മിനി ദേവസ്യ (Street Light fb group).
എന്റെ അനുഭവ കുറിപ്പ്.
ബാല്യകൗമാരങ്ങൾ എന്നും നമ്മുടെ ജീവിതത്തിലെ നല്ല കാലങ്ങളാണ് ഓർമ്മയിൽ പൂത്തിരികത്തുന്ന അനുഭവം എത്ര ശ്രമിച്ചാലും മറക്കാൻ കഴിയുമോ ? ആ വസന്തകാലം.
എനിക്കുമുണ്ടായിരുന്നു അങ്ങനെയൊരുകാലം എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ടൊരു കൂട്ടുകാരി ഉണ്ടായിരുന്നു ചുരുണ്ടമുടിയും നിണ്ടുവിടർന്ന കണ്ണുകളും വട്ടമുഖവുമുള്ള ഇരുനിറത്തിൽ ഒരുസുന്ദരിക്കുട്ടി.ഒത്തിരി സ്നേഹത്തോടെ എന്നെ ..മിനിക്കുട്ടി..
എന്നാണവൾ വിളിച്ചിരുന്നത് ക്ലാസ്സിൽ
ഒരേ ബെഞ്ചിൽ അടുത്തടുത്താണ് ഞങ്ങൾ ഇരിക്കുന്നത്. കണക്കിൽ കണക്കായ എന്നെ കണക്കുപഠിത്തത്തിൽ സഹായിക്കുന്നതവളാണ് ഹോം വർക്ക്
ഉള്ള ദിവസം എനിക്കുവേണ്ടി നേരത്തേ
വരും. ക്ലാസ്സിൽ മറ്റുകൂട്ടുകാർ വരുംമുന്നേ അവൾ ചെയ്തുകൊണ്ടുവരുന്ന ഉത്തരങ്ങൾ
ആരുംകാണാതെ ഞാൻ എന്റെ ബുക്കിലെഴുതും. ക്ലാസ്സിൽ
ടെസ്റ്റ്പേപ്പർ ഇടുംമ്പോൾ ഉത്തരം എല്ലാം എഴുതിയിട്ട് ടീച്ചർ കാണാതെ
എനിക്ക് കാണിച്ചു തരും അവളുടെ സഹായംകൊണ്ട് പലപ്പോഴും കണക്കിൽ..പൂജ്യം.. മാർക്ക് മേടിക്കാതെ
ഞാൻ രക്ഷപെടും.
അങ്ങനെ ഞങ്ങളുടെ സ്നേഹനദി
നിർല്ലോഭം ഒഴുകവേ ഒരുദിവസം അവൾക്ക് പനിപിടിച്ച് ക്ലാസ്സിൽ വന്നില്ല. അന്ന് അപ്രതിക്ഷിതമായി കണക്ക്ടീച്ചർ
ടെസ്റ്റ്പേപ്പർ ഇട്ടു ഒന്നിനും ഉത്തരമറിയാതെ വിയർത്ത് കുളിച്ചു ഞാൻ.അവസാനം എന്തൊക്കെയോ കാട്ടികൂട്ടി പേപ്പർ ടീച്ചറുടെ കൈയിൽ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് പേപ്പറുമായി ക്ലാസ്സിൽ വന്ന ടീച്ചർ
വലിയ ദേഷ്യത്തിൽ ..മിനി ദേവസ്യ..
സ്റ്റ്ാന്റ്അപ്പ് എന്നലറി എനിക്ക് ഏറെക്കുറെ കാര്യംപിടികിട്ടി കാഴ്ചബംഗ്ലാവിലെ വസ്തുവിനെപ്പോലെ
എല്ലാക്കണ്ണുകളും എന്നിലേയ്ക്ക.പേടിച്ചുവിറച്ച ് ഒരുവിധത്തിൽ എഴുന്നേറ്റ് നിന്നു ബോധം മറഞ്ഞുപോയെങ്കിൽ എന്നു
തോന്നിയ നിമിഷം കാരണം ടീച്ചറിന്റെ ചൂരൽപ്രയോഗം അത്രയ്ക്ക ഭീകരമാണ്
അടികിട്ടിയാൽ രണ്ടാഴ്ച്ചത്തേക്ക് കൈ പൊങ്ങില്ല എന്റെ മുഖഭാവം കണ്ടിട്ടാവാം പാവം അന്നടിച്ചില്ല
പകരം പേപ്പർ എന്റെ നേരേനീട്ടി
