിയിട്ടുണ്ട്. മുങ്ങിക്കുളിച്ച് ഈറനായി മുന്നിലിരിക്കുന്ന എട്ടു വയസ്സുകാരന്റെ മുഖത്തെ അമ്പരപ്പ് കണ്ട് ബലി കർമ്മി പറഞ്ഞു… ” ഒന്നും പേടിക്കണ്ട കുട്ടീ.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് അതേ പോലെ ചെയ്താ മതി” കർമ്മി പറഞ്ഞ പ്രകാരം പവിത്ര മണിഞ്ഞ കൈ ജലത്താൽ നനച്ച് എള്ളും പൂവും ചന്ദനവുമെടുത്ത് തൂശനിലയിൽ നിരത്തി വെച്ചിരിക്കുന്ന മൂന്ന് ഉരുളകളിലും വെച്ചു ഓരോന്നിലും വെയ്ക്കുമ്പോൾ വൃദ്ധനായ കർമ്മിപതുക്കെ പറഞ്ഞു…. “ആത്മ പിണ്ഡം, അമൃത പിണ്ഡം, പഞ്ചാമൃത പിണ്ഡം……….. — ” വീണ്ടും കൈ നനച്ച് എള്ളും പൂവും ചന്ദനവും എടുക്കുക… അതിന് ശേഷം ഞാൻ പറയുന്നതു പോലെ തെറ്റാതെ പറയുക ” എന്ന് കുട്ടിയോട് പറഞ്ഞിട്ട് പിതൃമോക്ഷ മന്ത്രം ജപിച്ചു. ” അബ്രാഹ്മണോ…. യാ… പിത്രുവംശജാതാ…. അക്ഷയമുപതിഷ്ട തി………….. മന്ത്രം ശ്രദ്ധിച്ച് കേട്ട് തെറ്റാതെ അതേ പോലെ ചെയുന്ന മകനേ നോക്കി മാറിൽക്കുന്ന തന്റെ കണ്ണുകൾ നിറയുന്നത് എന്തിനു വേണ്ടിയാണ്… ചുറ്റിലും നോക്കി.. ആരും തന്നെ ശ്രദ്ധിക്കുന്നില്ല…” അകലെ മാറി നിന്ന അവൾ കണ്ടു കർമ്മിപറയുന്ന വാക്കുകൾ ഏറ്റു പറയുന്ന മകനെ………” ഈ ലോകത്ത് എന്റെ അച്ഛൻറേയും അമ്മയുടേയും വംശത്തിൽ ജനിച്ചവരും.’ അല്ലാതെയുള്ളവരും, കഴിഞ്ഞ രണ്ടു ജൻമങ്ങളിലായ് എന്നേ ആശ്രയിച്ചവർക്കും, സഹായിച്ചവർക്കും, എന്റെ സുഹൃത്തുക്കൾക്കും ‘ഞാൻ ആശ്രയിച്ച സമസ്ത ജീവ ജാലങ്ങൾക്കും ‘എൻറെ അമ്മയുടെ കുലത്തിൽ നിന്ന് വേർപെട്ടു പോയ എല്ലാ വർക്കും, എന്റെ അച്ചന്റെ .ഗുരുവിന്റെ ബന്ധുക്കളുടെ കുലത്തിൽ നിന്ന് വേർപെട്ടു പോയ എല്ലാ വർക്കും, കഴിഞ്ഞ കാലങ്ങളിൽ പിണ്ഡ സമർപ്പണം സ്വീകരിക്കാൻ കഴിയാതെ പോയ എല്ലാ വർക്കും, മക്കളോ ഭാര്യയോ ഭർത്താവോ ഇല്ലാത്ത കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും പട്ടിണിയിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും ആയുസ്സെത്താതെ മരിച്ചവർക്ക് വേണ്ടിയും….
ഈ ലോകം കാണാനാകാതെ അമ്മയുടെ ഗർഭപാത്രത്തിൽ ആയുസ്സെത്താതെ മരിച്ചവർക്ക് വേണ്ടിയും….. ഞാനീ പ്രാർത്ഥനയും അന്നവും ജലവും പുഷ്പവും സമർപ്പിക്കുന്നു…. സമർപ്പയാമി….. ” ഇല ചുരുട്ടി തലയ്ക്ക് മീതെ പിടിച്ച് ജലത്തിലിറങ്ങി തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന് തലയ്ക്കു മുകളിലൂടെ പുറകോട്ടെറിഞ്ഞ് മൂന്ന് മുങ്ങി വരിക…..” അയാളുടെ വാക്കുകൾ പ്രകാരം മൂന്ന് മുങ്ങിക്കയറിയ മകന്റെ ശിരസ്റ്റ് അമർത്തി തോർത്തികൊടുക്കുന്ന ഈറൻ തോർത്ത് അവളുടെ കണ്ണീർ വീണ് വീണ്ടും നനഞ്ഞു…. വല്ലാത്തൊരാത്മസംതൃപ്തിയോടെ മകന്റെ കൈപിടിച്ച് നദീതീരത്തു നിന്നും തിരിഞ്ഞു നടക്കുമ്പോൾ കേട്ടു…… “ഗംഗേ ച യമുനാ ചൈ വേ….. ഗോദാവരിസരസ്വതി….. നർമ്മദേസിന്ധു കാവേരി…………. പിതൃമോക്ഷ മന്ത്രം ആർക്കോ പറഞ്ഞു കൊടുക്കുന്ന മറ്റൊരു കർമ്മി…… പ്രിയപ്പെട്ടവരാരോ നഷ്ടപ്പെട്ട മറ്റൊരാൾ എത്തിയിരിക്കുന്നു…. വിട്ടു പോയ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായ്’തർപ്പണം ,ചെയ്യാൻ.