Saturday, April 20, 2024
HomeLiteratureമുകളിലത്തെ മുറി..... (കഥ)

മുകളിലത്തെ മുറി….. (കഥ)

മുകളിലത്തെ മുറി..... (കഥ)

കാർത്തിക മോഹനൻ. (Street Light fb group)
ആ ഗ്രാമത്തിൽ ഏക്കറുകണക്കിനു പരന്നുകിടക്കുന്ന നെൽപ്പാടത്തിന്റെയങ്ങേയറ്റത്തെ ഓടിട്ട ഇരുനിലവീടിന്റെ മുകളിലത്തെ നിലയിൽ ചാഞ്ഞുനിൽക്കുന്ന മാവിനോട് ചേർന്ന ജനാലകളുള്ള ആ ചെറിയ മുറിയായിരുന്നു അവളുടെ ലോകം.. ഗീത, അവൾ ആ വീട്ടിലെ ഏകസന്തതിയായിരുന്നു. അടുക്കളയാണ് ഭൂലോകത്തിന്റെ കേന്ദ്രമെന്ന് ചിന്തിച്ച് പലപല പണികൾ ചെയ്തും കഴുകിവൃത്തിയാക്കിയ പാത്രങ്ങൾ തുടച്ചുമിനുക്കിയും അമ്മ ദിവസം മുഴുവൻ അതിനുള്ളിൽ നടന്നുതീർക്കുമ്പോൾ ഗീത മുകളിൽ, ആ കുടുസ്സുമുറിയിൽ തന്റേതുമാത്രമായി ഒരു ലോകം സൃഷ്ടിച്ചെടുകയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ പഠിക്കാൻ മിടുക്കിയായിരുന്ന അവൾ മുതിർന്നപ്പോൾ പൊടുന്നനെ തന്നിലേക്കൊതുങ്ങിച്ചേർന്നു. തിരുപ്പൂരിൽ ഒരു ബനിയൻ കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്ന അച്ഛന്റെ വല്ലപ്പോഴുമുള്ള വരവുപോലും അവളെ അലോസരപ്പെടുത്തി. ഈയിടെയായി അച്ഛൻ വീട്ടിലേയ്ക്ക് വന്നു കയറുന്നതു തന്നെ ഗീതയെച്ചൊല്ലി ആവലാതിപ്പെട്ടുകൊണ്ടാണ്. വല്ലപ്പോഴും മാത്രം മുറിയ്ക്കു പുറത്തിറങ്ങുന്ന; വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന ആ പെൺകുട്ടിയെ കാണുമ്പോളെല്ലാം അയാൾക്ക് എന്തെന്നില്ലാത്ത വേദന തോന്നി, ഓട്ടപ്പാച്ചിലിനിടയിൽ താൻ കാണാതെപോയ അവളുടെ കുട്ടിക്കാലവും കളിച്ചിരികളും പ്രപഞ്ചത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളായി അയാൾക്ക് തോന്നി.
ആ മുറിയും അവിടുത്തെ ചിലന്തിവലകളും അവളെ പുറംലോകത്തിൽ നിന്നുമകറ്റി അതിനുള്ളിൽത്തന്നെയെവിടെയോ എന്നെന്നേക്കുമായി കുരുക്കിയിട്ടേക്കുമെന്നയാൾ ഭയന്നു. അവളെ മാറ്റിയെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിലയാൾ പരാജയപ്പെടുകയാണുണ്ടായത്.. മാറ്റം തുടങ്ങേണ്ടത് വ്യക്തിയുടെ മനസ്സിൽ നിന്നാണല്ലോ, അല്ലാതെ ചുറ്റുപാടുകൾ മാറിയിട്ടും സ്വയം മാറാനാഗ്രഹിക്കാത്ത ഒരാൾക്ക് ലോകത്തോട് എന്തായിരിക്കും പുതുതായി പറയുവാനുണ്ടാവുക, ഒന്നുമുണ്ടായിരിക്കില്ല.. പഴയ, വളരെപ്പഴയ മാറ്റമില്ലാത്ത കുറേ കഥകൾ മാത്രം.