മിനി ദേവസ്യ ..പൂജ്യം.. മാർക്ക് എന്നുറക്കെ വിളിച്ചു പറഞ്ഞു എല്ലാതവണയും പാസായിരുന്ന ഞാൻ
പൂജ്യം മേടിച്ചപ്പോൾ ലോകത്ത് എനിക്കുമാത്രമേ പൂജ്യം കിട്ടിയൊള്ളൂ
എന്ന പ്രതീതി ക്ലാസ്സിൽ എല്ലാവരുടെയും മുഖത്ത്കണ്ടു ഞാൻ
ഷാന്റിയുടെ കണക്ക് കോപ്പിയടിച്ച് ജയിക്കുന്ന വിവരം കുറച്ചുപേർക്ക്
മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ് അതറിയാവുന്നവർ കുശുകുശുത്തു ടീച്ചറുടെ കത്തുന്ന നോട്ടത്തിൽ കുശുകുശുപ്പ് മുങ്ങിപ്പോയി
!എന്താ മിനി പൂജ്യം മാർക്ക് മേടിക്കാൻ കാരണം എന്ന് ടീച്ചർ ചോദിച്ചപ്പോൾ എനിക്ക് മുഖംകുനിക്കാനേ കഴിഞ്ഞൊള്ളു. കാരണം അന്നെന്റെ പ്രിയ കൂട്ടൂകാരി വന്നില്ല എന്നു പറയാൻ പറ്റില്ലാല്ലോ..നന്നായി കണക്ക്
പഠിപ്പിക്കുന്ന ടീച്ചർക്ക് ഞാൻ പൂജ്യം വാങ്ങിയത് വലിയ അപമാനമായി
അങ്ങനെ മൂന്നാമത്തെ ബെഞ്ചിൽ
രണ്ടാമത് ഇരുന്ന എന്നെ ഒന്നാമത്തെ
ബെഞ്ചിൽ ഒന്നാമത് ഇരുത്തി കണക്ക് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി
പൂജ്യം കിട്ടുന്നതുവരെ കണക്ക് പഠിക്കാതെയിരുന്ന ഞാൻ എങ്ങനെയും
കണക്ക് പഠിക്കണമെന്ന വാശിയിൽ കൂടുതൽ ശ്രമിക്കാൻ തുടങ്ങി
അങ്ങനെ എട്ടാം ക്ലാസ്സിലെ കണക്കെന്ന കീറാമുട്ടിയെ കൂട്ടുകാരിയുടെ സഹായത്തോടെ പഠിച്ചെടുത്തു പകരമായി ഞാനവൾക്ക് ഇംഗ്ലീഷ് പറഞ്ഞുകൊടുക്കും. എന്ത് കിട്ടിയാലും
എനിക്കായ് പങ്ക്വെക്കും ആ കാലത്ത് അവളുടെ അമ്മാവൻന്മാർ ഗൾഫിലുള്ള സമയം അവർ കൊണ്ടുവരുന്ന മിഠായികൾ, ക്രിം, ഈന്തപ്പഴം,പിന്നെ വീട്ടിൽ ആദ്യമായുണ്ടാകുന്ന പുളി,ചാമ്പക്ക,കണ്ണിമാങ്ങ,നെല്ലിക്ക ഇതൊക്കെ എനിക്കായ് കൊണ്ടുവരും
പൊതുവെ അന്തർമുഖിയായഞാൻ
അധികമാരോടും സംസാരിക്കില്ല
കാരണം എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന
എന്റെ അപ്പച്ചൻ എനിക്ക് നാല് വയസ്സുള്ളപ്പോൾ മരിച്ചു ആ വേർപാട്
എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു ആറ്
ഏഴ് വയസ്സുവരെ ഉമ്മറത്ത് അപ്പച്ചനെ നോക്കിയിരുന്ന കൊച്ചുടുപ്പുകാരിയെ
മാറ്റിയെടുത്തത് എന്റെ പ്രിയ സ്നേഹിതയായാരുന്നു. ഒരുവലിയ പാത്രത്തിൽ എനിക്കുംകൂടിയുള്ള
ചോറുംകറികളുമായിട്ടാണ് എന്നുമവൾ
