ശവത്തിനെന്തു വിലകിട്ടും. (കവിത)

ശവത്തിനെന്തു വിലകിട്ടും. (കവിത)

0
518
അനഘ രാജ്. (Street Light fb group)
അമ്മയുടെ വയറു ചവിട്ടിപ്പൊളിച്ചു
പൊക്കിള്‍ക്കൊടി മുറിച്ചു വേരറ്റ്
പുറത്തുവരുമ്പോഴേക്കും നീ നിന്‍റെ
സൂചിമുനകളില്‍ രാസസൂത്രം നിറച്ചിറക്കി
പൊരുതി നേടാനുള്ള കഴിവിനെ കൊല്ലണം
വയസ്സെണ്ണിത്തിരിച്ചെന്നിലേക്കു നിന്‍റെ
വിദൂരനിയന്ത്രിത സമവാക്യങ്ങളുടെ
രാസഗുണിതചേരുവകള്‍ നിത്യവും
പലപേരുകളുടെ ഭയനിര്‍ബന്ധങ്ങളാല്‍
ജീവനില്‍ കുത്തിനിറച്ചുപതുക്കെ മയക്കണം
നിന്റെ കൂര്‍ത്ത മൂര്‍ത്ത വേരുകളാഴ്ത്തി
എന്റെ രക്തവും മജ്ജയുംഊറ്റിക്കുടിച്ച്
ബോധമണ്ഡലത്തില്‍ മരുന്നെന്ന മന്ത്രംനിറച്ച്
ഞാനെന്ന പച്ച ജീവനെ ചലിക്കും പിണമാക്കിയ
പണമുരുക്കി ആസ്തികളുടെ അതിരുവലുതാക്കണം
ഊര്‍ദ്ധശ്വാസംവലിച്ചു കണ്ണുമിഴിക്കുമ്പോള്‍
കുറ്റിയില്‍ നിറച്ച വായുവിനു വിലപേശി
ഊറിവീഴുന്ന ജീവനെ മുറിച്ചുതൂക്കി വിറ്റു
ചുറ്റും ശ്വാസംകഴിക്കാതെ വാതുറന്നവരിലേക്ക്
പേടിയുടെ കോലുകുത്തിയിറക്കി കാശുപിടുങ്ങണം
പിടച്ചു മടിച്ചു മിടിച്ചവസാനിക്കും മുന്‍പ്
അനക്കം ബാക്കിയായവയുടെ എണ്ണമെടുത്ത്
ഓരോന്നിനും തരാതരം വിലച്ചീട്ടെഴുതി ഒട്ടിച്ച്
ആരുമറിയാതെ വിറ്റുകാശാക്കി ശേഷിക്കുന്ന
ശവച്ചണ്ടിക്കെന്തു കിട്ടുമെന്നു ലേലം വിളിക്കണം

Share This:

Comments

comments