തിത്തിക്കുട്ടിയുമ്മ. (കഥ)

തിത്തിക്കുട്ടിയുമ്മ. (കഥ)

0
964
കൃഷ്ണൻ കാട്ടുപ്പറമ്പിൽ. (Street Light fb group)
വീടിൻറെ വടക്കേ കോലായിലാണ് ചായിപ്പ് (അടുക്കള). ചായിപ്പിനു മുകളിൽ വലിയ അട്ടമാണ്. പറമ്പിലെ കർക്കിടകമാസത്തിലെ കൂര് തേങ്ങ മുഴുവൻ അട്ടത്ത് നിറഞ്ഞിരിക്കുന്നു. ചായിപ്പിലെ ചൂടും പുകയും തട്ടി അതങ്ങനെ ഉണങ്ങിക്കോളും. കോഴിക്കോട് വല്യങ്ങാടിയില് ഉണ്ടക്കൊപ്രക്ക് വില കൂടുമ്പോൾ വിറ്റാൽ നാലുമുക്കാല് കൂടുതൽ കിട്ടും.
ചായ്പ്പിൻറെ പുറത്തെ തിണ്ടത്ത് ഇമ്മിണി വല്ല്യൊരു പലകയിട്ട് കാലും നീട്ടിയൊരിരിപ്പാണ് തിത്തിക്കുട്ടിയുമ്മ. എപ്പോഴും ചിരിച്ച മുഖവും, പത്രാസ്സിൽ തലയിലെ തട്ടവും …
മടിയിൽ വലിയൊരു മുറം. അതിലേക്ക് പച്ചച്ചക്കച്ചുള താളത്തിൽ ചെത്തിയിടുന്നു. ഇടയ്ക്കു രണ്ടെണ്ണം വായിലേക്കും.. അത് കണ്ടു വലിയുമ്മയുടെ മുന്നിൽ കൈനീട്ടുന്ന പേരക്കുട്ടികളോട്… വെന്തിട്ട് തിന്ന മക്കളേ… എന്ന് പറഞ്ഞാലും രണ്ടെണ്ണം പച്ചയ്ക്ക് തിന്നാനും കൊടുക്കും.
ഇതിനിടയ്ക്ക് പെൺമക്കളിൽ ആരെയെങ്കിലും നീട്ടിയൊരു വിളിയാ … എടിയേ… അടുപ്പത്തെ ചോറ് വെന്തോന്ന് നോക്കാൻ… വേവ് കൂടിയാൽ പിന്നെ ഉപ്പാക്ക് ആ കാരണം മതി ചോറ് വെയ്ക്കാതിരിക്കാൻ..
പത്തടി അകലെ മാത്രമുള്ള എൻറെ വീടിൻറെ ഉമ്മറത്തിരുന്ന് ഞാൻ കാണുന്ന ഒരു രംഗം മാത്രമാണിത്.
കെട്ടിച്ച മക്കളും പേരക്കുട്ടികളും സ്കൂൾ അടച്ചാൽ ഒരു വിരുന്ന് വരവാണ്.. പിന്നെ വീട് മുഴുവൻ മക്കൾക്കും പേരമക്കൾക്കും തിത്തിക്കുട്ടിയുമ്മയുടെ ഇട്ടാവട്ട ത്തിലാണ്.
ചോറിൻറെയും ചാറിൻറെയും കൂടെ തേങ്ങയരച്ചു മഞ്ഞളും വെളുത്തുള്ളിയും ചേർത്തുണ്ടാക്കിയ ചക്കകൂട്ടാൻ കൂടി വിളമ്പാൻ ഉണ്ടായാൽ വട്ടത്തിലിരുന്ന് എല്ലാരും കൂടി ചോറ് വെയ്ക്കുമ്പോൾ ഒരു പെരുന്നാള് തന്നെയാണ്..
പണിയങ്ങനെ നടക്കുന്നതിനിടെ കാക്കയേയും പൂച്ചയേയും ഉച്ചത്തിൽ ഒരാട്ടലുണ്ട്. അതിനും ഒരു ചേലുണ്ട്.. ഓരോ കാര്യം ചോദിച്ചു ഉമ്മാനെ നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിക്കുന്ന മക്കളും പേരക്കുട്ടികളും കൂടിയാകുമ്പോൾ ഒരു വല്യപെരു ന്നാളിൻറെ കോളും, ഒരുക്കോം പെരുക്കോം എനിക്ക് കാണാം …
എടീ…സൂറാ… പപ്പടം കൂടി പൊരിച്ചാൽ ഉപ്പായ്ക്ക് ചോറ് കൊടുത്തയയ്ക്കാം.. എല്ലാം ഒരുവിധം വട്ടം കൂടിയെന്ന് ആ വാക്കുകൾ കേട്ടാൽ പിടി കിട്ടും ..
മാളുക്കുട്ട്യേ… ലേശം ചക്കകൂട്ടാൻ കൊണ്ട് പൊയ്ക്കോ.. പിള്ളര്ക്ക് കൊടുക്കാലോ.. എത്രയായാലും ചക്ക തിന്നാൻ വേറൊരു പള്ള തന്ന്യല്ലേ…
എൻറെ അമ്മയോടാണാ വാക്കും വിളിയും …
ഒരു ദിവസത്തിലെ രണ്ടോ മൂന്നോ മണിക്കൂർ നേരത്തെ ചായ്പ്പിൻറെ മൂലയിലെ തിത്തിക്കുട്ടിയുമ്മയുടെ ഒരു ചിത്രമാണ് കോറിയിട്ടത് …
ചില നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല… പരലോകത്തെത്തിയ തിത്തിക്കുട്ടിയുമ്മയുടെ ഖബറിടം പടച്ചതമ്പുരാൻ വിശാലമാക്കി കൊടുക്കട്ടെ…
(ബിയ്യുമ്മ, ഖദീജ, സഫിയ, ഷരീഫ, റംലത്ത്, സുലൈഖ, സുഹ്റ, ബാവ – അകാലത്തിൽ വിട പറഞ്ഞു – നാസ്സർ, ഫൈസൽ, ഇന്നു എന്നിവർ മക്കൾ. ഭർത്താവ് കുഞ്ഞിമൊയ്തീൻ അടുത്തയിടെ മരണമടഞ്ഞു. തിത്തിക്കുട്ടിയുമ്മയുടെ മക്കൾ എൻറെ അച്ഛനെയും അമ്മയെയും, അച്ഛാ… അമ്മേ… എന്നാണ് വിളിക്കുക. ആ പതിവ് ഇന്നും തുടരുന്നു.)

Share This:

Comments

comments