Friday, April 26, 2024
HomeLiteratureകള്ളന്റെ മകൻ (കഥ).

കള്ളന്റെ മകൻ (കഥ).

കള്ളന്റെ മകൻ (കഥ).

അർഷദ് കരുവാരകുണ്ട്. (Street Light fb group)
ആലിൻചോട് ഗവണ്‍മെന്റ് സ്കൂളിലെ ഒാഫീസിന് മുന്നിൽ കുട്ടികള്‍ നിറഞ്ഞു. ഒാഫീസിനുള്ളിൽ നിന്നും ശ്രീധരൻ മാഷിന്റെ ചോദ്യം ചെയ്യൽ കേൾക്കുന്നു , കുടെ തുരുതുരാ അടിക്കുന്ന ശബ്ദവും
എന്നെ തല്ലല്ലെ സാറേ…
ഞാനല്ല ഞാനൊന്നും എടുത്തിട്ടില്ല …
എല്ലാവരും ക്ലാസ്സില്‍ പോ
ഒരു ചൂരൽ വടിയും എടുത്ത് ബാലന്‍ മാഷ് പുറത്തേക്ക് വന്നു .കുട്ടികളെല്ലാം ക്ലാസുകളിലേക്ക് ഒാടി
ഇതാരുടെ ബാഗാണെടാ…???
എന്റെയാണ് സാറേ
നീ അറിയാതെ ഈ മാല എങ്ങനെയാടാ ഇതില് വന്നത് ..?
സത്യമായിട്ടും എനിക്ക് അറിയില്ല സാറേ…
നിനക്ക് അറിയില്ല അല്ലേ നിന്നെക്കൊണ്ട് പറയിപ്പിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടേ…
ആഹ് ഉമ്മാ…
എന്നെ തല്ലല്ലെ സാറേ.
അല്ലെങ്കില്‍ വേണ്ട നിന്നെ പോലീസിലേൽപ്പിക്കാം എന്നാലേ ശരിയാവുള്ളൂ…
ശ്രീധരൻ മാഷ് അടുത്തിരുന്ന ഫോണെടുത്ത് നമ്പരുകള്‍ അമർത്തി …
പേടിച്ച് വിറച്ചവൻ തേങ്ങലോടെ പറഞ്ഞു സാറേ പോലീസിനെ വിളിക്കണ്ട മാല
ഞാന്‍ എടുത്തതാ …
ബാലൻ മാഷേ ഇപ്പോ ഇവന്‍ സത്യം പറഞ്ഞത് കേട്ടോ … മൊട്ടേന്ന് വിരിഞ്ഞില്ല അപ്പഴേക്കും മോഷ്ടിക്കാനിറങ്ങിയിരിക്കുന്നു .
നിന്റെ പേരെന്താടാ.?
സൽമാൻ
നിന്റെ അച്ഛന്റെ പേരെന്താടാ ?
മുസ്തഫ
നാളെ നിന്റെ അച്ഛനെ കൂട്ടി വന്നാല്‍ മതി സ്കൂളില്‍
കേട്ടല്ലോ
ഉപ്പ വരൂല സാറേ ജയിലിലാ.
നിന്റെ ബാപ്പ പോലീസാണോ ..?
പേര് കേട്ട കള്ളനല്ലേ സാറേ ഒാന്റെ തന്ത ..!
ആ ചോദ്യത്തിന് ബാലന്‍ മാഷാണ് മറുപടി കൊടുത്തത്
എന്ന നിന്റെ അമ്മയെ വിളിച്ചോണ്ട് വാ.
എന്റുമ്മയും വരൂല സാറേ
അതെന്താടാ നിന്റെ ഉമ്മയും ജയിലിലാണോ. ??
എന്റെ ഉമ്മ മരിച്ചതാ !!
തേങ്ങിക്കരഞ്ഞ് കൊണ്ടവൻ പറഞ്ഞു
അത് കേട്ടപ്പോള്‍ ശ്രീധരൻ മാഷിനും വല്ലാതെ സങ്കടം വന്നു
ബാലന്‍ മാഷേ ആ മൈമൂന ടീച്ചറെയും മോളെയും ഇങ്ങോട്ട് വിളിക്കൂ …
ടീച്ചറേ ഇവനൊരു തെറ്റ് പറ്റിയതാണ് അതവൻ സമ്മതിക്കുകയും ചെയ്തു ഇതാ മോളൾടെ മാല ഇനി രണ്ട് പേരും ക്ലാസ്സില്‍ പോ….
