Sunday, November 3, 2024
HomeLiteratureപട്ടുപാവാടയുടെ നൊമ്പരം. (കഥ) -അവസാനഭാഗം

പട്ടുപാവാടയുടെ നൊമ്പരം. (കഥ) -അവസാനഭാഗം

ഷെരിഫ് ഇബ്രാഹിം.
>>>>കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച……….
ഫ്ലൈറ്റ് കൃത്യസമയത്ത് തന്നെ നെടുമ്പാശേരിയിൽ ലാൻഡ്‌ ചെയ്തു. ഗൾഫ്‌ എയർ ആയതു കൊണ്ടും വിഷുവിന്നു ആരംഭിച്ച എയർ കേരള അല്ലായിരുന്നത് കൊണ്ടും നെടുമ്പാശേരിയിൽ ഇറക്കേണ്ടതിന്നു പകരം തിരുവനന്തപുരത്ത് ഇറക്കിയില്ലഎന്ന് ഏതോ യാത്രക്കാരൻ പറയുന്നത് കേട്ടു.
കൂടുതൽ ആലോചിക്കാൻ നിന്നില്ല. ജോർജിന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച കാറിൽ എന്റെ വീട്ടിൽ എത്തി.
എല്ലാവരുടെയും മുഖത്ത് വലിയ ദു:ഖം കാണുന്നു.
അനിയൻ രാജൻ വന്നു പറഞ്ഞു ‘ചേട്ടാ, നമ്മൾ എല്ലാം സഹിച്ചല്ലേ പറ്റൂ. ദൈവത്തിൽ എല്ലാം ഭരമേൽപ്പിക്കാം’
‘എന്റെ പോന്നു മോൾക്ക്‌ എന്താണ് സംഭവിച്ചത്?’
‘ചേട്ടാ….. നമ്മളുടെ മോളെ……. പട്ടികടിച്ചു……..കടിച്ചത് പട്ടിയാണെന്ന് മോള് വീട്ടിൽ പറഞ്ഞില്ല. വിവരം അറിഞ്ഞ അന്ന് മുതൽ ചേച്ചി അബോധാവസ്ഥയിലായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്’
എനിക്ക് തലകറങ്ങുന്നത് പോലെ…..
‘ന്റെ ഗുരുവായൂരപ്പാ’ എല്ലാം ദൈവത്തിൽ ഭരമേൽപ്പിച്ചു
‘എനിക്കെന്റെ പൊന്നുമോളെ കാണണം’ ഒരു വിധം മനസ്സിന്ന് സമാധാനമായപ്പോൾ രാജനോട് പറഞ്ഞു
‘ശെരി. നമുക്ക് പോകാം. ചേട്ടൻ ക്ഷമ കൈവിടരുത്’
എന്റെ പൊന്നുമോൾക്ക് കൊണ്ട് വന്ന പട്ടുപാവാടയും ജാക്കറ്റുമായി രാജന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി.
കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞതനുസരിച്ച് സിറ്റിംഗ് റൂമിൽ ഇരുന്നു.
‘അച്ഛാ, എന്റെ പട്ടു പാവാട എവിടെ?’ എന്റെ മകൾ ഓടി വന്നു എന്നോട് ചോദിച്ചു
ഞാനവൾക്ക് ആ പട്ടുപാവാട കൊടുത്തു. അവൾ അത് അണിഞ്ഞു കൊണ്ട് വന്നു. എന്ത് ഭംഗിയാണ് എന്റെ മോളെ കാണാൻ.
അവൾ എന്റെ മടിയിൽ കയറിയിരുന്നു. ‘എന്തെ അച്ഛൻ എന്റെ ബർത്ത്ഡേയ്ക്ക് വരാഞ്ഞത്?’
മോളുടെ ചോദ്യത്തിന്നു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഖലീൽ സാർ ചെയ്ത കാര്യം മോളോട് പറഞ്ഞിട്ടെന്ത് കാര്യം.
‘അച്ഛാ, അച്ഛൻ ഇനി അബുദാബിക്ക് പോകേണ്ട’
‘ഇല്ല, എന്റെ മോളെ വിട്ട് ഞാൻ ഒരുത്തിലും പോകൂല’
‘സോമൻ വരൂ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്’
ഡോക്ടറുടെ സംസാരമാണ് എന്നെ സ്വപ്നത്തിൽ നിന്ന് ഉണർത്തിയത്.
ഡോക്ടറുടെ കൂടെ അദ്ധേഹത്തിന്റെ മുറിയിലേക്ക് പോയി. അല്ലെങ്കിൽ തന്നെ ഞാനിപ്പോൾ ഒരു യാന്ത്രികമനുഷ്യനായിരിക്കുന്നു.
