അനുകൃഷ്ണ.
കൂടൊന്നു വേണം
മണ്ണിനും വിണ്ണിനുമിടയിൽ
കൂടുക്കൂട്ടാനൊരു ചില്ലയും
കൂടാകെ സത്യവെളിച്ചം
നിറയ്ക്കണം
അലങ്കരമായ്
ചിന്തകൾ വേണം
സുഗന്ധസൂനങ്ങളാൽ
ശയ്യയൊരുക്കണം
മലർമണം
കട്ടെടുക്കാനെത്തും
തെന്നലിൽ കൈയിൽ
വിശറി കെടുക്കണം
ഇലകളുടെഗീതിയിൽ
ഇരവിന്റെ
നഗ്നത തൊട്ടറിയും
നിലാമഴയാകണം..
മുളം തണ്ടിലൊളിപ്പിച്ച
പ്രണയരാഗം
പാടണം മതിവരുവോളം..
കൂട്ടിലിരുന്നെനിക്കെല്ലാം
അറിയണം
അഴിച്ചുവയ്ക്കുന്ന
കള്ളത്തരങ്ങളെ,
ചോരമണക്കുന്ന പകലും
കണ്ണുകെട്ടിയ നീതിയും
പൊയ് മുഖങ്ങൾ
കിരാതനൃത്തവും
കണ്ണാലൊപ്പിയെടുക്കണം
ഇരുട്ടിലെനീതീക്ക്
പാനമായെൻ നിണം
പകരുന്ന ജനനിയായ്
ഇവിടെയിരുന്നെനിക്കെല്ലാം
കാണണം
സത്യധർമ്മങ്ങൾക്ക്
വഴിയൊരുക്കാൻ..