അതെങ്ങനെ ശരിയാകും മാഷേ ഒാന്റെ തന്തയുടെ സ്വഭാവം അതേ പടി കൊണ്ട് നടക്കുന്ന ഇവന്റെ കൂടെ എങ്ങനെ മറ്റു കുട്ടികള്‍ ഇരിക്കും
എങ്ങനെ അവർക്ക് സമാധാനമായി പഠിക്കാന്‍ കഴിയും . പോലീസിലേൽപ്പിക്കാണ് വേണ്ടത് തന്തയുടെ കൂടെ ജയിലില്‍ കിടന്ന പോലീസിന്റെ കയ്യിന്ന് നാല് അടി കിട്ടിയാലേ ഇവനൊക്കെ നേരെയാവുള്ളൂ
മുളയിലേ നുള്ളണം ഇതൊക്കെ
സ്കൂളിനും ടീച്ചേഴ്സിനും ചീത്തപ്പേര് ഉണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാന്‍ കേസ് കൊടുക്കാതിരിക്കുന്നത്
ദിവസവും വലിഞ്ഞു കേറി വരും ക്ലാസിലേക്ക് വന്നാലോ മറ്റുള്ളോര്ടെ സാധനങ്ങള്‍ മോഷ്ടിച്ചോണ്ടും പോകും
ടീസി കൊടുത്ത് വിടുന്നതാ നല്ലത്
നിങ്ങളല്ലേ ഇവന്റെ ക്ലാസ്സ് ടീച്ചര്‍
ഇവന്റെ പ്രോഗ്രസ് കാർഡിങ്ങ് തരൂ ടീച്ചറേ
എന്തോ പിറുപിറുത്ത് കൊണ്ട് മൈമൂന ടീച്ചര്‍ സൽമാന്റെ പ്രോഗ്രസ് കാർഡിനായി സ്റ്റാഫ് റൂമിലേക്ക് പോയി
എന്തിനാടാ നീ ഷഹനയുടെ മാല മോഷ്ടിച്ചത്
ശ്രീധരൻ മാഷിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ സൽമാൻ താഴോട്ട് നോക്കി നിന്നു
കഴിഞ്ഞ പരീക്ഷകളിലൊക്കെ നല്ല മാർക്ക് വാങ്ങിയിട്ടുണ്ടല്ലോ നീ … നല്ല പഠിക്കുന്ന കുട്ടിയാണ് നീ പഠിക്കേണ്ട സമയത്ത് ഉപ്പയെ അനുകരിച്ച് മോഷണം കൂടെ പഠിച്ചാൽ സമൂഹം ഒറ്റപ്പെടുത്തും നിന്റെ ബാപ്പയെ പോലെ
മൈമൂന ടീച്ചര്‍ കൊണ്ട് വന്ന പ്രോഗ്രസ് കാർഡ് നോക്കി ശ്രീധരൻ മാഷ് പറഞ്ഞു
ടീച്ചറേ ഏതായാലും പരീക്ഷ അടുത്ത് വരുകയല്ലേ ടിസിയൊന്നും കൊടുക്കണ്ട
നമുക്ക് ഒരു കാര്യം ചെയ്യാം സൽമാനിനി ക്ലാസ്സിലേക്ക് വരേണ്ട പരീക്ഷ എഴുതാന്‍ മാത്രം വന്നാല്‍ മതി
എന്തു പറയുന്നു ടീച്ചറേ
“ഒാ ഇവനിനി പരീക്ഷ എഴുതിയിട്ടൊന്നും വലിയ കാര്യമില്ല അതിലും വലിയ പഠിപ്പല്ലേ ഇവന്‍ പഠിച്ചുവച്ചേക്ക്ണത് “
എന്തായാലും പരീക്ഷ എഴുതിക്കോട്ടെ.!
അല്ലേ സൽമാൻ എന്തു പറയുന്നു നീ
അപ്പോഴും ശ്രീധരൻ മാഷിന്റെ വാക്കുകള്‍ക്ക്
തേങ്ങലോടെയുള്ള മൗനം മാത്രമായിരുന്നു സൽമാന്റെ മറുപടി
എന്നാ നീ വീട്ടിലേക്ക് പൊക്കോളൂ ഷഹന മോള് ക്ലാസ്സിൽ പോയിരിക്കൂ .