ഡോക്ടർ കുറെ ഉപദേശങ്ങൾ തന്നു. എല്ലാം ശ്രദ്ധയോടെ കേട്ടു. എനിക്കെങ്ങിനെ ഇത്തരത്തിൽ ആവാൻ കഴിഞ്ഞു എന്ന് അത്ഭുദപ്പെട്ടു. ഡോക്ടർ പറഞ്ഞതെല്ലാം ചെയ്യാമെന്ന് പറഞ്ഞതനുസരിച്ച് അദ്ധേഹത്തിന്റെ കൂടെ എന്റെ മകളെ കാണാൻ സെല്ലിലേക്ക് പോയി.
അവിടെ ഒരു കൂട്ടിൽ……….. എന്റെ മകൾ…….ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു.
തളർന്ന്‌ വീഴാതിരിക്കാൻ അളിയന്റെ ദേഹത്ത് പിടിച്ചു. ഡോക്ടറുടെ വാക്കുകൾ ഓർത്തു.
ഒന്ന് കൂടെ മോളെ നോക്കി. അവൾ സെല്ലിൽ താഴെ കിടന്ന് ഉറങ്ങുകയാണ്.
‘ഡോക്ടർ, എന്റെ മകൾക്ക് ഞാൻ ഈ പട്ടുപാവാട ധരിപ്പിക്കട്ടെ’ ഞാൻ ഡോക്ടറോട് ചോദിച്ചു
‘ഒരിക്കലും പാടില്ല സോമൻ. ആ കുട്ടിയുടെ നഖം നിങ്ങളുടെ ദേഹത്ത് കൊണ്ടാൽ ….. ഞാൻ പറയാതെ തന്നെ അതിന്റെ ഗൌരവം മനസ്സിലാകുന്നുണ്ടല്ലോ?’ ഡോക്ടർ തന്റെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞു.
‘ഡോക്ടർ എനിക്കെന്റെ മകൾ ഈ പട്ടുപാവാട ധരിച്ചൊന്നു കാണാൻ…’ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
‘ശെരി. ഞാൻ വാർഡനോട് പറഞ്ഞ് ചെയ്യിപ്പിക്കാം’ ഡോക്ടർ എന്റെ കയ്യിൽ നിന്നും ആ പട്ടുപാവാട വാങ്ങി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ വാർഡൻ വന്ന് ഞാൻ കൊടുത്ത പട്ടുപാവാടയും ബ്ലൗസും എന്റെ പോന്നു മോളെ ധരിപ്പിച്ചു. എനിക്ക് വളരെയധികം സന്തോഷമായി.
വാർഡൻ സെല്ലിൽനിന്നും പുറത്തു കടന്നു. ഞാൻ സെല്ലിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
‘ചേട്ടാ, എന്തെങ്കിലും വിശപ്പിന്നുള്ളത് കഴിക്കാം’
അനുജന്റെ ക്ഷണം നിരസിച്ച് കൊണ്ട് പറഞ്ഞു ‘എനിക്ക് ഒന്നും വേണ്ട, വിശപ്പില്ല.’
എന്റെ മകൾ സെല്ലിന്റെ വാതിൽ തുറന്നു എന്റെ അടുത്തേക്ക് വന്നു. എന്റെ മടിയിൽ കയറി ഇരുന്നു. ഞാനവൾക്കും അവൾ എനിക്കും ഒരു പാട് ചുംബനങ്ങൾ നൽകി.
‘അച്ഛാ, എന്റെ അസുഖമെല്ലാം മാറി. നമുക്ക് ആ പട്ടിയെ തല്ലികൊല്ലണം’ എന്നിട്ടവൾ തുടർന്നു ‘അച്ഛന് വിശപ്പില്ലേ?’
‘ഇല്ല മോളെ, മോളെ കിട്ടിയപ്പോൾ അച്ഛന്റെ എല്ലാ വിശപ്പും മാറി’
‘അത് നുണ. അച്ഛൻ ചായയുടെ ആളല്ലേ?അച്ഛന്ന് ഞാൻ നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കിത്തരാം’
അത് പറഞ്ഞവൾ എന്റെ മടിയിൽ നിന്ന് ചാടി ഇറങ്ങി. പട്ടുപാവാട താഴത്തുമുട്ടാതിരിക്കാൻ അവൾ കൈകൊണ്ട് പിടിക്കുന്നുണ്ടായിരുന്നു.
‘ഇതാ ചായ’ ഞാൻ ആ ചായ വാങ്ങി.
‘ചേട്ടാ, കഴിക്കാൻ എന്തെങ്കിലും’ ഞാൻ നോക്കി. അത് എന്റെ അനിയനായിരുന്നു.
