Friday, April 19, 2024
HomeLiteratureഅച്ഛനെന്ന പുണ്യം (കഥ).

അച്ഛനെന്ന പുണ്യം (കഥ).

അച്ഛനെന്ന പുണ്യം (കഥ).

അജീഷ് കാവുങ്ങല്‍.(Street Light fb group).
അഭിലാഷിനു ചുറ്റുമായിരുന്നു അന്ന് എല്ലാവരും. ഗൾഫിലുള്ള അവന്റെ മാമൻ അവന് സോണിയുടെ മൊബൈൽ ഫോൺ കൊടുത്തയച്ചിരിക്കുന്നു. പരസ്പരം മ്യൂസിക്കും വീഡോയോസും ഷെയർ ചെയ്യുകയാണെല്ലാവരും’. ഓരോരുത്തരുടേയും കൈയിലുള്ള മൊബൈൽ ഫോണിനെ പറ്റി സ്വയം എല്ലാവരും പുകഴ്ത്തി പറയുന്നുണ്ട്. കുറച്ചു നേരം നോക്കി നിന്ന ശേഷം നന്ദു അവിടെ നിന്ന് മാറി ബസ് സ്റ്റോപ്പിന്റെ ഒരു കോണിൽ പോയി നിന്നു.സുരേഷിനും, കിരണിനും, അബ്ദുവിനും എന്തിന് ക്ലാസിലെ മിക്ക പെൺകുട്ടികളുടേയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. ഈ കൂട്ടത്തിൽ തനിക്ക് മാത്രം ഇല്ല. എല്ലാവരുടേയും കൈയിലെ മൊബൈലും പരസ്പരമുള്ള ‘ചാറ്റിംഗും ഫെയ്ബുക്കും വാട്സ് ആപ്പുമൊക്കെ കാണുമ്പോൾ ഒരു മൊബൈൽ കിട്ടിയാൽ കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ട്.അച്ഛനോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നു ഒരു പിടിയും ഇല്ല. എല്ലാ ആവശ്യങ്ങളും പറയുന്ന പോലെ ആദ്യം അമ്മയുടെ അടുത്ത് പറയാം. അമ്മ വഴി അച്ഛനിലെത്തിക്കാം. കടുപ്പിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് അമ്മ നോക്കി കൊള്ളും. ചിലതെല്ലാം ആലോചിച്ചുറപ്പിച്ച്, വന്ന ബസിൽ കയറി വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിലാണ്.ബാഗ് വെച്ചിട്ട് നന്ദു അടുക്കളയിലേക്ക് ചെന്നു. ചായ വാങ്ങി കുടിച്ചു കൊണ്ട് അവൻ പറഞ്ഞു. “അമ്മേ ഇന്ന് ഒരു സംഭവമുണ്ടായി”. ചോദ്യഭാവത്തിൽ അമ്മ അവനെ ഒന്നു നോക്കി. “ഇന്നലെ ധന്യ ക്ലാസിൽ വന്നില്ലായിരുന്നു.പക്ഷേ ഇന്നലെ പഠിപ്പിച്ചതൊക്കെ മാഷ്ചോദിച്ചപ്പോൾ അവൾ കൃത്യമായി പറഞ്ഞു. ഇന്നലെ മാഷ് തന്ന നോട്ടൊക്കെ സുമേഷ് മൊബൈലിൽ കൂടെ അയച്ച് കൊടുത്തത്രേ. മൊബൈൽ ഉണ്ടെങ്കിൽ എന്തൊക്കെ സൗകര്യങ്ങളാല്ലേ.. അവൻ ഇടക്കണ്ണിട്ട് അമ്മയെ നോക്കി. അച്ഛനോട് പറഞ്ഞ് അമ്മ എനിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി തരുമോ? മാലതി അരി കഴുകുന്നത് നിർത്തി നന്ദുവിനെ നോക്കി പറഞ്ഞു  “നീ എന്തറിഞ്ഞിട്ടാ നന്ദൂട്ടി ഈ പറയണെ..മൈാബെലിനു എത്ര പൈസ ആകുമെന്നു വച്ചിട്ടാ .