Friday, April 26, 2024
HomePoemsഇടയസ്നേഹം.. (കവിത)

ഇടയസ്നേഹം.. (കവിത)

ഇടയസ്നേഹം.. (കവിത)

ജോസഫ് കാവ്യസാന്ദ്രം. (Street Light fb group)
ഒടുവിലെന്നുടെ മടിയിൽ വീണടി-
ഞ്ഞിടറിത്തേങ്ങി നീ വല്ലകീ
പിടയും കരളുമായുരുകി നീ മൊഴി-
ഞ്ഞിടയസ്നേഹമേ, വിടയിനി!
:
രമണനൊമ്പരം മിഴിയിലെഴുതിയ
സുമദലം കൊഴിഞ്ഞടർന്നുപോയ്.
പ്രണയവാഹിനീ പുളിനഭൂമിയിൽ
പിണങ്ങി മേഷമിഥുനങ്ങൾ…!
:
അകലെ ഗഗനവീഥിയിങ്കൽ
അലയും വിരഹിണി നിറമതി
അവളലിഞ്ഞു പോം തുഷിനതാരയിൽ
അവന്റെ മുരളി തൻ തേങ്ങലും…!
:
വിപിനസാനുവിൽ നിൻ വിരൽ തൊടും
വിടർന്ന നീർമണിപ്പൂവതും
കരഞ്ഞു കേൾക്കയാണെന്നെയും കൂടെ
കൊണ്ടുപോകുമോ നീ സഖേ…?
:
പ്രണയഗീതികൾ പെയ്തൊരംബരം
പ്രാണൻ ചോർന്ന പോൽ കേഴുന്നു.
വിങ്ങുമെന്നുടെ ഹൃദയവീണയും
വിരഹിചന്ദ്രിക തിരയുന്നു.

 

RELATED ARTICLES

Most Popular

Recent Comments