ഗീതയുടെ മുറിയിൽ കുറേയധികം പുസ്തകങ്ങളുണ്ടായിരുന്നു, അല്ലെങ്കിൽ കുറേ പുസ്തകങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇടുങ്ങിയ മുറിയുടെ ഏറിയ പങ്കും കൈയടക്കി ഒരു അച്ചടക്കവുമില്ലാതെ അവ പലയിടങ്ങളിലായി നിരന്നു കിടന്നു. പുസ്തകങ്ങൾ അടുക്കിവെക്കുവാനോ മുറി വൃത്തിയാക്കി സൂക്ഷിക്കുവാനോ അവളൊരിക്കലും മിനക്കെട്ടില്ല. അസഹ്യമായ മുട്ടുവേദനയിലും ദ്രവിച്ച ഏണിപ്പടികൾ വലിഞ്ഞുകയറി പിറുപിറുത്തുകൊണ്ട് അമ്മ മുറി വൃത്തിയാക്കുമ്പോൾ അവൾ താഴേയ്ക്കിറങ്ങും. അവൾക്കപ്പോൾ അമ്മയോട് ഒന്നും സംസാരിക്കാനില്ലായിരുന്നു, അമ്മയ്ക്ക് തിരിച്ചും.
ആ മുറിയ്ക്കൊരു ചരിത്രമുണ്ട്.. വർഷങ്ങൾക്കുമുൻപ് അവളുടെ വലിയമ്മ, അതായത് അമ്മയുടെ മൂത്ത സഹോദരി പാർത്തിരുന്ന മുറിയായിരുന്നു അത്. ആ പുസ്തകങ്ങൾക്കുമുണ്ട് ചരിത്രം.. ഒരുകാലത്ത് അവർ ആർത്തിയോടെ വായിച്ചുതള്ളിയ പുസ്തകങ്ങളാണവ. ഗീതയുടെ കുട്ടിക്കാലത്ത് അവരാ മുറിയിലുണ്ടായിരുന്നു. വലിയ ചില്ലുകളുള്ള കണ്ണടയ്ക്കുള്ളിൽ അസാമാന്യ തിളക്കമുള്ള രണ്ടു കണ്ണുകളുമായി ഒരു പേനയോ അല്ലെങ്കിലൊരു പുസ്തകമോ കൈയിൽവെച്ച് അവരെപ്പോഴും ആ ജനാലയ്ക്കരികിലുള്ള കസേരയിൽ ചാഞ്ഞിരിപ്പുണ്ടാകും. അവൾ കുഞ്ഞായിരിക്കുമ്പോൾ അപ്പുറത്തെ പൊന്നിയുടെയും ദേവന്റെയും കൂടെ തൊടിയിൽ ഓടിയും പാത്തും കളിച്ച്; ക്ഷീണിച്ച് കിതച്ചുകൊണ്ട് പടികളേറിവന്ന് അവരുടെ മടിയിൽ കയറിയിരിക്കും, കൈയിലുള്ള പുസ്തകം മേശമേൽ വെച്ച് അവർ കുഞ്ഞിനോട് അന്നത്തെ കളിയുടെ വിശേഷങ്ങൾ ചോദിക്കും, കൊഞ്ചിക്കൊഞ്ചി മറുപടി പറയുന്ന അവളുടെ നിറുകയിലും കവിളത്തും ഉമ്മകൾ നൽകും. ഗീത അവരെ വളരെയധികം സ്നേഹിച്ചു, അവർ തിരിച്ചും. പക്ഷേ ഒരു നാൾ ഉറക്കമുണർന്നപ്പോൾ വലിയമ്മയെ തേടിപ്പോയ അവൾക്കവരെ മുറിയിലെന്നല്ല, ആ വീട്ടിലെങ്ങും കണ്ടെത്താനായില്ല.. അതേസമയം പാടത്തിനക്കരെയുള്ള ക്ഷേത്രത്തിൽ പ്രഭാതപൂജയ്ക്കുമുൻപ് മുങ്ങിക്കുളിക്കാനെത്തിയ പൂജാരി കുളത്തിൽ പൊങ്ങിക്കിടക്കുന്ന സ്ത്രീശരീരം കണ്ടുഭയന്ന് നിലവിളിച്ചോടി. കുഞ്ഞുഗീതയുടെ വലിയമ്മ മരിച്ചു.. ആ തിരിച്ചറിവ് അവളെ ആ മുറിയിൽ നിന്നുമകറ്റി.. ആരും കയറിച്ചെല്ലാനില്ലാതെ മുകളിലത്തെ മുറി അടഞ്ഞുതന്നെ കിടന്നു.
അച്ഛൻ വൈകാതെ ഗീതയെ അടുത്തുള്ള പള്ളിക്കൂടത്തിൽ ചേർത്തു.. അവിടെ പൊന്നിയും ദേവനും ഉണ്ടായിരുന്നു, കൂട്ടത്തിൽ അവൾക്കിഷ്ടപ്പെട്ട വേറെ ചില കൂട്ടുകാരും. അവർക്കിടയിൽപ്പെട്ട് പയ്യെപ്പയ്യെ അവൾ വലിയമ്മയെ മറന്നു. പഠിക്കാനിഷ്ടമുള്ള; കളിക്കാനിഷ്ടമുള്ള പെൺകുട്ടിയായി ഗീത വളർന്നു.
പഠിത്തം കഴിഞ്ഞ് വീട്ടിൽ വെറുതേയിരിക്കുമ്പോഴാണ് അവൾ അടഞ്ഞുകിടന്നിരുന്ന മുകളിലത്തെ മുറിയിൽ കയറി അവിടെയുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം പൊടിതട്ടിയെടുത്തത്. പിന്നീടൊരുനാൾ അവൾ അടുക്കളയിൽച്ചെന്ന് അമ്മയോട് വലിയമ്മ എന്തിനാണ് മരിച്ചതെന്ന് തിരക്കി.. അറിയില്ലെന്നായിരുന്നു മറുപടി. കുറേയേറെ ബുദ്ധിമുട്ടിച്ചപ്പോൾ പണ്ട് വലിയമ്മയ്‌ക്കൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും, അത് മുത്തശ്ശൻ എതിർത്തപ്പോൾ കല്യാണമേ വേണ്ടായെന്നു വെച്ചെന്നും, പിന്നീട് അമ്മ കല്യാണശേഷം അച്ഛന്റെ കൂടെ പോന്നപ്പോൾ തറവാട്ടിൽ വലിയമ്മയും മുത്തശ്ശനും തനിച്ചായെന്നും, ഒടുവിൽ പ്രായാധിക്യത്താൽ മുത്തശ്ശൻ മരിച്ചപ്പോൾ ആ തറവാടും അവിടുത്തെ ഓർമ്മകളും വിട്ടെറിഞ്ഞ് അവർ ഇങ്ങോട്ടു പോന്നെന്നും അമ്മ പറഞ്ഞു. പക്ഷേ, അവർ ജീവൻ വെടിയാനുള്ള കാരണമെന്തെന്ന് അമ്മ പറയുകയുണ്ടായില്ല. അവൾ അകാരണമായ ഭയവും ഭാരവും മനസ്സിൽപേറി ആ മുറിയിലേയ്ക്ക് തിരിച്ചുപോയി. കുറേ നാളുകൾക്കു ശേഷം ഉത്തരം കിട്ടാത്ത ആ ചോദ്യം അടുക്കളയിലെത്തി ഗീത ഒരിക്കൽക്കൂടി ചോദിച്ചു, അമ്മ ആദ്യം മൗനം പാലിച്ചുവെങ്കിലും ഒടുവിൽ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കാതെ ആരോടെന്നില്ലാതെ പറഞ്ഞു.. “ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതു കൊണ്ടാവും..” ആ ഉത്തരവും തന്റെ മനസ്സിലെ ചോദ്യങ്ങളും കൂട്ടിവായിച്ചുകൊണ്ട് ഗീത പടിയേറിപ്പോയി. അന്നുരാത്രി അവളുറങ്ങിയില്ല, അന്നാദ്യമായി അവളൊറ്റയ്ക്ക് ആ മുറിയിൽ കഴിച്ചുകൂട്ടി.. പിന്നീടെന്നും അവിടെത്തന്നെ കിടന്നുറങ്ങി. ദിവസങ്ങളോരോന്നും ആ വീട്ടിൽ ആകാംക്ഷയോടെ വന്നുകയറി ഒടുവിൽ അവളുടെ നിശ്ശബ്ദതയ്ക്കും ചുവരുകൾക്കുള്ളിലെ മൂകതയ്ക്കും മാത്രം സാക്ഷിയായി മടുപ്പോടെ പടിയിറങ്ങിപ്പോയി.
