Friday, April 19, 2024
HomeLiteratureശില്പിയുടെ നിയോഗം (കഥ).

ശില്പിയുടെ നിയോഗം (കഥ).

ശില്പിയുടെ നിയോഗം (കഥ).

കാർത്തിക മോഹനൻ (Street Light fb group).
ആ ദേശത്തെ ഒരേയൊരു ശില്പിയായിരുന്നു നന്ദഗോപൻ, ലക്ഷണമൊത്ത ശില്പങ്ങൾ ധാരാളമുണ്ടായിരുന്നൂ അയാളുടെ ഓടുമേഞ്ഞ വീടിനോടു ചേർന്നുള്ള ചായ്പ്പിൽ. ആദ്യകാഴ്ച്ചയിൽ തന്നെ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന പല സുന്ദരികളും, അഴകും വടിവുമൊത്തിണങ്ങിയ സാലഭഞ്ജികകളും, കൈയിൽ ഉടവാളുമേന്തി; കലിയുടെ ഒടുവിലത്തെ നാഴികയിലെപ്പോഴോ ശാന്തസ്വരൂപം പൂണ്ട ഭദ്രകാളിയും, കണ്ണുകളടച്ചു ധ്യാനനിരതനായി നിൽക്കുന്ന സന്യാസിയും, ശിരസ്സിൽ കിരീടം ചൂടിയ ഗന്ധർവനുമെല്ലാം ശില്പിയുടെ അപാരമായ കഴിവിന്റെ പ്രതീകങ്ങളായി ഇടുങ്ങിയ ആ ചായ്പ്പിൽ തിങ്ങിഞെരുങ്ങി നിന്നു. ദൂരദേശങ്ങളിൽ നിന്നു തന്നെത്തേടിയെത്തുന്നവരിൽ നിന്നും പ്രതിഫലമായി നാണയങ്ങൾ എണ്ണം പറഞ്ഞു വാങ്ങി അയാൾ ശില്പങ്ങൾ മെനഞ്ഞുനൽകി.  ശില്പകലയിലുള്ള നന്ദഗോപന്റെ പ്രാവീണ്യമറിയാവുന്ന ആവശ്യക്കാർ തീരെയും തർക്കിക്കാൻ നിൽക്കാതെ ചോദിക്കുന്നതത്രയും ആ കൈവെള്ളയിൽ വെച്ചുകൊടുത്ത് ജീവൻ തുടിയ്ക്കുന്ന കളിമൺപ്രതിമകൾ സ്വന്തമാക്കി തിരിച്ചുപോയി. നിമിഷങ്ങളും ദിവസങ്ങളും മാറ്റങ്ങളേതുമില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു. തന്റെ ശില്പചാതുര്യത്തിൽ ദൂരദേശക്കാർ വരെ അത്ഭുതപ്പെടുമ്പോൾ നന്ദഗോപൻ മാത്രം പലപ്പോഴും ചിന്താമഗ്നനായി കാണപ്പെട്ടു. കാരണമിതായിരുന്നു, നാളിതേവരെ താൻ മെനഞ്ഞെടുത്ത ശില്പങ്ങളെല്ലാം മറ്റുള്ളവരെ ആകർഷിക്കുന്നവയായിരുന്നു, എന്നാൽ  അവയൊന്നുംതന്നെ തന്റെ ഹൃദയത്തിന്റെ ഉള്ളറയെ തെല്ലും സ്പർശിച്ചിട്ടില്ല. ചുറ്റുമുള്ളവരെ നിരന്തരമായി സന്തോഷിപ്പിക്കുന്ന ഒരു കർമ്മം മാത്രമാണ് താനിതുവരെ ചെയ്തുകൊണ്ടിരുന്നതെന്ന് അയാൾ നീണ്ട ചിന്തകൾക്കും നാഴികകളോളം നടത്തിയ അവലോകനങ്ങൾക്കുമൊടുവിൽ കണ്ടെത്തി. പലപല മനോവിചാരങ്ങൾക്കുള്ളിൽ നിന്നും തന്റെ ജീവിതനിയോഗമെന്തെന്നു  കണ്ടെത്തുവാൻ  കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഒടുവിലയാൾ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ആ മടുപ്പിൽ നിന്നും, ആശയക്കുഴപ്പത്തിൽനിന്നും രക്ഷ നേടാനായി അയാളൊരു മാർഗ്ഗം കണ്ടെത്തി – നീണ്ട ഒരു യാത്ര.. ലക്ഷ്യമില്ലാതെ, മുൻകൂട്ടിയുറപ്പിച്ച ദിശകളിലൂടെയല്ലാതെ തികഞ്ഞ ഏകാന്തത മാത്രം കൂട്ടായുള്ള ഒരു യാത്ര. ആ തീരുമാനത്തിന്നൊടുവിൽ ഏറെ നാളുകളിലെ ഉറക്കമില്ലായ്മയ്ക്ക് അല്പം മാറ്റം വരുത്തി അന്ന് ശില്പിയുടെ കണ്ണുകളടഞ്ഞു, ഇടയ്ക്ക് ആരോ വിളിച്ചിട്ടെന്നതുപോലെയൊന്നു ഞെട്ടിയെഴുന്നേറ്റതൊഴിച്ചാൽ ആ രാത്രിയിലയാൾ തികച്ചും സ്വസ്ഥനായുറങ്ങി.
നന്നേപുലർച്ചെയെഴുന്നേറ്റു, കുളിച്ചു ശുദ്ധനായി തന്റെ പണിസാധനങ്ങൾ ഒരു സഞ്ചിയിലാക്കി അതും തോളിൽ തൂക്കി അയാൾ വീടിനു പുറത്തേക്കിറങ്ങി. യാത്രയാരംഭിക്കുന്നതിനു മുൻപ് ചായ്പ്പിനുള്ളിൽച്ചെന്ന് അവിടെയുള്ള നിശബ്ദ ശില്പങ്ങളെയെല്ലാം ഒന്നു നോക്കി, അവരോടു യാത്ര ചോദിക്കാനെന്നപോലെ. അവയെയെല്ലാം ഒരു മാത്ര കണ്ണുകൾകൊണ്ടൊന്നുഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി… നേർത്ത ഒരു  പിൻവിളി കേട്ടുവോ, നന്ദഗോപൻ ചായ്പ്പിലേക്ക് അവസാനമായൊന്നുകൂടി നോക്കി, ഇല്ല, ഒന്നുമില്ല, തോന്നിയതാവും. അയാൾ പതിയെ മുറ്റത്തേക്കിറങ്ങി, പക്ഷേ ഒരിക്കൽക്കൂടിയെന്തോ സംശയം തോന്നിയിട്ടെന്നവണ്ണം തിരിഞ്ഞു ചായ്പ്പിനുള്ളിലേക്ക് വീണ്ടും കയറി. താൻ ജന്മമേകിയ ശില്പങ്ങളെ ഒരിക്കൽക്കൂടി സൂക്ഷ്മമായി നോക്കി, ഇല്ല, ഒന്നിനും ഒരു മാറ്റവുമില്ല, പക്ഷേ എന്തോ ഒന്നുണ്ട്.. ഭദ്രകാളീ ശില്പത്തിനു മാത്രം ചെറിയ ഒരു സ്ഥാനഭ്രംശം സംഭവിച്ചതുപോലെ. അയാൾ അതിനരികിൽ ചെന്നു നോക്കി. നോക്കിനിൽക്കെ ദേവിയുടെ ഇരുകണ്ണുകളിൽ നിന്നും രക്തം കിനിഞ്ഞു കവിളുകളിലേയ്ക്കൊഴുകിയിറങ്ങുന്നതുപോലെ തോന്നി, ഒന്നു ഞെട്ടിത്തരിച്ച് പുറകിലോട്ടു മാറീ ശില്പി.. പിന്നെ ധൈര്യം സംഭരിച്ച് അതിനരികിലേയ്ക്കുവന്ന് വിരലുകൾ കൊണ്ട് അതിന്റെ കണ്ണുകളിൽ തൊട്ടു, സാവധാനം കവിളുകളിലും.. ഇല്ല, ദേവീകപോലത്തിൽ ചെറിയ നനവുപോലുമില്ല, തനിയ്ക്കു തോന്നിയതാവണം. കാരണമില്ലാത്ത എന്തോ ഒരു ഭയം നന്ദഗോപന്റെ മനസ്സിനെ വന്നു പൊതിഞ്ഞു. എങ്കിലും തന്റെ തീരുമാനത്തിലുറച്ച് അയാൾ ചായ്പ്പിൽനിന്നും പുറത്തേക്കിറങ്ങി. തിരിഞ്ഞുനോക്കിയില്ല പിന്നെ.. വേഗത്തിൽ നടന്നൂ, കാണുന്ന വഴികളിലൂടെയെല്ലാം നടന്നു, ദിക്കും ദേശവുമറിയാതെ നടന്നൂ. ദാഹിച്ചപ്പോൾ മുന്നിൽക്കണ്ട അരുവികളും പുഴകളും അയാൾക്കു നീരേകീ, വിശന്നപ്പോൾ വഴിയിൽക്കണ്ട പഴങ്ങളും ഇലകളും ഭക്ഷണമായീ, പേരറിയാത്ത സത്രങ്ങളും ക്ഷേത്രങ്ങളും ആൽത്തറകളും ക്ഷീണത്തിൽ തണലായീ. പല ദേശങ്ങളിലെയും നാടുവാഴികൾക്കു മുന്നിൽച്ചെന്നു വണങ്ങി ശില്പി അവർക്കുവേണ്ടി ശില്പങ്ങൾ മെനഞ്ഞു നല്കീ, അവരാവട്ടെ.. നാണയക്കിഴികളും രത്നങ്ങളും നൽകി അയാളെ യാത്രയാക്കി.
ദിനങ്ങളേറെ കഴിഞ്ഞു, നന്ദഗോപൻ തളർന്നുതുടങ്ങിയിരുന്നു. തുടർച്ചയായുള്ള  അലച്ചിലും മാനസ്സിക സംഘർഷവും അയാളെ വല്ലാതെ തളർത്തി. ദിവസം ചെല്ലുംതോറും തന്റെ മനസ്സിന്റെ വ്യഥ അധികരിച്ചുവരുന്നതായി അയാൾ മനസ്സിലാക്കി. ഇതുവരെയും തന്റെ സംശയങ്ങളെ ദൂരീകരിക്കുന്ന യാതൊന്നും ഉണ്ടായില്ല, അപൂർവ്വതയുള്ള ആരെയും കണ്ടുമുട്ടിയതായും തോന്നിയില്ല. അലക്ഷ്യമായ ഈ യാത്രയുടെ ഒടുവിൽ ഒന്നുകിൽ താൻ തന്റെ ജന്മകർമ്മമെന്തെന്നറിയും, അല്ലെങ്കിൽ മണ്ണോടൊടുങ്ങിത്തീരും, ഇതിലൊന്ന് തീർച്ച, വീണ്ടും ശില്പിയുടെ വിചാരങ്ങൾ ഏറെ ബദ്ധപ്പെട്ട്  ആശ്വാസത്തിന്റ തീരം പുണർന്നു. താനെത്തിച്ചേർന്നിരുന്ന കാടാകെ നിറഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിൻചുവട്ടിൽ അയാൾ നീണ്ടു നിവർന്നു കിടന്നു. മരം ആരെയും കൊതിപ്പിക്കുംവിധം പൂവണിയുകയും ഇലഞ്ഞിപ്പൂമണം വായുവിലാകെ കലരുകയും ചെയ്തിരുന്നു. തന്നെപ്പറ്റിച്ചേർന്നു വീശിയ നനുത്തകാറ്റിൽ; അതിനുള്ളിലൊളിഞ്ഞിരുന്ന മലർഗന്ധത്തിൽ മതിമറന്നു നന്ദഗോപനുറങ്ങി. എത്രനേരം ഉറങ്ങിയെന്നറിയില്ല, ഉണരുമ്പോൾ ചുറ്റിനും ഇരുട്ടായിരുന്നു. കണ്ണുതുറന്നപ്പോൾ അകലെ.. ഇരുണ്ട ആകാശത്തിൽ തന്നെത്തന്നെ തുറിച്ചുനോക്കി നിൽക്കുന്ന ചന്ദ്രനെയും അതിനുകീഴെ നക്ഷത്രക്കുഞ്ഞുങ്ങളെപ്പോലെ മിന്നിത്തിളങ്ങിനിൽക്കുന്ന വെളുത്ത ഇലഞ്ഞിപ്പൂക്കളെയും കണ്ടു. അവയെല്ലാം ഒരുപോലെ തന്നെ മാത്രം നോക്കി പുഞ്ചിരി തൂകുന്നതായി അയാൾക്കു തോന്നി, നന്ദഗോപന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി, പ്രകൃതി തനിയ്ക്ക് കൂട്ടായി വന്നുചേർന്നതുപോലെ. അയാൾ തന്റെ മുന്നിൽ നിരന്ന കാഴ്ചയുടെ മുഴുവൻ മനോഹാരിതയും നുകർന്നെടുക്കാനെന്നവണ്ണം അൽപനേരം കൂടി ആ കിടപ്പു കിടന്നു. പിന്നെ എഴുന്നേറ്റ് മരത്തിന്റെ വീതിയുള്ള തടിയിലേയ്ക്ക് ചാരിയിരുന്നു, വീണ്ടും കണ്ണുകൾ മെല്ലെയടച്ചു. തണുത്ത ഒരു കരസ്പർശം മിഴികളിലൂടെ താഴേയ്ക്ക് അരിച്ചിറങ്ങിയപ്പോഴാണ് ഇക്കുറി അയാൾ കണ്ണുതുറന്നത്… ഭയം കൊണ്ട് അയാളുടെ ഉള്ളാകെയൊന്നു കിടുങ്ങി, അരികിൽ ചെമ്പട്ടുചുറ്റിയ സുന്ദരിയായ ഒരു പെണ്ണ്, അവളുടെ ചുവന്ന കുപ്പിവളകളണിഞ്ഞ കൈകൾ തന്റെ കണ്ണുകളെയും കവിളുകളെയും മൃദുവായ് തലോടുന്നു, ഉടലാകെ വിറകൊള്ളിച്ച ഒരു ഞെട്ടലിൽ അയാൾ ചാടിയെഴുന്നേറ്റു, ഇതൊരു കാടാണ്, താൻ നാളിതുവരേയും താണ്ടിയ അനേകം വനങ്ങളിൽ നിന്നും വ്യത്യാസമേതുമില്ലാത്ത ഒന്ന്.. മനുഷ്യവാസമില്ലാത്ത; വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്.. ഇവിടെ ഒരു പെണ്ണ്.. അതും പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ ഏതോ ഒരു നാഴികയിൽ.. അത് സാധ്യമല്ല.. താൻ തനിയ്ക്കു പിടി തരാത്ത ഏതോ ഒരു സ്വപ്നത്തിന്റെ മായികലോകത്തിലാണോയെന്നയാൾ വല്ലാതെ സംശയിച്ചു. ഇരുകണ്ണുകളും കൈവിരലുകൾ കൊണ്ട് തിരുമ്മിയുണർത്തി അയാൾ വീണ്ടും അവളെ നോക്കി.. അല്ലാ, ഇതു സ്വപ്നമല്ല, മായക്കാഴ്ചയുമല്ല, ഈ കാടു പോലെ സത്യമായ ഒന്ന്, തനിയ്ക്കുമുൻപിൽ മേലെ നിൽക്കുന്ന നിലാവിനെ തോല്പിക്കുമാറ് പുഞ്ചിരിയും തൂകിക്കൊണ്ടൊരു സുന്ദരി നിൽക്കുന്നു. നീണ്ടും അഗ്രഭാഗങ്ങളിൽമാത്രം ചുരുണ്ടും കാണപ്പെട്ട അവളുടെ മുടിയിഴകൾ ഇലഞ്ഞിമരത്തെ തഴുകുന്ന കാറ്റിന്റെ ആയിരംകൈകളിൽ തട്ടി പാറിപ്പറക്കുന്നുണ്ടായിരുന്നു, നിറുകയിൽ വലിയ കുങ്കുമപ്പൊട്ട്; ചുവന്നത്. കാതിൽ തൂങ്ങിയാടുന്ന വലിയ ജിമുക്കകൾ, മൂക്കിനുമേലെ ചുവന്ന കല്ലു പതിച്ച രണ്ടു മൂക്കൂത്തികൾ വെട്ടിത്തിളങ്ങുന്നു. ചെഞ്ചുണ്ടുകൾക്കിടയിൽ വിളങ്ങിനിൽക്കുന്ന ദന്തനിരകൾ, ഉയർന്ന മാറിടത്തിനുമുകളിൽ വിശ്രമം കൊള്ളുന്ന ചുവന്ന പാലയ്ക്കാക്കല്ലുകൾ കോർത്തിണക്കിയ മാല, കാൽമുട്ടിന് അല്പം താഴെയായി ചേഞ്ചേല അവസാനിയ്ക്കുന്നത് സ്വർണക്കസവിലാണ്, ഇരുകാലുകളിലും ചേർന്നുമയങ്ങിക്കിടക്കുന്ന ചുവന്നമുത്തുകൾ കോർത്തെടുത്ത പാദസ്വരങ്ങൾ.. അതിമനോഹരശില്പം കണക്കെയൊരുവൾ.. തന്റെയരികിൽ.. നന്ദഗോപൻ പ്രപഞ്ചത്തിലെ ഏറ്റം അവിശ്വസനീയമായ കാഴ്ച കണ്ടതുപോലെ അവളെയൊന്നാകെ നോക്കി, അവളിപ്പോഴും തന്നെനോക്കി പുഞ്ചിരിതൂകുന്നു, അയാൾ കുറച്ചുകൂടിയടുത്തുചെന്ന് അവളുടെ വിടർന്ന കണ്ണുകളിലേയ്ക്കു നോക്കി.. അവയെന്തോ മന്ത്രിയ്ക്കുന്നതുപോലെ തോന്നി, പക്ഷേ അയാളുടെ കേൾവിശേഷിക്കുമപ്പുറമെങ്ങോ ആ മിഴികളുടെ മൊഴി ചിലമ്പിച്ചുനിന്നു. “നീയാരാണ്?”, സമചിത്തത വീണ്ടെടുത്ത ശില്പി അവളോടു ചോദിച്ചു, അവൾ ഒന്നുംതന്നെ ഉരിയാടിയില്ല, അത്ഭുതപരവശനായി നിൽക്കുന്ന നന്ദഗോപനെ ആരെയും മയക്കുന്ന പുഞ്ചിരിയോടെ കൈയിൽപിടിച്ചു താഴേയ്ക്കിരുത്തി അവൾ ഇലഞ്ഞിത്തടിയിലേയ്ക്കു ചാരിയിരുന്നു..  അയാളെ മെല്ലെ അവളുടെ മടിയിലേയ്ക്കു ചായ്ച്ചുകിടത്തി. അവളുടെ കൈവിരലുകൾ അയാളുടെ ജഡയാർന്ന മുടിയിഴകളിലൂടെ പതിയെ പരതിനടന്നു, താൻ മുൻപു കണ്ടാസ്വദിച്ച നിലാവിനെയും ഇലഞ്ഞിപ്പൂക്കളെയും അയാൾ മറന്നു, അവളുടെ സർപ്പസൗന്ദര്യത്തിൽ അവയെല്ലാം മങ്ങിമറഞ്ഞതായി തോന്നീയയാൾക്ക്.. പ്രകൃതിയെങ്ങോ ഓടിയൊളിച്ചതുപോലെ, കൺമുന്നിൽ ചുവപ്പിൽകുളിച്ച ഒരു മായാലോകം.. അതിന്റെ മാദകഭംഗിയിൽ മനംകുളിർന്ന് തന്നെത്തന്നെ മറന്ന് അയാൾ ഉറങ്ങി. ജനിച്ചയന്നുമുതൽ ഇത്ര ആഴത്തിൽ, ഇത്രയേറെ വ്യാപ്തിയിൽ അയാൾ ഒരിക്കൽപ്പോലും ഉറങ്ങിയിട്ടില്ല.. മയക്കത്തിന്റെ അന്ത്യയാമങ്ങളിൽ, പുലർക്കോഴി കൂവിയ ഏതോ ഒരു നിമിഷത്തിൽ അയാൾ കണ്ട അന്നത്തെ ഏക സ്വപ്നത്തിലും അവൾ നിറഞ്ഞു നിന്നു, ചെമ്പട്ടണിഞ്ഞ; ചുവപ്പിൽ കുളിച്ച ആ സുന്ദരി… സ്വപ്നത്തിലും അവളുടെ പുഞ്ചിരിപ്പിടിയിലമർന്ന് നന്ദഗോപൻ നിന്നു.
