Friday, December 5, 2025
HomeSTORIESചത്ത മനുഷ്യൻ.

ചത്ത മനുഷ്യൻ.

അഭിലാഷ് ജോൺ.

ഓരോ ഗ്രാമങ്ങൾക്കും പറയുവാൻ ഓരോ കഥകളുണ്ടാകും .കേട്ടുകേൾവികൾക്കും ,ഉഹാപോഹങ്ങൾക്കും പൊടിപ്പും തൊങ്ങലും ചേർത്തു നിറം പിടിപ്പിക്കുമ്പോൾ അത് ഓരോ കഥകളായി മാറുന്നു . എൻറെ ചെറിയ ഗ്രാമത്തിനും ഒരു കഥ പറയുവാനുണ്ട് . തൊള്ളായിരത്തിഎൺപതുകളുടെ ഒടുവിലാണ് ഈ കഥ നടക്കുന്നത് .രാത്രിയുടെ യാമങ്ങളിൽ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ചേക്കേറിയ ഒരു വിരൂപ രൂപത്തിൻ്റെ കഥ.അത് ഗ്രാമത്തെയാകെ പേടിയുടെ മുൾമുനയിൽ നിർത്തിയ കഥ .അത് വല്ലാത്തൊരു കഥയാണ് ,
ഇരുട്ടിന്റെ കരിമ്പടം മൂടിയ വഴികളിലൂടെ കാടും മലയും താണ്ടി ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ചേക്കേറിയ വിരൂപനായ ഒരു മനുഷ്യൻ .അവനെ നേരിൽ കണ്ടവരാരും ഇല്ല .എല്ലാം കേട്ട് കേൾവികൾ മാത്രം .എന്നാൽ ആ കേട്ടുകേൾവികൾ ഗ്രാമത്തെ ആകെ പേടിപ്പെടുത്തി .തടിച്ചു ഇരുണ്ട ഭീകരരൂപം ,കൈകാലുളിലെ മാംസം അഴുകി എല്ലുകൾ പുറത്തു കാണാം .പല്ലുകൾ കൊഴിഞ്ഞു കവിളുകൾ കീറിയ തുറന്ന വായ .അതി രൂക്ഷമായ ദുർഗന്ധം .ചുരുക്കത്തിൽ ചത്ത് അഴുകിയ ഒരു മനുഷ്യൻ മുന്നിൽ വന്നാലെന്ന പോലെ .ഗ്രാമം ആ വികൃത രൂപത്തെ “ചത്ത മനുഷ്യൻ “എന്ന് വിളിച്ചു .പാതിരാവാകുന്ന സമയം അടുക്കളവാതുക്കൾ മുട്ടിവിളിക്കുന്ന ആ രൂപത്തെ കാണുന്ന മാത്രയിൽ ആളുകൾ ഭയന്ന് വിറച്ചു ബോധരഹിതരാകുമത്രേ . ഈ തക്കം നോക്കിഈ വിരൂപ രൂപം അടുക്കളക്കകത്തു കടന്നുഅത്താഴ കലത്തിൽ നിന്നും ആർത്തിയോടെ ചോറ് വാരി തിന്നശേഷം ഇരുളിലേക്ക് ഓടി മറയുമത്രേ.
ഗ്രാമത്തിലെത്തിയ ആ മനുഷ്യന്റെ കഥ കാട്ടുതീ പോലെ പരന്നു .പള്ളിക്കൂട വരാന്തകളിലും ,ചായക്കടകളിലും ,വായനശാലയിലും എന്തിനേറെ നാലാൾ കൂടുന്ന നാല്കവലകളിൽ എല്ലാം ഇത് മാത്രമായി ചർച്ച ,ആ നാടാകെ ഇരുട്ടിനെ പേടിക്കാൻ തുടങ്ങി .പാതിരാവോളം പീടികത്തിണ്ണകളിലും ,അങ്ങാടിയിലും ഇരുന്നു അന്തിചർച്ചകളിലും ,വീമ്പുപറച്ചിലുകളിലും പങ്കെടുത്തിരുന്നവർ സായം സന്ധ്യക്ക്‌ മുന്നേ വീടുപിടിക്കാൻ തുടങ്ങി .പീടികകൾക്ക് ഇരുളിന് മുമ്പ് താഴ് വീഴാൻ തുടങ്ങി .നാല്കവലകൾ നിശബ്ദമായി . തെരുവ് നായ്ക്കളുടെ ഊരിയിടൽ മാത്രം .ഇരുട്ടിന്റെ മറവിൽ നിന്നും ആ രൂപം ഏതു നിമിഷവും തങ്ങളെ തേടി എത്താമെന്ന് ഗ്രാമവാസികൾ പേടിച്ചു.ചിലർ പോലീസിൽ പരാതി നൽകി .
