Thursday, May 2, 2024
HomePoemsആഗ. (കവിത)

ആഗ. (കവിത)

ആഗ. (കവിത)

ആഗ. (Street Light fb group)
ഒരു മനുഷ്യനുണ്ട്-
ചില ചിത്രങ്ങളിൽ ഒതുക്കാനാവാതെ,
രാവിലും പകലിലും വാതിലിൽ ഇടിച്ച്,
മനസ്സിൽ ഗർഭചിദ്രം നടത്തി
തിരിച്ച് പോകുന്നവൻ…
ചില ചുവടുകളുണ്ട്-
തിരിച്ച് പോകുമ്പോൾ തനിച്ച് കാണുന്നത്…
ഒരു മനുഷ്യനുണ്ട്-
കണ്ണും മൂക്കും നാവുമില്ലാതെ
ഓട്ട വീണ
ഹ്യദയവുമായി
സൗഹ്യദങളെ തിരഞ്ഞുപോയവൻ…
ഒരു നെറ്റിയുണ്ട് –
കടം തിന്ന് മരിച്ച
മണ്ണിന്റെ മകൻ
എഴുതിവച്ചബാധ്യതയിൽ
മലച്ച് പോയത്…
ഒരു ജപ്തിക്ക് കൂടി
സീൽ വെക്കാൻ മാത്രം വിശാലമായത്…
ഒരു പിരടിയുണ്ട്-
പാരമ്പര്യത്തിന്റെ
നുകം ചുമക്കുന്ന കാളയിൽ നിന്നും
വിശ്വാസത്തിന്റെ
വിഴുപ്പലക്കുന്ന
കഴുതയുടെ വിശുദ്ധിയിലേക്ക്
രൂപാന്തരം പ്രാപിച്ചു
കുനിഞ്ഞ് പോയത്…
ഒരുതൊണ്ടക്കുഴിയുണ്ട്-
പാതി മരിച്ചവർ
ച്ചുമടെടുക്കുമ്പോൾ
മൃഷ്ടാന്നം കൊണ്ട്
തികട്ടിവരുന്നത്…
ഒരു നാവുണ്ട് –
നിന്റെ അസാന്നിധ്യത്തിൽ
നിന്റെ പച്ച മാംസം തിന്നത്
നിന്റെ രഹസ്യങ്ങളുടെ
താക്കോലായത്
നിന്റെ രുധിര പാനത്തിൽ
മതിമറന്നത്…
രണ്ട് കണ്ണുകളുണ്ട് –
ഹ്യദയത്തിൽ വെടിയേൽക്കുമ്പോൾ
 ചാട്ടുളി പോലെ
ബാല്യത്തിൽ നിന്നും
പൗരുഷത്തിലേക്ക്
കുതിക്കുന്നത്
ചുടലക്കാഴ്ചകളിൽ
ചാറ്റൽമഴപടരുന്നത്…
രണ്ട് ചെവികളുണ്ട് –
നിശ്ശബ്ദമായ താരാട്ടിൽ
ഒരനാഥനോടൊപ്പം
ബധിരമായത്….
ഒരു  ഹ്യദയമുണ്ട്-
ധർമ്മത്തേയും
നീതിയേയും
അനീതിയും
ആസക്തിയും
വസ്ത്രാക്ഷേപം ചെയ്യുന്നത് കണ്ട്
കാട്കയറി
ലഹരിയുടെ ആത്മീയതയിൽ,
ജീവ കാമനയിൽ അബോധമായത്…
ഒരു ബോധമുണ്ട്
കടലിന്റെ അഗാധതയിലേക്ക് ആത്മീയതയുടെ
വാക്കുകളെ പെറ്റ് കൂട്ടുന്നത്..
ഭൂമിയേക്കാൾ
അഗാധമായ
യോനിയേക്കാൾ
മൗനമായത്.
രണ്ട് കൈകളുണ്ട്-
ബോധോധയത്തിൽ
പ്രത്യാശയുടെ തുഴ മുറിക്കി പിടിക്കുന്നത്…
ശത്രുവിന്റെ പിടലിക്ക് നേരെ
ഇരുതലമൂർച്ചയിൽ 
വാളാകുന്നത്.
വാക്കുകളെ
തൂലികയിൽ ഞാൺ കെട്ടി,വിരലുകളാൽ
അമ്പെയ്യുന്നത്…
രണ്ട് കാലുകളുണ്ട്-
പരസ്പരം മറികടക്കാനാവാതെ
ജീവിതത്തിന്റെ രഹസ്യം തേടി
ഇരവിലും പകലിലും
ആകാശങ്ങൾക്ക് കീഴെ ,
യുഗങളോളം
ദേശാടനത്തിന്റെ ചെമ്മൺപാതയിൽ 
പൊടിപിടിക്കുന്നത്….
RELATED ARTICLES

Most Popular

Recent Comments