Thursday, May 2, 2024
HomeSTORIESതൊണ്ണൂറാം വയസ്സിലെ പ്രണയം. (കഥ)

തൊണ്ണൂറാം വയസ്സിലെ പ്രണയം. (കഥ)

തൊണ്ണൂറാം വയസ്സിലെ പ്രണയം. (കഥ)

ദീപകാവ്യാമോൾ. (Street Light fb group)
രണ്ടുദിവസ്സമായി ഹൃദയം പടപടാ മിടിക്കുന്നു….. മോളുടെ വീട്ടിൽപ്പോയി മടങ്ങി വന്നതിനുശേഷമാണത്. മകൻറ്റെ ഫോണിൻറ്റെ റിങ്ങ്ടോണൊരു പ്രേമഗാനമാണ്….! അതുകേൾക്കുമ്പോൾ ഇടനെഞ്ച് വല്ലാതെ കുതിച്ചുയരുന്നു….. ഹൃദയം പുറത്തേക്കു തള്ളാതിരിക്കാൻ അപ്പിപ്പിടിച്ചപ്പോൾ അവളോടി വന്നു. പല്ലില്ലാത്ത മോണകാട്ടി ഒരമറലും. “എന്താ മനുഷ്യാ അറ്റാക്കാണോ….? ആശൂത്രിപോണോ….? “അറ്റാക്ക് നിൻറ്റെ അപ്പന്…….!! എന്നു പറയാൻ വന്നത് വിഴുങ്ങി. തൊണ്ണൂറാം വയസ്സിലും ആ എരുമയ്ക്ക് നല്ല ആരോഗ്യമാണ്…..!!!! അവളെ ഒരുവിധം ഒതുക്കിയിട്ട് വടീം തപ്പിയെടുത്ത് മുറ്റത്തെ കാർഷെഡിനരികിൽ പോകാം. അവളങ്ങോട്ടു വരില്ല. മുട്ടിനു വേദനയായോണ്ട് പുറത്തിറങ്ങില്ല. ആ ചെറുക്കൻറ്റെ കൈയീന്ന് അടിച്ചുമാറ്റിയ മൊബൈൽ തലയിണയ്ക്കടിയിലുണ്ട്… രാവിലെ അവനത് തപ്പിനടക്കുന്നത് കണ്ടു. ഇടയ്ക്ക് വന്ന് അപ്പൂപ്പാ മൊബൈൽകണ്ടോ എന്നൊരന്വേഷണവും. ചെവികേക്കാത്തപോലിരുന്നതോണ്ട് രക്ഷപെട്ടു. മരുമോള് പൂതനേടെ കണ്ണീപ്പെടാതെ അടുക്കളഭാഗത്തൂടെ പോണം……
അങ്ങനെ കാർഷെഡ്ഡിലെത്തി. മടിയിൽനിന്ന് കണ്ണാടിയെടുത്തു വച്ചു. മൊബൈൽ ഫോണോണാക്കി. ഇതൊന്നും മറന്നിട്ടില്ല….. പണ്ട് എത്ര ടൈപ്പ് ചെയ്തിട്ടുള്ളതാ. ഫെയ്സ്ബുക്കിലെ ആർക്കോ പ്രണയലേഖനം എഴുതുന്നൂന്നു പറഞ്ഞ്, എൺപതാം പിറന്നാളിൻറ്റെ അന്ന് ആ എരുമയെടുത്ത് ക്ലോസ്സറ്റിലിട്ടതാ ഫോൺ. പിന്നെ ഫോൺ തൊടാനവളു സമ്മതിച്ചിട്ടില്ല.
മോളുടെ വീട്ടിലെത്തിപ്പോഴാണവളെ കണ്ടത്…..!! പണ്ട് ഫേസ്ബുക്കിലൂടെ സ്ഥിരം ചാറ്റുമായിരുന്നവള്….!! ഫോൺ പോയതിൽപ്പിന്നെ വിവരമൊന്നും അറിയാതിരിക്കുകയായിരുന്നു. മോളുടെ അയൽക്കാരിയായി അവൾ വന്നെന്ന് കഴിഞ്ഞാഴ്ചയാണ് അറിഞ്ഞത്. ചെറുമോൻറ്റെ പിറന്നാളിനു പോയപ്പോൾ, അന്ന് എല്ലാരും ഉണ്ടാരുന്നതു കൊണ്ട് മിണ്ടാൻ പറ്റിയില്ല. രണ്ടുദിവസം മുമ്പ്, മോടെ തളർന്നു കിടക്കുന്ന അമ്മായിഅപ്പനെ കാണണമെന്നു വാശിപിടിച്ച് പോയത് അവളെ കാണാനാണ്…..!! വാട്ട്സ് ആപ്പ് നമ്പർ എങ്ങനെയോ വാങ്ങി. അവൾക്ക് നല്ല മാറ്റം, മുടിയൊക്കെ നരച്ച്, പല്ലൊക്കെ പോയി……!! ഫേസ്ബുക്കിലെ ഫോട്ടോയിലവളെന്തു സുന്ദരിയായിരുന്നു……!!!!
