Friday, November 22, 2024
HomePoemsഅരക്ഷിതം. (കവിത)

അരക്ഷിതം. (കവിത)

 മഞ്ജുള ശിവദാസ്‌.
നാലുനാള്‍ നീളുന്ന വാര്‍ത്തകള്‍ക്കപ്പുറം-
യാത്രചെയ്തീടാത്ത നീതി ബോധം.
പ്രതിഷേധജ്വാലയായ് ആളിപ്പടര്‍ന്നു-
കൊണ്ടതിവേഗമണയുന്ന നീതി ബോധം.
വിടരാത്ത മുകുളത്തില്‍ മധുതേടിയെത്തുന്ന-
വികലചിത്തര്‍ക്കെതിരെയൊന്നായിടേണം.
ഇവിടീക്കുരുന്നുകള്‍ ഇനിയുമൊരു-
നീചര്‍ക്കുമിരയായിടാതിരിക്കാനായ്.
മതമദംപൊട്ടിയ കമാന്ധരാലെന്‍റെ-
തനുചീന്തിയെറിയപ്പെടുമ്പൊഴും മൌനമായ്-
നിശ്ചലം നോക്കിയിരുന്ന കല്‍പ്രതിമകള്‍.
നരസൃഷ്ട്ടിയാം വെറും ദൈവസങ്കല്‍പ്പങ്ങള്‍.
നിഷ്കളങ്കം നിലവിളിച്ചു ഞാന്‍ യാചിച്ച-
തൊരു നിര്‍വികാരരൂപത്തിന്‍ സമക്ഷമോ!
നിസ്സഹായതയോര്‍ത്തു ദൈവമേ,
നിന്നോടു സഹതാപമേയുള്ളിവള്‍ക്ക്.
യാതനയില്‍നിന്നെന്നെ രക്ഷിച്ച മരണമേ-
നിന്നെമാത്രം സ്തുതിച്ചീടുന്നു ഞാന്‍.
അനീതിക്കു കാവലിരിക്കുന്നവര്‍ നീട്ടും-
ഔദാര്യ നീതിയിനി വേണ്ടെനിക്ക്.
മതത്തിന്‍റെ മറവിലൊളിപ്പിച്ചു നിങ്ങളീ-
നരഭോജികള്‍ക്കു സുരക്ഷയേകുമ്പോള്‍-
ഇനിയുമെറിയപ്പെടാമിതുപോല്‍ കുരുന്നുകള്‍,
പ്രാണന്‍ പകുത്തു കാക്കേണ്ടുന്ന ബാല്യങ്ങള്‍.
മതമതില്‍ക്കെട്ടിത്തിരിച്ച രാഷ്ട്രീയത്തി-
നിരയായിടാതിരിക്കാനായ്-
നിണവര്‍ണ്ണബന്ധമതുമതി നമ്മള്‍ മാനവര്‍-
ക്കൊരു മതം അതു മനുഷ്യത്വമാകട്ടെ.
RELATED ARTICLES

Most Popular

Recent Comments