ഡിജിന്‍ കെ ദേവരാജ്.
കണ്ണിലിരുട്ടു കയറുന്നെനിക്കല്പം
വെളിച്ചം തരുമോ ദെെവമെ?
പുലരും വരെ കാത്തിരിക്കാന്‍
വയ്യിനിയും തലകള്‍ വായ്ത്തല
മൂർച്ചയാൽ വെട്ടിവീഴ്ത്തുന്നൊ
രിരുള്‍ മതവെറി യുദ്ധമിവിടെ
നടക്കുന്നവർക്കല്പം വെളിച്ചം
കാട്ടണമെനിക്കുടനെ അല്ലായ്കിൽ
ഇനിയുമവർ കാണാതിരുട്ടത്ത്
തലകളെരിയും സഹോദരനെന്ന
റിയാതെ സ്വകുലം തകർക്കും
ക്ഷമിക്കുക മനുഷ്യാ വെളിച്ചമില്ല
ഇവിടെ പകരം നിനക്കായൊരു
നിലവിളക്കു ഞാൻ തരട്ടെ തിരിയിട്ടു
നീയതിൽ വെളിച്ചം കാട്ടുക
അതുവേണ്ട ദെെവമെ അതു
വർജ്ജ്യമാണിവിടെ എനിക്കു
വെളിച്ചം മതി വെളിച്ചം മാത്രം
എങ്കിൽ നിനക്കൊരു മെഴുകു
തിരി ഞാൻ തരട്ടെ മനുഷ്യാ
അതിലുമെരിയുമെൻ കരുണതൻ
ദീപം നീയതവർക്കു നൽകുക
അതും വേണ്ട ദെെവമേ
അതിലും മതം ചൊല്ലിയെങ്കുലം
ഇനിയും ചോരപ്പുഴയൊഴുക്കി
വീണ്ടുമങ്ങയെ കുരിശ്ശിൽ തറക്കും
എങ്കിൽ നിനക്കു ഞാൻ
അലാവുദീന്റെ അത്ഭുതവിളക്കു
തരട്ടെ മണ്ണെണ്ണ നിറച്ചതുനീ
ഇരുട്ടത്തുകാട്ടുക വെളിച്ചം കിട്ടും
വേണ്ടീശ്വരാ പേരിലതും വർജ്ജ്യം
തൊട്ടാൽ പൊള്ളും അതിലൊ-
രറേബ്യന്‍ ഭൂതമുണ്ടെന്നു ചൊല്ലി
അവരെന്നെ മയ്യത്തടക്കും
എങ്കിൽ നീ ചെല്ലു മതമില്ലാത്ത
നല്ല തുണിപ്പന്തം ചുറ്റി കത്തി
യെരിയുന്ന മനുഷ്യ ശ്ശവപ്പറമ്പില്‍
മതമില്ലാത്ത ദെെവമായന്നെയും
കൊളുത്തു പുലരുവാന്‍ ഇനിയും
നേരമുണ്ട് പൊയ്-വരൂ നീമനുഷ്യാ
വിളക്കു ഞാനെടുത്തില്ല വെളിച്ചം
തരാതെ ദെെവമെന്നെ മടക്കിവിട്ടു
ള്ളിലദ്ദേഹം പിറുപിറുത്തു
ഇവനെ സൃഷ്ടിച്ച നേരത്തു
രണ്ടു വാഴവെച്ചാല്‍ മതിയായിരുന്നു
പിന്നെയും ഞാൻ തിരിഞ്ഞു നോക്കി
വട്ടുപിടിച്ച ദെെവം സ്വയം
കൊളുത്തി മരിച്ചു സത്യം!