Friday, May 3, 2024
HomePoemsകാവുകൾ ... (കവിത)

കാവുകൾ … (കവിത)

കാവുകൾ ... (കവിത)

സുമോദ് പരുമല. (Street Light fb group)
നമുക്കിനി …
നമ്മുടെ കാവുകളില്ല .
കാവുകളിൽ കിളികൾ പാടുകയില്ല ,
നമ്മുടെ കിളികൾ …
ശതാവരിച്ചുവടുകളിൽ
സർപ്പങ്ങളിഴഞ്ഞ മണ്ണടയാളങ്ങൾ
നമുക്കിനിയാരും കാട്ടിത്തരുകയില്ല .
മഞ്ഞുനീരൂറിനിൽക്കുന്ന
കനത്ത എരിക്കിലകൾ വടിച്ച വിരലുകൾ
എറ്റിത്തെറിപ്പിച്ച നീർക്കണം
കണ്ണിൽ വീണെന്ന് ഭാവിച്ച്
കളളപ്പിണക്കം കാട്ടാനാവില്ല .
ചുണ്ണാമ്പിന്റെ നിറമുള്ള
ഊഞ്ഞാലുവള്ളികളിൽ ചില്ലാട്ടമാടി
ചാരു പൊള്ളിയ ശരീരങ്ങളുമായി
നാഗശിലകൾക്കു മുന്നിൽ
തൊഴുതു നിൽക്കാനാവില്ല .
കാവുകൾ നമ്മിൽ നിന്ന്
ചോർത്തപ്പെട്ടിരിയ്ക്കുന്നു .
വൈക്കോൽത്തുറുവിന്റെ കീഴിലെ
അനാഥമായിക്കിടന്ന
കണ്ണൻചിരട്ടകൾ …
കാവുതീണ്ടിയിരുന്നു …… അവിടെ,
മണ്ണപ്പങ്ങൾ നിറഞ്ഞ്,
അവ നിർവൃതിയടഞ്ഞിരുന്നു .
അതിവേഗത്തിലോടിയെത്തിയ
ആട്ടിൻകുട്ടികളും
കുളമ്പുകളുരച്ച് ബ്രേക്കിട്ടെങ്കിലും…
കാവുതീണ്ടിയിരുന്നു .
കാവിലേക്കുള്ള വഴിയിൽ
കിളച്ച് കൂനപിടിച്ചിരുന്ന പറമ്പുകളിൽ
വെട്ടിയിട്ട വട്ടത്തണ്ടുകളുടെ
മുറിപ്പാടിനു നടുവിൽ
ചുവന്ന കറ.. ചോരത്തുള്ളികൾപോലെ
ഊറി നിന്നിരുന്നു .
നമുക്ക് …..
ഓർക്കിഡുകൾ പൂത്തുനിൽക്കുന്ന
ചെടിച്ചട്ടികൾ നിറഞ്ഞ ,
തറയോടു പാകിയ മുറ്റത്തേക്കുനോക്കി
ഓർമ്മകളടച്ചുവച്ചു കിടക്കാം ….
എങ്കിലും …. എവിടെയോ … ആരോ …
പാവാടത്തുമ്പിൽ കെട്ടിയിട്ട ചൂരൽപ്പഴങ്ങൾ
കെട്ടഴിച്ച് കൈവെള്ളയിലേക്ക് ചൊരിയുമ്പോൾ
അത് നോക്കി നിന്ന് ….
കരിയിലക്കിളികൾ ചിലയ്ക്കുന്നുണ്ട്
ചുറ്റിനും….
RELATED ARTICLES

Most Popular

Recent Comments