കാടിന്റെ കിഴക്കു വശത്ത് സൂര്യൻ ഉദിച്ചുപൊങ്ങി. ഇലഞ്ഞിമരത്തിൻ തളിരിലകൾക്കിടയിലൂടെ ഇളം ചൂടുള്ള സൂര്യവെളിച്ചം നന്ദഗോപനെ തഴുകിക്കടന്ന് ദൂരെയ്‌ക്കെങ്ങോ പോയി. അയാൾ മെല്ലെ കണ്ണുതുറന്നു, ചുറ്റിനും നോക്കി, രാവിന്റെ ചാരുതയില്ലാത്ത കാടിനെ താനിതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരിടം പോലെ തോന്നീ ശില്പിയ്ക്ക്. അന്നേരം തനിക്കു മുകളിലുള്ള ഇലഞ്ഞിമരത്തിൻ ചില്ലകളിൽനിന്നും ഒരൊറ്റ പൂവു പോലും അയാളെനോക്കി ഇതൾ കൂമ്പിയില്ല, തന്നെ തലോടിയുറക്കിയ ലോലമായ കൈകളുമായി ആ സുന്ദരിയും എങ്ങോ അപ്രത്യക്ഷയായിരുന്നു. പക്ഷേ അയാളെയാകമാനം ആശയക്കുഴപ്പത്തിലാക്കി പൂത്തുലഞ്ഞ ഇലഞ്ഞിപ്പൂക്കളുടെ മണം വായുവിൽ അപ്പോഴും തങ്ങിനിൽപ്പുണ്ടായിരുന്നു. തന്നെയൊരു ക്ഷണം കീഴടക്കിയ മാനസ്സികവിഭ്രാന്തിയിൽ അയാൾ മിഴികളൊന്നിറുക്കിയടച്ചു, നിമിഷനേരം കൊണ്ട് ഇരുണ്ട മേഘങ്ങൾക്കുള്ളിൽനിന്നും മുന്നറിയിപ്പൊന്നും കൂടാതെ പൊട്ടിപ്പുറപ്പെടുന്ന മിന്നലെന്നപോലെയൊരു വിസ്ഫോടനം ആ മിഴികൾക്കുള്ളിലുണ്ടായി, അതിന്റെ എണ്ണമറ്റ അലകൾ അയാളുടെ ഹൃദയത്തിലും പിന്നെ ശരീരത്തിലും ഇടതടവില്ലാതെ ആഞ്ഞടിച്ചു. കനമേറിയ കൺപോളകൾ വലിച്ചുതുറന്ന് അയാൾ കാടിനെ നോക്കി, തളർച്ചയോടെ കുനിഞ്ഞ് തന്റെ സഞ്ചി കൈയിലെടുത്തു, എന്നിട്ട് മുന്നിൽക്കണ്ട ഇടുങ്ങിയ വഴിയിലൂടെ നടത്തം തുടങ്ങി. നന്ദഗോപൻ ചുറ്റിനും നോക്കിയില്ല, ദിശകളും പാതകളും അയാളുടെ കണ്ണുകൾക്കു മുൻപിൽ കണ്ണാടിയിലെന്നപോലെ തെളിഞ്ഞു കണ്ടു. അയാൾ നടന്നൂ, ചിലപ്പോഴെല്ലാം ഏതോ ഒരു ഭ്രാന്തിനെ പിൻതുടർന്നിട്ടെന്നവണ്ണം ഓടി. യാത്രയിൽ കാടും കാട്ടാറും വന്യമൃഗങ്ങളും മുൾച്ചെടികളുമെല്ലാം നിശബ്ദമായി അയാൾക്ക് വഴിമാറിക്കൊടുത്തു. വിശപ്പും ദാഹവും അയാളെ ലവലേശം ബാധിച്ചില്ല, ക്ഷീണം പോലും വിശ്രമമറ്റ അയാളുടെ ശരീരത്തെ സ്പർശിക്കാനാവാതെ ദൂരെയെങ്ങോ മറഞ്ഞു നിന്നു.
