ഷെരിഫ് ഇബ്രാഹിം.
((( ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജീവിക്കാനിരിക്കുന്നവരോ ആയ ആരുമായി ബന്ധമില്ല. അങ്ങിനെ തോന്നുന്നുവെങ്കിൽ യാദൃശ്ചികം മാത്രം. ഇതിലെ ജബ്ബാർ ഞാനല്ല, ആരാന്റമ്മയാണെ സത്യം. 1960 കാലഘട്ടത്തിലെ കഥയാണ്)
അതിശയിപ്പിക്കുന്ന ഒന്നായിരുന്നു വർഗീസേട്ടൻ ഇസ്മായിൽകുട്ടിയോട് പറഞ്ഞത്… തന്റെ വീട്ടിൽ ചോറ് തിളച്ചു വരുമ്പോൾ അതിൽ നിറയെ പുഴുക്കൾ ഉണ്ടാവുന്നു. സാത്താന്റെ വേല ആണിതെന്നാണ് മഷിനോട്ടക്കാർ പറഞ്ഞത്. ഇസ്മായിൽകുട്ടിയുടെ അഭിപ്രായം അറിയാനാണ് വർഗീസേട്ടൻ വന്നത്.
ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആലോചിക്കുകയാണ്. കൂടെ മകൻ ജബ്ബാറും.
നടക്കുന്നതിനിടയിൽ ഇസ്മായിൽകുട്ടി ജബ്ബാറിനോട് ചോദിച്ചു..’നമുക്ക് ആ വഴിക്കൊന്ന് അന്വേഷിച്ചാലോ?’
ഏത് വഴിയെന്ന് അറിയാത്ത 10 വയസ്സായ ജബ്ബാർ അത് സമ്മതിച്ചു.
‘അപ്പോൾ വർഗീസെ, നാളെ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വരും. വരുന്ന വിവരം ആരോടും പറയരുത്. ഞങ്ങൾക്ക് ആ പരിസരം ഒന്ന് പരിശോധിക്കണം. എന്റെ വാല് ജബ്ബാറും ഉണ്ടാവും. ഞങ്ങൾക്ക് ചായ വേണം. എനിക്ക് കുറച്ചു തെരുപ്പ് ബീഡിയും’.
വർഗീസേട്ടൻ പോയപ്പോൾ ഉപ്പാട് ജബ്ബാർ ചോദിച്ചു.. ‘ഉപ്പ പറഞ്ഞില്ലേ.. ആ വഴിയിലൂടെ അന്വേഷിക്കാമെന്ന്. അതേതാ വഴി?’
‘അതൊക്കെ പുളുവടിച്ചതാ’ എന്നായിരുന്നു ഇസ്മായിൽകുട്ടിയുടെ മറുപടി.
പിറ്റേന്ന് പറഞ്ഞ പോലെ വർഗീസേട്ടന്റെ വീട്ടിലേക്ക് ഇസ്മായിൽകുട്ടിയും ജബ്ബാറും കൂടെ പോയി.
‘വർഗീസെ ഇവിടെ ഉള്ളവരെ എല്ലാം വിളിക്കൂ’.ഇസ്മായിൽകുട്ടിയുടെ വാക്ക് കേട്ടപ്പോൾ വർഗീസിന്റെ അമ്മച്ചി മേരി, ഭാര്യ അന്നം, പിന്നെ എട്ട് വയസ്സായ മകൻ ഷിന്റോ, പിന്നെ അടുക്കള സഹായത്തിനെത്തിയ ലിസ്സി……. എല്ലാവരും വന്നു. അമ്മച്ചി ചാരുകസേരയിലും മറ്റുള്ളവർ എഴുനേറ്റ് നിന്നു. ലിസ്സി അടുക്കള വാതിലിന്നടുത്തും.
‘ഇവിടെ ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത്?’ സീഐഡികളുടെ അന്വേഷണം ആരംഭിച്ചു.
‘ലിസ്സിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.. അന്നം സഹായിക്കും’ വർഗീസാണ് മറുപടി പറഞ്ഞത്.
‘അന്നയുണ്ടാക്കുന്ന ഭക്ഷണം ഞാൻ കഴിക്കാറില്ല. തീരെ സ്വാദ് ഇല്ല’ അമ്മച്ചിയുടെ വാക്കിൽ അമ്മായിമ്മപ്പോരിന്റെ മണം.