കണ്ണീരോടെ അവന്‍ ബാഗെടുത്ത് പുറത്തേക്കിറങ്ങി പുറകെ ഷഹന ക്ലാസ്സിലേക്കും
പോകുന്നതിനിടെ അവന്‍ ഷഹനയെ ഒന്ന് നോക്കി ഇനി എന്റെ ശല്യമുണ്ടാവില്ല എന്ന മട്ടില്‍ , തേങ്ങുന്നുണ്ടെങ്കിലും ചെറിയൊരു ചിരിയും അവന്‍ അവൾക്കായ് നൽകി
ദേഷ്യത്തോടെ അവള്‍ അവന് മുഖം കൊടുക്കാതെ ക്ലാസ്സിലേക്കോടി
ദിവസങ്ങള്‍ കഴിഞ്ഞു കൂട്ടുകാരന്റെ മോളുടെ കല്ല്യാണത്തിന് വന്നതാണ് ശ്രീധരൻ മാഷ് . ഭക്ഷണമെല്ലാം കഴിച്ച് പുറത്ത് കൂട്ടുകാരോട് സൊറ പറഞ്ഞ് നിക്കുമ്പഴാണ് മുന്നിലെ കാഴ്ച്ച മാഷിനെ വല്ലാതെ വേദനിപ്പിച്ചത്
ദിവസങ്ങൾക്ക് മുമ്പ് ഞാന്‍ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ട കുട്ടി പൊരി വെയിലത്ത് നിന്ന് വേല ചെയ്യുന്നു, സെണ്ട്രിങ്ങ് പണിക്കാരുടെ കൂടെയാണല്ലോ ദൈവമേ ആകെ കരിവാളിച്ചിട്ടുണ്ട് പയ്യൻ
ഒരു ചട്ടി മണലെടുത്ത് അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കല്ല്യാണ വീടിനു മുന്നില്‍ തന്റെ ഹെഡ് മാഷിനെ കണ്ടവൻ ഒന്നു പരുങ്ങി മാഷിനെ കാണാത്ത പോലെ അവന്‍ ജോലി തുടര്‍ന്നു
ചിരിച്ച് സംസാരിച്ച് കൊണ്ടിരുന്ന ശ്രീധരൻ മാഷിന്റെ മുഖത്ത്‌ പെട്ടെന്നൊരു മാറ്റം കണ്ടപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു എന്തു പറ്റി മാഷേ മുഖം ആകെ വല്ലാണ്ടായിപ്പോയല്ലോ..?
ശരിയാണ്‌ ചാക്കോ നീയ്യാ പയ്യനെ കണ്ടോ ?
ഹോ അവനോ അത് നമ്മുടെ കള്ളൻ മുസ്തഫയുടെ മോനല്ലേ ഇപ്പോ തന്തയുടെ സ്വഭാവം അവനുമുണ്ടെന്നാ കേട്ടത് സ്കൂളിലെ ഏതോ ഒരു കുട്ടിയുടെ മാലയോ മറ്റോ മോഷ്ടിച്ചിട്ട് സ്കൂളിന്ന് പുറത്താക്കിയിരിക്കാ അവനെ , തന്ത അങ്ങനെ നടക്കുന്നു .
പാവമാണ് അതിന്റെ കാര്യം അമ്മ എന്തോ അസുഖം വന്ന് കുറച്ച് നാള് മുമ്പ് മരിച്ചുപോയി, നാട്ടുകാര് കെട്ടിക്കൊടുത്തൊരു വീടും പ്രായമായൊരു തള്ളയുമുണ്ട് കൂടെ . മുസ്തഫയുടെ അമ്മയാണ് അതിനെ ഇപ്പോ അവനാ നോക്കുന്നത് അതിന്റെ ഹോസ്പിറ്റൽ ചിലവിനൊക്കെ വേണ്ടിയാ അവന്‍ ജോലിക്കൊക്കെ പോകുന്നത് , ഹോസ്പിറ്റലില്‍ പോകാൻ കാശില്ലാത്തത് കൊണ്ടാകും അന്ന് ആ കുട്ടിയുടെ മാല മോഷ്ടിക്കാൻ നോക്കിയത്.
അല്ല! മാഷെ സ്കൂളിലല്ലായിരുന്നോ അവന്‍ പഠിച്ചിരുന്നത്?
ഹ്ം , ഞാനാ അവനോടിനി വരണ്ട എന്നു പറഞ്ഞത് നല്ല പഠിക്കുന്ന കുട്ടിയാണവൻ
എന്ത് ചെയ്യാനാ.