അന്നേയ്ക്ക് ഏഴാം ദിവസം; സന്ധ്യാസമയം  സൂര്യനസ്തമിക്കും മുൻപേ അയാൾ ലക്ഷ്യസ്ഥാനത്തെത്തി. തന്റെ വീടിനുമുന്നിൽച്ചെന്നു നിന്ന് അയാളൊരു ദീർഘനിശ്വാസമുതിർത്തു, ശേഷം സഞ്ചി നിലത്തുവെച്ച് ആറിനെ ലക്ഷ്യമാക്കി നടന്നു. മനസ്സും ശരീരവും ശുദ്ധിയാക്കി മുങ്ങിനിവരുമ്പോൾ ആറിനു പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. ശിരസ്സിലും ദേഹത്തും പറ്റിനിൽക്കാനാവാതെ വലുതും ചെറുതുമായ ജലത്തുള്ളികൾ വേഗത്തിലുള്ള നടത്തത്തിനിടയിൽ താഴെ മണ്ണിലും പാറയിലുമായി തെറിച്ചു വീണുകൊണ്ടിരുന്നു. ആ നടത്തമവസാനിച്ചത് അയാളുടെ ചായ്പ്പിനു മുന്നിലാണ്, അന്നാദ്യമായി വാതിൽപ്പടിയിൽ കൈകൾ തൊട്ട് നിറുകയിൽവെച്ച് അയാൾ ചായ്പ്പിനുള്ളിലേക്ക് കടന്നു.. അതിനുള്ളിൽ നിശ്ശബ്ദരായിരുന്ന; താൻ ജന്മം നൽകിയ ശില്പങ്ങളെ ഒന്നാകെയൊന്നു നോക്കി, അരികിൽച്ചെന്നവയെ തലോടി നോക്കി.. അയാളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. കാലുകൾ അറിയാതെ ഭദ്രകാളീ ശില്പത്തിനടുത്തേയ്ക്കു ചലിച്ചു. ഒരു നിമിഷം ദേവിയുടെ കണ്ണുകളിലേക്കു നോക്കി നിന്ന നന്ദഗോപൻ നിറകണ്ണുകളോടെ ശില്പത്തിന്റെ കാൽക്കൽ വീണു സാഷ്ടാംഗം നമസ്കരിച്ചു. 
അയാൾ പണി തുടങ്ങി, ആ രാവും അടുത്ത പകലും വിശ്രമമില്ലാതെ അയാൾ പ്രയത്നിച്ചു. നാളുകൾക്കു മുൻപ്, കാട്ടിൽ, ഇലഞ്ഞിമരത്തിൻ ചുവട്ടിൽ, അനുഭവിച്ചറിഞ്ഞ ഒരു മായക്കാഴ്ചയുടെ നഷ്ടപ്പെടലിൽ മനസ്സൊന്നു പതറിയപ്പോൾ, മിഴിക്കുള്ളിൽ നടന്ന ഒരു നിമിഷത്തെ വിസ്ഫോടനത്തിൽ താൻ കണ്ട ശ്രീകോവിൽ തന്റെ വീടിനു മുൻപിൽ അയാൾ പണിതുയർത്തി.. അന്നത്തെ രാവു മുഴുവൻ ഉറക്കമില്ലാതെ അതിനു കാവലിരുന്നു. 
