സിബി നെടുഞ്ചിറ.
അന്ത്യ അത്താഴം.
അതിദാരുണമാം കുരിശുമരണത്തെ വരിച്ച്
തിരിച്ച് യാത്രയാകാന്‍ സമയമായെന്നു
തിരിച്ചറിഞ്ഞ മനുഷ്യപുത്രന്‍….
അവര്‍ക്കായ് ഒരു വിരുന്നോരുക്കി
അന്ത്യ അത്താഴവിരുന്നോഴുക്കി..
തന്‍ ശരീരമാകുന്ന മാംസമറുത്ത അപ്പവും
സിരകളിലെ ചുടുരക്തമാകുന്ന പാനീയവും
അവര്‍ക്കായ് വിരുന്നിനൊരുക്കി..
വിരുന്നിനെത്തിയ പ്രിയ പന്ത്രണ്ട്
ശിഷ്യന്‍മാരെയും
തന്‍ ചാരത്തിരുത്തി അലിവോടെ
അവരുടെ മൂര്‍ദ്ധാവില്‍ചുംബിച്ചു …..
തന്നെ ഒറ്റികൊടുക്കാന്‍
പിറവിയെടുത്തവനെന്നറിഞ്ഞിട്ടും
സ്നേഹത്തോടെ…..
യൂദാസിനെ സ്വന്തം മാറോടണച്ചു
ശത്രുസ്നേഹമെന്ന മഹാകാവ്യം
രചിച്ചു ദേവന്‍…..
നാഥന്‍ നേരിടാന്‍ പോകുന്ന
അതിദാരുണമാം പീഡാസഹനത്തില്‍
മനംനൊന്ത വിരഹിണിയാം നിശാമാരുതന്‍
വഴിതെറ്റിയലയവേ….
ദേവന്‍ മുട്ടുകുത്തി അരുമയാം
തന്‍ പ്രിയശിഷ്യരുടെ കാല്‍പാദങ്ങള്‍
കഴുകി ചുംബിച്ച്…
അവരുടെ പാപഭാരമാകുന്ന മുള്‍കിരീടം
സ്വന്തം ശിരസിലേക്കേറ്റുവാങ്ങി
അവിടുന്നുരചെയ്തു…
ഗുരുവും ഈശ്വരനുമായ ഞാന്‍ നിങ്ങളുടെ
കാല്‍പാദങ്ങള്‍ കഴുകി ചുംബിച്ച്
നിങ്ങള്‍ക്ക് ദാസനായെങ്കില്‍
മാനവരേ നിങ്ങള്‍ക്കെന്തു മേന്മ….
ഹൃത്തിനെ വലിഞ്ഞ് മുറുക്കിയ
ഞാനെന്ന ഭാവംവെടിഞ്ഞ്
നിങ്ങളും പരസ്പരം എളിമപ്പെടുവിന്‍….