ബാപ്പയുടെ സ്വഭാവം പഠിച്ചു വഷളായി
കല്ല്യാണമൊക്കെ കഴിഞ്ഞ് വീട്ടില്‍ പോയിട്ടും ശ്രീധരൻ മാഷിന്റെ മനസ്സില്‍ വല്ലാത്തൊരു വിഷമം കൂടെ കൂടെ മണല്‍ ചട്ടി ചുമക്കുന്ന തന്റെ വിദ്യാര്‍ത്ഥിയുട മുഖം കണ്ണിലിങ്ങനെ തെളിയുന്ന പോലെ
എന്നെ തല്ലല്ലേ സാറേ… എന്ന് പറഞ്ഞ് കരയുന്ന അവന്റെ ശബ്ദം ഇടക്കിടക്ക് കേൾക്കുന്ന പോലെ
എന്തോ ഒരു കുറ്റ ബോധം മാഷിനെ വല്ലാതെ അസ്വസ്ഥനാക്കി ഉറക്കം പോലും ആ രാത്രി നഷ്ടപ്പെട്ടു
പിറ്റേന്ന് കുറച്ച് നേരത്തെ തന്നെ മാഷ് റഡിയായി ഇറങ്ങി ചാക്കോ പറഞ്ഞ് കൊടുത്ത കള്ളൻ മുസ്ഥഫയുടെ വീട് ലക്ഷ്യമാക്കി ശ്രീധരൻ മാഷിന്റെ ബൈക്ക് മുന്നോട്ട് നീങ്ങി
മുറ്റത്ത് വന്നു നിന്ന ബൈക്കിന്റെ ശബ്ദം കേട്ട് തോർത്ത് മുണ്ടുടുത്ത സൽമാൻ പ്ലാസ്റ്റിക് കൊണ്ട് മറച്ചുണ്ടാക്കിയ കുളിമുറിയിൽ നിന്നും പുറത്തേക്ക് വന്നു
മാഷ് , അയ്യേ ആ കോലത്തിൽ മാഷിന്റെ മുന്നിലേക്ക് വന്ന സൽമുവിന്റെ മുഖത്ത് ചമ്മൽ നിറഞ്ഞെങ്കിലും അവന്‍ മാഷിനോട് വിനയത്തോടെ വീടിനകത്തേക്ക് കേറിയിരിക്കാൻ പറഞ്ഞു
മാഷേ ഉമ്മുമ്മയെ കുളിപ്പിക്കുകയായിരുന്നു ഒരു രണ്ട് മിനുട്ട് ഇപ്പോ വരാം താഴ്ന്ന സ്വരത്തില്‍ അവന്‍ മാഷിനോട് അനുവാദം ചോദിച്ചു
ഉം മോന്‍ പോയി വന്നോളൂ ഞാനിവിടെ നിക്കാം
ഒരു ചെറു ചിരിയോടെ അവന്‍ കുളിപ്പുരയിലേക്ക നടന്നപ്പോള്‍ ശ്രീധരൻ മാഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
കുളിപ്പിച്ച് കഴിഞ്ഞ് വസ്ത്രമുടുപ്പിച്ച് ഉമ്മുമ്മയേം കൂട്ടി അവന്‍ അകത്തേക്ക് വന്നു
“അവിടെ ഇരുന്നോ ഉമ്മാടെ കുട്ടി ”
എഴുന്നേൽക്കാൻ ശ്രമിച്ച ശ്രീധരൻ മാഷിനോട് സൽമുവിന്റെ ഉമ്മുമ്മ വിറയാർന്ന ശബ്ദത്തില്‍ പറഞ്ഞു
ഒാ ,ഞാനിരുന്നോളാം ഉമ്മാ ഉമ്മക്ക് സുഖമല്ലേ ..?
ഉമ്മയെ മാഷിനടുത്തിരുത്തി സൽമാൻ അടുക്കളയിലേക്ക് പോയി
“ഒാനിപ്പോ ഇക്കൂളിൽക്കൊന്നും പോകാത്തോണ്ട് ഇന്റെ കാര്യങ്ങളൊക്കെ നോക്കി ഇബടെ ഇരിക്കും ചെലപ്പോ വല്ല പണിക്കും പോകും , ഏതോ ഒരു മാസ്റ്റ് ഒാനോട് ഇക്കൂളിൽക്കിനി ചെല്ലണ്ടാന്ന് പറഞ്ഞുത്തരെ” ആരോക്കെയോ എന്റെ കുട്ടിനെ കള്ളനാക്കി ,ഒാന്റെ ഇപ്പ അങ്ങനെ തലതെറിച്ച് നടക്കാണെങ്കിലും ഒാനങ്ങനൊന്നും ചിയ്യൂല മാസ്റ്റേ ” ഇന്റെ കുട്ടി നല്ല കുട്ട്യാ ഇങ്ങക്കറിയോ കൊറേ പൊന്നും ഉറ്പ്പീം ഉള്ള ഒര് പാക്കട്ട് ഒാന് റോട്ടീന്ന് കിട്ടീറ്റ് ഒാരെ തേടിപ്പിടിച്ച് കൊണ്ട് കൊട്ത്തോനാ ഇന്റെ കുട്ടി”
വല്ല്യുമ്മയുടെ സങ്കടം പറച്ചിൽ കേട്ട് കൊണ്ടാണ് മാഷിനുള്ള ചായയുമായി സൽമാൻ അടുക്കളയില്‍ നിന്നും വന്നത്
കടിയൊന്നുമില്ല മാഷേ
മാഷിന് ചായ കൊടുക്കുമ്പോൾ ചിരിച്ച് കൊണ്ടവൻ പറഞ്ഞു
നീ പഠിക്കുന്നൊന്നുമില്ലേ മോനേ പരീക്ഷ എഴുതണം പത്താം ക്ലാസ്സാ എസ് എസ് എൽ സി ബുക്ക് കിട്ടിയാലേ ഗൾഫിലൊക്കെ പോവാന്‍ പറ്റുള്ളൂ.
എനിക്കിനി പഠിക്കണ്ട മാഷേ ഗൾഫിലേക്കൊന്നും ഞാന്‍ പോവ്ണില്ല , പിന്നെ പഠിച്ച് ജയിച്ചിട്ടൊന്നും എനിക്ക് ഒരു കാര്യവുമില്ല ഈ കള്ളന് ആര് ജോലി തരാനാ. ഞാനെന്റെ ഉമ്മുമ്മാടെ കൂടെ കളിച്ചും രസിച്ചും കഴിഞ്ഞോളാം അതിന് പഠിപ്പൊന്നും വേണ്ടല്ലോ ആർക്കും ദേഷ്യോം വേണ്ട
അവന്റെ വാക്കുകള്‍ ശ്രീധരൻ മാഷിനെ ഏറെ വേദനിപ്പിച്ചു
എന്നാ ശരി ഉമ്മാ ഞാന്‍ ഇറങ്ങട്ടേ ഇപ്പോ ഇറങ്ങിയില്ലേൽ സ്കൂളിലേക്കെത്താൻ താമസിക്കും
ഇത് വെച്ചോളൂ നിങ്ങള്‍ക്ക് മരുന്ന് വാങ്ങിക്കാനാ.
“എന്നാ ഇനി എന്റെ കുട്ടി വരാ ?
ശ്രീധരൻമാഷ് കൊടുത്ത രണ്ടായിരത്തിന്റെ നോട്ട് വാങ്ങിക്കൊണ്ട് ഉമ്മുമ ചോദിച്ചു
ഒഴിവുള്ള ദിവസങ്ങളിലൊക്കെ ഞാന്‍ വരാം ഉമ്മാ
ചെറു ചിരിയോടെ മറുപടി നൽകി മാഷ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.
മോനേ സൽമാൻ
പോകാനൊരുങ്ങിയ ശ്രീധരൻമാഷിന്റെ വിളി കേട്ട അവന്‍ മാഷിന്റെ അടുത്തേക്ക് വന്നു
മോനെന്നോട് ദേഷ്യമുണ്ടോ ?
എന്തിനാ മാഷേ . മാഷ് മാഷിന്റെ ജോലി ചെയ്തു അത്രൊള്ളൂ
പിന്നെ എന്റെ ഉമ്മ മരിക്കുന്ന സമയത്ത് എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത് ഒരിക്കലും ഉപ്പയെപ്പോലെ കള്ളനെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്ന്
ആരൊക്കെ എന്നെ എന്ത് വിളിച്ചാലും എന്റുമ്മാക്ക് കൊടുത്ത വാക്ക് ഞാന്‍ തെറ്റിച്ചിട്ടില്ല ഇതുവരെ ഇനിയോട്ട് തെറ്റിക്കേം ഇല്ല
അത് പറഞ്ഞ് തീർന്നപ്പോഴേക്കും സൽമുവിന്റെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി
ശ്രീധരൻ മാഷവനേ ചേര്‍ത്ത് പിടിച്ചു മുതുകിൽ തട്ടി ആശ്വസിപ്പിച്ചു .