മെസേജ് ഒക്കെ അയ്യ്ക്കാൻ പറ്റണ ഫോൺ അല്ലേ നീ ഉദ്ദേശിക്കുന്നെ അതിന് 5000 രൂപ എങ്കിലും ആകില്ലേ. നിന്റെ ചേച്ചീയുടെ ഹോസ്റ്റൽ ഫീസ് അടയ്ക്കണം  പിന്നെ താഴേ ഒള്ളത് രണ്ടായ്ച്ച മുമ്പേ തെരെണ്ടിരിക്കണ കുട്ടി ആണ്  അതിന്റെ കാതിലും കഴുത്തിലും ഒരു തരി പൊന്ന് പോലും ഇല്ല.ഒരു ചെറിയ കമ്മല്ലെങ്കിലും ഈ ആഴ്ച കൊണ്ടു വരാമെന്നു പറഞ്ഞാ അച്ഛൻ പോയിരിക്കണെ.അച്ഛൻ ഒറ്റയ്ക്കു ജോലി ചെയ്തല്ലേ മോനേ ഇതോക്കെ നടത്തന്നെ “. മാലതി അലിവോടെ അവനേ ഒന്നു തഴുകി. നന്ദു ഒന്നും മിണ്ടാതേ നിരാശയോടെ തിരിഞ്ഞു നടന്നു അവന്റെ മുഖത്തിലെ വിഷമം കണ്ടു മാലതി വിളിച്ചു പറഞ്ഞു .. ഇന്ന് രാത്രി എന്തായാലും അച്ഛൻ വരുമല്ലോ ഞാൻ പറഞ്ഞു നോക്കാം  മോൻ ഒരുപാട് ആശ വയ്ക്കരുത്ട്ടോ.നന്ദു പുസ്തകം എടുത്തു ഹാളിലേക്ക് പോയി. രാത്രി 8 മണിക്കു മുന്നേ ശിവദാസൻ കൈയിൽ കുറച്ച് പച്ചക്കറിയും ബേക്കറി സാധനങ്ങളുമായി വീട്ടിലെത്തി. തൃശൂർ ഉള്ള ഒരു കാലിത്തീറ്റ കമ്പനിയിലാണ് ശിവദാസന് ജോലി.ദൂരം കൂടുതൽ ആയതു കൊണ്ട് ആഴ്ചയിൽ ഒരിക്കലേ വരൂ.ശിവദാസൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും നന്ദുവും അനിയത്തിയും പഠിപ്പൊക്കെ കഴിഞ്ഞ് ഹാളിൽ ടിവിയുടെ മുന്നിലിരുപ്പുണ്ടായിരുന്നു. സോഫയിൽ ഇരുന്ന ശേഷം ബാഗിൽ നിന്ന് അയാൾ ഒരു ചെറിയ വർണ കടലാസിൻെറ പൊതി എടുത്തു കൊണ്ട് മോളെ അടുത്ത് വിളിച്ച് അവളുടെ കൈയിൽ കൊടുത്തു.തുറന്നു നോക്കിയ അവളുടെ കണ്ണിൽ സന്തോഷം തുടിക്കുന്നത് നന്ദു കണ്ടു. ഒരു ജോഡി സ്വർണ്ണത്തിലുള്ള കുഞ്ഞി കമ്മലുകളായിരുന്നു,അതിൽ. അതെടുത്ത് അനിയത്തിയുടെ കാതിൽ ഇട്ടു കൊടുക്കുന്നതിനിടയിലാണ് മാലതി പറഞ്ഞത് “നന്ദുവിന് ഒരു മൊബൈൽ ഫോൺ വേണമത്രേ, ക്ലാസിലുള്ള കുട്ടികൾക്കെല്ലാം ഉണ്ടെന്ന്, ഒരെണ്ണം വാങ്ങി കൊടുക്കാൻ പറ്റുമോന്ന് അവൻ ചോദിച്ചിരുന്നു”. ഇതു കേട്ടതും നന്ദു ചെറുതായ് ഭയന്നു. ആരും ഇല്ലാത്തപ്പോൾ അമ്മ ഇതു പറയുമെന്നാണ് അവൻ വിചാരിച്ചത്. അവൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
