ബിബിൻ.
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ രണ്ട് പ്ലാസ്റ്റിക് കസേരകൾ ഉണ്ടായിരുന്നു… ആ വീട്ടിൽ വന്ന കാലം മുതൽ രണ്ടുപേരും അടുത്തടുത്താണ് കിടന്നിരുന്നത്… അവർ അങ്ങനെ സ്നേഹത്തിൽ കഴിഞ്ഞു വന്നിരുന്നകാലം.. ആ വീട്ടിലെ ഓരോ അംഗങ്ങളും വന്ന് തങ്ങളുടെ മുകളിൽ ഇരിക്കുമ്പോൾ അവരെ താങ്ങി നിർത്താൻ ആ കസേരകൾക്ക് എന്നും ഉത്സാഹമായിരുന്നു… വീട്ടിലെ മറ്റു കതകും ജനലും ഒക്കെ അവരെ ‘ആസനം താങ്ങി’ എന്ന് പറഞ്ഞു കളിയാക്കിയപ്പോളും അവർ സന്തോഷത്തോടെ അവരുടെ ജോലി തുടർന്നുകൊണ്ടിരുന്നു… ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടി മുതൽ മുതിർന്നവർ വരെ തങ്ങളെ ഇട്ടു വലിക്കുകയും നിരക്കുകയും എറിയുകയും ഒക്കെ ചെയ്യുമ്പോൾ വേദന സഹിച്ചാണെങ്കിലും അവർ അതൊക്കെ ആസ്വദിച്ചിരുന്നു…
കാലങ്ങൾ മുന്നോട്ട് പോയി… കസേരയുടെ കാലിന്റെ ബലം എല്ലാം കുറഞ്ഞു തുടങ്ങി.. ദേഹത്ത് കറുത്ത പുള്ളികൾ വീണു, തൊലി പൊളിയാൻ തുടങ്ങി… ഇനി ഇതിൽ ഇരിക്കാൻ കൊള്ളില്ല വേറെ രണ്ടു കസേരകൾ വാങ്ങണം എന്ന് വീട്ടുകാർ പറയുന്നത് അവർ വിഷമത്തോടെ കേട്ടു… തങ്ങൾക്കിനി അധികം ആയുസില്ല എന്ന് മനസ്സിലാക്കാൻ ആ കസേരകൾക്ക് അധികം സമയം വേണ്ടി വന്നില്ല… മുൻവശത്ത് എല്ലാവരും കയറി വരുന്നതെ സ്വീകരിക്കാൻ തയ്യാറായി കിടന്നിരുന്ന തങ്ങളുടെ സ്ഥാനത്തേക്ക് ഇപ്പോൾ ഇതാ പുതിയ രണ്ടു കസേരകൾ വന്നു ചേർന്നിരിക്കുന്നു… അതോടെ അവരുടെ സ്ഥാനം പിന്നാമ്പുറത്തേക്ക് മാറ്റപ്പെട്ടു…
ഈ അവസ്ഥയിൽ വീണ്ടും കാലങ്ങൾ മുന്നോട്ട് പോയപ്പോൾ തങ്ങളുടെ ബലം വീണ്ടും കുറഞ്ഞു വരുന്നു എന്ന് അവർ മനസ്സിലാക്കി… ഒരിക്കൽ ആരോ തന്റെ മുകളിൽ ചവിട്ടി നിക്കാൻ ശ്രമിച്ചപ്പോൾ ആ ശക്തി താങ്ങാൻ വയ്യാതെ ഒരു കസേര കാലൊടിഞ്ഞു വീണു… കസേരയ്ക്ക് തന്റെ കാലൊടിഞ്ഞതിലും കൂടുതൽ വേദന തന്നെ ചവിട്ടി നിന്ന ആൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നുള്ളതായിരുന്നു… കാലോടിഞ്ഞതോടെ വീടിനു പുറത്തുള്ള വിറക് പുരയിലേക്ക് മാറ്റപ്പെട്ട കസേര അവിടെ കൈ ഒടിഞ്ഞ മറ്റൊരു പ്ലാസ്റ്റിക് കസേരയെ കാണാനിടയായി… തനിക്ക് മുൻപേ അവിടെ ഉണ്ടായിരുന്ന കസേര ആണ് താനെന്നും നിങ്ങൾ രണ്ടുപേർ മുൻവശത്ത് വന്നപ്പോൾ പിന്നിലേക്ക് മാറ്റപ്പെട്ടവനാണ് താനെന്നും ആ കസേര വിശദീകരിച്ചു…
ഇതേ സമയം കാലോടിഞ്ഞ കസേര പോയപ്പോൾ ഒറ്റയ്ക്കായ കസേര വളരെയേറെ ബുദ്ധിമുട്ടാനുഭവിക്കുന്നുണ്ടായിരുന്നു… വന്നപ്പോൾ മുതൽ ഉണ്ടായ കൂട്ട് പോയി, ഇപ്പോൾ താൻ ഒറ്റയ്ക്ക് എന്നുള്ള തോന്നൽ ആ കസേരയെ പിടികൂടി… എങ്ങനെയും ആ കസേരയുടെ അടുത്തെത്തണം എന്നതായി പിന്നെ ഉള്ള ചിന്ത.. ഒരിക്കൽ വീട്ടിൽ വന്ന ഒരു അതിഥി തന്റെ മുകളിൽ വന്ന് ഇരുന്നപ്പോൾ ആ കസേര തന്റെ കാലുകൾ ചെറുതായി അകത്തി.. അങ്ങനെ ചെയ്താൽ ഇരിക്കുന്ന ആളിന്റെ ബലത്തിൽ തന്റെ കാലുകളും ഒടിയുമല്ലോ എന്നും തന്നെയും മറ്റേ കസേരയുടെ കൂടെ കൊണ്ട് ഇടുമല്ലോ എന്നുള്ളതുമായിരുന്നു കസേരയുടെ ഉദ്ദേശം.. കസേര ഉദ്ദേശിച്ചപോലെ ഇരുന്ന ആളുടെ ബലത്തിൽ ആ കസേരയുടെ കാൽ ഒടിഞ്ഞു.. കാലോടിഞ്ഞപ്പോൾ വേദന തോന്നിയെങ്കിലും തന്റെ കൂട്ടുകാരന്റെ അടുത്തേക്ക് തനിക്കും പോകാമല്ലോ എന്ന് ചിന്തിച്ചപ്പോൾ അതിലേറെ സന്തോഷവും തോന്നി.. അങ്ങനെ ആ കസേരയും മറ്റു രണ്ട് കസേരയോടൊപ്പം ചേർന്ന് പഴയകാല കാര്യങ്ങൾ ഓരോന്നൊരൊന്നായി പരസ്പരം പങ്കുവച്ച് മുന്നോട്ട് പോയി…
അങ്ങനെ ഇരിക്കെ ഒരിക്കൽ അവിടെ ഒരു ആക്രി പെറുക്കുന്ന ആൾ വന്നു.. ഉപയോഗമില്ലാത്ത മൂന്ന് പ്ലാസ്റ്റിക് കസേരകൾ കിടപ്പുണ്ട് എടുത്തോളൂ എന്ന് പറയുന്നത് ആ കസേരകൾ കേട്ടു… തങ്ങളെ ഇവിടുന്ന് വീണ്ടും പിരിക്കാനാണല്ലോ എന്നോർത്തപ്പോൾ അവർക്കു വീണ്ടും വിഷമം ആയി… പക്ഷെ ഒന്നും ചെയ്യാൻ നിവൃത്തി ഇല്ലല്ലോ… കൂടെ പോവുക തന്നെ… അങ്ങനെ അവർ ആ ആക്രിക്കാരന്റെ കൂടെ യാത്ര ആയി.. അയാളിൽ നിന്നും മറ്റൊരാളിലേക്ക് അവിടെനിന്നും വേറൊരാളിലേക്ക് അങ്ങനെ അവസാനം അവർ കസേരകൾ റീസൈക്കിൾ ചെയ്യുന്ന സ്ഥലത്തെത്തി.. അവിടെ ചെന്നപ്പോൾ അവർക്ക് മനസ്സിലായി ഇവിടെയാണ് തങ്ങളുടെ അവസാനം എന്ന്…
ആ റീസൈക്കിൾ മെഷീനിലേക്ക് പോകുന്നവഴി അവർ മൂന്നുപേരും പരസ്പരം പറഞ്ഞു:
“ഈ മെഷീനപ്പുറം ഒരു ജീവിതം നമുക്കുണ്ടെങ്കിൽ അവിടെ വച്ച് നമുക്ക് വീണ്ടും കണ്ടുമുട്ടാം..”