മോന്‍ പരീക്ഷ എഴുതണം ഒഴിവുള്ള ദിവസമെല്ലാം ഞാന്‍ വന്ന് പറഞ്ഞു തരാം .നീ ഒകേ പറഞ്ഞിട്ടേ ഞാന്‍ പോണുള്ളൂ
“ഉം .എഴുതാം മാഷേ “
പരീക്ഷയെല്ലാം കഴിഞ്ഞു, കള്ളൻ സൽമാനും മാഷിന് കൊടുത്ത വാക്ക് പാലിച്ചു
ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി പരീക്ഷ റിസൾട്ട് പ്രഖ്യാപിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി , ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഫലപ്രഖ്യാപനം കഴിഞ്ഞു ആലിൻചോട് ഗവ: സ്കൂളിലെ പിടിഎ കമ്മിറ്റിക്കും അദ്ധ്യാപകർക്കും അഭിമാനിക്കാവുന്ന മുഹൂർത്തം എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം
നമ്മുടെ സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി പത്താംതരം പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചതിന്റ ആഘോഷ നിമിഷത്തിലാണ് നമ്മളെല്ലാവരും ഒരുമിച്ച് കൂടിയിരിക്കുന്നത്
അതില്‍ തന്നെ ഇരുപതോളം കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയത് ഈ അവസരത്തില്‍ ഒാർക്കാതിരിക്കാൻ കഴിയില്ല . ഇന്നീ സന്തോഷ നിമിഷം നമുക്ക് നേടിത്തരാൻ രാ പകലില്ലാതെ കുട്ടികളുടെ കൂടെ നിന്ന് അവരെ പ്രാപ്തരാക്കാൻ കഠിനാദ്ധ്വാനം ചെയ്ത് അദ്ധ്യാപകർക്കും നമ്മുടെ ചിരകാല സ്വപ്നം പൂവണിയിക്കാൻ പരിശ്രമിച്ച് വിജയം നേടിയ എല്ലാ കുട്ടികൾക്കും പിന്നെ എന്റെ സഹ പ്രവർത്തകർക്കും ഒരു പിടിഎ പ്രസിഡന്റ് എന്ന നിലയിലും എന്റെ സ്വന്തം പേരിലും ഒരായിരം നന്ദി അറിയിച്ച് കൊണ്ട് നമ്മുടെ സ്കൂളില്‍ നിന്നും മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ഈ ചടങ്ങില്‍ കുട്ടികളെ അനുമോദിക്കാനും രണ്ട് വാക്ക് സംസാരിക്കാനും വേണ്ടി നമ്മുടെ പ്രിയങ്കരനായ എച്ച്.എം ശ്രീധരൻ മാഷെ ആദരപൂർവ്വം ക്ഷണിച്ച് കൊള്ളുന്നു
ഇരുപത് കുട്ടികളും വരിവരിയായി വന്ന് ട്രോഫികൾ ഏറ്റുവാങ്ങി
ഇരുപതാമത്തെ കുട്ടിക്ക് ട്രോഫി സമ്മാനിക്കുമ്പോൾ ശ്രീധരൻമാഷിന്റെ നിയന്ത്രണം വിട്ടു പരിസരം മറന്നയാൾ ആ വിദ്യാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദനമറിയിച്ചു . ശേഷം പ്രസംഗ പീഠത്തിലേക്ക് നീങ്ങി നിന്നു ,
പ്രിയങ്കരനായ പിടിഎ പ്രസിഡന്റ് ,മറ്റു കമ്മിറ്റി ഭാരവാഹികൾ , രക്ഷിതാക്കൾ,എന്റെ പ്രിയം നിറഞ്ഞ സഹപ്രവർത്തകർ ,സ്നേഹ നിധികളായ എന്റെ വിദ്യാര്‍ത്ഥികൾ
നമ്മളെല്ലാം ഇന്ന് വളരെ സന്തോഷത്തിലാണ് അതിന് വഴിയൊരുക്കിയ എല്ലാ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങള്‍ അവർക്ക് കൂട്ടായ് നിന്ന എന്റെ സഹപ്രവർത്തകർക്കും , രക്ഷിതാക്കൾക്കും പിടിഎ അംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കട്ടെ ഈ അവസരത്തില്‍ എനിക്ക് നിങ്ങളോടൊക്കെ പറയാനുള്ള മറ്റൊരു കാര്യമുണ്ട് നമ്മുടെ ഈ സന്തോഷത്തിന്റെ പ്രധാന കണ്ണിയായ സൽമാൻ എന്ന വിദ്യാര്‍ത്ഥിയെ കുറിച്ച് .
അച്ഛന്റെ ദുഷ്പ്രവർത്തികൊണ്ട് ചെയ്യാത്തൊരു തെറ്റിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും കൂട്ടുകാരിൽ നിന്നും കള്ളന്റെ മോനെന്നും കള്ളനെന്നും വിളി കേൾക്കേണ്ടി വന്ന
മിടുക്കനായ എന്റെ വിദ്യാര്‍ത്ഥിയെ കുറിച്ച് .
ഇന്നവൻ പരീക്ഷ എഴുതിയില്ലായിരുന്നെങ്കിൽ നമുക്കീ നിമിഷങ്ങള്‍ നഷ്ടമായേനെ.