‘എനിക്കീ ചായ വേണ്ട’ എന്റെ പോന്നുമോൾ ചായ ഉണ്ടാക്കാൻ പോയിട്ടുണ്ട്.
‘ഇല്ല ചേട്ടാ, അത് ചേട്ടന് തോന്നിയതാവും’
ഞാൻ സെല്ലിലേക്ക് നോക്കി. എന്റെ മകൾ സെല്ലിൽ കിടക്കുകയാണ്.
‘ഇനി അധികനേരം ഇവിടെ ഇരിക്കാൻ പറ്റില്ല’ വാർഡൻ വന്നു പറഞ്ഞു.
എന്റെ മോളുടെ അടുത്ത് നിന്ന് പോകാൻ തീരെ ഇഷ്ടമില്ല. പക്ഷെ എന്ത് ചെയ്യാൻ അവരുടെ വാക്ക് അനുസരിച്ചല്ലേ പറ്റൂ. ഭാര്യയുടെ റൂമിൽ ചെന്നു. ആൽമഹത്യ ചെയ്താലോ എന്നാലോചിച്ചു. ഒരിക്കലും പാടില്ല, അത് ചെകുത്താന്റെ ബുദ്ധിയാണെന്ന് മനസ്സ് മന്ത്രിച്ചു.
ഡോക്ടറെ റൂമിൽ ചെന്നു..അരമണിക്കൂറോളം സംസാരിച്ചു. അദ്ധേഹത്തിന്റെ റൂമിൽ നിന്നും പുറത്ത് കടന്നത്‌ ഒരു പുതിയ മനുഷ്യനായിട്ടാണ്. എന്ത് വന്നാലും കണ്ടാലും ക്ഷമിക്കാം എന്ന് തീരുമാനിച്ചു.
വീണ്ടും അനിയനുമായി റൂമിലേക്ക്‌ പോയി. നല്ല ക്ഷീണം. നീർന്നു നിവർന്നു കിടന്നു. ഉറക്കം വരുന്നില്ല. കണ്ണടക്കുമ്പോൾ ചീത്ത ചിന്തകൾ വരുന്നു. ഭാര്യ കണ്ണ് തുറന്നു മുകളിലേക്ക് നോക്കി കിടക്കുകയാണ്. മരുന്നിന്റെ ശക്തികൊണ്ടാവാം അവൾ ഒന്നും അറിയുന്നില്ലെന്ന് തോന്നുന്നു.
മയങ്ങിപ്പോയെന്നു തോന്നുന്നു. അനിയൻ വന്ന് വിളിച്ചപ്പോളാണ് കണ്ണ് തുറന്നത്. ‘ചേട്ടാ, നമ്മുടെ മോളുടെ സ്ഥിതി വഷളായി. ക്ഷമയോടെ കാണാമെങ്കിൽ എന്റെ കൂടെ വരാം. ഒരു പക്ഷെ മോൾക്ക്‌ നമ്മളെ കാണാൻ ആഗ്രഹമുണ്ടെങ്കിലോ’
എന്റെ മകളെ ഇനി തിരിച്ച് കിട്ടുകയില്ലെന്ന് ഡോക്ടറുടെ വാക്കുകളിൽ നിന്നും ഒരു സൂചന കിട്ടിയിട്ടുണ്ട്. അനിയൻ പറഞ്ഞപോലെ അവൾക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടെങ്കിലൊ.
അവൾ കൈകാലുകൾ ഇട്ടടിക്കുകയാണ്. വായിൽ നിന്നും പത വരുന്നു. പട്ടിയെപോലെ കിതക്കുകയും കുരയ്ക്കുകയും ചെയ്യുന്നുണ്ട്. നിൽക്കുന്നത് പോലും ഒരു പട്ടിയെ പോലെ. എന്റെ എല്ലാധൈര്യവും ചോർന്നു. ഞാൻ തിരിച്ച് അളിയന്റെ കൂടെ റൂമിൽ വന്നു. അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും ഡോക്ടർ വന്ന് വിവരം പറഞ്ഞു. എന്റെ പോന്നുമോൾ വേദനയില്ലാത്ത ലോകത്തേക്ക് പോയിരിക്കുന്നു…………………
പട്ടുപാവാടയിട്ട എന്റെ മോൾ പട്ടടയിലേക്ക്‌ ………
——————————————
മേമ്പൊടി:
മരണം വാതിൽക്കലൊരുനാൾ
മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ
ചിറകടിച്ചെൻകൂട് തകരും നേരം
ജീവജലം തരുമോ?
RELATED ARTICLES

Most Popular

Recent Comments