       ശിവദാസൻ നന്ദുവിനെ നോക്കി കൊണ്ട് ചോദിച്ചു “നിനക്ക് ഇപ്പോ എന്താ മൊബൈലിന്റെ ആവശ്യം. മാഷൻ മാർ പറഞ്ഞു തരുന്നത് പഠിക്കാൻ മൊബൈലിന്റെ ആവശ്യമുണ്ടോ? ചേച്ചിയെപ്പോലെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നതെങ്കിൽ എന്തെങ്കിലും ‘അത്യാവശ്യം വരുമ്പോൾ വിളിക്കാനാണെന്നെങ്കിലും പറയാം. വീട്ടിൽ നിന്ന് 5 കിലോമീറ്റർ ഉള്ള സ്കൂളിൽ ദിവസവും പോയ് വരുന്ന നിനക്ക്, മൊബൈലിന്റെ ആവശ്യം ഉണ്ടെന്നെനിക്ക് തോന്നുന്നില്ല. ഇനി ഫേസ് ബുക്കും  മെസേജ് അയക്കണ കുന്ത്രാണ്ടമൊക്കെ തുടങ്ങി പഠിപ്പിൽ ഉഴപ്പാനാണോ പരിപാടി. കഴിഞ്ഞ പരീക്ഷയിൽ അറിയാല്ലോ, മാർക്ക് കുറവായിരുന്നു. നീയെന്താ ഒന്നും മിണ്ടാത്തത്. മൊബൈലിന്റെ ആവശ്യമെന്താണെന്ന് പറ. പെട്ടെന്ന് എന്തു മറുപടി പറയണം എന്ന് നന്ദുവിന് നിശ്ചയമുണ്ടായിരുന്നില്ല. “മഞ്ഞപ്പിത്തം വന്നതുകൊണ്ട് ക്ലാസ് മിസ്സായില്ലേ, അച്ഛാ, അതു കൊണ്ടാ മാർക്ക് കുറഞ്ഞത് . ഇനി ഞാൻ ശ്രദ്ധിച്ചോളാം. മൊബൈലിന്റെ ആവശ്യം ഒന്നും ഇപ്പോ ഇല്ല. എല്ലാവരുടേയും കൈയിൽ കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി. അതു കൊണ്ട് ചോദിച്ചതാ”. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ അവൻ വേഗം മുറിയിലേക്ക് നടന്നു. മൊബൈലിന്റെ ആവശ്യം ഇപ്പോ തനിക്കില്ലെന്ന് അച്ഛൻ പറഞ്ഞത് ശരിയാണെന്ന് അവൻ മനസ്സിലുറപ്പിച്ചു.
        ഒരു ദിവസത്തെ ലീവ് കഴിഞ്ഞ് ശിവദാസൻ തിരിച്ച് പോയി. മൊബൈലിന്റെ കാര്യം നന്ദു പാടേ മറന്നു. കൂടുതൽ സമയവും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. ശനിയാഴ്ച വൈകീട്ട് അമ്മ തേങ്ങ അരച്ച് മീൻ കറി വെക്കാൻ പുറപ്പെടുന്നത് കണ്ടപ്പോൾ തന്നെ നന്ദുവിന് മനസിലായ്, ഇന്ന് അച്ഛൻ വരുന്നുണ്ടെന്ന്. നേരിട്ട്അവൻ സംസാരിക്കില്ലെങ്കിലും വീട്ടിൽ അച്ഛന്റെ സാന്നിധ്യം അവന് ഏറെ ഇഷ്ടമായിരുന്നു. അന്ന് പതിവിലും നേരത്തെ ശിവദാസൻ വീട്ടിലെത്തി. പതിവുപോലെ പച്ചക്കറിയും ബേക്കറി സാധനങ്ങളും അമ്മയെ ഏൽപ്പിച്ചിട്ട് പറഞ്ഞു “നീ ഇത്തിരി വെള്ളം ചൂടാക്ക്, ഒന്ന് ആവി പിടിക്കണം. ഞാൻ, ദാ വരുന്നു. പഠിക്കുകയായിരുന്ന നന്ദുവിന്റെയും അനിയത്തിയുടേയും മുന്നിലെത്തി അയാൾ ബാഗ് തുറന്ന് ഒരു പാക്കറ്റ് എടുത്ത് നന്ദുവിന്റെ മുന്നിൽ വെച്ചു.ഒന്നേ നോക്കി യുള്ളൂ, നന്ദു അറിയാതെ എഴുന്നേറ്റ് നിന്നു പോയി.അധികം വിലയില്ലാത്തതും എന്നാൽ തരക്കേടില്ലാത്തതുമായ സാംസഗ്ഫോൺ. ചിരിച്ചു കൊണ്ട് ശിവദാസൻ പറഞ്ഞു. “ഇനി ഇതിന്റെ കുറവ് വേണ്ട. പഠിത്തത്തിൽ ഉഴപ്പാതിരുന്നാൽ മതി. നന്ദുവിന്റെ മുഖത്ത് പ്രകാശം പരന്നു.