ചില കാരണങ്ങളാൽ
സ്കൂളില്‍ നിന്നും തുടർ പഠനം പോലും നഷ്ടപ്പെട്ട ഈ വിദ്യാര്‍ത്ഥി രണ്ടക്ഷരം പറഞ്ഞ് കൊടുക്കാന്‍ അമ്മ പോലും കൂട്ടിനില്ലാതെ ഒരു നേരത്തെ അന്നത്തിനും വൃദ്ധയായ വല്ല്യമ്മയെ സംരക്ഷിക്കാനും വേണ്ടി പകലന്തിയോളം പൊരിവെയിലത്ത് ജോലിചെയ്ത് രാത്രി സമയങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഉറക്കമൊഴിച്ചിരുന്ന് പഠിച്ച് സ്വന്തമായ പരിശ്രമം കൊണ്ട്‌ നേടിയടുത്ത ഈ വിജയം മറ്റു എല്ലാ കുട്ടികളുടെ വിജയത്തെക്കാളും പതിൻമടങ്ങ് തിളക്കമാർന്നതാണെന്ന് പറയാതെ വയ്യ . ചെറിയൊരു കാര്യം കൂടെ പറഞ്ഞ് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കാം
കുട്ടികള്‍ തമ്മിലുള്ള ചെറിയ ചെറിയ തമാശകളുടെ പേരില്‍ കൊടി പിടിച്ചിറങ്ങുന്ന ചില രക്ഷിതാക്കളുണ്ട് സ്വന്തം മക്കളെ സംരക്ഷിക്കാന്‍ വേണ്ടി എന്ത് വേണ്ടാത്തതരവും ചെയ്ത് മറ്റു കുട്ടികളുടെ ഭാവി പോലും നഷ്ടപ്പെടുത്താൻ മടിയില്ലാത്തവർ , അങ്ങനെ ആരെങ്കിലും നമ്മുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഒാർക്കുക നാളെ നിങ്ങള്‍ അതേ കുറിച്ചോർത്ത് സങ്കടപ്പെടേണ്ടി വരും
ഏതായാലും സ്വന്തം പ്രയത്നം കൊണ്ട് ഉന്നത വിജയം നേടിയ സൽമാന് എന്റെ വക ഒരു എളിയ സമ്മാനം നൽകാനും ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു
ശ്രീധരൻ മാഷിന്റെ സംസാരം അവസാനിച്ചപ്പോൾ വേദിക്ക് മുന്നിലിരിക്കുന്ന കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കയ്യടിച്ച് സൽമാനെ ആശീർവതിച്ചു . വേദിയുടെ ഒരുമൂലയിൽ നിറഞ്ഞൊലിക്കുന്ന കണ്ണുനീര്‍ തുടച്ച് കൊണ്ട് മൈമൂന ടീച്ചറും അവരോടൊപ്പം ചേര്‍ന്നു .
മാഷിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങിയ കാശ് അവാര്‍ഡും പിടിഎ കമ്മിറ്റി നൽകിയ ട്രോഫിയും ഹാരവും പിടിച്ചവൻ വീട് ലക്ഷ്യമാക്കി നടന്നു കള്ളനെന്ന് വിളിച്ച കൂട്ടുകാരെല്ലാം അവനെ തോളിലേറ്റി സന്തോഷം പങ്കു വെച്ചു .
സലു….
സ്കൂള്‍ ഗേറ്റ കടന്നവൻ മുന്നോട്ട് നടന്നപ്പോള്‍ ഗേറ്റിനടുത്തുള്ള ആൽമരച്ചോട്ടിൽ നിന്നും അവനെ ആരോ വിളിച്ച പോലെ . തിരിഞ്ഞു നോക്കിയപ്പോള്‍ വലിയ കുറ്റ ബോധത്തോടെ കരഞ്ഞ് കൊണ്ടവൾ നിൽക്കുന്നു ഷഹന..!
ഹാ.. ഷഹന സുഖമല്ലേ.
ഉം , സലു ഞാന്‍ ….
എന്നോട് ക്ഷമിക്കണം
ഹേയ് അതൊന്നും സാരല്ല .
അല്ല ! നിന്നെ സ്റ്റേജിലൊന്നും കണ്ടില്ല ??
എനിക്ക് രണ്ട് വിഷയത്തില്‍ എ ഗ്രേഡേ ഉള്ളൂ..
നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നല്ലോ നീ പിന്നെ എന്തു പറ്റി
ഒന്നുമില്ല ഞാന്‍ കാരണം നീ…
നീ ഒരു കള്ളന്റെ മോനായതിന്റെ പേരിലാണ് ഉമ്മ നമ്മുടെ ഇഷ്ടത്തിനന്നു വിലങ്ങിട്ടത് , നീ എന്നെ പ്രേമം നടിച്ച് വശീകരിച്ച് എന്റെ പഠനം മുടക്കി ടീച്ചറുടെ മോളെക്കാൾ ഒരു കള്ളന്റെ മോന്‍ കൂടുതല്‍ മാർക്ക് വാങ്ങിക്കുമെന്ന് കരുതിയാണ് നിന്നോടൊത്തുള്ള എന്റെ പഠനം പോലും ഉമ്മ ‍ ഇല്ലാതാക്കിയത് ,
നിന്നെ ഒരു കുറ്റവാളിയാക്കിയത്
, കള്ളനെന്ന പേര് നിനക്ക് ക്ക് നൽകിയത്
ഞാനല്ല ഉമ്മയാ എല്ലാം …
ങ്ഹാ , അത് വിട്ടേക്ക് ഷഹന..
ഞാനതൊക്കെ മറന്നു,
ഷഹന പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുമ്പ് അവനവളുടെ വാ പൊത്തി
ഇവിടെ നിന്നാണ് ഞാനാ ലൗലെറ്റർ നിനക്ക് നൽകിയത് ഒാർക്കുന്നുണ്ടോ നീ
ഹ്ം
എനിക്കും നിനക്കും ടീച്ചർക്കും പടച്ചോനുമറിയാം ഞാനെന്റെ ഉമ്മക്ക് കൊടുത്ത വാക്ക് തെറ്റിച്ചിട്ടില്ലെന്ന് . മറ്റുള്ളവര്‍ എന്നെ എന്ത് വിളിച്ചാലും അതെനിക്ക് പ്രശ്നമില്ല.
പിന്നെ നിന്റെ ഉമ്മയോട്, എന്റെ മൈമൂന ടീച്ചറോട് പറഞ്ഞേക്ക് എനിക്കൊരു ദേഷ്യവുമില്ലെന്ന് ..
ഉമ്മയുടെ കൂടെ ഞാനും കൂടി നിന്നെ ……
പൊട്ടിക്കരഞ്ഞ് കൊണ്ടവൾ അവനു മുന്നില്‍ കൈ കൂപ്പി
ഹേയ് സാരല്ലടോ…. എന്താ ഇത് …
അതൊക്കെ മറന്നേക്ക് ഞാനൊരു കള്ളന്റെ മകനല്ലേ ..
അപ്പോ അതിനി അങ്ങനെ തന്നെ നിക്കട്ടെ …
കരയുന്ന അവളെ നെഞ്ചോട് ചേര്‍ത്ത് അവന്‍ ആശ്വസിപ്പിച്ചു ..
തേങ്ങലോടെ ആ നെഞ്ചില്‍ അവള്‍ കുറച്ച് നേരം ചേര്‍ന്ന് നിന്നു
വല്ല്യുമ്മാക്ക് കുറച്ച് മരുന്ന് വാങ്ങാനുണ്ട് ഞാന്‍ വേഗം ചെല്ലട്ടെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് സൽമാനവളോട് പറഞ്ഞു ..
കുറ്റബോധത്താൽ ഒന്നടുത്ത് വരാന്‍ പോലുമാവാതെ എല്ലാം കണ്ടും കേട്ടും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തളർന്ന ഹൃദയവുമായി അപ്പുറത്ത് ഭിത്തിയില്‍ ചാരിയിരിക്കാനേ മൈമൂന ടീച്ചർക്കായൊള്ളൂ….
ഷഹനയോട് യാത്ര പറഞ്ഞവൻ നടക്കാനൊരുങ്ങിയപ്പോൾ അവന്റെ കൈകളില്‍ പിടിച്ച് കൊണ്ടവൾ പറഞ്ഞു അന്ന് നീ നൽകിയ കത്തിന് മറുപടി ഇന്നു ഞാന്‍ പറയട്ടേ …?
ഇഷ്ടമാണ് എനിക്ക് ഒരുപാട് .
വേണ്ട ഷഹനാ …
ഇന്ന് നീ എന്നെ ഇഷ്ടപ്പെട്ടാൽ നാളെ നീയ്യും കൂട്ടുകാരാൽ പരിഹസിക്കപ്പെടും “കള്ളനെ സ്നേഹിച്ചവളെന്ന് പറഞ്ഞ് ,
ഞാന്‍ കാരണം നീ പരിഹസിക്കപ്പെടുന്നത് കാണാന്‍ എനിക്കിഷ്ടമില്ല,,
അത് കൊണ്ട് ഈ ഇഷ്ടം നമുക്കിവിടെ വച്ച് തന്നെ തീർക്കാം
വരട്ടേ.. !!!!!
******
RELATED ARTICLES

Most Popular

Recent Comments