‘ജബ്ബാറേ, ആ പുഴുവിന്റെ ഡമ്മി കൊണ്ട് വാ’ ഇസ്മായിൽകുട്ടി പറഞ്ഞപോലെ ജബ്ബാർ പുഴുവിന്റെ ഡമ്മി കൊണ്ട് കൊടുത്തു. അതെടുത്ത് അടുക്കളയുടെ ജനൽവഴി അടുപ്പിൽ വെച്ചിട്ടുള്ള കലത്തിലേക്ക് ഇസ്മായിൽകുട്ടി എറിഞ്ഞു. പക്ഷെ, നിരാശയായിരുന്നു ഫലം.
‘ജബ്ബാറേ, അടുപ്പിൽ നിന്നും അടുക്കള വാതിൽ വരെയുള്ള ദൂരം അളക്കൂ’
ജബ്ബാർ അളന്നിട്ടു പറഞ്ഞു – ആറടി പതിനാലു ഇഞ്ച്.
അന്നയുടെ വീടെവിടെയാ എന്ന ഇസ്മായിൽകുട്ടിയുടെ ചോദ്യത്തിന് പോക്കൊത്തുംകടവിൽ എന്നവൾ മറുപടി കൊടുത്തു.
‘ലിസ്സി ഇങ്ങോട്ട് വരൂ’ അടുക്കള വാതിലിന്നടുത്ത് നിൽക്കുകയായിരുന്ന ലിസ്സി അവരുടെ അടുത്ത് വന്നപ്പോൾ ഇസ്മായിൽകുട്ടി ചോദിച്ചു ‘മോൾക്ക് കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കാൻ പറ്റുമോ?’ ഉവ്വെന്നു ലിസ്സി പറഞ്ഞപ്പോൾ അതുണ്ടാക്കാൻ ഇസ്മായിൽകുട്ടി ആവശ്യപ്പെട്ടു.
അവൾ അടുക്കളയിലേക്കു പോയപ്പോൾ അവളെപ്പറ്റി വര്ഗീസിനോട് അന്വേഷിച്ചു. അവൾ രണ്ടു വയസ്സ് മുതൽ ഒരു കന്യാസ്ത്രീ മഠത്തിൽ വളരുന്ന കുട്ടിയാണെന്നും നല്ല ദൈവഭയമുള്ളവളാണെന്നും മറ്റു കാര്യങ്ങളും വർഗീസ് പറഞ്ഞു.
അവൾക്ക് എത്രയാണ് ശമ്പളം കൊടുക്കുന്നത്? ജബ്ബാർ ചോദിച്ചു.
‘അങ്ങിനെയൊന്നുമില്ല. അമ്പു പെരുന്നാളിന്നു അവൾക്കു കുറച്ചു പൈസ കൊടുക്കും. പിന്നെ ഈ വീട്ടിലെ ഒരു അംഗത്തെ പോലെയാണവൾ. ഇനി അവളുടെ കല്യാണം ആവുമ്പോൾ എന്തെങ്കിലും പൊന്ന് കൊടുക്കണം.’ അന്നയാണതു പറഞ്ഞത്.
അവൾക്കെത്ര വയസ്സായി എന്ന ചോദ്യത്തിന് 28 എന്ന് മറുപടി കൊടുത്തു അന്ന.
പെട്ടെന്നാണ് ഇസ്മായിൽകുട്ടി പുറത്തേക്കു ഓടിയത്. കൂടെ ജബ്ബാറും ഓടി. എല്ലാവരും പകച്ചു നിൽക്കുമ്പോൾ ഒരാളെയും പിടിച്ചു കൊണ്ട് ഇസ്മായിൽകുട്ടി അകത്തേക്ക് വന്നു.
‘ഇതാരാ?’ എന്ന ചോദ്യത്തിന് പറമ്പ് കിളക്കുന്ന മൂസക്കയാണെന്ന് വർഗീസ് മറുപടി കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ സീഐഡീകൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ തെങ്ങിൽ കയറി കള്ള് ചെത്തുന്നത് ശ്രദ്ധയിൽ പെട്ടു. അയാളെയും ചോദ്യം ചെയ്യാൻ വിളിച്ചു.
എല്ലാവരോടുമായി ഇസ്മായിൽകുട്ടി പറഞ്ഞു… നാളെ കാലത്ത് പത്തു മണിക്ക് ഇവിടെ നിങ്ങളെല്ലാം ഉണ്ടാവണം. എനിക്ക് നിങ്ങളെ …..’ ഇസ്മായിൽകുട്ടി പറയുന്നതിന് ഇടയിൽകയറി ജബ്ബാർ പറഞ്ഞു ‘നമ്മൾക്ക്” ‘അതെ ഞങ്ങൾക്ക് നിങ്ങളെ ചോദ്യം ചെയ്യണം’
‘അള്ളാ, നാളെ വരാൻ പറ്റില്ല. നാളെ എനിക്ക് പൊഞ്ഞനം വേല കാണാൻ പോണം’ മൂസയാണത് പറഞ്ഞത്
‘ആ വേല കയ്യിലിരിക്കട്ടെ. എന്റെ ചോദ്യം കഴിഞ്ഞിട്ട് വേലയ്ക്കു പോയാൽ മതി.’