പിറ്റേന്ന്, സൂര്യനുദിയ്ക്കും മുൻപേ ദേഹശുദ്ധി വരുത്തി അയാൾ ചായ്പ്പിനുള്ളിലേയ്ക്കു കയറി. പ്രാർത്ഥനയോടെ ദേവീ വിഗ്രഹം പുറത്തേയ്‌ക്കെടുത്തു. ഒരിക്കൽപ്പോലും താന്ത്രികവിധികൾ  പഠിച്ചറിഞ്ഞിട്ടില്ലാത്ത നന്ദഗോപന്റെ ചുണ്ടിൽ നിന്നും നിലയ്ക്കാത്ത മന്ത്രജപങ്ങളുതിർന്നു. അത്യന്തം ഭക്തിയോടെ നന്ദഗോപൻ ദേവീ വിഗ്രഹം താൻ പണിതുയർത്തിയ കുരുത്തോലകളാൽ അലങ്കരിക്കപ്പെട്ട ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. മിഴികൾപൂട്ടി ശില്പിയോതിയ സ്പഷ്ടമായ മന്ത്രധ്വനികളുടെ ശക്തിയിൽ ദേവിയ്ക്കു മുന്നിൽ കൊളുത്തിയ തൂക്കുവിളക്കുകൾ ഒന്നാകെ തനിയെ തെളിഞ്ഞു, മണികൾ നിർത്താതെ ശബ്ദം മുഴക്കി… ദൈവീകത അതിന്റെ പരമ്യതയിലെത്തിയ നിമിഷത്തിൽ കണ്ണുതുറന്ന നന്ദഗോപൻ കണ്ടു – ദേവീ വിഗ്രഹത്തിന്റെ സ്ഥാനത്ത്  ഇലഞ്ഞിമരച്ചുവട്ടിൽ താൻ കണ്ട ചെമ്പട്ടു ചുറ്റിയ സുന്ദരി, അന്നു കണ്ട അതേ പുഞ്ചിരിയോടെ ശ്രീ കോവിലിനുള്ളിൽ.. സർവ്വാഭരണവിഭൂഷിതയായി.. നന്ദഗോപൻ തന്റെ മുന്നിൽത്തെളിഞ്ഞ പ്രപഞ്ചസത്യത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. എഴുന്നേറ്റു തലയുയർത്തിനോക്കിയ മാത്രയിൽ സുന്ദരി അപ്രത്യക്ഷയായിരുന്നു, പകരമവിടെ തന്നിൽനിന്നു പിറവിയെടുത്ത ദേവീ ശിൽപ്പം മാത്രം. അയാളുടെ കണ്ണും ഹൃദയവും മനസ്സും ഒരിക്കൽക്കൂടി നിറഞ്ഞു. ശ്രീകോവിലിൽ നിന്നു പുറത്തേയ്ക്കിറങ്ങുമ്പോൾ ശില്പിയോർത്തു, തനിയ്ക്ക് തീരേ വശമില്ലാത്ത ഒരു കർമ്മം താൻ ഭംഗിയായി ചെയ്തു തീർത്തിരിക്കുന്നു, ഒരു പാകപ്പിഴയും എവിടെയും സംഭവിച്ചില്ല, സംഭവിക്കാൻ പാടില്ല, കാരണം അതൊരു നിയോഗമായിരുന്നു, തന്റെ ജന്മനിയോഗം…
ആ രാത്രി ഏറെ തളർച്ചയോടെ; എന്നാൽ അതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തൊരു ആത്മസംതൃപ്തിയോടെ ശില്പി ഉറങ്ങി. ഉറക്കത്തിലുടനീളം അയാളറിയാതെ ആ ചെമ്പട്ടു ചുറ്റിയ സുന്ദരി അയാൾക്കു കാവലിരിപ്പുണ്ടായിരുന്നു..………………………….
RELATED ARTICLES

Most Popular

Recent Comments