‘ശിവദാസൻ വസ്ത്രം മാറി തോർത്തെടുത്ത് പിന്നാമ്പുറത്തേക്ക് പോകുമ്പോൾ നന്ദുവും അനിയത്തിയും മൊബൈൽ പണികൾ തുടങ്ങിയിരുന്നു. ഇടയ്ക്കൊന്ന് അടുക്കളയിലോട്ട് നോക്കിയപ്പോഴാണ് അവൻ കണ്ടത് -ഒരു വിറക് കൊള്ളി കത്തി പുറത്തേക്ക് വീഴാൻ നിൽക്കുന്നു. നന്ദു മൊബൈൽ താഴെ വച്ച് അടുക്കളയിലേക്ക് നടന്ന് ആ വിറക് കൊള്ളി ശരിയാക്കി വെച്ച് അടുക്കളയിൽ നിന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്മയുടെ ശബ്ദം അവന്റെ കാതിൽ വീണത്.
      “നിങ്ങൾക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ, പറഞ്ഞാൽ മനസിലാകാത്ത കുട്ടിയൊന്നുമല്ല അവൻ “. അവൻ പാതി തുറന്ന ജനാലക്കിടയിലൂടെ പുറത്തേക്ക് ഒന്നു എത്തിനോക്കി. കുളിമുറിയിലെ തിട്ടയിലിരിക്കുന്ന അച്ഛന് ,തോർത്ത് ചൂടുവെള്ളത്തിൽ പിഴിഞ്ഞ് അമ്മ ആ വി പിടിക്കുന്നു. തന്നെ പറ്റിയാണല്ലോ സംസാരം എന്ന് വിചാരിച്ച് അവൻ അവിടേക്ക് കാത് കൂർപ്പിച്ചു.
അവന്റെ കണ്ണ് അന്ന് നിറഞ്ഞത് നീയും ?കണ്ടതല്ലേ, അത്രയ്ക്ക് ന്യായമല്ലാത്ത ഒരു കാര്യം ഒന്നും അല്ല അവൻ ചോദിച്ചത്. അവന്റെ പ്രായത്തിലുള്ള എല്ലാ പിള്ളേരുടെ കൈയിലും ഇപ്പോ ഫോണുണ്ട്. പെട്ടെന്ന് അയ്യായിരം രൂപ ഉണ്ടാക്കാൻ ഞാൻ വേറെ വഴിയൊന്നും കണ്ടില്ല. വലിയ കഷ്ടം ഒന്നുമില്ലായിരുന്നു. ജോലി കഴിഞ്ഞ് ദിവസവും രണ്ട് മണിക്കൂർ ലോഡിങ്ങിന് നിന്നു. ചാക്ക് ഒന്നിന് 20 രൂപ വെച്ച് കിട്ടും. അപ്പൊ അപ്പോഴത്തെ മുഖം ആലോചിച്ചപ്പോൾ ഒരു ചാക്കും എനിക്ക് ഭാരമുള്ളതായ് തോന്നിയില്ല. നമുക്ക് ആണായിട്ട് അവൻ ഒന്നല്ലേയുള്ളൂ, നീ കാര്യമാക്കണ്ട. ഞാൻ മൊബൈൽ കൊടുത്തപ്പോൾ അവന്റെ മുഖം കാണേണ്ടതായിരുന്നു. മക്കളുടെ മുഖത്തെ സന്തോഷം കാണാനല്ലേ ടീ, ഞാനും നീയുമൊക്കെ, ഈ പെടാപാടുപെടുന്നെ… മഞ്ഞപ്പിത്തം വന്നില്ലായിരുന്നെങ്കിൽ അവനാകുമായിരുന്നു ക്ലാസിൽ ഫസ്റ്റ് എന്ന് അവന്റെ മാഷ് എന്നെ കണ്ടപ്പോൾ പറഞ്ഞിരുന്നു. നീ പോയ് ചോറെടുത്ത് വെയ്ക്ക്, ഞാൻ കുളിച്ചിട്ടു വരാം.
നന്ദു തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ രണ്ട് നീർച്ചാലുകളായി മാറിയിരുന്നു. റൂമിലേക്ക് വന്ന അവന്റെ മുഖം കണ്ട് അനിയത്തി ഒന്നു ഞെട്ടി. ഒന്നും മിണ്ടാതെ ആ മൊബൈൽ അവൻ പഴയതുപോലെ പാക്ക് ചെയ്യാൻ തുടങ്ങി. ഈ മൊബൈലിനു വേണ്ടി അച്ഛൻ 50kg വരുന്ന എത്ര ചാക്കുകൾ ചുമന്നിട്ടുണ്ടാകും എന്നോർത്തപ്പോൾ അവന്റെ നെഞ്ചുരുകി. മൊബൈൽ വേണമെന്ന് തോന്നിയ നിമിഷത്തെ അവൻ ശപിച്ചു..
   മൊബൈൽ പാക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും,ശിവദാസൻ കുളി കഴിഞ്ഞ് ഹാളിൽ ഇരുപ്പുണ്ടായിരുന്നു, സമീപത്തായി മാലതിയും.ശിവദാസന്റെ മുമ്പിലുള്ള മേശമേൽഫോൺ കൊണ്ട് വെച്ച് അവൻ പറഞ്ഞു – “എനിക്ക്, ഈ മൊബൈൽ വേണ്ട, അച്ഛൻ ഇത് തിരിച്ച് കൊടുത്ത്, ആ പൈസ വാങ്ങൂ”.ശിവദാസൻ ഒന്നമ്പരന്നു. “അതെന്താ നിനക്ക് വേണ്ടാത്തത്,  നല്ലതല്ലേ, ഈ ഫോൺ ” .അതുകൊണ്ടൊന്നുമല്ല ഈ ഫോൺ ഇനി എനിക്ക് സന്തോഷത്തോടെ ഉപയോഗിക്കാൻ പറ്റില്ല. ഇനി ഇത് കാണുമ്പോഴൊക്കെ എനിക്ക് അച്ഛൻ ചാക്കു ചുമന്ന കാര്യം ഓർമ വരും. സങ്കടം കൊണ്ട് അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.മാലതിയും ശിവദാസനും പരസ്പരം ഒന്നു നോക്കി.തങ്ങൾ സംസാരിച്ചത് അവൻ കേട്ടു എന്ന് അവർക്ക് മനസിലായി.
   ഒന്നു പുഞ്ചിരിച്ചു കൊണ്ട് ശിവദാസൻ പറഞ്ഞു “മോനെ നന്ദു, നിനക്ക് പ്രായത്തിൽ കൂടുതൽ പക്വത ഉണ്ടെന്ന് എനിക്കറിയാം. ഒരു അച്ഛനെന്ന നിലയിൽ എനിക്കതിൽ അഭിമാനവും സന്തോഷവും ഉണ്ട്. പിന്നെ അച്ഛൻ ഇത് കഷ്ടപ്പെട്ടു വാങ്ങിച്ചതാണെന്ന് കരുതി വിഷമിക്കേണ്ട. മക്കൾക്ക് വേണ്ടിയല്ലാതെ പിന്നെ അച്ഛൻ ആർക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അച്ഛനേയും അമ്മയുടേയും വിയർപ്പ് കൊണ്ടുണ്ടാക്കിയ എത്തും ഉപയോഗിക്കാൻ മക്കൾക്ക് പൂർണ്ണ അധികാരംഉണ്ട്. ഇനി മൊബെൽ ഉപയോഗിക്കുമ്പോൾ നിനക്ക് സങ്കടമല്ല, അഭിമാനമാണ്തോന്നേണ്ടത്. എന്റെ അച്ഛൻ എന്നോടുള്ള ഇഷ്ടം കൊണ്ട് കഷ്ടപ്പെട്ടു വാങ്ങിച്ചു തന്നതാണ് എന്നു വേണം കരുതാൻ.രണ്ട് വർഷം കൊണ്ട് കേടാകുന്ന ഈ സാധനം വാങ്ങാൻ അച്ഛൻ പെട്ട പാട് എന്റെ മോന്റെ മനസിൽ ഇപ്പോൾ തോന്നിയെങ്കിൽ നിങ്ങളെ ഇത്ര വർഷം വളർത്താൻ പെട്ട കഷ്ടപ്പാടും നിന്റെ മനസിൽ ഉണ്ടാകുമെന്ന് എനിക്കറിയാം, എനിക്കതു മതി”. നിറഞ്ഞ അവന്റെ കണ്ണ് തുടച്ച് കൊണ്ട് മൊബൈൽ എടുത്ത് അവന്റെ കൈയിൽ കൊടുത്ത് ശിവദാസൻ ചിരിച്ച് കൊണ്ട് കരയുന്ന മാലതിയേയും മോളേയും നോക്കിപ്പറഞ്ഞു. ” പോയി, ചോറെടുത്തു വെക്കിനെ ടീ പെണ്ണുങ്ങളേ, വിശന്നിട്ട് കുടൽ എരിയാൻ തുടങ്ങി .”
RELATED ARTICLES

Most Popular

Recent Comments