സ്കൂളിൽ വന്നിരുന്നത് എന്റെ കുറവുകൾ പറഞ്ഞുമനസിലാക്കി
ഒത്തിരിസ്നേഹിച്ചിരുന്ന കൂട്ടുകാരി.എപ്പോഴും പറയും നീ എനിക്ക് കൂടെ പിറക്കാതെ പോയ സഹോദരി ആണെന്ന്.ചിരിച്ചുംകളിച്ചും
സമയം കടന്നുപോയി പഠിത്തം അതിന്റെ മുറപോലെ നടന്നു ഞങ്ങൾ പത്താം ക്ലാസ്സിലെത്തി ഇതിനിടയിൽ
ഒരിക്കൽപോലും ഞങ്ങൾ പിണങ്ങിയിട്ടില്ല നല്ല മാർക്കോടെ പത്ത്
പാസാകാൻ പഠിച്ചുകൊണ്ടിരുന്നു
പി.ഡി.സിയും നേഴ്സിംഗും ഒരുമിച്ചു
പഠിക്കാൻ പ്ലാൻചെയ്തു. പത്തിൽ പരീക്ഷ കഴിഞ്ഞ് പിരിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു. ഒരേ കോളേജിൽ
ഒരുമിച്ച്ഒരേവിഷയം എടുത്ത് പഠിക്കാം
അങ്ങനെ എല്ലാം പറഞ്ഞ്വെച്ച് ഞങ്ങൾ യാത്രപറഞ്ഞു
അവളുടെ വീട് ഹൈറേഞ്ചിൽ ഉപ്പുതോട് ഭാഗത്തായിരുന്നു സ്കൂളിനടുത്തുള്ള അമ്മവീട്ടിൽ നിന്നാണ് പഠിച്ചിരുന്നത് റിസൽട്ട് വന്നപ്പോൾ രണ്ട്പേരും നല്ലമാർക്കേടെ പാസായി സന്തോഷത്തേടെ ഒരുമിച്ച്
കോളേജിൽ ചേരാൻ കാത്തിരുന്നു
എന്തോ രണ്ടുപേർക്കുംഒരുമിച്ച് ഒരുകോളേജിൽ അഡ്മിഷൻ കിട്ടിയില്ല
സങ്കടം തോന്നിയെങ്കിലും നേഴ്സിംഗ്
എന്തുവന്നാലും ഒരുമിച്ച് ചേരണം അങ്ങനെ ഉറച്ചതീരുമാനം എടുത്തു പിന്നെ മാസത്തിൽ രണ്ട് എഴുത്തുകൾ വീതം അയക്കണം അങ്ങനെ ഞങ്ങൾ
രണ്ട് കോളേജിൽ ചേർന്ന് പഠനം തുടങ്ങി. എല്ലാമാസവും അവളുടെ കത്തുകൾ മുടങ്ങാതെ കിട്ടി എന്റെ മറുപടിയുംതുടർന്നു രണ്ട് വർഷം പോയത് അറിഞ്ഞില്ല പരീക്ഷകഴിഞ്ഞ് അവളുടെ വീട്ടിലേക്ക് പോകും മുൻമ്പ്
ഞങ്ങൾ ടൗണിൽ വച്ച് കണ്ടു ഒരുബേക്കറിയിൽ കയറി ചായയും,പപ്പ്സും, സമോസയുമൊക്കെ
കഴിച്ച് സന്തോഷത്തേടെ പിരിഞ്ഞു.
മഞ്ഞയിൽ കറുപ്പ്പുള്ളികളുള്ള ചുരിദാറിട്ട അവൾ അന്ന് പതിവിലും സുന്ദരിയായി എനിക്ക്തോന്നി ഞാനത്
അവളോട് പറയുകയും ചെയ്തു.
ഇനിയൊരിക്കലും അവളെ കാണാൻ കഴിയില്ല അതിനാലാവാം അന്നവൾ കൂടുതൽ സുന്ദരിയായി തോന്നിയത്.
റിസൽട്ടിനായ് കാത്തിരുന്ന സമയം അപ്പോഴും അവളുടെ കത്തുകൾ മുടങ്ങാതെ വരും .ദിവസങ്ങൾ പതിവുപോലെ ഒഴുകി ഒരുദിവസം പറമ്പിൽ വിറകൊടിച്ചുകൊണ്ടിരുന്ന ഞാൻ അടുത്തവീട്ടിലെ കുട്ടി നേരത്തെ കോളേജ് വിട്ടുവരുന്നത് കണ്ട് ചോദിച്ചു
എന്താ നേരത്തെ പോന്നെ എന്ത്പറ്റി..?