ആലോചന ഇനി പിന്നെ, ആദ്യം എഴുതട്ടെ. പണ്ടത്തെ ആവേശം ഒട്ടും ചോർന്നുപോയില്ലാന്നു എഴുതിത്തുടങ്ങിയപ്പോഴാണ് മനസ്സിലായത്. അവളുടെ പോയ പല്ലിനേം നരച്ചമുടിയേം ഒന്നും വെറുതെവിട്ടില്ല. നല്ലോണം പുകഴ്ത്തി അസ്സലൊരണ്ണമങ്ങു കാച്ചി. ആ എന്തൊരു തൃപ്തി. ” മുത്തേ പൊന്നേ പിണങ്ങല്ലേ ഇത്രയും നാള് എഴുതാഞ്ഞേന്. എൻറ്റെ ഭാര്യ എരുമയെൻറ്റെ ഫോണെടുത്തു ക്ലോസറ്റിലിട്ടതാണേ”. എന്നൊരും കാച്ചും. നെറ്റ് സ്ലോ ആണ്. പതുക്കയേ പോണുള്ളു. ആ പോയി. ഇനി ഫോൺ ഒളിപ്പിക്കണം. ചെറുക്കനു ഫോൺ കൊടുക്കുന്നില്ല. അവളുടെ മറുപടി വരട്ടെ. എന്നിട്ടാലോചിക്കാം.
എങ്ങനെയോ ആരും കാണാതെ അകത്തുകയറി ഫോണൊളിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു. അവളുടെ മറുപടി വന്നില്ല. ആകെ വെപ്രാളം. പണ്ട് ബസ്സുകാത്തു നിൽക്കുന്ന കാമുകിമാരെ കാണാൻപോകുമ്പോപ്പോലും ഇത്രയും ടെൻഷനില്ല. ഭാര്യ ഇടയ്ക്കിടെ സംശയത്തോടെ നോക്കുന്നു…… നിങ്ങക്കെന്താ മനുഷ്യാ കുരുവാണോ….? എന്നൊരു ചോദ്യവും. അവളുടെ മറുപടി ഒന്നിങ്ങു വന്നോട്ടെ. നിന്നെ കളഞ്ഞിട്ട് തൊണ്ണൂറാം വയസ്സിൽ ഞങ്ങളൊളിച്ചോടുമെടി…..കാണിച്ചു തരാമെടി….. അവൾ കാണാതെ പല്ലിറുമ്മി. മറുപടി വന്നില്ലെന്നാണെങ്കിൽ ഒരെണ്ണെം കൂടി അയയ്ക്കാം. ഇനി അവക്കു കണ്ണുകാണില്ലായിരിക്കുമോ….? അന്നു വൈകിട്ട് സംശയത്തിന് മറുപടി കിട്ടി. അവളുടെ മോൻ കൈയിലൊരു ഫോണും പിടിച്ച് മുറ്റത്തുവന്ന് അലറുന്നു. പുറത്തേക്കിറങ്ങിച്ചെന്നമോനോട് അയാൾ കൈയിലെ ഫോൺകാണിച്ച് എന്തൊക്കെയോ പറയുന്നു. മകൻ ചെറുമോനെ വിളിക്കുുന്നു. അവൻ കൈമലർത്തുന്നു. ദൈവമേ കുഴപ്പമായോ. വിവരമെന്താണെന്ന് മരുമോൾ തിരക്കുന്നു. അകത്തേക്കു കറി വന്ന മകൻ പറയുന്നു നിൻറ്റെ മോൻറ്റെ ഫോണിൽനിന്ന് അയാടെ അമ്മയ്ക്ക് വാട്ട്സാപ്പിൽ പ്രണയലേഖനം ചെന്നത്രേ…….!! നിനക്ക് ആ കിളവിയെയേ കിട്ടിയൊള്ളോ…..!! എന്ന അർത്ഥത്തിൽ മരുമകൾ ചെറുക്കനെ നോക്കുമ്പോ പെണ്ണുമ്പിള്ളയുടെ നോട്ടം തൻറ്റെ നേർക്കു വരുന്നതറിഞ്ഞ് അവിടുന്ന് മുങ്ങി.
ക്ലൈമാക്സ് – ഭാര്യ തലയിണയ്ക്കടിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുക്കുന്നു. അതിനുശേഷം അതിലെ മെസ്സേജ് എല്ലാരും വായിക്കുന്നു. ഇങ്ങേരെ എനിക്കുവേണ്ട. ഞാൻ ഡൈവോഴ്സ് ചെയ്യാൻ പോന്നെന്നും പറഞ്ഞ് ഭാര്യ ഒരുങ്ങി. തൊണ്ണൂറാം വയസ്സിൽ ഡൈവോഴ്സോ…?? മകനും മരുമകളും പകച്ചു. എന്നാലും അവൾ പെട്ടിയും കിടക്കയുമെടുത്ത് വേറെ മുറി തേടിപ്പോയി. എരുമയെപ്പോലാരുന്നെങ്കിലും അവളൊരു കൂട്ടാരുന്നു… ഒരുപ്രേമലേഖനം വരുത്തിയ വിനമൂലം ഇനി ഒറ്റക്ക് കിടക്കണം. അവളെ വിളിച്ചാ അവൾ തൊഴിക്കും. പ്രണയലേഖനം വരുത്തിയ വിന…..
RELATED ARTICLES

Most Popular

Recent Comments