കുറച്ചു നാളുകൾക്ക് മുൻപ് ഗീത പുതിയൊരു സ്വഭാവം തുടങ്ങിയിരുന്നു, അവളുടെ ദിവസങ്ങളെയും നിമിഷങ്ങളെയും പുസ്തകത്തിലാക്കുന്ന സ്വഭാവം.. അതുപക്ഷേ സാധാരണയാളുകൾ അന്നന്നു നടന്ന കാര്യങ്ങൾ തീയതിയിട്ട് എഴുതിവെക്കുന്നതുപോലെയല്ലായിരുന്നു, മറിച്ച് ഗീതയെഴുതിയത് തന്റെ നാളെകളെക്കുറിച്ചായിരുന്നു. നാളെകളിൽ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലാത്തതുകൊണ്ട് അവൾക്കതെളുപ്പമായിതോന്നി. ആരോ എവിടെയോ ചിട്ടപ്പെടുത്തിവെച്ചത് പോലെ നാളെകളെക്കുറിച്ചുള്ള എഴുത്തും അവളുടെ നാളെകളും മാറ്റങ്ങളേതുമില്ലാതെ തുടർന്നുപോന്നു. മുറിയിൽ പൊടിയും ചിലന്തിവലകളും പെരുകിപ്പെരുകി വന്നു. അമ്മയുടെ മൗനവും അച്ഛന്റെ ആധിയും അവളെ ബാധിക്കുന്ന കാര്യങ്ങളല്ലായെന്നതുകൊണ്ടുതന്നെ ആ മുറിക്കും വീടിനും ഒരു മാറ്റവും സംഭവിച്ചില്ല.
ഗീതയുടെ പതിനെട്ടാം പിറന്നാളിന്റെ തലേന്ന് രാത്രി അച്ഛൻ നന്നേ ക്ഷീണിച്ച് വീട്ടിൽ വന്നുകയറി. അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് കൈകഴുകി അയാൾ അൽപനേരം ഉമ്മറത്തുപോയിരുന്നു. ശേഷം താൻകൊണ്ടുവന്ന പൊതിയുമെടുത്ത് ഗീതയുടെ മുറിയിലേയ്ക്ക്പോയി. അവളുറങ്ങിയിരുന്നില്ല, എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നുവന്ന് തോന്നി. അയാൾ അവൾക്കരികിൽച്ചെന്ന് അവൾക്കായി വാങ്ങിയ പുതുവസ്ത്രമാണിതെന്നും പുലർച്ചെ എഴുന്നേറ്റ് കുളിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തിൽ വരണമെന്നും പറഞ്ഞു, ഗീതയിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല. അവൾ പുസ്തകത്തിൽനിന്നും കണ്ണുകളെടുത്ത് ജനാലയ്ക്കുള്ളിലൂടെ മാവിന്റെ ചാഞ്ഞ ചില്ലകളിൽ അവളെത്തന്നെ തുറിച്ചുനോക്കി നിന്നിരുന്ന ഇരുട്ടിനെയോ, അതിനുള്ളിലൊളിച്ച മറ്റെന്തിനെയോ നോക്കിയിരുന്നു. അൽപനേരം കൂടി അവൾക്കരികിൽ നിന്ന ശേഷം അയാൾ മുറിയ്ക്കുപുറത്തിറങ്ങി, ഒന്നുകൂടിയവളെ തിരിഞ്ഞുനോക്കി തന്റെ മനസ്സിലെന്തോയുറപ്പിച്ചെന്നവണ്ണം താഴേയ്ക്കുപോയി.
ആ രാത്രിയും ഗീത ഉറങ്ങിയില്ല.. അവൾ എഴുതിക്കൊണ്ടേയിരുന്നു. അവളുടെ ജനാലയ്ക്കുപുറത്ത് കാറ്റിന്റെ അകമ്പടിയോടെ മഴ പെയ്തുവീഴാൻ തുടങ്ങിയിരുന്നു. നാളെ തന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു, അത്ര വ്യക്തമായി ഭാവിയറിയാവുന്ന ഭൂമിയിലെ അന്നേ രാവിലെ ഏക ജീവി അവൾ മാത്രമായിരുന്നു.. അതുകൊണ്ടുതന്നെ അവൾക്കെഴുതാനേറെയുണ്ടായിരുന്നു. അവൾ നിർത്താതെയെഴുതുമ്പോൾ തകർത്തുപെയ്യുന്ന മഴയും മാവിൻചില്ലയിലെ ഇരുട്ടും അവളെത്തന്നെ നോക്കി നിന്നു.