അവർ സമ്മതിച്ചു.
‘പിന്നെ ഒരു കാര്യം. ഞാൻ നാളെ വരുമ്പോൾ നുണ പരിശോധനായന്ത്രം കൊണ്ട് വരും. അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ നുണയാണെങ്കിൽ ആ മെഷീൻ അത് പറയും. കേട്ടോ’. ജബ്ബാറിന്റെ വാക്ക്കേട്ടപ്പോൾ മൂസക്ക പറഞ്ഞത് ഇങ്ങിനെയാണ് ‘ഞങ്ങൾ നുണ പറയുകയാണെന്ന് നുണ പറയുന്ന യന്ത്രം പറഞ്ഞാൽ ആ യന്ത്രം നുണ പറയുകയാണെന്ന് ഞങ്ങൾ പറയും’
അവരതിന് മറുപടി കൊടുത്തില്ല.
പിറ്റേന്ന് എല്ലാവരും കൃത്യസമയത്ത് തന്നെ എത്തി. അധികം വൈകാതെ തന്നെ ഒരു ബീഡി വലിച്ചു പുക വിട്ടു കൊണ്ട് ഇസ്മായിൽകുട്ടി പറഞ്ഞു…’പുഴുവിനെ കൊണ്ട് വന്നിട്ട ആളെ മനസ്സിലായി. ഇനി അതിന്റെ കാരണം സത്യമായി പറഞ്ഞാൽ ഐപീശീ തൊണ്ണൂറ്റി നാല്പത്തേഴു സെക്ഷൻ ഏഴു പ്രകാരം നിങ്ങൾക്ക് മാപ്പ് സാക്ഷിയാകാം.’
തികഞ്ഞ നിശബ്ധത. മൂസക്ക പേടിച്ചു വിറക്കുകയാണ്. വേലയ്ക്കു പോകാൻ പറ്റില്ല. ആകെ പ്രശ്നം.
‘അപ്പോൾ നിങ്ങളാരും സത്യം പറയില്ല അല്ലെ മൂസക്കാ?’ ജബ്ബാറാണത് ചോദിച്ചത്
കൈ പിന്നിൽ കെട്ടി ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പെട്ടെന്ന് ഇസ്മായിൽകുട്ടി ലിസ്സിയോടു ചോദിച്ചു.
‘ലിസ്സി നിനക്കീ ഐഡിയ പറഞ്ഞ ആളെ എനിക്കറിയാം. അത് നീ പറയുന്നതാണ് ശെരി. അതിന്റെ കാരണവും നീ തന്നെ പറയുക’
അവൾ പൊട്ടി കരഞ്ഞു കൊണ്ട് ആ സത്യം പറഞ്ഞു.
അവൾക്കു വടക്കെലെ സണ്ണിയുമായി ഒരടുപ്പം. ഭക്ഷണത്തിൽ ഇങ്ങിനെ ചെയ്‌താൽ അവളെ അവളുടെ വീട്ടിലേക്കോ മഠത്തിലെക്കോ കൊണ്ട് ആക്കുമെന്നും അല്ലാതെ ഈ വീട്ടിൽ നിന്നാൽ ഒരിക്കലും അവർ കല്യാണം നടത്തി കൊടുക്കില്ലെന്നും മരണം വരെ അവിവാഹിതയായി വേലക്കാരി ആയി ജീവിക്കേണ്ടി വരുമെന്നും അവളെ ഉപദേശിച്ചത് സണ്ണിയാണെന്നും അവൾ തുറന്നു പറഞ്ഞു.
അങ്ങിനെ കുറ്റം നടത്തിയ ആളെ പിടിച്ച സന്തോഷത്തിൽ എല്ലാവരും നിൽക്കുകയാണ്. അപ്പോൾ വർഗീസേട്ടൻ എല്ലാവരും കേൾക്കെ ഇങ്ങിനെ പറഞ്ഞു. ‘ജബ്ബാറിന്റെ ഉപ്പയായി ജനിച്ചതാണ് ഇസ്മായിൽകുട്ടിയുടെ ഭാഗ്യം’.
തെങ്ങിൽ കയറി കള്ള് ചെത്തുന്നതിനിടക്ക് ഈ സംഭവം കണ്ടത് തന്നോട് പറഞ്ഞ ചെത്തുകാരനോട് ചെവിയിൽ നന്ദി പറഞ്ഞു സീഐഡികൾ സ്ലോമോഷനിൽ പുറത്തേക്കു പോയി.