വിടിനടുത്തുള്ള പാരലൽകോളേജിൽ
പഠിക്കുന്ന ആ കുട്ടിയെ എന്റെ കൂട്ടുകാരിയുടെ ബന്ധുവായ ചേച്ചി പഠിപ്പിക്കുന്നുണ്ട്! അപ്പോൾ ചേച്ചി അറിഞ്ഞില്ലേ..?ഹൈറേഞ്ചിൽ ബസ്മറഞ്ഞ് ഒരുപാട്പേർക്ക് പരിക്ക്പറ്റി ആ കൂട്ടത്തിൽ നമ്മുടെ ഷാന്റിയുമുണ്ട് ബന്ധുവായ ചേച്ചി അങ്ങോട്ട് പോയതിനാൽ നേരത്തെ വിട്ടു .ചേച്ചി വിഷമിക്കേണ്ട ഷാന്റിചേച്ചിക്ക് കുഴപ്പമില്ല എന്നാണ് ടീച്ചർ പറഞ്ഞത്!എനിക്ക് തലകറങ്ങുംപോലെ തോന്നി അങ്ങനെയോ പറമ്പിൽ നിന്നും വീട്ടിലെത്തിയ ഞാൻ ആരും കാണാതെ
എത്രനേരം കരഞ്ഞന്നെറിയില്ല ആ രാത്രി എനിക്കുറങ്ങാൻ പറ്റിയില്ല അവളുടെ വിവരമറിയാൻ പ്രാർത്ഥനയോടെ ഇരുന്നു ആ രാത്രിക്ക് ഒത്തിരി ഇരുട്ടും നീളവും തോന്നി അന്ന്
ഫോൺ ഒന്നും ഇല്ലാത്ത സമയം ആരോട് എന്ത് ചോദിക്കാൻ. കരഞ്ഞ് കരഞ്ഞ് നേരം പുലർന്നപ്പോൾ പത്രം വരുന്നതും നോക്കി ഒരേ നില്പ്പ് പത്രം വന്നതും ആർത്തിയോടെ കൈയിലെടുത്തു .മുൻപേജിൽത്തന്നെ
പ്രിയ കൂട്ടുകാരിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ എന്റെ കൈയിൽ നിന്നും പത്രം ഊർന്ന്
വീണു. മരിച്ച എട്ടുപേരുടെ കൂട്ടത്തിൽ
അവളും ഉണ്ടായിരുന്നു. അവസാനമായി
ഒന്നുകൂടി കൂട്ടുകാരിയെ കാണാൻ പറ്റില്ലല്ലോയെന്നോർത്ത്
ഹ്യദയംനുറുങ്ങി കരഞ്ഞു. രംഗബോധമില്ലാതെ മരണമെന്ന കോമാളി എന്റെ പ്രിയപ്പെട്ട സ്നേഹിതയെ കൊണ്ടുപോയി ദിവസങ്ങൾ, മാസങ്ങൾ ഞാൻ കരഞ്ഞുഉണ്ണാതെ ഉറങ്ങാതെ.അവൾ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ
എനിക്ക് ഒരു എഴുത്ത്കിട്ടി മരിക്കുംമുൻമ്പ് എനിക്കുവേണ്ടി എഴുതിയ അവസാനകത്തുംപോസ്റ്റ് ചെയ്ത് തിരികെ വരുമ്പോഴാണ് ബസ്മറിഞ്ഞ് വിധി അവളെ തട്ടിയെടുത്തത് കത്ത്പൊട്ടിച്ച് വായിക്കാൻ കണ്ണുനീർമൂലം അക്ഷരങ്ങൾ കാണാതെയായി അവൾ മരിച്ചില്ല എന്നെനിക്ക് തോന്നി പിന്നെയും അവളുടെ കത്തിനായി കാത്തിരുന്നു.പിന്നീടൊരിക്കലും എഴുത്തുകൾ വന്നില്ല! വർഷങ്ങൾ ആരുടെയും നഷ്ടം ഓർത്ത്വെയ്ക്കില്ല
ഞാൻ തുടർന്ന്പഠിച്ച് നേഴ്സായിജോലി
നേടി ഒരിക്കലും എന്റെ പ്രിയകൂട്ടുകാരിയെ മറന്നില്ല ഇന്നും മനസ്സിൽ നീറുന്നോർമ്മയായ് അവളുണ്ട്
ആ സ്നേഹവും. പത്രത്തിൽ നിന്നും വെട്ടിയെടുത്ത ചിരിതൂകുന്ന ഫോട്ടേയും എനിക്കവൾ അവസാനമായി എഴുതിയ …എന്റെ മിനിക്കുട്ടക്ക്.. എന്നുതുടങ്ങുന്ന കത്തും നിറം മങ്ങിയെങ്കിലും ഒരു നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. ഈ ഡിസംബർ വരുമ്പോൾ അവൾ മരിച്ചിട്ട് ഇരുപത്തഞ്ച് വർഷങ്ങൾ പിന്നിട്ട്കാണും ഇപ്പോഴും മഷി ഉണങ്ങിപ്പോയ ആ കത്ത് ഇടക്ക് ഞാൻ
വായിക്കാറുണ്ട്. ജീവിച്ച് കൊതി തീരാതെ മരിച്ചവർ വാൽനക്ഷത്രമായി
ആകാശത്ത് പ്രത്യക്ഷപ്പെടും തനിക്ക്
പ്രിയപ്പെട്ടവരെ കാണാൻ.. എന്ന് മുത്തശ്ലിമാർ പറയാറുണ്ട്..ഞാൻ ആഗ്രഹിക്കാറുണ്ട് പ്രിയ കൂട്ടുകാരി
നീയൊരു വാൽനക്ഷത്രമായി
ഒരിക്കലെങ്കിലും വന്നിരുന്നുവെങ്കിൽ
എന്നു വെറുതെ മോഹിക്കും…