പുലർച്ചെയെഴുന്നേറ്റ് കുളിച്ചു തയ്യാറായ അച്ഛൻ അവളെ വിളിക്കാൻ മുറിയിൽ ചെന്നു നോക്കി, ഗീത അവിടെയെങ്ങുമുണ്ടായിരുന്നില്ല. മുറിയിലും വീടിനകത്തും തൊടിയിലുമെല്ലാം അച്ഛൻ വിലപിച്ചുകൊണ്ടോടിനടന്നുനോക്കി, ഗീത എവിടെയും ഉണ്ടായിരുന്നില്ല. അയാൾ പറഞ്ഞത് വിശ്വാസമാകാതെ അവളെത്തേടി ഏന്തിയും വലിഞ്ഞും ഏണിപ്പടിയേറി മുകളിലെത്തിയ അമ്മ അവിടെ ആകെ കണ്ടെത്തിയത് മേശമേൽ ഭദ്രമായി അടച്ചുവെച്ചിരുന്ന ഒരു പഴയ ദ്രവിച്ച പുസ്തകമാണ്. അവരത് പതിയേ കൈയിലെടുത്തു, തുറന്നു. അതിന്റെ ആദ്യപേജിൽ എന്നോ മറന്നുവെന്നു താൻ ഭാവിച്ച തന്റെ സഹോദരിയുടെ പഴക്കം ചെന്ന് മങ്ങിത്തുടങ്ങിയ കൈപ്പട കണ്ടതും അവർ ഞെട്ടി. ഒറ്റ നിൽപ്പിൽ അവരെല്ലാം വായിച്ചു തീർത്തു.. എല്ലാം.. എന്നെന്നേക്കുമായി നഷ്ടപ്പെട്ട പ്രണയവും തങ്ങളുടെ അച്ഛന്റെ മരണവും പിന്തുടർന്നുവന്ന ഏകാന്തതയുമെല്ലാം സഹോദരിയുടെ എഴുത്തിൽ മരവിച്ചുകിടന്നു. അതേ കൈപ്പടയിലെഴുതിത്തീർത്ത ഒടുവിലത്തെ പേജിനു മുകളിൽ നശിച്ച ആ തീയതി കുറിച്ചിരുന്നു.. അതിനു താഴെ, തലേന്ന് രാത്രി തനിക്കു സംഭവിച്ച നഷ്ടം താങ്ങാനാവാത്തതാണെന്നും അതുകൊണ്ടുതന്നെ ഇനിയീ ഭൂമിയിൽ ജീവിക്കുന്നതിലർത്ഥമില്ലെന്നും കുറിച്ചിരുന്നു. അവർ നിറഞ്ഞ കണ്ണുകൾ തുളുമ്പി ജനാലയിലൂടെ പുറത്തേക്ക് നോക്കി.. മാവിൻചില്ലകൾ ഇളംകാറ്റിൽ മൃദുവായി ആടുന്നുണ്ട്.. അവരോർത്തു, അന്ന് അസമയത്ത് എന്തോ ശബ്ദം കേട്ടുണർന്ന് മുറിയ്ക്കുപുറത്തിറങ്ങിയ താൻ ഗീതയുടെ അച്ഛൻ ഇരുളിൽ ഗോവണിയിറങ്ങി വന്നതു കണ്ടമ്പരന്നു. തന്നെ പ്രതീക്ഷിക്കാതെ മുന്നിൽക്കണ്ടപ്പോൾ അദ്ദേഹം പരിഭ്രമിച്ച് തങ്ങളുടെ മുറിയിൽക്കയറി വാതിൽ കൊട്ടിയടച്ചു. മുകളിലെ മുറിയിൽനിന്നും ചേച്ചിയുടെ ഏങ്ങലുകൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കിറങ്ങിവന്ന് ഏണിപ്പടിയിറങ്ങി തൻ്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തനിക്കൊന്നിനും ധൈര്യമുണ്ടായിരുന്നില്ല.. ഒന്നൊച്ചയുയർത്തി സംസാരിക്കാൻ പോലും.. കല്യാണം കഴിഞ്ഞ് ആ വീട്ടിലേയ്ക്ക് കയറിവന്നയന്നുമുതൽ അങ്ങിനെയായിരുന്നുവല്ലോ… സഹോദരിയെച്ചെന്നൊന്നു നോക്കാനുള്ള ശക്തി പോലുമില്ലാതെ നേരം വെളുക്കും വരെ താനവിടെത്തന്നെയിരുന്നു. പക്ഷേ, ദുരന്തത്തിന്റെ കൈപിടിച്ചുവന്ന ആ പ്രഭാതം തന്നെയില്ലാതാക്കി, ചേച്ചിയുടെ വെള്ളം കുടിച്ചു ചീർത്ത ദേഹം കണ്ട നിമിഷത്തിൽ തന്നിൽ കുടിയേറിയ മൗനം ഇന്നീ നിമിഷം വരെയും തന്നെ വിട്ടൊഴിഞ്ഞില്ല, ഗീത തന്റെ കണ്മുന്നിൽ വളർന്നിട്ടുപോലും. അവർ പുസ്തകം മടക്കി.. ഗീതയെല്ലാം അറിഞ്ഞിരിക്കുന്നു, അവളുടെ ഒരിക്കലും തീരാത്ത സംശയത്തിന് മറുപടിയായി താൻ കൊടുത്ത മൗനം കള്ളമായിരുന്നുവെന്ന് അവളറിഞ്ഞിരിക്കുന്നു. അവരുടെ ശരീരമാകവേ വിറകൊള്ളാൻ തുടങ്ങി. തൊട്ടുമുൻപ് താനടച്ച പുസ്തകം അവരൊരിക്കൽക്കൂടി തുറന്നു.. അവരുടെ കരഞ്ഞുചുവന്ന മിഴികൾ അതിന്റെയവസാന പേജിൽ തറച്ചു നിന്നു.. അതിൽ ഗീതയെഴുതിയ അക്ഷരങ്ങളെ ചേർത്തുവെച്ച് അവരിങ്ങനെ വായിച്ചു.. “ഈ വീടിനെ ഞാൻ വെറുക്കുന്നു, അമ്മയുടെ മൗനത്തെയും അച്ഛന്റെ സ്നേഹത്തെയും വെറുക്കുന്നു, അതിനാൽത്തന്നെ ഞാനീ ഭൂമിയെ വെറുക്കുന്നു.. ഗീത.”
ബോധരഹിതയായി നിലത്തേയ്ക്കൂർന്നു വീഴുമ്പോൾ അമ്മയുടെ കൈയിൽനിന്ന് താഴെ വീണ ആ പഴകിയ പുസ്തകത്തിലെ ഗീതയുടെ പേരുപതിഞ്ഞ അവസാനയേട് പുറത്തെ മാവിന്റെ ചാഞ്ഞച്ചില്ലകളെ ആട്ടിയുലച്ച് ജനാലയ്ക്കുള്ളിലൂടെയകത്തു കടന്ന കാറ്റിൽപ്പെട്ട് പുസ്തകത്തിൽ നിന്നടർന്നു മാറാൻ ബദ്ധപ്പെട്ടു.
ക്ഷേത്രത്തിലെ പഴയ വയസ്സൻ പൂജാരി വർഷങ്ങൾക്കുശേഷം അന്നും ഉച്ചത്തിൽ കരഞ്ഞു. അതുകേട്ടാണ് ക്ഷേത്ര പരിസരത്തുള്ളവരെല്ലാമെഴുന്നേറ്റത്.. ഗീത ക്ഷേത്രക്കുളത്തിൽ പൊങ്ങിക്കിടന്നു.. പതിവുപോലെ ശാന്തയായി നിശ്ശബ്ദയായി അവൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു..
നെൽപ്പാടത്തിന്റെയങ്ങേയറ്റത്തെ ഓടിട്ട ഇരുനിലവീടിന്റെ മുകളിലത്തെ മുറി പിന്നീടാരും തുറന്നുകണ്ടില്ല.. ആരും…

 

RELATED ARTICLES

Most Popular

Recent Comments