ഗീത മോന്‍സണ്‍.
പകലോൻ പടിഞ്ഞാറേ മാനത്തിൻമുറ്റത്തിതാ
പീതപുഷ്പങ്ങൾവാരിയെറിഞ്ഞുകളിക്കുന്നു
പകൽപ്പക്ഷികൾദൂരെ ചേക്കേറും ചില്ലതേടി
പറന്നീടുന്നു വെട്ടിവീഴ്ത്തവേ വൻമരങ്ങൾ
പകൽക്കിനാവിൻമുറ്റത്തിരുന്നു ഞാനുംകാൺകേ
പെയ്തുതോരാത്ത പക്ഷിക്കൂട്ടത്തിൻ തേങ്ങലുകൾ!
ഒരു തൈവച്ചു ഞാനെൻ മുറ്റത്തെചെറുകോണിൽ
ഒന്നു പടർന്നുചെല്ലാൻ ചില്ലയിൽ കൂടൊരുക്കാൻ!
സ്വപ്നങ്ങൾകൊണ്ടുനെയ്ത കൂട്ടിലെ കിളിക്കുഞ്ഞിൻ
സ്പന്ദനം ശ്രവിച്ചീടാമെന്നുള്ളം കുളിർക്കുവാൻ!
വരണ്ട ഭൂവിൻമാറിൽ വറ്റിയ ദുഗ്ദ്ധത്തിനായ്
വളരുംദാഹം തിങ്ങും ചുണ്ടുകൾ തേങ്ങീടുന്നു!
വേനലിൽ വറ്റുന്നൊരു വാഹിനിതന്നാത്മാവിൽ
വേപഥു തീർത്തീടുവാൻ വർഷമായി പൊഴിയാം ഞാൻ!
നീർത്തടം കുഴിച്ചീടാം തർഷമാറ്റീടുവാനായ്
നിങ്ങൾക്കായെൻമാനസസരോവരത്തിലിന്നും
നീരിനും വിലപേശും പ്ലാസ്റ്റിക്കുകുപ്പികളിൽ
നേരില്ലാപ്രാണിവർഗ്ഗം പാരിതിൽ പിറന്നിതോ!
വിഷംനിറച്ചീടുന്നു ചിത്തമാം വൃക്ഷത്തിലും
വിഷലഫലങ്ങളാൽ ഭൂമിതൻവേരറുക്കാൻ!
പകൽക്കിനാവിൻപത്രമേറിവരുന്നു ഞാനും
പ്രപഞ്ചമിടിപ്പെന്നും കാത്തുസൂക്ഷിച്ചീടുവാൻ
പ്രണയംനിറച്ചീടാം പ്രാണന്റെ തുടിപ്പായി
പ്രപഞ്ചവിരിമാറിൽആശ്ലേഷമായിമാറാം!