പോലീസ് അന്വേഷണം ആരംഭിച്ചു .കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു പോലീസ് വാഹനം ഗ്രാമത്തിലെ പ്രധാന കവലയിൽ വന്നുനിന്നു ആളുകൾ ആകാംഷയോടെ ചുറ്റും കൂടി .ജീപ്പിനുള്ളിൽ പോലീസ്‌കാർക്കിടയിലായി ഒരു മനുഷ്യൻ തല കുമ്പിട്ടു ഇരിപ്പുണ്ട് .മുഷിഞ്ഞ വസ്ത്രം ,ഇരുണ്ട നിറം, മുഖത്തും കഴുത്തിലും പൊള്ളലേറ്റപോലെ പാടുകൾ .ഒറ്റ നോട്ടത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ഭ്രാന്തനായ മനുഷ്യന്റെ രൂപം . വാഹനത്തിനു ചുറ്റും കൂടിനിന്നവരോടായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ മനുഷ്യനെ ചൂണ്ടി വിളിച്ചുപറഞ്ഞു ” ഇവൻ ചത്തമനുഷ്യൻ ,പോലീസ് പിടിയിലായിരുന്നു ,ഇനി ഗ്രാമത്തിൽ എല്ലാവര്ക്കും ധൈര്യമായി പുറത്തിറങ്ങാം .” ആളുകൾ തെല്ലു സംശയത്തോടെ പരസ്പരം നോക്കുന്നതിനിടയിൽ പോലീസ് വാഹനം ആ മനുഷ്യനെയും കൊണ്ട് മുന്നോട്ടു നീങ്ങി .
ഇരുട്ടിനെ പേടിച്ചു കഴിഞ്ഞിരുന്ന ഒരു ഗ്രാമത്തിനാകെ ആശ്വാസം പകരാനായി പോലീസ്‌കാർ നടത്തിയ ഒരു നാടകമായിരുന്നുവോ ഈ അറസ്റ്റ്. അതോ ഈ മനുഷ്യൻ വേഷ പ്രച്ചന്നനായി ഗ്രാമത്തിലാകെ ചുറ്റിത്തിരിഞ്ഞു നടന്നു ആളുകളെ ഭീതിയിലാക്കിയിരുന്നോ . .അതുമല്ല ഗ്രാമക്കാർ വിശ്വസിച്ചിരുന്നപോലെ അതി വിരൂപനായ ,പകുതി മരിച്ച ഒരു “ചത്ത മനുഷ്യൻ ” ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ഇപ്പോഴും നടന്നു പോകാറുണ്ടോ .എന്തായാലും ഗ്രാമത്തിലെ രാത്രികൾ വീണ്ടും സജീവമായി . ചത്ത മനുഷ്യനെ നേരിൽ കണ്ടന്ന വീമ്പുപറച്ചിലുകളുമായി വീണ്ടും ആളുകൾ പാതിരവരെ അങ്ങാടിയിൽ സ്ഥാനം പിടിക്കാൻ തുടങ്ങി . മറ്റു ചിലർ പുതിയ കഥകൾ മെനയാനുള്ള തിരക്കിലുമായി . ശുഭം ,സ്വസ്ഥം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments